തിരുവല്ല: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാല് പേർ അറസ്റ്റിൽ. പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്.
കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിനടക്കം സഹായം ചെയ്തു നൽകിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേൽ വീട്ടിൽ അനന്തു എസ് നായർ ( 22 ), കോട്ടയം ചേനപ്പാടി പള്ളിക്കുന്നിൽ വീട്ടിൽ സച്ചിൻ (24), മണിമല ചേനപ്പാടി വേലു പറമ്പിൽ വീട്ടിൽ അനീഷ് ടി ബെന്നി (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒരു വർഷം മുമ്പാണ് കടപ്ര സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. ഒന്നാം പ്രതിയായ അഭിനവിന്റെ വനപാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിച്ച് വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെൺകുട്ടിയിൽ നിന്നും ഇയാൾ 10 പവനോളം സ്വർണവും തട്ടിയെടുത്തിരുന്നു.
ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെൺകുട്ടിയെ അവിടെ നിന്നും പ്രതികൾ ചേർന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. രാത്രി ഏറെ വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ച് എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിൽ നിന്നും പെൺകുട്ടിയെയും അഭിനവിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റു മൂന്നു പേരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.