ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും മാത്രം മതിയെന്നും മറ്റ് ചികിത്സകളുടെ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഇതോടെ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള ആംആദ്മിയുടെ വാദങ്ങളാണ് പൊളിഞ്ഞത്.
ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിഹാർ ജയിൽ അധികൃതർ എയിംസിലെ വിദഗ്ധരായ ഡോക്ടർമാരുടെ അഞ്ചംഗ സംഘത്തെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘം കെജ്രിവാളിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു.
തിഹാർ ജയിലിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും സംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യനില വിലയിരുത്തിയ സംഘം കെജ്രിവാൾ പൂർണ ആരോഗ്യവാനാണെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കഴിക്കുന്ന മരുന്നുകൾ മാത്രം തുടർന്നാൽ മതിയെന്നും ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചു. ഇൻസുലിന്റെ രണ്ട് യൂണിറ്റുകൾ തുടരമാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.