Saturday, December 21, 2024
Homeയാത്രഎന്റെ ആദ്യ പുട്ടപ്പുർത്തി യാത്രയും പിന്നെ കുറെ ഓർമ്മകളും.

എന്റെ ആദ്യ പുട്ടപ്പുർത്തി യാത്രയും പിന്നെ കുറെ ഓർമ്മകളും.

സരിത രതീഷ് കുമാർ,  നന്തിക്കര

ശ്രീ സത്യസായിബാബയുടെ ചിത്രം കുട്ടിക്കാലത്ത് കണ്ടിട്ടുണ്ടെങ്കിലും കൂടുതലായി ഒന്നും തന്നെ അറിയില്ലായിരുന്നു. പിന്നീട് ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഷിമ എന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ആ കുട്ടിയുടെ അമ്മയ്ക്ക് ഹൃദയശസ്ത്രക്രിയ ചെയ്തത് പുട്ടപ്പർത്തിയിൽ ആണെന്ന് അവൾ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അതും വളരെ നല്ല രീതിയിൽ സൗജന്യമായി ചെയ്തു എന്ന് പറഞ്ഞു കേട്ടപ്പോൾ അതിശയം തോന്നി. വീട്ടിൽ വന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ‘മാനവ സേവ തന്നെയാണ് മാധവ സേവ” അതുതന്നെയാണ് അവിടെയും നടക്കുന്നത്.

പിന്നീട് വർഷങ്ങൾ കുറെ കഴിഞ്ഞു, എന്റെ വിവാഹ നിശ്ചയ ദിവസമാണ് ഞാൻ അറിയുന്നത് സായി എജുക്കേഷൻ പി എസ് സി ക്ലാസുകൾ നടത്തുന്നു എന്ന വിവരം. എന്റെ ഭാവി നാത്തൂൻ രെമ്യ അവരുടെ ക്ലാസുകൾ അറ്റൻഡ് ചെയ്യാറുണ്ടെന്നും പറഞ്ഞു.. അങ്ങനെ വിവാഹം കഴിഞ്ഞ് ഞാനും രമ്യയും ഇരിങ്ങാലക്കുട സമിതിയിൽ കുറച്ചുനാളുകൾ മാത്രം ക്ലാസുകൾ അറ്റൻഡ് ചെയ്തു. പിന്നീട് പല കാരണങ്ങളാലും തുടർന്നു പോകാൻ കഴിഞ്ഞില്ല. അതുകഴിഞ്ഞ് ഒരു കുഞ്ഞായി കുറച്ചു വലുതായപ്പോഴാണ് പിസ് സി പഠനം വീണ്ടും തുടങ്ങിയത്.

കൊറോണക്കാലമായതിനാൽ സായി എജുക്കേഷൻ ഓൺലൈൻ ക്ലാസുകൾ വീണ്ടും കേൾക്കാനിട വന്നു. വേണുഗോപാൽ സാർ പലപ്പോഴായി ഉദ്യോഗാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നടത്താറുണ്ട്. അങ്ങനെയിരിക്കെ ഒരു മോട്ടിവേഷൻ ക്ലാസ്സിൽ മുകുന്ദൻ സാറിന്റെ പ്രഭാഷണത്തിലാണ് ബാലവികാസ് എന്ന ക്ലാസിനെ പറ്റി അറിയുന്നത്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഉടൻതന്നെ ഞങ്ങളെ പഠിപ്പിച്ചിരുന്ന രമ്യ ടീച്ചറെ വിളിച്ചു. ടീച്ചറുടെ മകൾ പഠിക്കുന്നുണ്ടെന്നും എന്റെ മകൾക്ക് ഇത്തരത്തിൽ ഒരു ക്ലാസിന് എങ്ങനെ ചേരാം എന്ന് ചോദിച്ചപ്പോൾ, അതിനുവേണ്ടി വേണുഗോപാൽ സാറിനെ വിളിച്ചാൽ ഒക്കെ ശരിയാവും എന്ന് പറഞ്ഞു. പിഎസ്‌സി എക്സാം എഴുതുന്നു, പഠിക്കുന്നു, വീണ്ടും എഴുതുന്നു, പക്ഷേ ജോലിയൊന്നും ആവാത്തതിനാൽ മാഷിനെ വിളിക്കാൻ വൈക്ലബ്യം ഉണ്ടായിരുന്നു. രണ്ടും കൽപ്പിച്ച് സധൈര്യം വേണു മാഷിനെ വിളിച്ച് ബാലവികാസിനെ കുറിച്ച് ചോദിച്ചു. എന്റെ മോളെ ആ ക്ലാസ്സിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് ചോദിച്ചു അങ്ങനെയാണ് മാഷ് ഞങ്ങളുടെ മക്കൾക്കായി ബിന്ദു ടീച്ചർ (ഗുരു )നെ ബന്ധപ്പെടുത്തി തന്നത്. 2021 ജൂലൈ പതിനൊന്നാം തീയതി മുതൽ ഞങ്ങളുടെ കുട്ടികൾ ബിന്ദു ടീച്ചറുടെ നേതൃത്വത്തിലുള്ള ബാലവികാസ് കുട്ടികളായി മാറി. വളരെ നല്ല രീതിയിൽ തന്നെ ഇപ്പോഴും അവർ പഠിച്ചു മുന്നേറുന്നു.

അങ്ങനെയിരിക്കെ ഈ പ്രാവശ്യത്തെ വിഷുവിന്റെ അവസരത്തിലാണ് ടീച്ചർ ക്ലാസ്സിൽ പറയുന്നത്, ഈ പ്രാവശ്യം തൃശ്ശൂർ ജില്ലയിലെ കുട്ടികളാണ് പുട്ടപ്പറത്തിയിൽ ഓണം പരിപാടികൾ ചെയ്യുന്നത്. അതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് തരണമെന്നും പറഞ്ഞു. ഒട്ടും ആലോചിക്കാതെ ഞങ്ങളുടെ കുട്ടികൾ അത്യധികം സന്തോഷത്തോടെ എല്ലാവരും പങ്കെടുക്കുന്നുണ്ട് എന്ന് പറഞ്ഞു. ടീച്ചർക്കും സന്തോഷം കുട്ടികൾക്കും സന്തോഷം😄.ക്ലാസ്സ് കഴിഞ്ഞ് വീട്ടിലുള്ള മറ്റു അംഗങ്ങളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഒട്ടും താല്പര്യം ഉണ്ടായില്ല. മുഖത്തെ സന്തോഷം എല്ലാം മിന്നിമറഞ്ഞു. രണ്ട് അമ്മൂമ്മമാരും വയ്യാത്ത അവസ്ഥയിൽ ഉള്ളവർ. എന്തു ചെയ്യും 😔.

സ്വന്തം താല്പര്യത്തെ ക്കാളും കുടുംബത്തിലെ സമാധാനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ മകളോട് പറഞ്ഞു നമുക്ക് പോകണ്ട,പിന്നീട് എപ്പോഴെങ്കിലും ആ സ്ഥലങ്ങളൊക്കെ കാണാൻ പോകാം. എന്നെ മനസ്സിലാക്കിയ മകളായതു കൊണ്ടാകണം അവളും പറഞ്ഞു” നമുക്ക് പോകണ്ട അമ്മേ “. ഞങ്ങളുടെ തീരുമാനം ഗ്രൂപ്പിലെ മറ്റുള്ളവരെയും ബാധിച്ചു. അവരും പോകുന്നില്ല എന്നു പറഞ്ഞു. ഞങ്ങളെ നോക്കണ്ട നിങ്ങളെങ്കിലും പൊയ്ക്കോളൂ. നമ്മുടെ ഗ്രൂപ്പിൽ നിന്ന് ആരുമില്ലെങ്കിൽ ടീച്ചർക്ക് ഒരുപാട് വിഷമം ഉണ്ടാവുകയില്ലേ എന്നൊക്കെ പറഞ്ഞു നോക്കി. ആ അദ്ധ്യായം അങ്ങനെ അടച്ചുവെച്ചു. വേണു മാഷ് വീട്ടിലേക്ക് വിളിച്ചു സംസാരിച്ചുവെങ്കിലും ഞങ്ങളുടെ തീരുമാനത്തിന് മാറ്റമില്ല എന്നു മാത്രമല്ല, എന്റെ വിഷമം കൂടുകയാണ് ചെയ്തത്. ഗുരുവായ മാഷ് പറഞ്ഞിട്ടും പോകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്.

പിന്നെ ഒരു ദിവസം ബിന്ദു ടീച്ചറും സിന്ധു ടീച്ചറും കൂടി അവരവരുടെ കുട്ടികളെയും കൂട്ടി കടൽ കാണാൻ യാത്ര പോയി. ഞങ്ങൾക്ക് അപ്പോഴും വിഷമമാണ്, ടീച്ചർക്ക് എത്രമാത്രം ചെലവ് വരും ഞങ്ങൾ ആണെങ്കിൽ പുട്ടപർത്തി പ്രോഗ്രാമിന് തയ്യാറല്ല താനും. വിശുദ്ധമായ സ്നേഹത്തിന് മുൻപിൽ കീഴടങ്ങാത്തതായി ഒന്നുമില്ല, എന്ന മഹത് വാക്യം നമ്മൾ കേട്ടിട്ടുണ്ട്. അതുതന്നെ സംഭവിച്ചു. ടീച്ചർക്ക് കുട്ടികളോടുള്ള അഗാധമായ സ്നേഹം കൊണ്ടു മാത്രം, തിരിച്ചും ആ യാത്ര കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടപ്പോൾ എന്റെ മകൾക്ക് പുട്ടപർത്തിയിലേക്ക് പോകണമെന്ന് നിർബന്ധം. സ്വന്തമായ അഭിപ്രായങ്ങൾ ഉള്ള ഒരു കുട്ടിയാണ് ശിവപ്രിയ എന്ന് സ്കൂളിലെ അവളുടെ ക്ലാസ് ടീച്ചർ പറയാറുണ്ടെങ്കിലും അത്രയ്ക്ക് എനിക്ക് തോന്നിയില്ല. അച്ഛനും അമ്മയും ഇല്ലെങ്കിലും ടീച്ചറുടെ കൂടെ പോകും എന്ന് ഒരൊറ്റ വാശി തന്നെ വാശി. ഒറ്റയ്ക്ക് വിടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ഞാനും കൂടി പോകാൻ തീരുമാനമായി. ഞങ്ങളോടൊപ്പം ഞാൻ മേൽപ്പറഞ്ഞ എന്റെ നാത്തൂൻ രമ്യയും കുട്ടികളും, എന്റെ സുഹൃത്ത് സരിതയും മകനും അച്ഛനും തയ്യാറായി. ആരുമില്ലാതിരുന്ന ഈ ഗ്രൂപ്പിൽ നിന്ന് എട്ടുപേർ പേരു കൊടുത്തു. രണ്ടു കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിൽ ചെറിയ വിഷമം ഉണ്ടെങ്കിൽ കൂടി അന്നുമുതൽ പുട്ടപ്പർത്തി യാത്ര ഞങ്ങൾ സ്വപ്നം കണ്ടു തുടങ്ങി.

തുടക്കത്തിൽ മെയ് മാസത്തിൽ, അവധിക്കാലം ആയതുകൊണ്ടാകാം പ്രാക്ടീസിന് വരാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. പിന്നീട് അവധി ദിവസങ്ങൾ എല്ലാം തന്നെ പ്രാക്ടീസ് ഉണ്ടെന്നറിഞ്ഞപ്പോൾ, പ്രയാസം തോന്നിയിരുന്നു എന്നത് സത്യം തന്നെയാണ്. പോയിക്കൊണ്ടിരുന്ന ഡാൻസ് ക്ലാസ് നിർത്തേണ്ടി വന്നതും,പല പ്രോഗ്രാമുകളും ഒഴിവാക്കേണ്ടി വന്നതും, വീട്ടിൽ നിന്ന് സമിതിയിലേക്ക് ഒരു മണിക്കൂർ യാത്ര,യാത്ര ചെലവ് അങ്ങനെ ഓരോന്നോരോന്നായി ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നത് വാസ്തവം തന്നെയാണ്. ആരും മുടങ്ങാതെ പ്രാക്ടീസിന് വരണമെന്ന് തൊഴുകയോടുള്ള ബീന ചേച്ചിയുടെ അപേക്ഷയും ചേച്ചിയുടെ കണ്ണുനിറഞ്ഞ മുഖവും കണ്ടപ്പോൾ, ഇത് ചെറിയ കാര്യമല്ല വലിയ കാര്യം തന്നെയാണ് എന്ന് ബോധ്യപ്പെട്ടു. എന്റെ അമ്മ പലപ്പോഴും എന്നോട് പറയാറുണ്ട് ഒരു മനുഷ്യനും പ്രത്യേകിച്ച് പ്രായപൂർത്തിയായവർ വെറുതെ ഒരാളുടെ മുന്നിലും കരഞ്ഞു കാണിക്കില്ല. ഉള്ളിൽ അത്രമാത്രം സങ്കടം തിങ്ങി നിൽക്കുമ്പോഴാണ് അത് പുറത്തേക്ക് വരിക.ബീന ചേച്ചിയുടെ കണ്ണുനീർ എന്നെ വല്ലാതെ അലട്ടിയിരുന്നു. പനി വന്ന് തീരെ സുഖമില്ലാതെ രണ്ടു ദിവസം മുടങ്ങിയത് ഒഴിച്ച് ബാക്കി എല്ലാ ദിവസവും എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും പ്രാക്ടീസിന് ഞാൻ തന്നെ മോളെ എത്തിച്ചിരുന്നു. പ്രാക്ടീസ് കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കുകയും ചെയ്തു. പിന്നെപ്പിന്നെ ഓരോ ഞായറാഴ്ചയും പ്രാക്ടീസിന് വരുന്നത് ഹരമായി, ആവേശമായി. അവസാന നാളുകൾ അജിത്ത് രാജ മാഷിന്റെ വീട്ടിലെ പ്രാക്ടീസും നല്ല ഓർമ്മകൾ മാത്രമാണ് സമ്മാനിച്ചത്.

സായി എജുക്കേഷൻ ഓൺലൈൻ ക്ലാസുകൾ കേൾക്കാറുണ്ട്,മകൾ ബാലവികാസ് പഠിക്കുന്നുണ്ട്, എങ്കിലും ഭഗവാനുമായി കൂടുതൽ അടുക്കാൻ ഇടയായത് പിഎസ്‌സി ഓഫ് ലൈൻ ക്ലാസ് ആണ്. ഏതോ ഒരു നിമിത്തം പോലെ എല്ലാ ശനിയാഴ്ചകളിലും ഉണ്ടായിരുന്ന പി എസ് സി ഓഫ് ലൈൻ ക്ലാസ് തുടങ്ങുന്നതിനു മുൻപ് സമിതി തുറന്ന് ഭഗവാന്റെ സന്നിധിയിൽ വിളക്ക് കൊളുത്താനും, ലക്ചർ സ്റ്റാൻഡും ബോർഡും ഒക്കെ വെച്ച് ചെയറുകൾ എല്ലാം നിരത്തി, ക്ലാസ്സ് സജ്ജീകരിക്കുന്ന ഉത്തരവാദിത്വം എന്നിൽ വന്നുചേർന്നു.അതുകൊണ്ടുതന്നെ ക്ലാസിന് മുൻപ് അരമണിക്കൂറെങ്കിലും നേരത്തെ എത്തുകയും എല്ലാം സജ്ജീകരിച്ചു കഴിഞ്ഞതിനു ശേഷം പിന്നെയും സമയം ബാക്കി ആവാറുണ്ട്. ആ സമയങ്ങളിൽ എല്ലാം, പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടി പുണ്യാളനുമായി സംസാരിക്കുന്നതുപോലെ, ഞാനും ഭഗവാനും മാത്രമായി കുറച്ചു സമയം ആശയവിനിമയം നടത്താറുണ്ട്. അങ്ങനെയാണ് സ്വാമിയുമായി ഞാൻ കൂടുതൽ അടുക്കുന്നത്.

പുട്ടപർത്തി യാത്ര

2024 സെപ്റ്റംബർ പതിമൂന്നാം തീയതി വൈകിട്ട് 7 മണിക്കുള്ള ട്രെയിൻ നമ്പർ 165 25 എന്ന ട്രെയിനിൽ പുറപ്പെടാനായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഞങ്ങളെ യാത്രയാക്കാൻ ആയി ശിവപ്രയുടെ അച്ഛനും എന്റെ അനിയനും ഭാര്യയും എത്തിച്ചേർന്നിരുന്നു. ഓരോ യാത്ര പോകുമ്പോഴും യാത്രയയക്കാനും തിരികെ കൊണ്ടുവരാനും ആളുകൾ എത്തുന്നത്, നാം ജീവിതത്തിൽ ഒറ്റയ്ക്കല്ല എന്ന തോന്നൽ ഊട്ടിയുറപ്പിക്കാൻ ആണ്. കുറച്ചു വൈകിയാണെങ്കിലും ട്രെയിൻ വന്നു ഞങ്ങളെല്ലാവരും അത്യധികം ഉത്സാഹത്തോടെ ട്രെയിനിൽ കയറിയിരുന്നു. ഞങ്ങളെല്ലാവരും അവരവരുടെ സീറ്റ് കണ്ടെത്തി അവരവരുടെ കയ്യിലുള്ള ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. നന്നായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചുനേരം ഉറങ്ങി പോയപ്പോൾ, ആ സമയം ഞങ്ങളുടെ ഗ്രൂപ്പിലുള്ള ഗൗതം കൃഷ്ണ ഉറക്കത്തിനിടയിൽ ബെ ർത്തിൽ നിന്ന് താഴേക്ക് വീഴുന്നു. അവന്റെ അമ്മ ഒഴികെ അവനടക്കം എല്ലാവർക്കും ചിരിയാണ് ആദ്യം വന്നത്. ഒന്നും സംഭവിക്കാതെ കാത്തതിന് ഭഗവാനോട് നന്ദി പറഞ്ഞു 🙏🏼.

രാവിലെ ബാംഗ്ലൂരിൽ എത്തി ഇഡ്ഡലിയും ചായയും കഴിച്ചു. ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിലെ ചിത്രങ്ങൾ എല്ലാം തന്നെ അതിമനോഹരം ആയിരുന്നു. വര്‍ളി പെയിന്റിങ്ങിന്റെ ഭംഗി സൂക്ഷ്മമായി ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അശ്വതി വന്നു രണ്ടു ഗ്രൂപ്പ് ആക്കിയതും,മൂന്നു ബസ്സുകളിലായി യാത്ര തുടരാൻ നിർദ്ദേശിച്ചതും. അങ്ങനെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്ന് പുട്ടപർത്തിയിലേക്ക് യാത്ര തിരിച്ചു. ഓരോ നിമിഷവും വളരെ വിലപ്പെട്ടതും തിരക്കുള്ളതുമായ ബാംഗ്ലൂർ നഗരത്തിന്റെ മായക്കാഴ്ചകൾ കണ്ടു മതിയായില്ല എന്ന് വേണം പറയാൻ. പിന്നീട് വിശാലമായ കൃഷിത്തോട്ടങ്ങൾ, കുറെ ഉരുളൻ കല്ലുകളും പുൽച്ചെടികളും നിറഞ്ഞ കുന്നിൻ പ്രദേശങ്ങൾ. നമ്മൾ ക്രിസ്മസിന് കൂട് ഒരുക്കാൻ വേണ്ടി മനോഹരമായ പശ്ചാത്തലം ഒരുക്കുന്നത് പോലെയാണ്, സർവ്വേശ്വരന്റെ ആ സൃഷ്ടികൾ എന്നു തോന്നി. എന്തു ഭംഗിയാണ് തീരെ പൊക്കമില്ലാത്ത പുൽച്ചെടികളിൽ,എണ്ണിയാൽ തീരാത്ത ഉരുളൻ കരിങ്കല്ലുകൾ കൊണ്ട് കുറെ പ്രദേശം അലങ്കരിച്ചത് പോലെ തോന്നി. അതിനിടയിൽ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനും ചായ കുടിക്കാനും വേണ്ടി വണ്ടി നിർത്തി. വളരെ കരുതലുള്ള അച്ഛനെപ്പോലെ,അല്ല ജ്യേഷ്ഠനെ പോലെ വേണു മാഷും, ദാസൻ ചേട്ടനും ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞതും ചായ വാങ്ങി തന്നതും നല്ല ഓർമ്മകൾ.

ഉച്ചയോടെ പുട്ടപ്പറത്തിയി ലെത്തി. പ്രശാന്തി നിലയം എത്തുന്നതിന് മുൻപുള്ള വഴികളെല്ലാം ശരിയാക്കുന്നത് കൊണ്ട്, നല്ല പൊടിയും കാറ്റും ഉണ്ടായിരുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാണ് ആദ്യം കണ്ടത്. പ്രശാന്തി നിലയത്തിന്റെ ഗേറ്റ് കടന്നതും പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷത്തിൽ നമ്മൾ പെടും. യാത്രാ ക്ഷീണം അകറ്റാൻ അങ്ങിങ്ങായി വീശുന്ന ഇളം കാറ്റ് മാത്രം മതിയാവും. ആദ്യം തന്നെ ഞങ്ങളുടെ വലിയ ബാഗുകൾ എല്ലാം തന്നെ ചെക്ക് ചെയ്തു. വെള്ളവസ്ത്രം ധരിച്ച പുരുഷ പ്രജകൾ, ലാളിത്യമുള്ള വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും, ശാന്തവും മനോഹരവുമായ സ്ഥലം. ഒരു കലർപ്പും ഇല്ലാത്ത ഒരു കടലാസു കഷണം പോലും വീണു കാണാത്ത നടപ്പാതകൾ. ഞങ്ങളെ എല്ലാവരെയും ഭക്ത നിവാസിലേക്ക് ആനയിച്ച സേവാദൾ പ്രവർത്തകർ. ബാഗുകൾ എല്ലാം കട്ടിലിൻ മുകളിൽ വെച്ചു. ഞങ്ങൾക്കെല്ലാം തന്നെ ഒരു കുറവും വരരുതെന്നു ആഗ്രഹിക്കുന്ന രാജേഷ് സാറും അനുയായികളും ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്തു തരുന്നു. ആദ്യം കുട്ടികൾക്കായി ഫ്രൈഡ് റൈസ് കൊടുത്തു. പിന്നെ ഞങ്ങളും വാങ്ങി. എന്റെ അമ്മ ഉണ്ടാക്കിത്തരുന്ന വിഷുക്കട്ട എനിക്ക് വളരെ ഇഷ്ടമാണ്, അതിനെ ഓർമ്മിപ്പിക്കും വിധം നിറയെ ജീരകമുള്ള നല്ല രുചികരമായ ഫ്രൈഡ്രൈസ്. പിന്നീട് സിന്ധു ടീച്ചറും ബിന്ദു ടീച്ചറും കുട്ടികളും കൂടി ഞങ്ങൾ അവരുടെ മക്കളെ കാണാൻ പോയി. ആദ്യം ചേതനയെ കണ്ടു. ചേതനയെ അവരുടെ യൂണിഫോമിൽ കണ്ടപ്പോൾ, കന്യാസ്ത്രീ മഠത്തിൽ കന്യാസ്ത്രീ ആവാൻ പഠിക്കാൻ വന്ന ഒരു മാലാഖ കുട്ടിയെ പോലെ തോന്നി. അമ്മയെ കണ്ട സന്തോഷം, ഞങ്ങളോടൊപ്പം കുറച്ചു നിമിഷങ്ങൾ. അതുകഴിഞ്ഞ് സിന്ധു ടീച്ചറുടെ മകൾ സായിശ്രീയെ കണ്ടു. അച്ഛനും അമ്മയെയും ആദ്യം കണ്ട സായിശ്രീ സന്തോഷം കൊണ്ട് വായ തുറന്നുവെങ്കിലും, പൊടുന്നനെ അണപൊട്ടി ഒഴുകുന്നത് പോലെ കരയാൻ തുടങ്ങി. ഹോസ്റ്റൽ ജീവിതം അനുഭവിച്ചിട്ടില്ലാത്ത എനിക്ക് അതൊരു നഷ്ടം ആയിട്ടാണ് പലപ്പോഴും തോന്നാറ്.

സായിശ്രീയെ കണ്ടപ്പോൾ അതൊരു നഷ്ടമല്ല എന്ന് തോന്നി. തിരിച്ചു ഭക്ത നിവാസിൽ എത്തി കുട്ടികളെ കുളിപ്പിച്ച് പ്രാക്ടീസിന് ഒരുക്കി. ഞങ്ങൾ സായികുല്‍ വന്ത് ഹാളിലേക്ക് പോയി. അവിടെ ചെന്നതും ഒരു മായക്കാഴ്ച പോലെയാണ് തോന്നിയത്. അതൊരു ഭൂലോക വൈകുണ്ഠമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കാണുന്നത് ആദ്യമല്ലേ. നിറയെ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച സമാധിസ്ഥലം. മയിൽപ്പീലി പച്ച കളർ ആണോ എന്നറിയില്ല മനോഹരമായ, വർണ്ണാഭമായ സീലിംഗ് അതിൽ സ്വർണ നിറത്തിലുള്ള അലങ്കാര പണികൾ. എണ്ണിയാൽ ഒടുങ്ങാത്ത അലങ്കാര വിളക്കുകൾ കത്തി, ജ്വലിച്ചു നിൽക്കുന്നു. നിരന്തരമായി വേദ മന്ത്രങ്ങൾ ഉരുവിടുന്ന സ്ഥലം ആയതുകൊണ്ടാകാം, വല്ലാത്തൊരു ശാന്തി നിറഞ്ഞ അന്തരീക്ഷം. വേറെ ബന്ധങ്ങൾ ഇല്ല, ഭഗവാനും നമ്മളും മാത്രമാണെന്ന ചിന്ത മാത്രം. ഓരോരുത്തരെയും കൈക്കൂപ്പി സായിറാം പറഞ്ഞു സ്വീകരിക്കുന്ന വളണ്ടിയർമാർ. ശബരിമല സന്നിധിയിലേതു പോലെ നമ്മളിലും ഈശ്വരൻ വസിക്കുന്നുണ്ടെന്ന് തോന്നൽ ഉളവാക്കുന്ന ഒരു പ്രത്യേക സ്ഥലം. ഒട്ടുമിക്ക ആളുകളും നിലത്തു തന്നെയാണ് ഇരിക്കുന്നത്. അതൊരു കണക്കിന് നല്ലതുതന്നെയാണ്, എത്ര ഉന്നതിയിൽ ഉള്ളവനാണെങ്കിലും ഭഗവാന്റെ മുൻപിൽ എല്ലാവരും സമന്മാരാണ്.

നമ്മുടെ നാട്ടിൽ ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ കാണുന്നതുപോലെ, സ്ത്രീകളും പുരുഷന്മാരും വേറെയാണ് ഇരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുട്ടികളുടെ പ്രോഗ്രാമുകൾ കാണാനിട വന്നു. വളരെ ഭംഗിയായിട്ടുണ്ട്. അതുകഴിഞ്ഞ് ഭക്ഷണം കഴിച്ച് ഭക്ത നിവാസിലേക്ക് മടങ്ങി. ഞങ്ങളുടെ കൂട്ടത്തിൽ സ്ഥലം മുൻപരിചയം ഉള്ളത് രേണുകയ്ക്ക് മാത്രമാണ്. എന്നിട്ടും വഴിതെറ്റി പ്രശാന്തി നിലയം മുഴുവൻ ചുറ്റി കണ്ടു, അവസാനം ഭക്ത നിവാസിൽ തന്നെ എത്തി. വഴിതെറ്റാൻ ഞങ്ങളും ഒരു കാരണമായിരുന്നു😄.ഇന്നത്തെ കാലത്ത് നമ്മൾ എവിടെ പോയാലും ഫോണിൽ സംസാരിക്കുകയും നോക്കിയിരിക്കുകയും ചെയ്യുന്ന മനുഷ്യന്മാരെയാണ് കൂടുതലായി കാണാൻ കഴിയുക. മൊബൈൽ ഫോൺ മാറ്റിവെച്ച ജീവിതം അപൂർണ്ണമായി തോന്നുന്ന ഈ കാലഘട്ടത്തിൽ, അതില്ലാതെ ആളുകൾ ശാന്തമായി സഞ്ചരിക്കുന്നതും നടക്കുന്നതും കാണുമ്പോൾ ഒരു കൗതുകം തോന്നി.

പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ്, കുട്ടികളെ മേക്കപ്പിനായി പറഞ്ഞുവിട്ടു. എന്റെ അമ്മുവിന് ചെറിയ പനി തോന്നിയതുകൊണ്ട്, മരുന്നു കൊടുത്തിട്ടാണ് പറഞ്ഞയച്ചത്. ഞങ്ങളും കുളിച്ചൊരുങ്ങി മലയാളി മങ്കമാരായി,കുലുവന്തു ഹാളിലേക്ക് പോയി. പ്രഭാതത്തിൽ പൂത്തുനിൽക്കുന്ന ചുവന്ന ചെമ്പകപ്പൂക്കളെപ്പോലെ തോന്നിപ്പിക്കുന്ന മനോഹരമായ ഇളം പച്ചയും ഓറഞ്ചും നിറത്തിലുള്ള സാരികൾ ധരിച്ച ബാലവികാ സ് ഗുരുക്കന്മാർ, അതി സുന്ദരികളായി.കുൽവന്ത് ഹാളിന്റെ ഓരോ മുക്കിലും പൂക്കളങ്ങളും തൃക്കാക്കരയപ്പനെയും കണ്ടപ്പോൾ കേരളത്തെ ഇങ്ങോട്ട് പറിച്ചു നട്ടതാണോ എന്ന് തോന്നി.എനിക്ക് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. എന്റെ മോൾ പനിപിടിച്ച് നന്നായി കളിക്കുമോ ആവോ എന്നൊക്കെയാണ് എന്റെ ചിന്ത. ഭഗവാന്റെ അനുഗ്രഹം എന്നു പറയാം, എന്റെ മകൾ മാത്രമല്ല എല്ലാ കുട്ടികളും വളരെ ഭംഗിയായി അവതരിപ്പിച്ചു. വിശാലിന്റെ നിർമ്മലമായ ചിരി പോലെ, ആ പയ്യൻ തന്നെ എഴുതി തയ്യാറാക്കിയ അതിഗംഭീരമായ “മായാ നാടകസൂത്രധാരി” എന്ന മനോഹരമായ നൃത്തനാടകം അവിടെ കുട്ടികൾ അവതരിപ്പിച്ചു. പണ്ട് നാടക രചന ക്യാമ്പിൽ കേട്ട ഒരു വാചകം ഞാൻ ഇപ്പോൾ ഓർക്കുന്നു. ഒരു ഡയലോഗും ഒരു ചേഷ്ടയും അനാവശ്യമായി നാടകത്തിൽ ഉണ്ടാവരുത്. എങ്കിലേ അതിന് പൂർണ്ണത കൈവരൂ. അതുപോലെതന്നെയായിരുന്നു ഈ നൃത്തനാടകവും. പ്രോഗ്രാം കഴിഞ്ഞു, ഞാനെന്റെ മോളുടെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ, തൊട്ടു നോക്കിയപ്പോൾ നല്ല പനിയുണ്ടായിരുന്നു. നല്ല ഉറക്കക്ഷീണവും. എങ്ങനെയൊക്കെയോ കുറച്ചു ഭക്ഷണം കൊടുത്തു, ബിന്ദു ടീച്ചർ തന്ന പാരസെറ്റമോൾ കൊടുത്ത്, ഭക്ത നിവാസിൽ എത്തി, ഉറക്കി. ഞാനും മോളും, പനി പിടിച്ച സിന്ധു ടീച്ചറും, ടീച്ചറുടെ കുട്ടികളും ഒഴികെ ബാക്കിയെല്ലാവരും തന്നെ ഓരോരോ സ്ഥലങ്ങൾ കാണാനായി പോയി. ഏകദേശം നാലു മണിക്കൂറോളം ഉറങ്ങിക്കഴിഞ്ഞ്, മോളെ ഉണർത്തി ചായ വാങ്ങിക്കൊടുത്തു. വൈകിട്ട് മസാല ദോശ കഴിച്ചു ഉറങ്ങാൻ കിടന്നു.

വർണ്ണമനോഹരമായ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് പോലെ എനിക്ക് തോന്നി. എങ്ങനെയും വീട്ടിലേക്ക് എത്തണം എന്നായി, പിന്നത്തെ ചിന്ത. എങ്കിലും രേവതി മുഖാന്തരം വിക്രമൻ സാറിനെയും ഷാജി സാറിനെയും സബിത ടീച്ചറെയും കണ്ട് സംസാരിക്കാൻ കഴിഞ്ഞത് , ഒരു ഭാഗ്യമായി തോന്നിയെങ്കിലും, കുട്ടിക്ക് വയ്യാത്തതുകൊണ്ട് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. ദൈവാനുഗ്രഹം എന്നു പറയാം പിറ്റേ ദിവസം രാവിലെ, ശിവപ്രിയ കുറച്ചു ഉഷാറായി. വീട്ടിൽ ആണെങ്കിൽ പനി പിടിച്ചാൽ അത് മാറുന്നതുവരെ കിടന്ന കിടപ്പാണ്. ഞങ്ങളെല്ലാവരും വേഗം കുളിച്ച് കുൽവന്ത് ഹാളിൽ പോയി, വേദവും ഭജനയും കേട്ട്, ദർശനം വാങ്ങി മടങ്ങി.ഭക്ഷണം കഴിച്ച് ഞങ്ങളുടെ ബാഗുകൾ എല്ലാം തയ്യാറാക്കി, മടക്കയാത്രയ്ക്കായി ഞങ്ങൾ ഒരുങ്ങി. ഒരു ചെറിയ വാനിന്റെ രൂപത്തിലുള്ള വാഹനത്തിൽ കയറി, പുട്ട പർത്തി റെയിൽവേ സ്റ്റേഷനിലേക്ക് പോയി.

വഴിനീളെ ഇരുവശങ്ങളിലും സ്വാമിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. പറയാൻ അറിയാത്ത ആ കൊച്ചു വാഹന യാത്രയ്ക്കിടയിൽ,ഇഡ്ഡലിയുടെയും ഉപ്പുമാവിന്റെയും മുൻപിൽ ഭക്ഷണത്തെ നോക്കി ചിരിച്ചുകൊണ്ട് വിശപ്പു മാറ്റിയ ഞങ്ങളുടെ കുട്ടികൾ, ഇനിയും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് ഞങ്ങളുടെ കൂടെയുള്ളവർ ബോധ്യപ്പെടുത്തി തന്നു. പുട്ടപ്പറത്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു.

സാധാരണ ഒരു യാത്ര കഴിയുമ്പോൾ കയ്യിൽ കരുതിയ പൈസയും ചിലവായ പൈസയും തമ്മിൽ ഒത്തു നോക്കാൻ കുറച്ചു പണിപ്പെടാറുണ്ട്. എനിക്ക് ആകെ രണ്ട് ചായയും രണ്ടു കുപ്പി വെള്ളത്തിനും കൂടി 50 രൂപ മാത്രമാണ് യാത്രയ്ക്കിടയിൽ ചെലവായത്.പൂർത്തിയാവാത്ത ഒരു ചിത്രം പോലെയാണ് എനിക്ക് യാത്ര അനുഭവപ്പെട്ടത്. കാണാൻ ബാക്കിവെച്ച സ്ഥലങ്ങൾ, സുപ്രഭാതം നഗരസങ്കീർത്തനം എന്നിവയിൽ പങ്കെടുക്കാൻ കഴിയാതെ പോയത് ,ഒക്കെ അപൂർണ്ണമായി തോന്നുന്നു.

എത്രയും വേഗം ഒരിക്കൽക്കൂടി പോകണമെന്ന ആഗ്രഹത്തോടെ, ഈ യാത്രയും അവസാനിച്ചു. ഇത്തരത്തിലൊരു പരിപാടിയിൽ പങ്കെടുക്കാൻ എന്റെ മകൾക്ക് കഴിഞ്ഞതിലും, കൂടെ പോകാൻ എനിക്ക് സാധിച്ചതിലും, ഭഗവാനോടും ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവരോടും നന്ദി മാത്രം🙏🏼🙏🏼🙏🏼🙏🏼.

സരിത രതീഷ് കുമാർ, 
നന്തിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments