Thursday, November 14, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: പതിമൂന്ന്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: പതിമൂന്ന്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

അതീവ ഗുരുതരമായിരുന്നു അപ്പുവിന്റെ അവസ്ഥ. പരമാവധി ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പ്രാർത്ഥനകളും വിഫലമായി. രാവിലെ ഏഴ് മണിയോടെ അപ്പുവും ……

ആര്യയെ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലെത്തിച്ചിരിക്കയാണ്. അപ്പുവിന് കുഴപ്പമില്ല ചെറിയ പരിക്കുകളേ ഉള്ളൂ ആശുപത്രിയിലാണ് എന്നാണ് ആര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്

ആശുപത്രിയിലേക്ക് പോകണമെന്നും അപ്പുവിനെ കാണണമെന്നും പറഞ്ഞ് ആര്യ വാശി പിടിച്ചു കൊണ്ടേയിരുന്നു.. മാലിനിയുടേയും ലക്ഷ്മിക്കുട്ടി ടീച്ചറുടേയും മടിയിൽ തളർന്ന് കിടന്ന് തേങ്ങി കൊണ്ടിരുന്ന അവൾ ഇടയ്ക്ക് രാമേട്ടാ എന്നുറക്കെ വിളിച്ച് എണീക്കും.

”രാമേട്ടനെ വിളിച്ചിട്ട് എന്നെ അപ്പുവേട്ടന്റെയടുത്ത് കൊണ്ടുപോവാൻ പറയൂ ” എന്നലറി വിളിക്കും. കരഞ്ഞുകൊണ്ട് മാലിനിയോട് പറയും “ഏട്ത്തിയമ്മേ രാമേട്ടനെ വിളിക്കൂ…. ”

ആ സമയം തന്റെ മനസ്സും ശരീരവും പൂർണമായും തളർന്നു പോകുന്നതായി തോന്നി മാലിനിക്ക്.

ചെന്ന് കാണാനോ സംസാരിക്കാനോ ആശ്വസിപ്പിക്കാനോ കഴിയാതെ രാമാനന്ദൻ തളർന്നിരുന്നു. “ചെല്ല് രാമാ “എന്ന് ദേവാനന്ദൻ രണ്ട് തവണ പറഞ്ഞെങ്കിലും രാമാനന്ദൻ അനങ്ങിയില്ല. അവിടെ തന്നെകരഞ്ഞിരുന്നതേയുള്ളൂ. ആര്യയെ നേരിൽ കാണാൻ കഴിയാത്ത വിധം അയാൾ മാനസികമായി തകർന്നു കഴിഞ്ഞിരുന്നു. ഒടുവിൽ ദേവാനന്ദൻ അകത്തേക്ക് ചെന്നു. “ദേവേട്ടാ എന്താ ന്റെ അപ്പുവേട്ടന് എന്താ പറ്റീത് പറയൂ “. ആര്യ എണീറ്റ് ദേവാനന്ദനെ കെട്ടിപ്പിടിച്ചു.

ഒന്നുമില്ല ഒന്നുമില്ല. ചെറിയ പരിക്കേയുള്ളൂ. വരും വരും. ദേവാനന്ദൻ പറഞ്ഞൊപ്പിച്ചു

”എങ്കിൽ എന്നെ കൊണ്ടുപോയി കാണിക്കൂ കാണിച്ചാലെന്താ ദേവേട്ടാ പ്ലീസ്”
.
ആര്യ അലമുറയിട്ടു. “എനിക്ക് രാമേട്ടനെ കാണണം ദേവേട്ടാ ഏടത്തിയമ്മേ എനിക്ക് രാമേട്ടനെകാണണം” ബഹളം കൂടിയപ്പോൾ ദേവാനന്ദൻ വീണ്ടും പറഞ്ഞു.

“അപ്പു ഇപ്പോൾ വരുംന്ന് പറഞ്ഞില്ലേ നിന്നോട്. ഇപ്പോൾ വരും.”

മൂന്ന് മണിയോടെ നടപടിക്രമങ്ങൾ കഴിഞ്ഞ് അപ്പുവിന്റെ ശരീരം എത്തി. രണ്ട് വീട് അപ്പുറത്തുള്ള വീട്ടിൽ കുട്ടന്റെ ശരീരം ഉച്ചയുടെ മുന്നേ എത്തിയിരുന്നു.

രംഗം നിയന്ത്രിക്കാൻ കഴിയാത്ത വിധമായി.കാണാനെത്തിയവർ, ബന്ധുക്കൾ, ബാംഗ്ലൂരിൽ നിന്ന് ഞെട്ടൽ മാറാതെ എത്തിയ സഹപ്രർത്തകർ. രണ്ട് ചെറുപ്പക്കാരുടെ
അവിശ്വനീയമായ മരണ വാർത്ത ഉൾക്കൊള്ളാനാകാതെ ഗ്രാമമുഖവും മനസ്സും പൂർണമായി മാറാത്ത ആ പ്രദേശം തരിച്ചുനിന്നു.

“ഇന്നുതന്നെ ഉണ്ടോ അതോ.”

“പിന്നെ ഇന്നില്ലാതെ…”

“എല്ലാം റെഡിയായിട്ടുണ്ട്.”

“അത് നന്നായി പോസ്റ്റ് മാർട്ടം കഴിഞ്ഞതാ .അധികസമയം വെക്കാൻ പറ്റില്ല.”

”ശരിയ്ക്ക് ദഹിപ്പിക്കാൻ പാടില്ല.”

”അതെന്താ?”

“അച്ഛനും അമ്മയും പ്രായമുള്ളവരും ഇരിക്കുമ്പോ പാടില്ല.. ”

”അതൊന്നും നോക്കീട്ട് കാര്യല്ല്യ.”

”കാര്യമൊക്കെയുണ്ട്. പിന്നെ എന്താച്ചാ ആയിക്കോട്ടെ. അല്ലാതെന്താ ”

“അവനാന്റെ വേണ്ടപ്പെട്ട ആള് പോയാ പിന്നെ ഇതിലൊക്കെ എന്തു കാര്യം.”

അടക്കിപിടിച്ച ചർച്ചകൾ മുറ്റത്തും തൊടിയിലും പുരോഗമിച്ചു.

കാണാനുള്ളവരുടെ തിരക്കിനിടയിൽ ആര്യയെ കൊണ്ടുവരാൻ ആരോ പറഞ്ഞു മാലിനിയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീണ ആര്യയെ രണ്ട് പേർ താങ്ങി കൊണ്ടുവന്നു. അപ്പുവേട്ടാ എന്നൊരലരർച്ച. പിന്നെ ആ ശരീരത്തിലേക്ക് നിയന്ത്രണം വിട്ട് വീഴ്ച ….
പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും ആര്യ വഴങ്ങുന്നില്ല.

“ഒരു മിനിറ്റ് അവിടെ കിടന്നോട്ടെ…. കരയട്ടെ” എന്ന് ആരുടെയോ ഉപദേശം.

മുളകീറുന്നതു പോലെ രാമാനന്ദൻ അലറി. രാമാ എന്ന വിളിയിൽ ദേവാനന്ദൻ നിയന്ത്രിക്കാൻ ശ്രമിച്ചു. നടക്കുന്നില്ല. ഒടുവിൽ രാമാനന്ദനെ ദേവാനന്ദൻ ചേർത്തു പിടിച്ച് അല്പമകലെയുള്ള കസേരയിൽ ഇരുത്തി. “ഇരിക്കവടെ ” എന്ന് ശാസനാ സ്വരത്തിൽ പറഞ്ഞു. വീണ്ടും രാമാനന്ദൻ ദേവാനന്ദനെ കെട്ടിപിടിച്ച് “ദേവേട്ടാ നമ്മടെ കുട്ടി “എന്ന് വിളിച്ച് അലറിക്കരഞ്ഞു.

രണ്ടു മണിക്കൂർ കഴിഞ്ഞതും ചടങ്ങുകൾ പൂർത്തിയാക്കി അപ്പുവിനെ ചിതയിലേക്കെടുത്തു. അപ്പുവിന്റെ ഏട്ടൻ കോളേജ് അദ്ധ്യാപകനായ കണ്ണന്റ മകൻ ചിതയ്ക്ക് തീ കൊളുത്തി.

അകത്ത് കരഞ്ഞ് കരഞ്ഞ് തളർന്നു കിടക്കുന്ന ആര്യ. മുറ്റത്ത് നിരത്തിയിട്ട കസേരകളിൽ ആകെ തകർന്ന അവസ്ഥയിൽ രാമാനന്ദനും പത്മനാഭ പണിക്കരും .അപ്പുവിന്റെ ചിത എരിഞ്ഞു തീരുന്നിടത്തേക്ക് കണ്ണുനട്ട് കൈകെട്ടി നിൽക്കുന്ന ദേവാനന്ദനും. നേരം സന്ധ്യയാവുന്നു . കുറച്ചു നേരം ആ നിൽപ്പു നിന്ന് ദേവാനന്ദൻ പത്മനാഭ പണിക്കർക്കു മുന്നിലെത്തി.

“അച്ഛാ… കരഞ്ഞിരുന്നിട്ട് കാര്യമില്ല മടങ്ങണ്ടേ. ആര്യയെ ഇവിടെ നിർത്തി പോവാനാവില്ല. കൊണ്ടു പോണം. ബാക്കിയൊക്കെ പിന്നെ.”

“മനസ്സിലാവുന്നു .ആരോട് പറയും എങ്ങനെ പറയും ആര് പറയും.” നിറഞ്ഞ കണ്ണുകളോടെപണിക്കർ ദേവാനന്ദനെ നോക്കി.

“പറയണ്ടവരോട് പറയും. ഞാൻ പറയും പറയേണ്ട രീതിയിൽ തന്നെ .”

”ദേവേട്ടാ അവൾ അപ്പുവിന്റെ ഓർമ്മകളെ വിട്ട് നമ്മളുടെ കൂടെ അതും ഇന്നുതന്നെ.നമ്മൾ പറയുന്നത് ശരിയാണോ ” വിക്കി വിക്കി രാമാനന്ദൻ ചോദിച്ചു.

“അപ്പുവിന്റെ എന്ത് ഓർമ്മയാണ് ഈ വീട്ടിലുള്ളത്. ആ ഓർമ്മകൾ എല്ലാം ഇനി അവളുടെ മനസ്സിലാണ് അവൾക്ക് ഏറെ പ്രിയപ്പെട്ടവർ ഉള്ളത് ഞവരക്കാട്ടാണ്. ഈ സമയം ഈ അവസ്ഥയിൽ ഇവിടെ വിട്ടു പോകാനാവില്ല.
അച്ഛനും രാമനും വണ്ടിയിൽ പോയി ഇരിക്കൂ.ആര്യയുമായി ഞാൻ വരാം .”

ദേവാനന്ദൻ അകത്തേക്ക് കയറി.

തളർന്നു കിടക്കുന്നഅപ്പുവിന്റെ അച്ഛന്റെ സമീപം ദേവാനന്ദൻ ചെന്നിരുന്നു.

“അച്ഛാ ആര്യയെ ഞാൻ കൊണ്ടു പോവുകയാണ്.”

മുഖത്തേക്ക് ദയനീയമായി നോക്കിയ ഭരതൻ മേനോന്റെ കൈകൾ ദേവാനന്ദൻ ചേർത്തു പിടിച്ചു.

“എനിക്ക് അച്ഛന്റെ സമ്മതം വേണം. അനുവദിക്കണം. അവളെ മനസ്സിലാക്കണം. ഞങ്ങളെ മനസ്സിലാക്കണം അപ്പുവില്ലാത്ത വീട്ടിൽ അവളെ ഈ അവസ്ഥയിൽ വിട്ട് ഞങ്ങൾ എങ്ങനെ ….”

ഭരതൻ മേനോൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ കൈകൾ തന്റെ നെറ്റിയോട് ചേർത്ത് പിടിച്ച് ദേവാനന്ദൻ ഇരുന്നു. പിന്നെ എണീറ്റ് ആര്യയുടെ അടുത്തേക്ക് നടന്നു.

ആ വിഷു ദിവസം രാത്രി പാടാക്കരയിലെ ഞാവരക്കാട്ടുണ്ടാവണം എന്നാഗ്രഹിച്ച ഉണ്ടാവും എന്ന് ഉറപ്പു പറഞ്ഞ ആര്യ പ്രിയപ്പെട്ട അപ്പുവില്ലാതെ ഞവരക്കാട്ടേക്ക്. മാലിനിയുടെ മടിയിൽ മയങ്ങി കിടന്ന്. ദു:ഖം തളം കെട്ടിയ യാത്ര. ആരും ഒന്നും മിണ്ടുന്നില്ല ഇടയ്ക്കുയരുന്ന തേങ്ങലുകൾമാത്രം. ഇരുട്ടിനെ മുറിച്ച് രണ്ട് വാഹനങ്ങൾ പാടാക്കരയിലേക്ക് നീങ്ങികൊണ്ടിരുന്നു.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments