കൊച്ചി: ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി റെക്കാഡുകൾ കീഴടക്കി വൻ മുന്നേറ്റം നടത്തുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളുടെ കയറ്റുമതി 23 ശതമാനം വളർച്ചയോടെ രണ്ടായിരം കോടി ഡോളർ കവിഞ്ഞു. മൊബൈൽ ഫോണുകളുടെ കയറ്റുമതിയിലാണ് അസാധാരണമായ വർദ്ധന ദൃശ്യമാകുന്നത്. പ്രധാനമായും ആപ്പിളിന്റെ ഐ ഫോണുകളുടെ വില്പനയിലാണ് വൻ മുന്നേറ്റമുണ്ടായത്.
ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ മൊബൈൽ ഫോണുകളുടെ വില്പന 52 ശതമാനം ഉയർന്ന് 1050 കോടി ഡോളറിലെത്തി. ഇതിൽ 70 ശതമാനവും ആപ്പിൾ ഐ ഫോണുകളിൽ നിന്നുള്ള കയറ്റുമതി വരുമാനമാണ്. ഡിസംബറിൽ മാത്രം 700 കോടി ഡോളർ കയറ്റുമതി വരുമാനമാണ് ഐ ഫോണുകളുടെ കയറ്റുമതിയിൽ നിന്ന് ലഭിച്ചത്.
“ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ച പത്ത് പ്രധാന ഉത്പന്നങ്ങളുടെ ശേണിയിലേക്ക് ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ മാറുകയാണ്. ആപ്പിൾ ഉൾപ്പെടെയുള്ള ആഗോള മേഖലയിലെ മുൻനിര കമ്പനികൾ ഇന്ത്യയിലേക്ക് മൂലധന നിക്ഷേപം ഒഴുക്കുന്നതാണ് കയറ്റുമതി വിപണിക്കും കരുത്ത് പകരുന്നത്.
ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയുടെ വിജയം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയുടെ വിജയമാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്നത്. ആപ്പിളിന് വേണ്ടി കരാറനുസരിച്ച് ഐ ഫോൺ നിർമിക്കുന്ന ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ എന്നിവയാണ് വലിയ താേതിൽ മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നത്.”