Wednesday, October 9, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (53) ' ഇന്നത്തെ തലമുറയും വിവാഹ മാർക്കറ്റും '

കതിരും പതിരും: പംക്തി (53) ‘ ഇന്നത്തെ തലമുറയും വിവാഹ മാർക്കറ്റും ‘

ജസിയ ഷാജഹാൻ.

ഇന്നത്തെ തലമുറയും വിവാഹ മാർക്കറ്റും

നാണം കുണുങ്ങി പെണ്ണുങ്ങൾ മാഞ്ഞുപോയി. കുടുംബത്തിൻെറ വിളക്ക് സ്ത്രീയാണെന്നും അവളുടെ സഹനമാണ്, സമർപ്പണമാണ്, സ്വഭാവ ശുദ്ധിയാണ്, കരുതലാണ് ഒരു വീടിൻ്റെ നിലനിൽപ്പ് എന്നുമുള്ള സങ്കല്പവും മറഞ്ഞുപോയി. ഭർത്താവിൻ്റെ എല്ലാ ചെയ്തികളും സഹിച്ച് ചോദ്യങ്ങളില്ലാതെ ഉമ്മറവാതിൽക്കൽ തല നീട്ടി നിൽക്കുന്ന വിനയത്തിന്റെ സ്ത്രീ മുഖം…ഇനി ഓർമ്മകളിൽ മാത്രം!

പഴയ തലമുറക്കാർക്ക് മുന്നിൽ നല്ല ചൂടൻ വിവാഹ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും , രീതികളും, നിബന്ധനകളുമൊക്കെയായി വിവാഹ കമ്പോളത്തിൽ പുത്തൻ തലമുറക്കാർ പ്രതിഷേധിക്കുന്നു. പെട്ടെന്നൊരു ദിവസം യാതൊരുവിധ മുൻ പരിചയവും, അടുപ്പവും ഇല്ലാത്ത ഒരാളുമായി ഒന്ന് കണ്ട് സംസാരിച്ചു എന്ന അടിസ്ഥാനത്തിൽ, പഴയ കാലത്തെ പോലെ വിവാഹം ഉറപ്പിക്കാനും തൻ്റെ വിലപ്പെട്ട ഒരു ജീവിതം മുഴുവൻ അയാളുമായി ഷെയർ ചെയ്തു ജീവിക്കാനും ഇന്ന് പെൺ
കുട്ടികൾ തയ്യാറാകുന്നില്ല ?. വളരെ അറപ്പോടുകൂടിയാണ് ഈ പരമ്പരാഗത രീതിയോടുള്ള അവരുടെ സമീപനം.

വിവാഹം എന്നു കേൾക്കുമ്പോഴേ ഏതോ അറവുശാലയിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതു പോലെയാണ് അവരുടെ തത്സമയ പ്രതികരണങ്ങൾ. തങ്ങളുടെ എല്ലാ കഴിവുകളെയും,ഇഷ്ടങ്ങളെയും, പ്രതീക്ഷകളെയും ഒക്കെ അടിയറവു വച്ച് അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാനും യാതൊരു വിധ പരിഗണനയും അംഗീകാരവും ശമ്പളവും ഇല്ലാത്ത ജോലിഭാരം ഏറ്റെടുക്കാനും അവർക്ക് ഒട്ടും തന്നെ താല്പര്യമില്ല !

പുരുഷനോടൊപ്പം എല്ലാ മേഖലകളിലും തങ്ങളുടെ കഴിവുകൾ തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീകൾ കുടുംബ ജീവിതത്തിലും തുല്യപങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു. അതിൽ എന്താണ് തെറ്റ് ?

കുടുംബ ജീവിതത്തേക്കാൾ അവർ തങ്ങളുടെ കരിയറിന് ആണ് ഒന്നാം സ്ഥാനം നൽകുന്നത്. അവരുടെ ഭാഗം സെക്യുവർ ആക്കിയിട്ട് മാത്രമേ അവർ ബാക്കി എന്ത് കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നുള്ളൂ. വിവാഹത്തിന് അവർ എതിരല്ല പക്ഷേ… കർക്കശമായും അവർ മുന്നോട്ടുവയ്ക്കുന്ന ചില നിബന്ധനകളിലൂടെ മാത്രമേ അങ്ങനെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കൂ എന്ന് മാത്രം.

വിവാഹം പുതുതലമുറയ്ക്ക് സാമൂഹികവും മതപരവുമായ ഒരു കാര്യമേ അല്ല . അവർ അതിനെ അംഗീകരിക്കുന്നുമില്ല. വിവാഹം ഒന്നിച്ചു ജീവിക്കുന്നവർ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂട്ടായ്മയാണ്. ഒരേ ചിന്തകളും അഭിപ്രായങ്ങളും സമീപന രീതികളും ഒക്കെയുള്ള പങ്കാളികളുമായി ഒത്തു പോകാനാണ് അവർ ആഗ്രഹിക്കുന്നത്.

പെട്ടെന്ന് ഒരു ദിവസം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനേക്കാൾ “ലിവിങ് ടുഗദർ” പോലുള്ള നൂതന സമ്പ്രദായങ്ങളോടാണ് അവർക്ക് കൂടുതലും താല്പര്യം. വേണ്ടാത്തപ്പോൾ വലിച്ചെറിയാനുള്ള സ്വാതന്ത്ര്യത്തെ അവർ അംഗീകരിക്കുന്നു. വച്ചുപുലർത്തുന്നു. ചേർച്ചക്കുറവ് ഉണ്ടെങ്കിൽ ഒരു ജന്മം മുഴുവനും അത് സഹിച്ച് എന്തിനു ജീവിക്കണം ? അവർക്കാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. വെറുതെ രണ്ട് ജീവിതങ്ങളെ ഒരു വീടിനുള്ളിൽ തളച്ചിടാതെ രണ്ടുവഴികളിൽ സുഹൃത്തുക്കളെ പോലെ സ്വതന്ത്രരായി അവർ സന്തോഷപൂർവ്വം പിരിയുന്നു.

ഒരു കുടുംബിനിയായി ജീവിതകാലം മുഴുവൻ പെൺകുട്ടികളെ തളച്ചിടാൻ ആൺകുട്ടികളും ഇന്നത്തെ കാലത്ത് ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അടുക്കള മുതൽ കുട്ടികളെ വളർത്തൽ വരെ തുല്യ പങ്കാളിത്തം ഉറപ്പാക്കാനാണ് അതേ സമയം പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. ഇതിനൊക്കെ ഇടയിൽ പെട്ടുഴറുന്നത് പഴയ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് തുടരുന്ന മാതാപിതാക്കളും, അവരുടെ ചിന്താഗതികളും, ഉപദേശങ്ങളും ഒക്കെയാണ്.

അവർ വരയ്ക്കുന്ന ഒരു വരയിലും ഒതുങ്ങാത്ത ഇന്നത്തെ കുട്ടികൾ വിവാഹജീവിതം തങ്ങളുടേത് മാത്രമായ അഭിപ്രായസ്വാതന്ത്ര്യമായി പ്രഖ്യാപിക്കുന്നു. പഴയ തലമുറ ജീവിച്ച ചരിത്രങ്ങൾ ഒന്നും അവരുടെ മുന്നിൽ വില പ്പോകുന്നില്ല. ഒരുദാഹരണങ്ങളും ചൂണ്ടിക്കാട്ടലുകളും അവരുടെ വഴികളിൽ നിന്ന് അവരെ വ്യതിചലിപ്പിക്കുന്നില്ല. തന്നെ പൂർണ്ണമായും സറണ്ടർ ചെയ്യുക എന്നാൽ! താൻ മരിച്ചു എന്ന്, അവർ കണക്കാക്കുന്നു.. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ച് ,വളരെ സ്വതന്ത്രരായി , അടിച്ചുപൊളിച്ച് യാത്രകൾ ചെയ്ത് ജീവിതം ആസ്വദിച്ച് സൗഹൃദങ്ങൾ നിലനിർത്തി മുന്നോട്ടു പോകാനാണ് പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. വിവാഹത്തോട് കൂടി ഈ സ്വാതന്ത്ര്യങ്ങൾ ഒക്കെ അവസാനിക്കുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ഒരു സ്വാതന്ത്ര്യങ്ങൾക്കും തടസ്സം നിൽക്കുന്ന ആരെയും അവർ ജീവിതപങ്കാളിയായി കൂടെ കൂട്ടുന്നില്ല.

പുത്തൻ തലമുറയുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും മുന്നിൽ മാതാപിതാക്കൾ ആകെ അങ്കലാപ്പിൽ ആണ്. അവർക്ക് തങ്ങളുടെ കുട്ടികളെ ഇപ്പോൾ ഭയമാണ്.

മക്കൾ എന്ത് കാണിച്ചാലും അവർക്ക് ഒപ്പം നിന്നില്ല എങ്കിൽ നഷ്ടം മാതാപിതാക്കൾക്ക് തന്നെ. അകപ്പാടെ ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള മാതാപിതാക്കൾ അത്രയും ലാളിച്ചാണ്, എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്താണ് തങ്ങളുടെ മക്കളെ വളർത്തുന്നത്.

തൊഴിൽ മേഖലയിലെ മുന്നേറ്റങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ഇന്നത്തെ പെൺകുട്ടികൾ എന്ത് ത്യാഗവും സഹിക്കുന്നു. എല്ലാവർക്കും വേണ്ടി സഹിക്കുക എന്ന സമൂഹത്തിൻെറ പാഠത്തിൽ നിന്ന് അവർ പിന്തിരിയുന്നു. പണ്ടത്തെ കാലത്ത് വീട്ടിലെ വിരസതയിൽ നിന്ന് രക്ഷനേടാനുള്ള ഒരു എക്സൈറ്റ്മെന്റ് ആയിരുന്നു വിവാഹം എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു വിരൽത്തുമ്പിൽ എല്ലാം അനുഭവവേദ്യമാകുമ്പോൾ വിവാഹം ഒരു ആനക്കാര്യമല്ല, ഒരു രഹസ്യാത്മകതയും പുതുമയും ഒന്നും അതിനില്ല എന്ന കണ്ടെത്തലുകളിൽ അവർ ഒതുങ്ങുന്നു. ലൈംഗികതയിലും താൽപ്പര്യം കുറഞ്ഞ ഇന്നത്തെ തലമുറയെ വിദഗ്ധർ പഠനങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ കുട്ടികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിനാൽ സ്വന്തം ഇഷ്ടങ്ങൾക്കായി പണം വിനിയോഗിക്കുമ്പോൾ അതിൽ മറ്റൊരാൾ ഇടപെടുന്നതും, ചോദ്യം ചെയ്യലുകളും ഒന്നും അവർ ഇഷ്ടപ്പെടുന്നില്ല. എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം അവർ വേണ്ടുവോളം ആഗ്രഹിക്കുന്നുണ്ട് താനും ..അതുകൊണ്ടുതന്നെ
വിവാഹം നിയമപരമായ ഒരു കുരുക്കായും, ഒരിക്കൽ പെട്ടുപോയാൽ അതിൽ നിന്ന് ഊരി പ്പോകാൻ വളരെ ബുദ്ധിമുട്ടുള്ളതായും അവർ കരുതുന്നു.

പെൺകുട്ടികളുടെ വിവാഹ പ്രായം ഏറി വരുന്നത് ഇന്ന് സമൂഹത്തിലും മാതാപിതാക്കളുടെ ഇടയിലും ചർച്ചാവിഷയമാണ്.

പ്രായത്തിന്റെ ഇടയിലുള്ള പണ്ടുകാലത്തെ വിടവിലും ഇന്ന് വ്യത്യാസം വന്നിരിക്കുന്നു.. സമപ്രായക്കാരെയും ഒന്നോ രണ്ടോ വയസ്സ് കൂടിയവരെയും പങ്കാളികളാക്കാനാണ് പുത്തൻ തലമുറയ്ക്ക് താൽപ്പര്യം.

ഇന്ത്യയിലെ ശക്തമായ കുടുംബ ബന്ധ സങ്കല്പങ്ങളെ ശിഥിലമാക്കി ക്കൊണ്ടുള്ള പുതിയ തലമുറയുടെ ഈ പോക്ക് എവിടേക്കാണ് ചെന്ന് നിൽക്കുക !എന്നുള്ളത് ചർച്ചാവിഷയമാണ്. ചിന്തനീയമാണ്.

വിവാഹമോചനം ഏറിവരുന്ന ഇന്നത്തെ കാലത്ത് കുടുംബ ബന്ധങ്ങളുടെ തകർച്ചയും അതിനിടയിൽ പെട്ടുപോകുന്ന അടിത്തറ ഇല്ലാത്ത കുട്ടികളുടെ ശോഭനമല്ലാത്ത ഭാവിയും മാതൃകാപരമായ ഒരു സമൂഹത്തിനെ വാർത്തെടുക്കുക എന്നതിന് എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന കാര്യത്തെ ചൂണ്ടിക്കാട്ടി പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.

ഏതായാലും ഇനിപുരുഷൻ്റെ ലൈംഗിക താൽപര്യങ്ങൾക്കും, കിടപ്പറ പങ്കിടുന്നതിനും,അടുക്കളയിലും മാത്രമായി ഒതുങ്ങിക്കൂടാൻ അവളെ ക്ഷണിക്കരുത്! അവൾ വരില്ല…

“എത്ര തെളിഞ്ഞാലും
എണ്ണ വറ്റാത്തൊരു ചിത്രവിളക്ക് ആകാൻ അവൾ കത്തില്ല?..

“കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ആകുന്ന കുറിമാനങ്ങളെ അവൾ തിരുത്തി കുറിക്കും.. കാത്തിരുന്ന് കാണുക തന്നെ.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

✍ജസിയ ഷാജഹാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments