Friday, January 10, 2025
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* കിർഗിസ്ഥാനിൽ ഇന്ത്യ, പാക്ക് വിദ്യാർഥികൾക്കു‌ നേരെ ആക്രമണം. ആശങ്കയിൽ 15,000 പേർ. കുറച്ചുദിവസങ്ങളായി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കേക്കിൽ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ വിദ്യാർഥികൾക്കെതിരെ വൻ പ്രതിഷേധം നടക്കുകയാണ്. മൂന്നു പാക്കിസ്ഥാനി വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. കിർഗിസ്ഥാനിൽ താമസിക്കുന്ന പൗരന്മാർക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിനിടെ, കിർഗിസ്ഥാനിൽനിന്നു ലഹോറിലെ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ 180 പാക്ക് വിദ്യാർഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നു. പാക്കിസ്ഥാൻ, ഈജിപ്ത് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും തദ്ദേശീയരും തമ്മിലുണ്ടായ തർക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈജിപ്തിൽനിന്നുള്ള വിദ്യാർഥിനികളുടെ നേർക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിർഗിസ്ഥാനിലെ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു വലിയ സംഘർഷമായത്. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികൾ തിരഞ്ഞെടുക്കുന്നതെന്നാണു റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇന്ത്യയിൽനിന്നുൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ കിർഗിസ്ഥാനിലുണ്ട്. നിലവിൽ കിർഗിസ്ഥാനിൽ 15,000ൽപരം ഇന്ത്യൻ വിദ്യാർഥികളാണ് പഠിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

* സിംഗപ്പൂരിൽ കോവിഡ് കേസ് കൂടുന്നു. രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി സർക്കാർ. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു. മുൻ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളാണെങ്കിൽ, മേയ് 5 മുതൽ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയോളമാണ്- 25,900 കേസുകൾ. ഈ കാലയളവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നു. കോവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാൻ ആശുപത്രികൾക്കു നിർദേശം നൽകി. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും. പടിപടിയായി ഉയരുന്ന കോവിഡ് കേസുകൾ പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്ന് സർക്കാർ വിലയിരുത്തുന്നു. അടുത്ത രണ്ട്–നാല് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം മൂർധന്യത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

* ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു. 24 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് രാജ്യത്തെ നടുക്കിയ ആണ് വാർത്തയെത്തിയത്. “പ്രസിഡന്റ് റെയ്‌സിയുടെ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നത്. ‌എല്ലാ യാത്രക്കാരും മരിച്ചു’’– രക്ഷാപ്രവർ‌ത്തനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. തുർക്കിയിൽ നിന്നെത്തിച്ച ഡ്രോണാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുരന്തം നടന്നയിടത്തു ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടെന്നും ഇറാൻ റെഡ് ക്രസന്റ് ചെയർമാൻ കോലിവാൻഡ് അറിയിച്ചു. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. പ്രസിഡന്റ്‌ ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിയുമായി ചേർന്ന് ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് ഞായറാഴ്ച പുലർച്ചെ ഇബ്രാഹിം റൈസി അസർബൈജാനിൽ എത്തിയത്. അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് അപകടം. അസർബൈജാനും ഇറാനും ചേർന്ന് അരസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടാണിത്.

* ഇറാൻ പ്രസി‍ഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിനു പിന്നാലെ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മുഖബറിനെ (68) നിയമിച്ചു. നിലവിൽ രാജ്യത്തിന്റെ ഒന്നാം വൈസ് പ്രസിഡന്റാണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പു നടത്താൻ മൂന്നംഗ കൗൺസിലിനെ നയിക്കുന്നത് മുഖബറാണ്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച്, പ്രസിഡന്റ് മരിച്ചാല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 2025 ലാണ് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
അതേസമയം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. റഈസിയുടെ മരണം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച മോദി, അദ്ദേഹത്തിന്റെ കുടുംബത്തെയും ഇറാൻ ജനതയെയും അനുശോചനമറിയിച്ചു.
ഇബ്രാഹിം റഈസിയുടെ മൃതദേഹം വ്യാഴാഴ്ച പുണ്യനഗരമായ മാഷ്ഹദിലെ ഇമാം റേസ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകൾക്കു ശേഷം വൈകിട്ടു കബറടക്കി. ഇബ്രാഹിം റഈസിയുടെ ജനാസ നമസ്കാരത്തിനു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മഖ്ബേർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റഈസിക്ക് അന്ത്യോപചാരം അർപ്പിച്ചു. മഖ്ബേറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ത്യയുടെ ദുഃഖം അറിയിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗോചിങ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇറാൻ നിർലോഭം പിന്തുണച്ച ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും റഈസിക്കു വിടചൊല്ലാനെത്തി. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഹനിയ. ഈജിപ്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സമേഹ് ഷുക്രി പങ്കെടുത്തു.

* പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ സർക്കാർ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശത്രുരാജ്യമായ യുഎസിനെ ഇറാൻ ബന്ധപ്പെട്ടത് അസാധാരണനീക്കമായി. എന്തു സഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് യുഎസ് ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
ഇതേസമയം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടേത് രക്തം പുരണ്ട കൈകളെന്ന് യുഎസ്. റഈസിയുടെ നിര്യാണത്തിൽ വാഷിങ്ടൻ ഔദ്യോഗികമായി അനുശോചനം അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രതികരണം. ഒരുപാടു പേരുടെ രക്തം പുരണ്ട കൈകളാണ് റഈസിയുടേതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലും ഹമാസ് ഉൾപ്പെടെയുള്ള സംഘടനങ്ങൾക്ക് പിന്തുണ നൽകുന്നതിലും റഈസി ഉത്തരവാദിയാണെന്നും കിർബി പറഞ്ഞു. എന്നാൽ റഈസിയ്ക്ക് ജീവഹാനിയുണ്ടായതിൽ യുഎസിന് ദുഃഖമുണ്ടെന്നും ഉചിതമായ രീതിയിൽ ഔദ്യോഗിക അനുശോചനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധപ്പട്ടികയിലുണ്ടായിരുന്നയാളാണ് റഈസി. ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ജഡ്ജിയായിരിക്കുമ്പോൾ 1988ൽ ഇറാൻ–ഇറാഖ് യുദ്ധത്തിനുശേഷം രാഷ്ട്രീയത്തടവുകാരായ അയ്യായിരത്തിലേറെപ്പേരെ വിചാരണയില്ലാതെ തൂക്കിലേറ്റാൻ വിധിച്ച സംഭവത്തെത്തുടർന്നാണ് റഈസിക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തിയത്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments