Sunday, November 17, 2024
Homeനാട്ടുവാർത്തആയുർവേദ കോളജ് പ്രിൻസിപ്പൽ വിരമിക്കുന്നു.

ആയുർവേദ കോളജ് പ്രിൻസിപ്പൽ വിരമിക്കുന്നു.

കോട്ടയ്ക്കൽ. 34 വർഷത്തെ സേവനത്തിനുശേഷം വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ ഇന്നു വിരമിക്കുന്നു. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം മികവാർന്ന പ്രവർത്തനം നടത്തിയിട്ടുണ്ട് അദ്ദേഹം.

കോളജാശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. ഇടക്കാലത്ത് കേരള ആയുർവേദിക് സ്റ്റഡീസ് ആന്റ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ അധികച്ചുമതലയും വഹിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ആയുർവേദ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി ഓഫ് ആയുർവേദ എന്നിവയിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചു. ആയുർവേദമേഖലയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സുപ്രധാന സമിതികളിൽ അംഗമാണ്. ജംനഗർ ഐടിആർഎയുടെ ഗവേണിങ് ബോഡി, സയന്റിഫിക് അഡ്വൈസറി കമ്മിറ്റി എന്നിവയിൽ അംഗമാണ്. ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബോർഡ് ഓഫ് മാനേജ്മെന്റ്, നാഷനൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ എത്തിക്സ് കമ്മിറ്റി എന്നിവയിലും അംഗത്വമുണ്ട്.

പ്രിൻസിപ്പലായി ചുമതലയേറ്റശേഷം കോട്ടയ്ക്കൽ ആയുർവേദ സ്കൂൾ ഓഫ് എക്സലൻസ് (കെയ്സ്), സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് ചിൽഡ്രൻ വിത്ത് ഡിഫറൻഷ്യൽ എബിലിറ്റീസ്, ആയുഷ് വെൽനെസ് സെന്റർ, കേന്ദ്രസർക്കാരിന്റെ പബ്ലിക് ഹെൽത്ത് ഇനിഷ്യേറ്റീവ്, സിസിആർഎസിന്റെ ഫാർമകോഗ്നോസി യൂനിറ്റ് എന്നിവ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിർണായകമായ ഇടപെടലുകൾ നടത്തി. സംസ്ഥാന സർക്കാറിന്റെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രോജക്റ്റിന്റെ കോ ചെയർമാൻ, സംസ്ഥാന പ്ലാനിങ് ബോർഡ് ആയുഷ് വർക്കിങ് ഗ്രൂപ്പ് കോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച സ്ക്രിപ്റ്റിനുള്ള 17ാമത് യുജിസി, സിഇസി പുരസ്കാരം, കേരള ആയുർവേദ ഫാർമസിയുടെ ആചാര്യ രത്നപുരസ്കാരം (2010) എന്നിവ നേടിയിട്ടുണ്ട്. കേരള ആരോഗ്യ, ശാസ്ത്ര സർവകലാശാലയുടെ വിവിധ സമിതികളിൽ അംഗവും അംഗീകൃത പിഎച്ച്ഡി ഗൈഡുമാണ്. കുട്ടികളിലെ പഠനവൈകല്യം, വളർച്ചാവൈകല്യം, ഭാഷണവൈകല്യം, ഓട്ടിസം, മദ്യാസക്തി മുതലായ മേഖലകളിലായി മുപ്പതോളം പിജി ഗവേഷണങ്ങൾക്കു നേതൃത്വം നൽകി. ആയുർവേദ മാനസികരോഗ ചികിത്സയുമായി ബന്ധപെട്ട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗവേഷണങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകി.

ആയുർവേദ ചികിത്സാസിദ്ധാന്തങ്ങൾ വിവരിക്കുന്ന ‘കായചികിത്സ’ എന്ന ഗ്രന്ഥത്തിന്റെ സഹ രചയിതാവാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട്, എകെപിസിടിഎ സംസ്ഥാന കൗൺസിൽ അംഗം, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനകീയ ശാസ്ത്ര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മുൻ ഫാക്ടറി മാനേജർ കെ.വി.രുദ്രവാരിയരുടെയും രാധ വാരസ്യാരുടെയും മകനാണ്. ഭാര്യ: ആയുഷ് വകുപ്പിലെ മെഡിക്കൽ ഓഫിസർ
ഡോ.പി.എസ്.സിന്ധുലത. പാർവതി, പവിത്ര എന്നിവർ മക്കളാണ്.
— – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments