Sunday, January 5, 2025
Homeകഥ/കവിതതീരം തേടുന്നവർ (കഥ) ✍രത്ന രാജു

തീരം തേടുന്നവർ (കഥ) ✍രത്ന രാജു

രത്ന രാജു

“മോളെ അമ്മാമൻ വന്നേക്ക്ണ്… രാവിലെ തന്നെ കുന്നംകുളത്തേക്ക് പൂവാത്രേ
അവരോട് എന്താ പറയ്യ… ഉവ്വെന്ന് പറയട്ടോ,,
അമ്മയുടെ ശബ്ദം കേട്ടവൾ ഉറക്കച്ചടവോടെ കിടക്കയിൽ എണീറ്റിരുന്നു…
താൻ ശരിക്കൊന്നുറങ്ങിയിട്ടിപ്പോൾ ദിവസങ്ങൾ എത്രയായി…?
അസ്വസ്ഥമായ മനസ്സാലെ തിരിഞ്ഞും മറഞ്ഞു കിടക്കുകയായിരുന്നല്ലോ,
ഒരു ഉറച്ച തീരുമാനത്തിലെത്താൻ…!! രാത്രിയുടെ ഓരോ യാമങ്ങളും കഴിഞ്ഞുപോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…
അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടി, അലസമായ നയനങ്ങളോടെ അവൾ അമ്മയെ നോക്കി…
നിസ്സഹായതയുടെ നിഴലാട്ടവുമായി തന്റെ അമ്മ.. പാവം എന്ത് ചെയ്യും??

” വേണ്ടെമ്മേ ഇനി ആരുടെയും കൂടെ എന്റെ ജീവിതം പങ്കുവെക്കാൻ ഞാൻ ഒരുക്കമല്ല…,
…ന്റെ മോനെ ഞാനെന്തെങ്കിലും പണിയെടുത്ത് പോറ്റിക്കൊള്ളാം…,അല്ലാച്ചാ ഒന്നിച്ചു മരിച്ചോളാം…എന്നാലും
ഇനിയൊരുത്തനും പന്താടാൻ..,
ഞാനെന്റെ ജീവിതംകൊടുക്കില്ല…,,
ഭ്രാന്തമായ ആവേശത്തോടെ അവളുറക്കെ പറഞ്ഞു…
മച്ചിലും കൽച്ചുവരുകളിലും മാറിമാറി പ്രതി ധ്വനിച്ച ആ ശബ്ദം കേട്ടുണർന്ന തന്റെ പൊന്നുമകനെ ആവേശത്തോടെ അവൾ വാരിപ്പുണർന്നു……
“ന്റെ മോനെ.., തള്ളയുടെ ചിറകിൻ കീഴിലൊ ളിച്ച കോഴികുഞ്ഞിനെപ്പോലെ മനുക്കുട്ടൻ പകച്ചു നോക്കുമ്പോൾ ദേവിക വിങ്ങി കരയുകയായിരുന്നു……
……… തന്റെ ജീവിതത്തിന്റെ താളം എവിടെയാണ് തെറ്റിയത്..? തന്റെ ചുവടു പിഴച്ചത് എപ്പോഴാണ്…?
മസ്തിഷ്കത്തിൽ കുന്നുകൂടിയ വിറങ്ങിച്ച ഓർമ്മകളെ അവൾ ചികഞ്ഞുനോക്കി…!

………അതെ അവിടെ തുടങ്ങി…!
തന്റെ കലാലയ ജീവിതത്തിൽ.!
ഒന്നാം ഘട്ടം അവിടെയാണ് ആരംഭിച്ചത്….!!
വിശ്വാസവും സ്നേഹവും പരസ്പരം പങ്കുവെച്ച് തന്റെ ഒപ്പം സല്ലപിച്ചു നടന്ന, തന്റേത് മാത്രമായി താൻ ആരാധിച്ചിരുന്ന തന്റെ പ്രിയപ്പെട്ടവൻ
മോഹനവർമ്മ.! സുമുഖൻ സുന്ദരൻ സൽസ്വഭാവി..!
അച്ഛനും അമ്മയ്ക്കും ഒരേയൊരു മകൻ. അവൻ എത്ര നല്ലവനായാലും രാജകുടുംബത്തിന്റെ മഹിമ വലിച്ചെറിഞ്ഞ്, ഘനപ്പെട്ട സമ്പത്തും ഉപേക്ഷിച്ച് പാവം ഒരു റിട്ടയേർഡ് സ്കൂൾ മാഷിന്റെ മകളെ വിവാഹം കഴിക്കാൻ ഒരുമ്പെടുമോ…..?
അങ്ങനെയൊരു സത്കർമ്മം അയാൾ ചെയ്യുമോ..?
അച്ഛനമ്മമാരുടെ സ്നേഹത്തെ മറികടക്കാൻ മാത്രം വളർന്നിട്ടില്ലായിരുന്നു അപ്പോൾ മോഹനവർമ്മ.
” സ്നേഹിച്ച പെണ്ണിന്റെ കൈപിടിച്ച് ഇവൾ എന്റെ ഭാര്യയാണെന്ന് ഉറക്കെ പറയാൻ അറിയില്ലായിരുന്നു… പാവം…! സ്ത്രീധനത്തിനെതിരെ തൊണ്ട പൊട്ടുമാറുച്ച ത്തിൽ മുദ്രാവാക്യം വിളിക്കുകയും; പ്രസംഗിക്കുകയും ചെയ്ത സാമൂഹ്യപ്രവർത്തകൻ..!
വേണ്ട. പ്രേമത്തെക്കാൾ എത്രയോ വലുതാണ് ജന്മം കൊടുത്ത മാതാപിതാക്കളോടുള്ള കടപ്പാട്..?? മോഹനവർമ്മ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല. വിരൽത്തുമ്പിൽ പോലും ഒരു സ്പർശനം ഏൽപ്പിച്ച് തന്നെ കളങ്കപ്പെടുത്തിയിരുന്നില്ല ആ മനുഷ്യൻ.

പിന്നെ വിവാഹ കമ്പോളമല്ലേ ഏതെ ടുത്താലും 5 രൂപ 10 രൂപ മുതൽ 5 ലക്ഷമോ 10 ലക്ഷമോ വരെ….വിലപേശൽ ഒത്താൽ കച്ചവടം ഉറപ്പിക്കാം. അങ്ങനെ ഉറച്ചു തനിക്കും ഒരു വിവാഹം.
തന്റെ കുടുംബസ്ഥിതിക്കും സമ്പത്തിനും ഒത്തുവന്ന ഒരു ബന്ധം. നാട്ടുകാരൊക്കെ പറഞ്ഞു നല്ല ബന്ധം.. നല്ല ചെറുക്കൻ ബോംബെയിൽ ജോലി പ്രീഡിഗ്രി പാസ്സായി നിൽക്കുന്ന അനുജനും വേണമെങ്കിൽ ബോംബെയിൽ ഒരു ജോലി തരപ്പെടുത്തുമത്രെ…. പിന്നെന്തുവേണം..?
വീടും പുരയിടവും,തൊഴുത്തു നിറയെ തടിച്ചു കൊഴുത്തു നിൽക്കുന്ന പശുക്കളും മറ്റും മറ്റും തന്റെ മിന്നിനുള്ള അച്ചാരമായി പരിണമിച്ചു.

“ഏതുമാകട്ടെ ഒരു പെണ്ണല്ലേ, പത്തും പലതും ഇല്ലല്ലോ…പിന്നെ ഒരു ചെക്കൻ..!അവന് ഒരു പണിയായാൽ ഒക്കെ ശരിയാവും..വിതുമ്പി പൊട്ടി നിന്ന അച്ഛനെ…, വടക്കേലെ ശ്രീധരമേനോൻ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
വേഷ്ടിയുടെ കോന്തല കൊണ്ട് കണ്ണുതുടയ്ക്കുന്ന അമ്മയെയും,ദുഃഖം
ഘനീഭവിച്ച കണ്ണുകളുമായി തന്നെ അനുഗ്രഹിച്ച അച്ഛനെയും.. കണ്ണീർ തുടയ്ക്കുന്ന അനുജനേയും ദൂരെ എത്തുന്നതുവരെ അവൾ നോക്കിയിരുന്നു… അവസാനം ഒരു ബിന്ദുവായി മാറും വരെ.!

തന്റെ ഭർത്താവിന്റെ കൈ തോളിൽ തട്ടിയപ്പോഴാണ് ബോധവതിയായത്.
താൻ ഭർതൃഗൃഹത്തിലേക്ക്….
യാത്രയാവുകയാണ്. എന്തോ ഒരു ശൂന്യതാബോധം ഹൃദയത്തിൽ വിറങ്ങലിച്ചു
നിന്നു. സ്വന്തം മാതാപിതാക്കളെയും ജനിച്ചുവളർന്ന നാടും വീടും വിട്ടുള്ള ആദ്യ യാത്ര. ഇന്നലെ വരെ അജ്ഞാതനായ ഒരു വ്യക്തിയുടെ പൂർണ്ണ സംരക്ഷണയിൽ..!
തന്റെ ഭർത്താവ്… ബന്ധുക്കൾ…..!
അവൾ ഒരു നിമിഷം കണ്ണടച്ചു. ഒരു ചെടിയേ മറ്റൊരു തൊടിയിലേക്ക് പറിച്ചു നടുന്നതു പോലെ.

പുതിയസ്ഥലം…. പുതിയ അന്തരീക്ഷം…. പതിവു ചടങ്ങുകൾ..!
പുതിയ പെണ്ണിനെ കാണാനെത്തിയ ഗ്രാമീണർ… ചെറുപ്പക്കാരികൾ തമ്മിൽ കുസൃതി പറഞ്ഞ് അടക്കിച്ചിരിക്കുന്നു..! മധ്യവയസ്കകൾ തന്റെ പണ്ടങ്ങളുടെ കണക്കെടുക്കുന്നു…ചിലർ സൗന്ദര്യത്തെയും; മുടിയുടെ മേന്മയേയും വാഴ്ത്തുന്നു.
ഒന്നിലും ആഴ്ന്നിറങ്ങാൻ കഴിഞ്ഞില്ല.

പഴയ ഒരു വീടാണ്. ചുറ്റും വയലും കൃഷിയിടങ്ങളും.ചതുപ്പിന്റെ മടിപ്പിക്കുന്ന ഗന്ധം മുറിയിലും തങ്ങിനിൽക്കുന്നുണ്ടെന്ന് തോന്നി.ഒറ്റക്കിരിക്കാൻ ഒന്ന് നേരെ ശ്വാസം വിടാൻ കൊതി തോന്നി. അദ്ദേഹം കൂട്ടുകാരുടെ വലയിൽ പെട്ടിരിക്കുകയാണ്.
ഉമ്മറത്ത് വർത്തമാനം പൊട്ടിച്ചിരി… ഒക്കെ കേൾക്കാം. സന്ധ്യയായിട്ടും ആളുകൾ അവിടവിടെ ചുറ്റിപ്പറ്റി നിന്നു.
എത്രനേരം ആ കട്ടിലിന്റെ ഓരത്തിരുന്നു ആവോ…? ഊണുകഴിക്കാൻ വിളിച്ചപ്പോഴാണ് മയങ്ങുകയായിരുന്നുവെന്ന് മനസ്സിലായത്.
തന്റെ നാടും വീടും കോളേജ് ജീവിതവുമൊക്കെ ഒരുനിമിഷം ഓർത്തുപോയി. രണ്ടുമൂന്നു മണിക്കൂർ കൊണ്ട് ബോറടിച്ചു തുടങ്ങി.

സഹോദരിവന്ന് സാരി മാറാൻ കൂട്ടിക്കൊണ്ടുപോയി. മന്ത്രകോടി അവർ തന്നെ മടക്കി ഹാങ്ങറിലിട്ടു. മുടി അഴിച്ചു കുടഞ്ഞു വീണ്ടും പിന്നി,വാടിയ പൂക്കൾ മാറ്റി പുതിയ പൂക്കൾ ചൂടിച്ചു. അപ്പോൾ മാത്രം വിരിഞ്ഞു തുടങ്ങിയ മുല്ലപ്പൂക്കളുടെ മാദക ഗന്ധം അവളെ ഉന്മേഷവതിയാക്കി.
തന്റെ വീട്ടിലെ കിണറ്റിൻകരയിലുള്ള പ്രിയപ്പെട്ട കുറുമൊഴി മുല്ലയെ
അപ്പോൾ അവളോർത്തു..!
എത്രതരം ചെടികളാണ് തന്റെ വീട്ടിലുള്ളത്…. രാജമല്ലി, ചെത്തി ചെമ്പരത്തി.. തുടങ്ങി കണ്ണിനിമ്പമേറിയ പൂക്കൾ കൂടാതെ, ഗന്ധരാജൻ, മുല്ല,പിച്ചി തുടങ്ങിയ നറുമണമെഴുന്ന പൂക്കളും…,,

” വരൂ ഊണ് കഴിക്കാം… സഹോദരി മുൻപേ നടന്നു.. നവവധുവിന്റെ നാണത്തോടെ താൻ അവരെ അനുഗമിച്ചു. തീൻമേശയുടെ ചുറ്റും അപരിതമായ മുഖങ്ങൾ….ഒരാളെ മാത്രം ഒട്ടുനേരത്തെ പരിചയം!
സങ്കോചത്തോടെ ഇരുന്നു…. രസം പറച്ചിലിലൂടെ ഊണ് ആരംഭിച്ചു.
അമ്മയുടെ കൂടെ അവസാനം അത്താഴം കഴിച്ച് അൽപ്പം എന്തെങ്കിലും വായിച്ചു മാത്രം കിടന്നുറങ്ങാനുള്ള തന്റെ ചിട്ടകളൊക്കെ ഇനി ഇല്ലാതാവും.അച്ഛന്റെ രാമായണ വായനയും,അനുജന്റെ കുസൃതിത്തരങ്ങളും ഒക്കെ തനിക്കിന്നന്യമാവുകയാണ്…..
അവളുടെ ഉള്ളിൽ ഒരു മഴക്കാറ് ഉരുണ്ടു കൂടുന്നത് അവളറിഞ്ഞു.

“ഊണു കഴിച്ചോളൂ….,അദ്ദേഹമാണ്.
മൂകയായി ഇരിക്കുന്ന തന്നെ നോക്കി പറഞ്ഞപ്പോൾ മടിച്ചു മടിച്ച് അല്പം വാരി
വിഴുങ്ങി… നെഞ്ചിൽ കെട്ടുന്നതുപോലെ…
“വേണ്ട വിശപ്പ് തീരെയില്ല….,,
“കഴിഞ്ഞെങ്കിൽ എണീറ്റോളൂ… മോളെ , പ്രായമായ ഒരു സ്ത്രീ പറഞ്ഞപ്പോൾ പെട്ടെന്നെണീറ്റു… ഒരു രക്ഷപ്പെടൽ പോലെ.
വീണ്ടും പഴയ സ്ഥാനത്ത് തന്നെ സ്ഥലം പിടിച്ചു… കട്ടിലിന്റെ ഒരത്ത്.
അവളുടെ ദൃഷ്ടികൾ അവിടമാകെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.. ഉടനെ ജോലിസ്ഥലത്തേക്ക് പോകേണ്ടതുകൊണ്ടായിരിക്കാം മുറിയിൽ അധികമൊന്നും സാധനങ്ങൾ നിരത്തിയിരുന്നില്ല.രണ്ടു സ്യൂട്കേസുകൾ ഒരു ഭാഗത്ത് അടുക്കി വെച്ചിരുന്നു. പിന്നെ ഒരു മേശ. ഹാങ്ങറിൽ ഒന്ന് രണ്ട് ഷർട്ടുകൾ..
കിടക്ക നന്നായി വിരിച്ചിരിക്കുന്നു…..!

ജനാലയിലൂടെ തെളിഞ്ഞ ആകാശം കാണാം.പൂർണ്ണചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നു..നോക്കെത്താദൂരം വയലുകളാണ്…..നിലാവിന്റെ വെളിച്ചം വയലാകെ പരന്നൊഴുകുന്നു…നേരിയ കുളിർകാറ്റ് അവളെ തഴുകി കടന്നുപോയി….
ഉമ്മറത്തെ സൽക്കാരം നിലച്ച മട്ടായി. പെട്ടെന്ന് വാതിൽക്കൽ കാല്പെരുമാറ്റം.
മുറിയിലേക്ക് മദ്യത്തിന്റെഗന്ധമാണ് ആദ്യം എത്തിയത്, പിന്നാലെ അയാളും.!

മുല്ലമലരുകളുടെയും, ചന്ദനത്തിരിയുടെയും സമ്മിശ്രഗന്ധത്തിൽ…നിറഞ്ഞ പാൽപ്പാത്രവുമായി ഭർത്താവിന്റെ സവിധത്തിലേക്ക് നടന്നടുക്കുന്ന നവോഡയെ സിനിമയിൽ കണ്ടിട്ടുണ്ട്. അതിപ്പോൾ തന്റെ ജീവിതത്തിലും യാഥാർത്ഥ്യമാവുകയാണ്…
പക്ഷെ.,ആരും തന്റെ കയ്യിൽ പാൽ നിറച്ചഗ്ലാസ്സ് തന്നില്ല,…
ആരും തന്നെ ഉന്തി തള്ളി വാതിൽക്കലേക്ക് അയച്ചില്ല…
എന്തുചെയ്യണമെന്നറിയാതെ പിടഞ്ഞെണീറ്റു.

“ദേവിക ഇരുന്ന് മുഷിഞ്ഞു കാണും…
പാവം നാട്ടിൻപുറത്തുകാരി കാശിതുമ്പ…,,
ആദ്യരാത്രിയിൽ പാൽ കുടിക്കണമെന്ന് നിർബന്ധമുണ്ടോ…? കവികൾ എഴുതും പോലെ..ങ്ങേ… ഹ്ഹ.. ഹ.. ഹ.. അയാൾ അട്ടഹാസംപോലെ ചിരിച്ചു..
” ഞാൻ വേറൊരു സൂത്രം തരാം “… ഡേയ് ബാബു അതിങ്ങുകൊണ്ടുവാഡേ….
വട്ടക്കണ്ണും തടിച്ചശരീരവുമുള്ള ഒരു കുള്ളൻ കുപ്പിയും ഗ്ലാസുമായി പെട്ടെന്ന് കയറിവന്നു. ഭയന്നു വിറച്ചുപോയി ഭൂമി പിളർന്ന് തനിക്ക് അഭയം തന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി…. ഈ ക്ഷണം മറ്റൊരു സീതയായെങ്കിൽ…
ഈശ്വരാ… ഇതെന്തൊരു പരീക്ഷണം….???
” ഇതാ അളിയാ പെങ്ങൾക്ക് ഒഴിച്ചുകൊട്..
കുഴഞ്ഞരീതിയിൽ പറഞ്ഞുകൊണ്ട്, ആ വൃത്തികെട്ടവൻ തന്റെ മുഖത്തും മാറത്തും ആർത്തിയോടെ നോക്കി.
ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയായി മാറിയ നിമിഷങ്ങൾ….!!
ഗ്ലാസ്സിലേക്കൊഴിച്ച മദ്യം തന്റെ ഭർത്താവ് തന്നെ തനിക്ക് നീട്ടി…. പേടിച്ചരണ്ട
മാൻപേടപോലെ നിന്ന തന്റടുത്തേക്ക് അയാൾ നടന്നടുത്തു…
” ആദ്യം ഇതിന്റെ ഗന്ധം ശ്വസിക്ക് അപ്പോൾ നിന്റെ അറപ്പും വെറുപ്പുമൊക്കെ മാറും…,,
ദയനീയമായി അദ്ദേഹത്തെ നോക്കി…
ഈശ്വരന്മാരെ വിളിച്ചു… അരുതേ എന്ന് യാചിച്ചു…
” നീ പോഡേ ബാബു… നീ കണ്ടാലിവൾക്ക് കുറച്ചിലാ…..വാക്കുകളിലെ വ്യംഗ്യത്തിന്റെ ആഴം തനിക്ക് ശരിക്കും മനസ്സിലായി…
അയാൾ ഏതായാലും പുറത്തേക്ക് പോയി.

” ഏട്ടാ എനിക്ക് പേടിയാവുന്നു… ഞാൻ അമ്മയുടെ അടുത്തേക്ക് പോകട്ടെ…
താൻ കരച്ചിലിന്റെ വക്കോളമെത്തി…
മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു…..

” അമ്മയോടൊപ്പം ഉറങ്ങാനാണോ നിന്നെ ഞാൻ കെട്ടിയത്… ഉം… ഹ് ഹ കൊള്ളാം..,,
അയാൾ കളിയാക്കി ചിരിച്ചു… സഹിക്കാൻ കഴിഞ്ഞില്ല പിന്നീടുണ്ടായ ബഹളങ്ങൾ…
കാറി തുപ്പിയിട്ടും ബലമായി തട്ടിമാറ്റിയിട്ടും ഒന്നും അയാൾ ചെവിണ്ടില്ല…തന്റെ വായിലേക്ക് അയാൾ മദ്യം ഒഴിച്ചു പിന്നെ……………. ലൈറ്റ് അണഞ്ഞപ്പോൾ ഒരു
ദുഷ്ടമൃഗത്തെപ്പോലയാൾ തന്നെ കടിച്ചു കീറിയതവളറിഞ്ഞു നിശബ്ദം കണ്ണീരൊഴുക്കാൻ അല്ലാതെ ഒന്നിനും അവൾക്കായില്ല…..
ഒരുപോള കണ്ണടയ്ക്കാതെ നേരം വെളുപ്പിച്ചു. കരഞ്ഞുതീർത്ത കൺപോളയുമായി അവൾ അദ്ദേഹത്തെനോക്കി…. വശം ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ ഭർത്താവ്…!
എണീക്കാൻ നന്നെ പാടുപെട്ടു… ദേഹമാകെ പുകയുന്നു..ഉള്ളിൽനിന്നുയർന്ന തേങ്ങൽ തൊണ്ടയിൽ കുടുങ്ങി…വിങ്ങിപ്പൊട്ടി കരഞ്ഞു… ഇതിനൊക്കെ താൻ എന്ത് തെറ്റാണ് ചെയ്തത്..? ഈശ്വരാ നല്ലൊരു ജീവിതം സ്വപ്നം കണ്ട മനസ്സിന് ഇതൊന്നും താങ്ങാൻ ആവുന്നില്ലല്ലോ….
സ്നേഹസമ്പന്നരായ മാതാപിതാക്കളെയും,
ഏക സഹോദരനെയും അവൾ അത്തരുണത്തിൽ ഓർത്തുപോയി.
ആഴമുള്ള ചെളിക്കുണ്ടിൽ അകപ്പെട്ട പ്രതീതിയാണ് അവൾക്കനുഭവപ്പെട്ടത്. രക്ഷപ്പെടുത്താൻ ആരുമില്ലല്ലോ… തേങ്ങലുകൾ ഉച്ചത്തിലായപ്പോൾ അയാൾ ഉണർന്നു……
ആ കൈകൾ തന്നെ വലയം ചെയ്തു..
” എന്താ മോളെ ഇത്.. ഇന്നലെ ഇത്തിരി കൂടിപ്പോയി,കൂട്ടുകാർ പറ്റിച്ച പണിയാണ്.. ക്ഷമിക്കു…ഇനി ഇത് ഉണ്ടാവില്ല വിരലുകൾ തിരികി മുടിയിഴകൾ ചിക്കി മാറിൽചേർത്തു പറഞ്ഞവാക്കുകൾ വിശ്വസിക്കാനായില്ല. ‘സത്യമൊ, അതോമിഥ്യയോ…?
ഈശ്വരാ നീ എന്റെ രോദനം കേട്ടുവല്ലോ അതുമതി..!
എല്ലാവരിൽ നിന്നും മുഖം ഒളിപ്പിക്കാൻ നന്നേ പണിപ്പെട്ടു വേഗം കുളിച്ചു…
ഒരുങ്ങി…. അടുക്കളയിൽ എത്തിയപ്പോൾ അമ്മ ചായക്കപ്പ് നീട്ടി
“മോളെ ഇന്നാ അവന് ചായ കൊണ്ട് കൊടുക്ക്….,,ആദ്യമായി തനിക്കു കിട്ടിയ അംഗീകാരം..!
സന്തോഷത്തോടെ ചായയുമായി മുറിയിലേക്ക് നടന്നു….
അദ്ദേഹത്തിന്റെ ഇങ്ഗിതമനുസരിച്ച് രാവിലെ ക്ഷേത്രത്തിലും, ഉച്ചയ്ക്ക് ഒരു ബന്ധുവീട്ടിലും പോയി തിരിച്ചെത്തിയപ്പോൾ….സന്തോഷം തോന്നി. താൻ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു പോയല്ലോ എന്ന കുറ്റബോധം ഉണ്ടായി. ……… എന്നാൽ അന്നും ഇരുട്ടി വെളുത്തു.
രാവിലെ നോക്കിയപ്പോൾ തന്റെ കൂടെ കിടക്ക പങ്കിട്ടത് വേറെ ഒരാളാണെന്ന് മനസ്സിലായപ്പോൾ ഉള്ളിൽ ഒരു അഗ്നിപർവ്വതം പൊട്ടിയതവൾ അറിഞ്ഞു.
അന്ന് ഉച്ചക്ക് ആ വീട്ടിൽ നിന്നും ആരും കാണാതെ ഇറങ്ങിയതു മാത്രമേ ഓർമ്മയുള്ളൂ… ബസ്സിൽ കയറിയ തന്നേ തിരിച്ചറിഞ്ഞ ഏതാനും ആൾക്കാർ
എങ്ങനെയൊക്കെയോ തന്റെ വീട്ടിൽ എത്തിച്ചു… അമ്മയുടെ മടിയിൽ തലവച്ച്
മതിവരുവോളം കരഞ്ഞു…”
കല്യാണമെന്ന പേരും പറഞ്ഞു,
അതിന്റെ മറവിൽ പെൺകുട്ടികളെ വില്പന നടത്തുന്നഒരു സങ്കേതത്തിലാണ്
താനെത്തിപ്പെട്ടതെന്ന്,അമ്മയായി അഭിനയിച്ച ആ മധ്യവയസ്ക്കയാണ്
അന്നു രാവിലെ തന്നോട് അടക്കത്തിൽ പറഞ്ഞത്…ഇതിവിടെ പതിവാണ് കുഞ്ഞു വേണമെങ്കിൽ രക്ഷപെട്ടോ എന്ന്…..,, ഹൃദയം മുറിഞ്ഞുപോയ നിമിഷങ്ങൾ…………!!
ഇനിയും തനിക്കൊരു വിവാഹജീവിതം വേണ്ടെന്ന് അന്ന് തീരുമാനിച്ചതാണ്…!!!

✍രത്ന രാജു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments