മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് നാക്ക്. ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളിൽ ഏറ്റവും വലിയ അനുഗ്രഹമാണ് സംസാരിക്കാനുള്ള കഴിവ്. അത് മനുഷ്യനു മാത്രമായ സിദ്ധിയാണ്. സംസാരിക്കാൻ കഴിയാത്തവരുടെ ജീവിതത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ! എത്ര കഷ്ടമായിരിക്കും. നമ്മുടെ ആഗ്രഹങ്ങളും ആശയങ്ങളും മറ്റുള്ളവരിലേക്കു പകർത്തുക എന്ന കർത്തവ്യമാണല്ലോ സംസാരത്തിൽക്കൂടി നാം ചെയ്യുന്നത്. രുചിയറിയുക, നല്ല വാക്കോതുക എന്നീ രണ്ടു കർമ്മങ്ങളാണ് നാവിനു കല്പിച്ചു കൊടുത്തിട്ടുള്ളത്. നാവിനു ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. അത് മറ്റുള്ളവരെ ഉത്സാഹപ്പെടുത്തും, ആശ്വസിപ്പിക്കും, കർമ്മോന്മുഖരാക്കും,ആവേശം കൊള്ളിപ്പിക്കും. അതേസമയം മറ്റുള്ളവരെ കോപിഷ്ഠരാക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ശത്രുക്കളാക്കുവാനും സ്നേഹിതരാക്കുവാനും നാവിന് കഴിയുന്നു. അതായത് അന്യരിൽ സ്നേഹം ജനിപ്പിക്കുവാനും വെറുപ്പിക്കുവാനും കഴിയുന്ന ഒരു അവയവം. മധുരമുള്ള മാമ്പഴം മുറിച്ചുതിന്നുവാനും വേറൊരുത്തനെ കുത്തി മുറിവേല്പിക്കാനും ഒരേ കത്തിക്ക് കഴിയുന്നതുപോലെ. അതുപോലെ ഭാഗവതം വായിക്കാനും കള്ള പ്രമാണം ചമയ്ക്കാനും ഒരേ വിളക്ക് ഉപയോഗിക്കാം. അതുപോലെ സുഹൃത്തുക്കളെ സമ്പാദിക്കുവാനും ശത്രുക്കളെ ഉണ്ടാക്കുവാനും ഒരേ നാവിനു കഴിയും. നാവു നന്നല്ലാത്ത ഒരു വീട്ടമ്മ വീട് നരകമാക്കും. കുട്ടികൾ ഭയപ്പെടും. ഭൃത്യന്മാർ വെറുക്കും. ഭർത്താവ് വല്ലായ്മ കൊണ്ട് വിഷമിക്കും. സുപ്രസിദ്ധരായ പലരുടേയും അനുഭവം ഇതാണ്. എബ്രഹാംലിങ്കൻ്റെ ഭാര്യയുടെ നാവ് അദ്ദേഹത്തിൻ്റെ സ്വൈര്യം കെടുത്തിയിരുന്നു. സോക്രട്ടീസിൻ്റെ ഭാര്യ ഒരിക്കൽ അദ്ദേഹത്തെ ഉച്ചത്തിൽ ശകാരിച്ചശേഷം മുകളിലത്തെ നിലയിൽനിന്നുകൊണ്ട് താഴെ നിന്നിരുന്ന അദ്ദേഹത്തിൻ്റെ തലയിലേയ്ക്ക് കുടത്തിൽ നിന്നും വെള്ളം കമഴ്ത്തി. നർമ്മബോധം വിടാതെ അദ്ദേഹം പറഞ്ഞു ” ഇടിവെട്ടിയപ്പോഴേ അറിയാമായിരുന്നു പിറകേ മഴയുണ്ടാകുമെന്ന് “
അമ്പു കൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും
കൊമ്പുകൾ കണ്ടിച്ചാലും പാദപം കുളുർത്തീടും.
കാട്ടുതീ വെന്താൽ വനം പിന്നെയും തഴുത്തീടും
കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകംപുക്കു പുണ്ണായാലതു പിന്നെ
പൂർണ്ണമായ് ശമിക്കയില്ലൊട്ടുനാൾ ചെന്നാൽ പോലും.
മുകളിൽ കൊടുത്ത ഈ കവിവാക്യം എത്ര അർത്ഥവത്താണ്. ചില ഓഫീസ് തലവന്മാരിൽനിന്നും നല്ല വാക്ക് പുറപ്പെടില്ല. അങ്ങനെയുള്ളവരെപ്പറ്റി മറ്റുള്ളവർക്ക് നല്ലതു പറയാൻ ഒന്നും കാണുകയില്ല. അടിസ്ഥാനമില്ലാത്ത അപവാദം പരത്തി വെളുപ്പിനെ കറുപ്പിക്കാമെന്ന് കരുതുന്നത് ആത്യന്തികമായി വിഡ്ഢിത്തമാണ്. കാരണം, സത്യത്തിൻ്റെ മുഖം സൂര്യതേജസ്സാണെന്ന് ഇവരറിയുന്നില്ല.
“”നല്ല വാക്കോതുവാൻ ത്രാണിയുണ്ടാക്കണേ” എന്ന് പണ്ട് കുട്ടികൾ പ്രാർത്ഥിക്കുമായിരുന്നു.എന്നാൽ ഇന്ന് നല്ല വാക്കുകൾ സംസാരിക്കുവാനുള്ള കഴിവുകൾതന്നെ ഇല്ലാതായിത്തീർന്നിരിക്കുന്നു. ഒന്ന് മനസ്സിലാക്കുക സംസ്ക്കാരമുള്ളവർക്കു മാത്രമേ വിനയത്തോടെയും വിവേകത്തോടെയും സംസാരിക്കാൻ കഴിയുകയുള്ളൂ. അവരുടെ ഭാഷണങ്ങളാണ് സുഭാഷിതങ്ങൾ. അതു കൊണ്ടു തന്നെയാണ് സുഭാഷിതങ്ങളിൽ ആളുകൾക്ക് താല്പര്യം ഉണ്ടാകുവാൻ കാരണവും. അഹന്തയും അധികാരഭാവവും ധ്വനിക്കുന്ന വാക്കുകൾ ആരും ഇഷ്ടപ്പെടുകയില്ല. അനവസരത്തിൽ, ആവശ്യമില്ലാതെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നവരെ ആളുകൾ വെറുക്കും.നാവിൻ്റെ ഒരു ജല്പനത്തിലൂടെ അധികാരം നഷ്ടപ്പെട്ട ഭരണാധികാരികളും ഏറെയുണ്ട്. നല്ല നാവുള്ളവന് ഏതു രാജ്യത്തും സസുഖം ജീവിക്കാം. അസത്യങ്ങളും അർദ്ധസത്യങ്ങളും പറയുക, പ്രചരിപ്പിക്കുക എന്നതു ചില ദുഷ്ടബുദ്ധികളുടെ സ്വഭാവമാണ്.
ശരീരത്തിലല്ല സ്വഭാവത്തിലാണ് ഏതൊരു വ്യക്തിയുടെയും സൗന്ദര്യം നിലനിൽക്കുന്നത്.ദേഷ്യപ്പെട്ടു സംസാരിക്കാൻ കഴിയാതിരിക്കുക എത്ര വലിയ അനുഗ്രഹമാണ്! വാക്കിലും പെരുമാറ്റത്തിലും മറ്റുള്ളവർക്കു സന്തോഷം ജനിപ്പിക്കാനുള്ള കഴിവ് എത്ര അനുകരണീയം!!! സഹജമായി ഇതില്ലെങ്കിൽക്കൂടി പരിശീലനം കൊണ്ട് വളർത്തിയെടുക്കാവുന്ന ഒരു ഗുണമാണിത്. അതുപോലെ പുഞ്ചിരി, എത്ര ആകർഷണീയമായ ഒരു സിദ്ധിവിശേഷം. മനുഷ്യനു മാത്രമായി ദൈവം തന്നിരിക്കുന്ന ഒരു വരദാനം! പക്ഷെ ഇന്നു നമുക്കത് അന്യമായിരിക്കുന്നു. ആധുനിക ജീവിതത്തിലെ പിരിമുറുക്കങ്ങിളിൽ, ചിരിക്കാൻ നാം മറന്നു പോയിരിക്കുന്നു. പുഞ്ചരിക്കുന്ന മുഖം മനസ്സിൻ്റെ നന്മയെ കാണിക്കുന്നു. നാം ഇന്ന് എന്തിനും ഏതിനും വാക്കുകളിലൂടെ പ്രതികരിക്കുന്നു. അധർമ്മത്തിനും അനീതിക്കുമെതിരെ ഉചൈസ്തരം പ്രസംഗിക്കുന്നു. എന്നാൽ അനീതിയും അധർമ്മവും വർദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഉള്ളുരുകി പറയുന്ന പ്രാർത്ഥനകൾ, വേദനയുടെ മൂർദ്ധന്യത്തിൽ ഓതുന്ന ശാപവചസ്സുകൾ – രണ്ടിനും ശക്തിയുണ്ട്. മന്ത്രശക്തി വാക്കുകളുടെ ശക്തി തന്നെയാണ്. നിശ്ശബ്ദ പ്രതികരണത്തിനും ശക്തിയുണ്ടെന്ന് ശ്രീബുദ്ധനും മഹാത്മജിയും കാണിച്ചു തന്നിട്ടുണ്ട്.ഒരു സദ് വൃത്തൻ മിതഭാഷിയും സ്മിതഭാഷിയുമായിരിക്കും. വാണീദേവി അനുഗ്രഹിച്ച നാവുള്ളവരെ ദൈവം സ്നേഹിക്കും.