ന്യൂഡൽഹി;മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതോടെ ഞായറാഴ്‌ച തിഹാർ ജയിലിൽ തിരിച്ചെത്തി. തുടർന്ന്, വീഡിയോ കോൺഫറൻസിങ്ങിലൂടെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിനെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഞായർ പകൽ 2.45ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് വസതിയിൽനിന്ന് കെജ്‌രിവാൾ പുറപ്പെട്ടത്. തുടർന്ന്, മഹാത്മാഗാന്ധിയുടെ സ്‌മൃതികുടീരമായ രാജ്‌ഘട്ടിൽ ആദരമർപ്പിച്ചു. പിന്നീട് കൊണാട്ട്‌പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥിച്ചു. ഭാര്യ സുനിത, രാജ്യസഭാംഗം സഞ്ജയ് സിങ്, മന്ത്രിമാരായ അതീഷി മർലേന, സൗരവ് ഭരദ്വാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ബിജെപി വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകൾ വ്യാജമാണെന്ന് എഎപി ആസ്ഥാനത്ത് പൊതുയോഗത്തിൽ കെജ്‌രിവാൾ പറഞ്ഞു. വോട്ടെണ്ണൽ സമയത്ത് പോളിങ് ഏജന്റുമാർ ജാഗ്രത കാട്ടണം. ജൂൺ നാലിന് മോദി സർക്കാർ അധികാരത്തിൽനിന്ന് പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. 4.45ന് തിഹാർ ജയിലിൽ എത്തി. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ബുധനാഴ്‌ച വിധിപറയും.