സിനിമാ രംഗത്തേക്കാളും രാഷ്ട്രീയത്തിലാണ് സുരേഷ് ഗോപി ഇന്ന് ശ്രദ്ധ നൽകുന്നത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി സുരേഷ് ഗോപി പൂർണമായും സിനിമാ രംഗത്ത് നിന്നും അപ്രത്യക്ഷനാകുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.
ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കുന്ന താരമൂല്യം സുരേഷ് ഗോപിക്കുണ്ടായിരുന്നു. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തമായി ഒന്നിലേറെ ഇടവേളകളും പരാജയങ്ങളും സുരേഷ് ഗോപിയുടെ കരിയറിൽ വന്നു.എന്നാൽ ഇന്നും പ്രേക്ഷകരുടെ മനസിൽ സുരേഷ് ഗോപിയെന്ന താരത്തിനും നടനും സ്ഥാനമുണ്ട് എന്നാൽ രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുത്ത ശേഷം പല അവസരങ്ങളും സുരേഷ് ഗോപി വേണ്ടെന്ന് വെച്ചു.
പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുൾപ്പെടെ ആദ്യം സുരേഷ് ഗോപിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമകളാണ്. എന്നാൽ രാഷ്ട്രീയ തിരക്കുകൾ പറഞ്ഞ് നടൻ ഇത് വേണ്ടെന്ന് വെച്ചു.സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം സുരേഷ് ഗോപിക്കുണ്ട്. സഹപ്രവർത്തകരോട് വളരെയധികം അടുപ്പം കാണിക്കുന്ന നടനാണ് ഇദ്ദേഹം.
ഇതേക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സുരേഷ് ഗോപിക്ക് കരിയറിൽ വന്ന വീഴ്ച ഏറെ ചർച്ചയായതാണ്. തുടരെ പരാജയ സിനിമകൾ വന്നതോടെ നടൻ മാറി നിന്നു.
അന്ന് തന്നെ വിളിച്ച് സംസാരിച്ച താരം ദിലീപാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശം ഇന്നും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ദിലീപ് മാത്രമാണ് തന്നെ വിളിച്ചതെന്നല്ല അന്ന് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും എന്നെ വിളിച്ചില്ല എന്നല്ല പറഞ്ഞത്. എന്നെ അങ്ങനെ ആരും വിളിച്ചില്ല.ആകെ വിളിച്ചത് ദിലീപാണെന്ന് പറഞ്ഞു. പേര് ഞാൻ പറഞ്ഞിട്ടേയില്ല. ആരെങ്കിലും വിളിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അങ്ങനെ ആരും വിളിച്ചില്ല,ദിലീപ് വിളിക്കുമായിരുന്നു.ചേട്ടാ, പടം ചെയ്യണം ഇങ്ങനെ ഇരിക്കാൻ പറ്റില്ല. തൈര് കഴിക്കുന്നത് നിർത്തണം, നല്ല അടി ഞാൻ വെച്ച് തരും, ചേച്ചിക്ക് കൊടുക്ക് ഞാൻ ഇപ്പോൾ പറയാം എന്നൊക്കെയുള്ള ഇടപെടൽ.അതേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ആരെങ്കിലും വിളിച്ചില്ല എന്നല്ല. പരാതി അല്ല. ചോദിച്ചതിന് മറുപടി പറയുകയാണ് താൻ ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സിനിമാ രംഗത്തെ നെപ്പോട്ടിസത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. സൂപ്പർസ്റ്റാർസിന്റെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിത്തെറിപ്പിക്കുന്നില്ല.എന്റെ മകന് വേണ്ടി ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ചിട്ടുണ്ടെന്ന് സ്ഥാപിച്ചാൽ ഞാൻ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.രാഷ്ട്രീയ തിരക്കുകളുണ്ടെങ്കിലും സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറയുന്നുണ്ട്. നടന്റെ മകൻ ഗോകുൽ സുരേഷ് ഇന്ന് സിനിമാ രംഗത്ത് സജീവമാണ്.