Friday, October 18, 2024
Homeസ്പെഷ്യൽബഹിരാകാശ പേടകം (International Space Station) (ISS) ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

ബഹിരാകാശ പേടകം (International Space Station) (ISS) ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

പ്രപഞ്ചം മറച്ചുപിടിച്ചിരിക്കുന്ന അനേകം രഹസ്യങ്ങൾ, ഉത്സുകരും, അതിബുദ്ധിമാന്മാരുമായ മനുഷ്യർ എപ്പോഴും ആ രഹസ്യങ്ങൾക്ക് പിന്നിലൂടെയുള്ള യാത്രയിലാണ്. പലതിനെയും കൈവെള്ളയിലൊതുക്കിയ മനുഷ്യൻ ഇന്നെത്തിനിൽക്കുന്നത് തീർത്തും അത്ഭുതം നിറഞ്ഞ ഇടങ്ങളിലാണ്.

ഭൂമിയിൽ നിന്നും ഏകദേശം 300-നും 450 കിലോമീറ്ററിനും അകലെയായി കറങ്ങിക്കൊണ്ടിരിക്കുന്ന, മനുഷ്യകരങ്ങളാൽ നിർമ്മിതമായ പേടകമാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ. ഒരു സെക്കന്റിൽ 7.66 കിലോമീറ്റർ വേഗതയിൽ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ പേടകം ഏകദേശം 92.69മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു പ്രാവശ്യം വലംവെയ്ക്കുന്നു. ഒരു ദിവസം 15.54 തവണയും!!!!!.ഏഴു പേർക്കെങ്കിലും സുഖമായി താമസിക്കാൻ തക്ക സൗകര്യങ്ങൾ ഉള്ള ഈ പെട്ടകത്തിൽ രണ്ടു അടുക്കളയും, രണ്ടു ശൗച്യാലയവും, ഏഴു ബെഡ്‌റൂമുകളും ഉണ്ട്. ഇപ്പോൾ ഈ പേടകത്തിൽ മൂന്ന് ശാസ്ത്രജ്ഞന്മാർ താമസിക്കുന്നുണ്ട്. ലോകത്തിലെ പതിനാറു രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് ബഹിരാകാശത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിതിയായ ഈ പേടകം ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തമായി ഇത്തരത്തിലൊന്ന് നിർമ്മിക്കുവാനുള്ള ചർച്ച നടക്കുന്നതിനാൽ ഇന്ത്യ ഇതിന്റെ ഭാഗമല്ല. ഏകദേശം 410 ടെണ്ണിലധികം ഭാരമുള്ള ഈ പേടകത്തിന് ഒരു ഫുട്ബോൾ കളിക്കളത്തിന്റെയത്രയും തന്നെ വ്യാപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഇതിനുള്ളിൽ നമ്മുടെ ഇഷ്ടം പോലെ ഓടിക്കളിക്കാനുള്ള സ്ഥലം ഉണ്ടെന്ന് വിചാരിച്ചെങ്കിൽ തെറ്റി, കുഴലുപോലെയുള്ള ഇടുങ്ങിയ സ്ഥലമാണ് ഉൾഭാഗം. ഈ പേടകത്തിന്റെ ഭൂരിഭാഗവും ഇതിന്റെ നിലനിൽപ്പിനാവശ്യമായ ഊർജ്ജം ഉത്പ്പാദിപ്പിക്കുന്ന സോളാർ പാനലുകളാണ്. എങ്ങനെവേണമെങ്കിലും ഇതിനുള്ളിൽ സഞ്ചരിക്കാം. അതായത് മേൽഭാഗത്തും, ചുമരുകളിലും തൊടാൻ സാധിക്കും. ഗ്രാവിറ്റി ഇല്ലാത്തത് കൊണ്ട് തന്നെ കാലുകൾ നിലത്തൂന്നി നടക്കാൻ സാധിക്കില്ല. “പറന്നു നടക്കുക” എന്ന് പറയുന്നതാവും കൂടുതൽ നല്ലത്.

ബെഡ് റൂമുകൾ എന്നാൽ നമ്മുടെ വീടിനുള്ളിലുള്ളത് പോലെയല്ല. തോന്നുന്നത് പോലെ കിടന്നുറങ്ങാം എന്ന് കരുതിയാലും നടക്കില്ല!!!. ഗ്രാവിറ്റി ഇല്ലാത്തത് കൊണ്ട് തന്നെ ശരിയായ രീതിയിൽ നീണ്ട് നിവർന്ന് കിടക്കാൻ പറ്റില്ല. നീളമുള്ള കുഴികൾ പോലെയുള്ള അറകളാണ് കിടന്നുറങ്ങാൻ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെ “സ്ലീപ്‌ സ്റ്റേഷൻ” എന്ന് വിളിക്കുന്നു. ഇതാണ് മുൻപ് പറഞ്ഞ “ബെഡ്‌റൂമുകൾ. ഗ്രാവിറ്റി ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്നത് കൊണ്ട് തന്നെ എല്ലുകൾക്കും, മാംസപേശികൾക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ നിർബന്ധമായും പ്രത്യേക തരം “എക്സസൈസ്” ചെയ്തിരിക്കണം. ഇതിനായി ഒരു ജിംനേഷ്യം തന്നെ പ്രവർത്തിക്കുന്നു. ടോയ്‌ലെറ്റിൽ മലമൂത്രവിസർജ്ജനത്തിനായി പ്രത്യേകം “കുഴലുകൾ” ക്രമീകരിച്ചിട്ടുണ്ട്. ഇത് ശരീരത്തിൽ അമർത്തിപിടിച്ച് വേണം വിസർജ്ജിക്കാൻ, അബദ്ധവശാൽ പുറത്തേക്ക് പോയാൽ അത് പറന്നുനടക്കും. ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ ഇവിടെ ജെൽ രൂപത്തിൽ പറന്നു നടക്കും. ക്ലീൻ ചെയ്യാനായി പ്രത്യേകതരം ടിഷ്യു പേപ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളിലുള്ള ശാസ്ത്രജ്ഞജർ ഇതിനുള്ളിൽ ഉള്ളത് കൊണ്ട് തന്നെ പലതരം ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ, പ്രത്യേക പാക്കറ്റുകളിലാക്കി തൂക്കിയിട്ടിരിക്കും. ആവശ്യത്തിനെടുത്ത് ചൂടാക്കിയോ പാകം ചെയ്തോ കഴിക്കാം.

ഏകദേശം 52-ൽ പരം കമ്പ്യൂട്ടറുകൾ ഭൂമിയിൽ നിന്നും ഈ പേടകത്തെനിയന്ത്രിക്കുന്നു. ഇതിനോടകം 250 ശാസ്ത്രജ്ഞൻമാർ വരെ ഇവിടെ എത്തി മടങ്ങിപോയിരിക്കുന്നു. കൂടാതെ നൂറോളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിച്ച് മടങ്ങിയിട്ടുണ്ടത്രേ!!!!ഗ്രാവിറ്റി ഇല്ലാത്ത ഒരു സ്ഥലത്ത് വസിക്കുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കണക്കിലെടുത്ത് ആറുമാസം കൂടുമ്പോൾ ശാസ്ത്രജ്ഞർ മാറിക്കൊണ്ടിരിക്കും. “സ്പേസ് സ്യൂട്ട്” എന്ന പ്രത്യേക വസ്ത്രമാണ് ബഹിരാകാശ നടത്തത്തിനായി (space walk )ഉപയോഗിക്കുന്നത്. ഓക്സിജൻ ഉൾപ്പെടെയുള്ള വസ്തുക്കൾ അടങ്ങിയ ഏകദേശം 150 കിലോയോളം ഭാരമുള്ള ബാഗ് ശരീരത്തിൽ ഘടിപ്പിച്ചിരിക്കും. ബഹിരാകാശം ആയത് കൊണ്ട് തന്നെ ഭാരം അനുഭവപ്പെടില്ലല്ലോ!!!!.

ഈ പേടകത്തിൽ ഇരുന്നാൽ ചന്ദ്രനേയും, നക്ഷത്രങ്ങളേയും, മറ്റ് പല ഗ്രഹങ്ങളേയും അടുത്തായി കാണാൻസാധിക്കുമത്രെ. മാത്രമല്ല ഭൂമിയിൽ നടക്കുന്ന എല്ലാറ്റിനേയും വീഡിയോ റെക്കോർഡിങ് ചെയ്തുകൊണ്ടിരിക്കുന്നു. പലവിചിത്ര സംഭവങ്ങളും ഇതിനോടകം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവയെല്ലാം ഗവേഷണങ്ങൾക്കും, മറ്റ് പഠനങ്ങൾക്കും ഏറെ പ്രയോജനകരമാണെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഒരു ദിവസം പതിനഞ്ചര പ്രാവശ്യം ഈ പേടകം ഭൂമിയെ വലയം വെയ്ക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം പതിനഞ്ച് രാത്രിയ്ക്കും, പതിനഞ്ച് പകലിനും പേടകവാസികൾക്ക് സാക്ഷിയാകേണ്ടി വരുന്നുണ്ട്. ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഭൂമിയിൽ വെച്ച് നിർമ്മിച്ച ഓരോ ഭാഗങ്ങൾ ഈ പേടകത്തിൽ ഘടിപ്പിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരേ സമയം എട്ട് ബഹിരാകാശ വാഹനങ്ങളെ ഘടിപ്പിക്കാൻ ഉള്ള സംവിധാനം ഈ പേടകത്തിലുണ്ട്. ചൂടും തണുപ്പും യഥാക്രമം ക്രമീകരിച്ചിരിക്കുന്നതിനാൽ ഇതിനുള്ളിൽ പ്രത്യേക വസ്ത്രങ്ങൾ ആവശ്യമില്ല. താമസക്കാർക്ക് ആവശ്യമുള്ള ഓക്സിജൻ അതിനുള്ളിൽ തന്നെ ക്രമീകരിക്കുന്നു. 1998-ൽ ആരംഭിച്ച് ഇരുപത് വർഷങ്ങൾക്കപ്പുറം പൂർത്തീകരിച്ച ഈ പേടകം ഒരത്ഭുതം തന്നെ. എന്നിരുന്നാലും വളരെയേറെ പണചെലവ് വരുന്നത് കൊണ്ട് തന്നെ ഇതിന്റെ പ്രവർത്തനം നിർത്തിയാലോ എന്നും ആലോചിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.

✍ലിജി സജിത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments