തുടർന്നുള്ള പതിനഞ്ചു വർഷങ്ങൾ കടന്നു പോയത് സമൂഹത്തിന്റെ സർവ്വ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടു തന്നെയാണ്. ആ മാറ്റങ്ങൾ പാടാക്കരയിലും വന്നു. റോഡുകൾ വന്നു സൗകര്യങ്ങൾ വന്നു കാഴ്ചകൾ മാറി കാഴ്ചപ്പാടുകൾ മാറി. പലരും പുതുതായി കളത്തിലേക്കു വന്നു പ്രമുഖർ പലരും വേഷങ്ങൾ അഴിച്ചു വെച്ച് കളമൊഴിഞ്ഞു. ഇവരില്ലാതെയെങ്ങനെ എന്ന് കരുതിയിടത്ത് ഇവരൊക്കെയെന്തിന് എന്ന ധാരണകൾ വന്നു.
ഷാരത്തെ മുരളിയെ പോലെ ചുരുക്കം ചിലർ അവരുടെ ലോകത്ത് മാറ്റമില്ലാതെ മുന്നോട്ട് നീങ്ങികൊണ്ടുമിരുന്നു. റവന്യൂ ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടുകയും ഡെപ്യൂട്ടി തഹസിൽദാരായി വിരമിക്കുകയും ചെയ്തു. സഹോദരിമാരൊക്കെ വിവാഹം കഴിഞ്ഞ് നല്ല നിലയിലായി എന്നല്ല നല്ല നിലയിലാക്കിയ അയാൾ അവിവാഹിതനായി തുടരുകയും ചെയ്തു. സാഹിത്യ രംഗത്ത് സജീവത നിലനിർത്തി കവിയായും പ്രഭാഷകനായും വേദികളിൽ നിന്നും വേദികളിലേക്ക് യാത്ര തുടർന്നു കൊണ്ടുമിരുന്നു.
രാമാനന്ദനാകട്ടെ ഞവരക്കാട്ടെ ഭാഗം കഴിഞ്ഞ് സിംഹഭാഗവുമായി ദേവാനന്ദൻ പാടാക്കരയിൽ നിന്നും പോയതു മുതൽ മാനസികമായും സാമ്പത്തികമായും ക്ഷീണത്തിലായി. സഹായത്തിനായി ആരു വന്നാലും മലർക്കെ തുറന്നിട്ടിരുന്ന ഞവരക്കാടിന്റെ പടിപ്പുര തൽക്കാലം അടച്ചിടേണ്ടി വന്ന കാലം. തോട്ടവരുമാനങ്ങളില്ല ശ്രീകുമാറിന്റെ പഠന ചെലവുകൾ വർദ്ധിച്ചു.ശമ്പള വരുമാനത്തിൽ മാത്രംപിടിച്ചു നിൽക്കാൻ ശ്രമിച്ച നാളുകൾ.
ആരു സഹായം ചോദിച്ചാലും ഇല്ലെന്നു പറയാനറിയാത്ത ചോദിച്ചില്ലെങ്കിൽ തന്നെ കണ്ടറിഞ്ഞു സഹായിക്കുന്ന സ്വഭാവം നിലനിർത്തി കൊണ്ടുപോവാൻ അയാൾക്ക് സാധിക്കാതെയായി.
“മകളുടെ കല്യാണമാണ് പതിനേഴിന് ”
“പിന്നെന്താ മറക്കണതെങ്ങനെ നിശ്ചയത്തിന് ഞാൻ വന്നതല്ലേ.”
“അതെ ന്നാലുംഓർമ്മിപ്പിച്ചു അത്രേയുളളൂ. നാളികേരത്തിന്റേയും വിറകിന്റേയും കാര്യം ഞാനന്ന്.”
”അതൊക്കെ ണ്ടാവും. ശങ്കരനോട് പറഞ്ഞാ മതി.”
ഇതൊക്കെയായിരുന്നു പഴയ രീതി.അതിനൊക്കെ മാറ്റം വന്നു. സാഹചര്യങ്ങളാൽ മാറ്റം വരുത്തേണ്ടി വന്നു.
എന്നാൽ ഒരിക്കൽ പോലും പ്രയാസങ്ങൾ മാലിനി പുറത്തറിയിച്ചില്ല . അവസ്ഥയറിയാതെ വീട്ടിൽ വന്നവരെ അതറിയിക്കാതെ കഴിയും വിധം സഹായിച്ച് മുന്നോട്ടു പോയി.
ശ്രീക്കുട്ടന്റെ ഉന്നത പoന സമയത്ത് കാര്യങ്ങൾക്ക് ഏറെ ബുദ്ധിമുട്ടു വന്നപ്പോൾ പോലും അക്കാര്യത്തിനായി ദേവാനന്ദനെ സമീപിച്ചില്ല രാമാനന്ദൻ.
ഭാഗം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഗൗരവം വിടാതെ ദേവാനന്ദൻ പറഞ്ഞ ചില വാക്കുകളും അതിന് രാമാനന്ദൻ നൽകിയ മറുപടിയുമുണ്ടായിരുന്നു.
“രാമാ ഭാഗമൊക്കെ കഴിഞ്ഞു. നമ്മൾ ഒന്നിച്ചല്ലയിനി .വെവ്വേറെയാണ്. എന്നാലും പറയുകയാണ്. അവനവന്റെ കാര്യം നോക്കണം നീ. ”
ആ പറഞ്ഞതിന് രാമാനന്ദൻ മറുപടിയൊന്നും പറഞ്ഞില്ല.
“ഞാൻ എറണാകുളത്തുണ്ട് എപ്പോൾവേണമെങ്കിലും ഏതൊരു കാര്യത്തിനും അങ്ങോട്ട് വരാം നിനക്ക്.”
അത്പറഞ്ഞപ്പോൾ രാമാനന്ദൻ പ്രതികരിച്ചു.
“വരില്ല എന്നൊന്നും പറയില്ല.എന്നാൽ എന്തെങ്കിലും സഹായം ചോദിച്ച് ഞാനോ എനിക്ക് വേണ്ടപ്പെട്ടവരോ ഏട്ടൻ്റെ മുന്നിൽ വരില്ല. അത് പേടിക്കണ്ട.”
എന്നാൽ ഏട്ടനോട് അത് പറയേണ്ടിയിരുന്നില്ല എന്നായിരുന്നു മാലിനിയുടെ അഭിപ്രായം.
“ഞാൻ സഹായം ചോദിച്ച് ചെല്ലില്ല എന്നല്ലേ പറഞ്ഞുള്ളൂ. അല്ലാതെ ബന്ധമില്ല എന്ന് പറഞ്ഞോ. ഈ ലോകത്ത് എന്റെ എല്ലാമാണ് മാലിനീ നീ. മാലിനിയില്ലെങ്കിൽ രാമാനന്ദനുണ്ടോ.ഇല്ലല്ലോ.എന്നാൽ നിനക്ക് എന്നെയും എനിക്ക് നിന്നേയും നിയമം മൂലം ആരുമല്ലാതാക്കാം .മുൻ ഭാര്യയും ഭർത്താവു മൊക്കയാക്കാം. ഇതിനെയൊക്കെ എന്തു ചെയ്യും. മുൻ ഏട്ടൻ എന്നൊന്നില്ലല്ലോ.”
സർവീസിൽ നിന്നും വിരമിച്ച ശേഷം അല്പം കൃഷിയിലേക്കൊക്കെ ഒന്നു തിരിഞ്ഞതാണ്. രാമാനന്ദൻ. നേന്ത്രവാഴ, മരച്ചീനി, ചേന തുടങ്ങി പലതും. പിൻബലം ശങ്കരൻ തന്നെ .ശങ്കരൻ പാടാക്കരയിൽ നിന്നും താമസം മാറ്റുന്നതു വരെ മാത്രം അതു തുടർന്നു.
ശങ്കരന്റെ ജീവിതത്തിലും ഇക്കാലം ഏറെ മാറ്റങ്ങൾ വരുത്തി.ചെറിയ മകൾ ഉഷയുടേയും കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായി. ഭാര്യ സുധയുടെ ശ്വാസം മുട്ടും അസുഖങ്ങളുമാണ് ശങ്കരനെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നത്. എന്നാൽ നാട്ടിൽ നിന്നും പോവാൻ കാരണം അതു മാത്രമായിരുന്നില്ല. നിഷയുടെ ഭർത്താവ് പ്രശ്നക്കാരനല്ലെങ്കിലും സ്ഥിരം മദ്യപാനിയാണ് എന്നത് ശങ്കരനെ എന്നും ഏറെ വിഷമിപ്പിച്ചിയിരുന്നു. കൂട്ടുകുടുംബത്തിൽ നിന്നും മാറി താമസിക്കാൻ നിഷയ്ക്ക് വീടുവെക്കാൻ വലിയ സഹായം നൽകേണ്ട അവസ്ഥ വന്നപ്പോൾ നിസ്സഹായനായി പോയി ശങ്കരൻ.പല ഘട്ടങ്ങളിലും രാമാനന്ദൻ കഴിയുംവിധം സഹായിച്ചിരുന്നു എന്നാൽ ശങ്കരൻ ഒടുവിൽ ഉള്ള സ്ഥലം വിറ്റ് മകൾ നിഷയ്ക്ക് ഭാഗം കൊടുക്കാനാണ് നിശ്ചയിച്ചത്.
“മക്കൾക്ക് ആവശ്യം വരുമ്പോഴല്ലേ രാമേട്ടാ സഹായം വേണ്ടത്.അല്ലാതെ നമ്മുടെ കാലം കഴിഞ്ഞിട്ട് എന്ന വാശി കൊണ്ടന്താ കാര്യം. എനിക്ക് തീരുമാനം അറിയിക്കുകയും ചോദിക്കുകയും ചെയ്യേണ്ടത് രാമേട്ടനോട് മാത്രാണ്. നിഷയുടെ മക്കളൊക്കെ വലുതായി വരുന്നു .നന്നാവാൻ യോഗമുണ്ടെങ്കിൽ നന്നാവട്ടെ.”
എഴുപത്തിയഞ്ച് സെന്റ് സ്ഥലവും വീടും വിറ്റ് നിഷയുടെ ഭാഗം കൊടുത്തു ശങ്കരൻ. ബാക്കിയുള്ള പണത്തിന് ചെറിയ മകൾ ഉഷയെ വിവാഹം കഴിച്ചു കൊണ്ടുപോയ സ്ഥലത്ത് കുറഞ്ഞ വിലയ്ക്ക് കിട്ടിയ കുറച്ച് പാടവും ചെറിയ വീടും വാങ്ങി അങ്ങോട്ട് താമസവുംമാറ്റി.
“വല്ലാതെ ഉള്ളിലോട്ടാണ്. പാടാക്കരയുമായൊന്നും താരതമ്യപ്പെടുത്താനേ പറ്റില്ല. ന്നാലും വയസ്സായി വരികയല്ലേ .ആർക്കാ എന്താ ഒന്നും പറയാൻ പറ്റില്ലല്ലോ. സുധടെ കാര്യമാണ് പ്രധാനമായും നോക്കിയത്. അവിടെയാവുമ്പൊ അടുത്ത് ഉഷയുണ്ടാവുമല്ലോ. മാത്രമല്ല അവളുടെ ഭർത്താവ് കുടുംബ സ്നേഹമൊക്കെയുള്ളവനാണ് .”
ശങ്കരൻ പറഞ്ഞത് ന്യായം തന്നെ.
“ന്നാലും ശങ്കരാ.”
“ശരിയാണ്.ഒക്കെ ഓരോ കാലമാണ് രാമേട്ടാ. ഒരു കാലം. ആ കാലത്തു നിന്ന് ആ അവസ്ഥയിൽ നിന്നാണ് നാം സ്വപ്നങ്ങൾ കാണാറ്. ജീവിതത്തെ കാണാറ്.കാലവും അവസ്ഥയും മാറിയാൽ പിന്നെന്ത് സ്വപ്നം.പാടാക്കരയിൽ നിന്ന് പോവുക എന്നത് ഞവരക്കാടിനെ പിരിയുക എന്നത് ശങ്കരന്റെ മരണം തന്നെയാണ്. രാമേട്ടനൊപ്പം ഞവരക്കാടിനൊപ്പം അതൊക്കെ തന്നെയായിരുന്നു എന്റെ പുണ്യം. ഒരു സന്തോഷംണ്ട്. സ്വന്തം ന്ന് പറയാൻ പാടാക്കരയിൽ രാമേട്ടൻ,മാലിനിയോപ്പോൾ ഒക്കെയുണ്ടല്ലോ. എന്തെങ്കിലും കാര്യത്തിന് ധൈര്യായി ഓടി വരാലോ.”
”ശങ്കരൻ പോവുക എന്നാൽ തന്റെ വലതു ഭാഗം തളരുക എന്നാണർത്ഥം. ” വേദനയോടെ രാമാനന്ദൻ പറഞ്ഞതിന് ശങ്കരൻ മറുപടി നൽകി.
”രാമേട്ടൻ തളരുകയല്ല ഇനി ഉയരുകയാണ്.ശ്രീക്കുട്ടൻ തുടങ്ങിയിട്ടേ ഉള്ളൂ. പഴയ ഞവരക്കാടിനേക്കാൾ പ്രതാപത്തിൽ രാമേട്ടൻ പാടാക്കരയിൽ വാഴും.”
“വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എന്ത് വാഴൽ ശങ്കരാ.”
“എത്ര ദൂരെ പോയാലും രാമേട്ടന്റെ കാര്യത്തിന് ഞാൻ ഉണ്ടാവും എന്നല്ല ഉണ്ട് ഞാൻ .”
ഇക്കാലത്തിനിടയിൽ തന്നെയാണ് ശ്രീക്കുട്ടന്റ വിവാഹവും നടന്നത്. പഠനവും ഉപരിപഠനവും കഴിഞ്ഞ് അവൻ തൃശൂരിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. ദേവാനന്ദനെ നേരിൽ പോയി കണ്ട് വിവാഹം ക്ഷണിക്കാൻ മാലിനി അവനെ കുറേ നിർബന്ധിച്ചു.
“കത്തയച്ചാൽ മതി അമ്മേ ”
”കത്തയച്ചാൽ വന്നില്ലെങ്കിലോ കുട്ടാ ”
“വന്നില്ലെങ്കിൽ ഒരു വെറ്റില ലാഭം അത്രതന്നെ.”
“കഴിഞ്ഞതൊന്നും മറക്കരുത് കുട്ടാ.”
“കറക്ട് മറക്കില്ല അമ്മേ.”
പിന്നെ മാലിനി ഒന്നും പറഞ്ഞില്ല. മക്കളായാലും സ്വന്തം തീരുമാനങ്ങളായി കഴിഞ്ഞാൽ പിന്നെ .എടുത്തു നടന്നതും കിടത്തി ഉറക്കിയതുമൊക്കെ പഴയ കാര്യങ്ങൾ. ഒടുവിൽ മാലിനി രാമാനന്ദനോട് യാചിച്ചു .
“ശ്രീക്കുട്ടനോട് ഞാൻ പറഞ്ഞു രാമേട്ടാ അവൻ അനുസരിക്കില്ല. നമുക്ക് രണ്ടാൾക്കും പോയി ദേവേട്ടനേയും ശൈലോപ്പളേയും ക്ഷണിക്കാം.”
“ഹരിഗോവിന്ദന്റെ കല്യാണത്തിനും ഹരിശ്രീയുടെ കല്യാണത്തിനും കത്താ വന്നത്. ഞാൻ അവർക്കാരാ എന്നിട്ട് ചെയ്തതോ. എന്ത് തെറ്റ് ഞാൻ ചെയ്തിട്ടാ എന്നോട് ആ കാണിച്ചത്.എന്നിട്ടും നമ്മൾ ഓഡിറ്റോറിയത്തിൽ പോയി. അത് നമ്മുടെ മര്യാദ. ”
“കത്തയച്ചത് മര്യാദയല്ലഎന്നും അത് പോര എന്നും ഈ പറഞ്ഞതിൽ തന്നെയില്ലേ രാമേട്ടാ. ”
“ശരി..നമുക്ക് പോയി ക്ഷണിക്കാം.”
ഒടുവിൽ രാമാനന്ദൻ സമ്മതിച്ചു.
മുഹൂർത്തത്തിനു തൊട്ടുമുമ്പ് ദേവാനന്ദനും ശൈലയും ഓഡിറ്റോറിയത്തിൽ എത്തി. കല്യാണം കഴിഞ്ഞ് മടങ്ങുകയും ചെയ്ത് .മാലിനി നന്നായി ലോഹ്യം പ്രകടിപ്പിക്കുയും ചെയ്തു. ശൈല തിരിച്ചും.
എന്താണ് കാരണം എന്നു ചോദിച്ചാൽ ഒരു കാരണവുമില്ലാതെ എന്തിനാണ് എന്നു ചോദിച്ചാൽ ഒന്നിനും വേണ്ടിയല്ലാതെ എന്ത് നേടുമെന്ന ചോദിച്ചാൽ ഒന്നും നേടാതെ വെറുതേയകലുന്നവർ. കാരണമില്ലാത്ത വാശികൾ.രാമാനന്ദൻ വരെ അതിനുള്ളിൽപ്പെട്ടു പോയാളാണ്. എന്നാൽ ആ വാശികൾക്കു പുറത്തായിരുന്നു എന്നും മാലിനി.ഞവരക്കാടിനു വരമായി കിട്ടിയ സ്നേഹത്തിന്റെ മുഖം.
അതിരാവിലെ ഓഡിറ്റോറിയത്തിൽ എത്തിയ ശങ്കരനെ കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായ തെളിച്ചം. എല്ലാ തിരക്കുകൾക്കിടയിലും ഓടി ചെന്ന് പ്രകടമാക്കുന്ന ലോഹ്യം. വീട്ടിലെ ഓരോരുത്തരെ കുറിച്ചും ചോദ്യം.അവരൊക്കെ വരാത്തതിൽ പരിഭവം.
“വൈകുമോന്ന് ഞാൻ പേടിച്ചു ട്ടൊ ”
.വരൂന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി “രാമേട്ടാ ശങ്കരൻ, ശ്രീക്കുട്ടാ ശങ്കരേട്ടൻ” എന്നു പറഞ്ഞ് മുന്നിൽ കൊണ്ടുപോയി നിർത്തിയത്. ദക്ഷിണ കൊടുത്ത് കാല് തൊട് ശ്രീക്കുട്ടാ എന്ന് പറഞ്ഞ് ചെയ്യിച്ചത്. ശ്രദ്ധയോടെ കരുതി വെച്ചിരുന്ന ഡബിൾമുണ്ട് കൊടുപ്പിച്ചത്. എല്ലാം കളങ്കമില്ലാത്ത ആ നന്മയുടെ സത്യസന്ധമായ പ്രകടനങ്ങൾ തന്നെയായിരുന്നു.
അഭിമാനം നിറഞ്ഞ മനസ്സോടെ ശങ്കരേട്ടൻ ആ ചടങ്ങുകൾക്ക് സാക്ഷിയായി. പലപ്പോഴും ആ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു.