Sunday, December 8, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 12, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 12, 2024 ചൊവ്വ

🔹ഫിലഡൽഫിയയിലെ സ്ട്രോബെറി മാൻഷൻ സെക്ഷനിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. W. Lehigh Ave യിലെ 2800 ബ്ലോക്കിൽ പുലർച്ചെ മൂന്നുമണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് കനത്ത പുക ഉയർന്നു, താഴെ ഒരു ചൈനീസ് ഫുഡ് ടേക്ക്ഔട്ട് റെസ്റ്റോറൻ്റും മുകളിൽ അപ്പാർട്ടുമെൻ്റുകളും ഉണ്ട്. നിരവധി യാത്രക്കാരെ രക്ഷപ്പെടുത്താൻ ജീവനക്കാർ ഗോവണി ഉപയോഗിച്ചു. രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.

🔹വാരാന്ത്യത്തിൽ. ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന പെൻസിൽവാനിയ ലോട്ടറി ഫാസ്റ്റ് പ്ലേ ടിക്കറ്റ് ഫിലഡൽഫിയയിലെ മനയുങ്ക് ഏരിയായിൽ വിൽപ്പന നടന്നു. റിഡ്ജ് അവന്യൂവിലെ 5000 ബ്ലോക്കിലുള്ള കമ്മീഷണറി ഫുഡ് മാർക്കറ്റിൽ ശനിയാഴ്ചയാണ് ‘കാഷ് വാണ്ടഡ്’ ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി അധികൃതർ പറയുന്നു. വിൽപ്പന നടത്തിയതിന് $10,000 ബോണസായി ബിസിനസ്സിന് ലഭിക്കും.

🔹പടിഞ്ഞാറൻ ഇല്ലിനോയിസിൽ ഇന്ന് രാവിലെ സ്പ്രിംഗ്ഫീൽഡിന് പടിഞ്ഞാറ് റഷ്‌വില്ലിൽ സ്കൂൾ ബസ് സെമി ട്രക്കിൻ്റെ പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് കുട്ടികളും ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും കൊല്ലപ്പെട്ടതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറഞ്ഞു. പാർക്ക്‌വ്യൂ റോഡിൽ യുഎസ് 24-ൽ രാവിലെ 11:30-ഓടെയാണ് സംഭവം. മണൽ കയറ്റിയ ട്രക്ക് കിഴക്കോട്ട് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

🔹തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി വൈകി ബിഎംഡബ്ല്യു ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല .
ഡ്രൈവർ ഫോണ്ട്രൻ റോഡിന് സമീപം സൗത്ത് മെയിൻ സ്ട്രീറ്റിൽ 100 മൈൽ വേഗതയിൽ പോകുകയായിരുന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡരികിൽ നിന്ന് 10 മണിയോടെ മറിഞ്ഞതായാണ് ഹൂസ്റ്റൺ പോലീസ് വിശ്വസിക്കുന്നത്.

🔹അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ചു മലയാളീ അസോസിയേഷൻ ഓഫ് ടാമ്പയുടെ വിമൻസ് ഫോറം ആയ SHE – MAT നടത്തിയ “High Tea ” പ്രൗഢ ഗംഭീരമായി . പരിപാടിയിൽ വനിതാ ഫോറം ചെയർ അനു ഉല്ലാസ് സ്വാഗതം ആശംസിച്ചു . ഇതിനെ തുടർന്ന് “Empress Tea Room ” ആണ് പരമ്പരാഗത രീതിയിൽ ഹൈ ടി , SHE – MAT നു വേണ്ടി ഒരുക്കിയത് . തുടർന്ന് രെമ്യ നോബിൾ, ആശാ മേനോൻ തുടങ്ങിയവർ ചേർന്ന് ആലപിച്ച ഗാനങ്ങളും , സിസ്സ ആൻസൺ , അനു ജിതിൻ, ശ്രീന ടെൻസൺ എന്നിവർ നേതൃത്വം കൊടുത്ത വിവിധ പരിപാടികളും., അപ്രതീക്ഷിത സമ്മാനങ്ങളും ഇത്തവണത്തെ വനിതാ ദിനാഘോഷങ്ങളുടെ മാറ്റുകൂട്ടി

🔹സിഡ്‌നിയിൽ നിന്ന് ന്യൂസിലൻഡിലെ ഓക്‌ലൻഡിലേക്ക് പോവുകയായിരുന്ന ചിലിയൻ വിമാനത്തിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ചലനത്തെ തുടർന്ന് 50 പേർക്ക് പരിക്കേറ്റു. “ഫ്ലൈറ്റിനിടെ ഒരു സാങ്കേതിക പ്രശ്നമുണ്ടായി , അത് ശക്തമായ ചലനത്തിന് കാരണമായി” എന്ന് LATAM എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

🔹പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ഇന്ത്യയിലുള്ളവര്‍ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്കും, ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനും സമര്‍പ്പിക്കണം. വ്യക്തിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു.

🔹പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്.

🔹കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

🔹ഇടുക്കി പന്നിയാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷന്‍കട കാട്ടാന ആക്രമിച്ച് തകര്‍ത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷന്‍കട പൊളിച്ചത്. ഫെന്‍സിങ് തകര്‍ത്ത് അകത്തു കയറിയ ആന റേഷന്‍ കടയുടെ ചുമരുകള്‍ ഇടിച്ചുതകര്‍ത്തു.

🔹കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. എഴുപത്തഞ്ച് ലക്ഷത്തോളം രൂപ കുടിശ്ശിക ഉണ്ടെന്നും അത് തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും.

🔹ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലുള്ള അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

🔹പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടിയാണ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്. യുവാവിന് പൊലീസിന്റെ മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

🔹തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്ന പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കി കെമിക്കല്‍ റിപ്പോര്‍ട്ട്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നിട്ടല്ലെന്നും മരണ കാരണം സെപ്റ്റിക് ഹെമറേജെന്നുമാണ് കെമിക്കല്‍ റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരത്തെ ശുപാര്‍ശ ചെയ്ത വകുപ്പ് തല നടപടി പിന്‍വലിച്ചേക്കും.

🔹പാലക്കാട് തച്ചമ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. തച്ചമ്പാറ മുള്ളത്തുപാറയില്‍ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. വീട്ടുകാര്‍ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു.

🔹ആലപ്പുഴ ചന്തിരൂരില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ പട്ടാമ്പി സ്വദേശി ഇസ്മയില്‍ മരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ ചന്തിരൂര്‍ ഗവ. ഹൈസ്‌കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്ന ലോറി ചന്തിരൂരില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

🔹തമിഴ്നാട്ടില്‍ നടന്‍ ശരത് കുമാറിന്റെ ‘സമത്വ മക്കള്‍ കക്ഷി’ പാര്‍ട്ടി ബിജെപിക്കൊപ്പം എന്‍ഡിഎയില്‍ ലയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് ശരത് കുമാര്‍. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔹തമിഴ്നാട്ടില്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ബസിന്റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

🔹ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ ഒഴിഞ്ഞു. ബംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. 300ഓളം ബൈജൂസ് ട്യൂഷന്‍ സെന്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്. സമീപഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം ഉറപ്പാക്കാനാണ് അടിയന്തരമായ തീരുമാനം. കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പന വഴി 20 കോടി ഡോളര്‍ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകര്‍ എന്‍.സി.എല്‍.ടിയെ സമീപിച്ച് ആ തുക വിനിയോഗിക്കുന്നതില്‍ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം നല്‍കാനും പോലുമാകാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി. ബൈജൂസിന്റെ ഇന്ത്യയിലെ സി.ഇ.ഒ ആയ അര്‍ജുന്‍ മോഹന്‍ നടപ്പാക്കി വരുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഓഫീസുകള്‍ ഒഴിയല്‍. കഴിഞ്ഞ ആറുമാസമായി ലീസ് കഴിയുന്ന മുറയ്ക്ക് ഓഫീസുകള്‍ ഓരോന്നായി ഒഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ബൈജൂസിന് ഇന്ത്യയില്‍ 14,000 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്‍ നിന്നാണ് പണം സമാഹരിച്ചത്. ഇനിയും പലര്‍ക്കും ശമ്പളം മുഴുവനായും നല്‍കിയിട്ടില്ല. ബൈജൂസ് അവകാശ ഓഹരി വഴി സമാഹരിച്ച പണം കേസ് തീര്‍പ്പാകുന്നതു വരെ പ്രത്യേക അക്കൗണ്ടിലേക്ക് നീക്കാനാണ് എന്‍.സി.എല്‍.ടിയുടെ ഉത്തരവ്. നാളെയാണ് (മാര്‍ച്ച് 13) വീണ്ടും കോടതി ഇതില്‍ വാദം കേള്‍ക്കുക.

🔹ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍’ എന്ന ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ നായികാതാരം അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കായി കത്തനാരിലൂടെ ഒരുക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്സ് ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments