ന്യൂഡൽഹി: ഇന്ത്യൻ നാവിക കപ്പലിലെ ഉദ്യോഗസ്ഥനെ കടലിൽ കാണാതായി. നാവികസേനയില്‍ സീമാനായി ജോലിചെയ്യുന്ന ജമ്മുകശ്‌മീർ സ്വദേശി സഹിൽ വർമയെ ഫെബ്രുവരി 27 മുതലാണ്ൽ കാണാതായത്. സഹിലിന്റെ അച്ഛനമ്മമാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് നാവികസേന സംഭവം പുറത്തറിയിച്ചത്. ഉന്നതതല അന്വേഷണം ആരംഭിച്ചതായി നാവികസേന വെസ്‌റ്റേൺ നേവൽ കമാൻഡ് ഞായറാഴ്‌ച അറിയിച്ചു. മകന്റെ നിഗൂഢമായ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛനമ്മമാരായ സുഭാഷ് ചന്ദറും രമാകുമാരിയും പ്രധാനമന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ജമ്മു കശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർക്കും നിവേദനം നൽകിയിരുന്നു. ഇതിനുശേഷമാണ് നാവിക സേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
“കപ്പലിൽനിന്ന് വീണ നാവികനെ കുറിച്ച് യാതൊരു വിവരവും തരാത്തതിൽ ദുരൂഹതയുണ്ട്. കപ്പലിൽ സിസിടിവി കാമറയടക്കമുണ്ട്. കപ്പലിൽനിന്ന് കടലിലേക്ക് ആരും വീണതായി ആ ദൃശ്യങ്ങളിലില്ല എന്നാണ് അധികൃതർ പറയുന്നത്. എങ്കിൽ എന്റെ മകനെവിടെ പോയി’ സുഭാഷ് ചന്ദർ മാധ്യമങ്ങളോട് ചോദിച്ചു.
ഫെബ്രുവരി 25നാണ് മകനുമായി തങ്ങൾ അവസാനമായി സംസാരിച്ചത്. 29ന് മകനെ കാണാതായി എന്നറിയിച്ച് നാവികസേന ഉദ്യോഗസ്ഥർ വിളിച്ചു. ജോലിക്കിടെയാണ് മകനെ കാണാതായത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവം സിബിഐ അന്വേഷിക്കണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. കപ്പലിൽ നാനൂറിലധികംപേർ ഉണ്ടായിരുന്നു. തന്റെ മകനെ മാത്രമാണ് കാണാതായതെന്ന് അമ്മ രമാകുമാരി പറഞ്ഞു.