തിരുവനന്തപുരം: പാനൂര്‍ കുന്നോത്തുപറമ്ബ് മുളിയാത്തോട് സ്‌ഫോടനത്തില്‍ വടകരയിലെ ഇടതുമുന്നണി സ്‌ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കു കടുത്ത അതൃപ്‌തി. വടകരയിലെ തന്റെ വിജയസാധ്യതകളെ ബാധിക്കുമെന്നാണ് ശൈലജയുടെ നിലപാട്. സി.പി.എം. സംസ്‌ഥാന നേതൃത്വത്തെ ശൈലജ ഇക്കാര്യം അറിയിച്ചു.
പാര്‍ട്ടി ഗ്രാമത്തിലുണ്ടായ സ്‌ഫോടനവും മറ്റും ഏതു സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്നും സംഭവം വിവാദമാകാതെ അധികകരുതല്‍ വേണമെന്നുമാണ് ശൈലജയുടെ ആവശ്യം.അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ശൈലജയുടെ ഫോട്ടോ വിവാദമായിട്ടുണ്ട്. കേസിലെ പ്രതികള്‍ക്കു സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞതായി കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു.
തന്റെ കൂടെ പലരും ഫോട്ടോയെടുക്കാറുണ്ടെന്നും ഇവരുടെയൊന്നും പശ്‌ചാത്തലം നോക്കാറില്ലെന്നുമാണു ശൈലജയുടെ വിശദീകരണം. ‘സ്‌ഫോടനവുമായി പാര്‍ട്ടിക്കു ബന്ധമില്ല. എല്ലാ പാര്‍ട്ടികളിലും ശരിയല്ലാത്ത പ്രവണതയുള്ളവരുണ്ടാകും. സ്‌ഫോടനത്തിലെ പ്രതികളെല്ലാം മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ലഭിക്കുന്ന സൂചന’- അവര്‍ പ്രതികരിച്ചു.ഇങ്ങനെയൊക്കെ വിശദീകരിക്കുമ്ബോഴും കടുത്ത അതൃപ്‌തി ശൈലജയ്‌ക്കുണ്ട്. ടി.പി. വധവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ നേരത്തെ നടത്തിയ പ്രതികരണങ്ങളും ശൈലജ ഗൗരവത്തോടെയായിരുന്നു എടുത്തത്. പരാതിപ്പെട്ടതോടെ പാര്‍ട്ടി ജയരാജനെ നിയന്ത്രിച്ചു. അതിലും അപ്പുറത്തേക്ക് തന്റെ സാധ്യതകളെ ബാധിക്കുന്നതാണ് പാനൂര്‍ സ്‌ഫോടനമെന്ന വിലയിരുത്തല്‍ ശൈലജയ്‌ക്കുണ്ട്. അതുകൊണ്ടുതന്നെ അതിശക്‌തമായ അന്വേഷണവും പ്രതികളെ അറസ്‌റ്റ് ചെയ്യുന്ന ഇടപെടലും ഉണ്ടാകണമെന്ന നിലപാടിലാണു ശൈലജ.എന്നാല്‍, പാനൂര്‍ സ്‌ഫോടനത്തില്‍ നടപടിക്കു സി.പി.എം. തത്‌കാലം നിര്‍ദ്ദേശം നല്‍കില്ല. പകരം, കരുതലോടെ നടപടിയെടുക്കും.