ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 34 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം ബംഗളുരു വിമാനത്താവളത്തിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്ക് മ്യൂണികിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു. വിമാനത്താവാളത്തിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. അമ്മ ഭവാനി രേവണ്ണ മുൻ ജില്ലാ പഞ്ചായത്ത് അംഗം.