പത്തനംതിട്ട –+സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനമാരംഭിച്ച ബ്ലഡ് ബാങ്കാണ് കോന്നി മെഡിക്കൽ കോളജിലുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബ്ലഡ് ബ്ലഡ് ബാങ്കെന്നും മന്ത്രി പറഞ്ഞു.
പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാവേണ്ട ഒന്നാണ് ബ്ലഡ് ബാങ്ക്. സംസ്ഥാനത്തെ ആധുനിക രക്ത ബാങ്കുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ ) ലൈസൻസ് ലഭിച്ചതോടെയാണ് പത്തനംതിട്ട ജില്ലയിൽ അടിയന്തരമായി രക്തവും രക്ത ഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജന പ്രദമാംവിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. കോന്നി മെഡിക്കൽ കോളജിന്റെ ആദ്യ ഫേസ് പ്രോജക്ടിലൂടെ 3200 ചതുരശ്ര അടി വിസ്തൃതിയിലുള്ള ബ്ലഡ് ബാങ്ക് മൂന്നു കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായ വേഗത്തിൽ പുരോഗതി കൈവരിക്കുന്ന കോന്നി മെഡിക്കൽ കോളജിന്റെ വളർച്ചക്ക് ബ്ലഡ് ബാങ്ക് ഏറെ സഹായകരമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. എല്ലാ സംവിധാനങ്ങളും അതിവേഗം തയ്യക്കൊണ്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
ഡോക്ടേഴ്സ് റൂം,മെഡിക്കൽ എക്സാമിനേഷൻ റൂം, ബ്ലഡ് കളക്ഷൻ റൂം, ഡോണർ റിഫ്രഷ്മെന്റ് റൂം, കോമ്പോണന്റ് സെപറേഷൻ റൂം തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ രക്തദാതാക്കളിൽ നിന്നും ശേഖരിക്കുന്ന രക്തം പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ചുവന്ന കോശം എന്നീ മൂന്നു ഘടകങ്ങളായി വേർതിരിച്ച് ശേഖരിക്കാനും അടിയന്തരമായി ആവശ്യം വരുന്ന രോഗികൾക്ക് നൽകാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കോന്നി മെഡിക്കൽ കോളജിലെ ഐസിയു, ലേബർ റൂം, ഓപ്പറേഷൻ റൂം, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗങ്ങളിലും രക്തം എത്തിക്കാൻ കഴിയും .
രക്തം ദാനം ചെയ്യാനായി എത്തുന്നവർ കൗൺസലിങ്ങിനും മെഡിക്കൽ പരിശോധനയ്ക്കും വിധേയമാകുകയും തുടർന്ന് ശേഖരിക്കപ്പെടുന്ന രക്തം ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി,എച്ച്ഐവി മലേറിയ സെ ഫിലിംസ് തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഇല്ല എന്ന് ശാസ്ത്രീയമായ പരിശോധനയിലൂടെ ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ ലോകാരോഗ്യ സംഘടനയും നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷനും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷിത രക്തം എല്ലാവർക്കും ലഭ്യമാവുകയും ചെയ്യും.
മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യൂ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ഡോ തോമസ് മാത്യു, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ എ. ഷാജി, കോളജ് പ്രിൻസിപ്പൽ ഡോ.ആർ എസ് നിഷ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. റൂബി മേരി, എച്ച്ഡിഎസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.