‘മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ….
ശ്രുതിമധുരമായ ഈ ഗാനം നെഞ്ചിലേറ്റാത്തവരാരുമുണ്ടാകില്ല. ഒരപൂർവ്വ ശബ്ദത്തിൻ്റെ ഉടമ രാധിക തിലക് .ഹൃദയം കൊണ്ട് പാടിയ എത്രയെത്ര ‘പാട്ടുകൾ….
ദൂരദർശനിലെ ലളിത ഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക ടെലിവിഷൻ പ്രേക്ഷകരായ നമുക്ക് സുപരിചതയാകുന്നത്.
സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നന്നേ ചെറുപ്പം മുതൽ സംഗീതം പകർന്നു കിട്ടിയ അവർ നൃത്തത്തിലും മികവു കാണിച്ചിരുന്നു.
പിന്നണി ഗായിക സുജാത മോഹൻ, ജി വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക. മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേയ്ക്ക് ചുവടുവെച്ചത്. മാത്രമല്ല ആകാശവാണിയിലെ എ ഗ്രേഡ് കലാകാരി എന്ന പദവി കൂടി നേടിയെടുത്തു അവർ.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ടി എസ് രാധാകൃഷ്ണന്റെ ‘ത്യാഗബ്രഹ്മം’ സംഗീത ട്രൂപ്പിൽ അംഗമായിരുന്നു. സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്നപ്പോഴാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്.
സംഘഗാനം എന്ന ചിത്രത്തിലെ പുൽക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഒറ്റയാൾ പട്ടാളത്തിൽ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലിൽ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം
വിവാഹത്തോടെ നാട്ടിൽ നിന്നു മാറി അഞ്ച് വർഷക്കാലം ദുബായിൽ താമസമാക്കിയപ്പോഴും വേദികളിൽ സജീവമായിരുന്നു ഈ സംഗീത തിലകം. അക്കാലത്ത് ഗൾഫിൽ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂർത്തി, ജോൺസൺ, രവീന്ദ്രൻ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായിൽ താമസിക്കവേ വോയ്സ് ഓഫ് അറേബ്യ എന്ന ടെലിവിഷൻ ഷോയും അവതരിപ്പിച്ചിരുന്നു.
ദേവസംഗീതം നീയല്ലേ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദമാധുരിയിൽ ഓർത്തുവയ്ക്കാവുന്ന നിരവധി ഗാനങ്ങൾ . ഇതിനു പുറമെ, ഇരുന്നൂറിലധികം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രാധിക തിലക് ശബ്ദം നൽകി.
എത്ര കേട്ടാലും മതിവരാത്ത കുറേയേറെ മെലഡികൾ രാധിക ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും ആ ആലാപന ഭംഗിയെ ഏറ്റവുമധികം കേട്ടത് ലളിതഗാനങ്ങളിലൂടെയായിരുന്നു.ഭക്തി ഗാനങ്ങളിലും തൻ്റേതായ ഒരിടം കണ്ടെത്തിയിരുന്നു…തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാദാ…എന്ന പാട്ട് ഉയർന്നു കേൾക്കാത്ത ഒരു സന്ധ്യ പോലും കടന്നുപോകുന്നില്ലല്ലോ.
2015 സെപ്റ്റംബർ 20ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രിയ ഗായിക അന്തരിച്ചു.സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക.മനോഹരമായ കുറെയേറെ ഗാനങ്ങൾ നമുക്കായി സമ്മാനിച്ച് ആകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മലയാളത്തിൻ്റെ കുയിൽ നാദത്തിന് ഓർമ്മ ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു.