ജന്മബന്ധങ്ങളെയിണങ്ങാത്ത
ചങ്ങലക്കണ്ണികളാക്കാൻ
തുനിയും കുടിലചിത്തമേ,
നിന്നെ അറിഞ്ഞിട്ടും, ബന്ധങ്ങൾ
വിളക്കുവാനെത്തിയ വിഡ്ഢി, ഞാൻ,
നീയേകിയ
അഭിനയ ചക്രവർത്തിനി
പട്ടത്തിനർഹയായ്.
സ്വാർത്ഥചിന്ത തൻ കുടില
തന്ത്രങ്ങളിൽ
സഹോദര്യത്തിൻ മൂല്യം
മുറിഞ്ഞുപോയ്
കെട്ടിപ്പിടിക്കുവാൻ വെമ്പും കരങ്ങളെ
തട്ടിമാറ്റും അജ്ഞാനാഹങ്കാരമേ,
പടിയിറക്കട്ടെ ഞാൻ നീയേകിയ
നോവുകൾ
ഇനിവരികില്ലൊരിക്കലും നിൻ
പടിവാതിലിൻ ഞാൻ
ബന്ധങ്ങൾ മായികക്കാഴ്ച്ചകൾ,
മരീചികകൾ
എങ്കിലും കൊതിക്കുന്നു
വൃഥാ, മനം ഒരുസ്നേഹാലിംഗനം.
മതിയുരക്കുന്നു,
മതി നിൻ വ്യാമോഹം
മാരീചനാണീ മരീചികയെന്ന
സത്യമറിക നീ.
നിന്നെയറിയുവാൻ ശ്രമിക്കാത്തവർ
മുന്നിൽ
നിത്യവും കോമാളിയായി
മാറേണ്ടതില്ലിനി.