എൻ്റെ യാത്രകളും ഗൂഗിൾ മാപ്പും തമ്മിൽ വല്ല മൂന്നാം നാളുകരാണോ,എന്നറിയില്ല. ഉത്സാഹത്തോടെയാണ് യാത്ര പുറപ്പെടുക അപ്പോഴെല്ലാം അതിലും വലിയ ഉത്സാഹത്തിലായിരിക്കും ‘ഗൂഗിൾ മാപ്പ്, ‘ വഴി പറഞ്ഞു തരുക പക്ഷെ എവിടെയോ ഒരു ‘മൂശേട്ട സ്വഭാവം’ എന്ന പോലെ ഒരു തെറ്റായ വഴിയിലേക്ക് തിരിയാൻ പറയും , അതോടെ
‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ”
എന്ന് പറഞ്ഞത് പോലെയായി പിന്നീടുള്ള നമ്മുടെ യാത്ര. എന്നാൽ ‘ kool bro…. എന്ന മട്ടിൽ ഗൂഗിൾ മാപ്പ് അതിൻ്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും.
സൂര്യകാന്തിയും കുട്ടവഞ്ചിയും പച്ചവിരിച്ച വയലുകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന തൃശ്ശൂരിനടുത്തായുള്ള ‘പുള്ള്’ എന്ന സ്ഥലത്തിലേക്കായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര വേണമെങ്കിൽ നമ്മുടെ മഞ്ജു വാര്യരുടെ നാട്ടിലേക്ക് എന്നും പറയാം.
പ്രധാന വഴിയിൽ നിന്നുമുള്ള ആ തിരിവ്, പിന്നീട് കാണുന്നത് നീണ്ട ടാർ ചെയ്യാത്ത റോഡുകൾ, അതിൻ്റെ വീതിയും തഥൈവ. എതിർ വശത്ത് നിന്ന് ഒരു സ്കൂട്ടറിനു പോലും വരാൻ സ്ഥലമില്ല. പക്ഷെ ഏതോ സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്ന പോലെ തണ്ണീർത്തടങ്ങളും നെൽവയലുകളുമാണ്
രണ്ടു വശവും.വെയിൽ തട്ടി പച്ചയുടെ പല വർണഭേദങ്ങൾ പകർന്ന് തിളങ്ങി നിൽക്കുന്ന നെൽപ്പാടങ്ങൾ.
വഴിയരികിൽ പാടം കണ്ട് ആസ്വദിച്ചു നിൽക്കുന്ന സ്കൂട്ടറുകാരന് ‘സൈഡ് ‘ കൊടുക്കാൻ കഴിയാതെ കാറും സ്കൂട്ടറും മുമ്പോട്ടും പുറകോട്ടും ആക്കി വല്ല വിധവും ഹാവൂ എന്നു പറയുമ്പോഴാണ്, നിങ്ങളുടെ ഈ കാർ ഇനി മുന്നോട്ട് പോകാൻ പ്രയാസമാണ്. ‘ പുള്ള്’ ലേക്ക് പോകാൻ ഒന്നു – രണ്ടു പാലത്തിൽ കൂടി പോകണം. അതിൽ രണ്ടാമത്തെ പാലം വീതി കുറവാണ്. തിരിച്ച് പ്രധാന റോഡിൽ പോയി അവിടെ നിന്ന് വേറെ വഴിയിലൂടെയാണ് അങ്ങോട്ടേക്ക് പോകേണ്ടത്.
‘ ഞാനാരേയും കാത്ത് നിൽക്കില്ല, എനിക്ക് പോകാൻ സമയമായി എന്നു പറഞ്ഞു കൊണ്ടാണ് നമ്മുടെ ദിവാകരൻ!’
സൂര്യാസ്തമയം കൂടി കാണാനാണ് പുള്ളിലേക്കുള്ള ഞങ്ങളുടെ യാത്ര. എന്നാൽ പിന്നെ ഇവിടുത്തെ കാഴ്ചകളാക്കാം എന്ന മട്ടിൽ കാറിൽ നിന്നും ഇറങ്ങുമ്പോൾ, ഞങ്ങൾ എത്തിയിരിക്കുന്നത് തൃശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന നെടുംപുഴ എന്ന സ്ഥലത്താണ്.
പക്ഷികളും നെല്ലും മത്സ്യസമ്പത്തും നിറഞ്ഞ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം .5 മുതൽ 1 മീറ്റർ വരെയുള്ള താഴ്ന്ന കോൾ തണ്ണീർത്തടങ്ങളാണ് എവിടെയും .സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കൃഷിയുടെ 40 ശതമാനത്തോളം ഇവിടെനിന്നാണത്രേ!
കൃഷിക്കായി വേണ്ടിയിട്ടുള്ള വെള്ളം, പീച്ചി ഡാം, നദികളിൽ നിന്നുമൊക്കെയായി വലിയ ചാലുകളിൽ കൂടി ഒഴുകുന്നുണ്ട്.
അഞ്ചാറു പേർ അവിടെ നിന്ന് മീൻ പിടിക്കുന്ന തിരക്കിലാണെങ്കിൽ അവരുടെ കുട്ടികൾ പട്ടം പറപ്പിക്കുന്ന കളിയിലാണ്. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വയലുകളുമൊക്കെയായി മനോഹരമായ അന്തരീക്ഷം.
മീൻ പിടിക്കുന്നവരോട് വർത്തമാനം പറഞ്ഞപ്പോഴാണ് അറിയുന്നത് അവരെല്ലാം നമ്മുടെ ബംഗാളികളാണ്. സ്വർണ്ണ പണിക്കാരാണത്രേ! ചൂണ്ടയിട്ട് കിട്ടുന്ന മീനുകൾ വീട്ടിൽ പോയി വറുത്ത് ഡിന്നറിൻ്റെ കൂടെ കഴിക്കും. കുട്ടികൾ ഇവിടുത്തെ സ്കൂളിൽ പഠിക്കുന്നതുകൊണ്ടായിരിക്കും ‘തൃശ്ശൂർ ഭാഷ’യിലെ മലയാളത്തിലാണ് ഞങ്ങളോട് സംസാരിക്കുന്നത്. കേട്ടപ്പോൾ തമാശയായി തോന്നി.
അവർക്കെല്ലാം വേണ്ട നിർദ്ദേശങ്ങളും ഞങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി അഞ്ചാറു മലയാളി ചേട്ടന്മാരുമുണ്ട്.
മലയും പുഴയും കടലിലും മാത്രമല്ല ഇവിടെയും എൻ്റെ യാത്രാ പറച്ചിൽ സുന്ദരമാണെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സൂര്യാസ്തമയം!
‘കതിരാടും വയലിൽ
കുളിരോടും വഴിയിൽ
ഇനിയും നീ ഇതിലേ
നിഴലായ് കൂടെ വരൂ
കതിരാടും വയലിൽ
കുളിരോടും വഴിയിൽ…..’
എന്ന മൂളിപ്പാട്ടുമായുള്ള മടക്കയാത്രയിൽ,
പ്രതീക്ഷിച്ച സൂര്യകാന്തിയും കൊട്ട വഞ്ചിയും ഇല്ലാത്തതുകൊണ്ട് മനസ്സിൽ ഒരു വിഷമം ഉണ്ടെങ്കിലും ഈ കാഴ്ചകളും ഒട്ടും മോശമല്ലായിരുന്നു. നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായവ. അതിനുമപ്പുറം ആരേയും ഫോട്ടോഗ്രാഫറും പ്രകൃതിസ്‌നേഹികളുമാക്കുന്ന സ്ഥലം! .
Thanks