പെരിന്തല്‍മണ്ണ: ലഹരിവില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരേ പോലീസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ പൊന്ന്യാകുര്‍ശിയിലെ റിസോര്‍ട്ടില്‍നിന്ന് നാലുപേരെ പിടികൂടി. പരിശോധനയില്‍ 3.25 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസ്റ്റിക് കവറുകളും പിടികൂടിയതായി പോലീസ് അറിയിച്ചു.
പാലക്കാട് കോട്ടോപ്പാടം പൂച്ചപ്പാറ വീട്ടില്‍ മുഹമ്മദ് ഷെബീര്‍ (33), പെരിന്തല്‍മണ്ണ സ്വദേശികളായ പാതായ്ക്കര കോവിലകംപടി പുളിക്കല്‍ മുര്‍ഷിദ് (34), പൊന്ന്യാകുര്‍ശി കുന്നുമ്മല്‍ ഇബ്രാഹിം ബാദുഷ (30), കുന്നപ്പള്ളി വെട്ടിക്കാളി അജ്മല്‍ (31) എന്നിവരെയാണ് റിസോര്‍ട്ടില്‍വെച്ച് എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റുചെയ്തത്.
ആവശ്യക്കാര്‍ വിളിക്കുന്നത് അനുസരിച്ച് ടൗണിലോ പരിസരങ്ങളിലോ വെച്ച് പായ്ക്കറ്റുകള്‍ കൈമാറുകയാണ് സംഘം ചെയ്തിരുന്നതെന്നും വില്‍പ്പനയ്ക്കു ശേഷം റിസോര്‍ട്ടില്‍ മടങ്ങിയെത്തുകയുമായിരുന്നു രീതിയെന്നും പോലീസ് പറഞ്ഞു. ജില്ലയിലെ ടൗണുകളില്‍ ആഡംബര ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ലഹരിവില്‍പ്പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. കെ.കെ. സജീവിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ. ട്രെയിനി പി.ബി. കിരണ്‍, ഇന്‍സ്‌പെക്ടര്‍ എം.എസ്. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെ ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു.