ഇന്നത്തെ ആഞ്ചലസ് പ്രാർത്ഥനകൾക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ആറാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വിശ്വാസികളെ കാണുന്നത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.
വീൽചെയറിൽ ഇരിക്കുന്ന മാര്‍പാപ്പ താഴെ തടിച്ചുകൂടിയ ഒരു കൂട്ടം വിശ്വാസികളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശുന്ന ദൃശ്യങ്ങള്‍ പുറത്തി വന്നിരുന്നു.മഞ്ഞ പൂക്കൾ കൊണ്ടുവന്ന താഴെയുള്ള ജനക്കൂട്ടത്തിലെ ഒരാൾക്ക് നന്ദി പറയാൻ പാപ്പ ഹ്രസ്വമായി സംസാരിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 14 ന് കടുത്ത ശ്വാസകോശ അണുബാധയെത്തുടർന്നാണ് മാർപ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടത്.
ആശുപത്രിയിലായിരുന്നതിനാൽ കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളിൽ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. 2013 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ഇത്രയധികം അഞ്ച് ആഴ്ച തുടർച്ചയായി അദ്ദേഹം ആഞ്ചലസ് പ്രാർത്ഥനകളിലടക്കം പങ്കെടുക്കാതിരിക്കുന്നത്.
ജെമെല്ലി ആശുപത്രിയിൽ നിന്ന് ഇതിന് മുൻപും മാർപാപ്പ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021 ജൂലൈ 11 ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ബാൽക്കണിയിൽ നിന്നാണ് അദ്ദേഹം ആഞ്ചലസ് പ്രാർത്ഥന ചൊല്ലിയത്.