Friday, September 20, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ - അദ്ധ്യായം പതിനൊന്ന്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ – അദ്ധ്യായം പതിനൊന്ന്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

ചിങ്ങമാസത്തിലെ ഒരു തെളിഞ്ഞ ദിനം .
തലത്തലേദിവസം ഭീതിയുണർത്തി ഉരുണ്ടുകൂടിയ മഴമേഘങ്ങൾ എങ്ങോ പോയിമറഞ്ഞ ദിവസം. ആര്യയുടെ വിവാഹം.പാടാക്കര എന്ന ഗ്രാമത്തിൽ നടന്ന ആർഭാട വിവാഹങ്ങളിലൊന്ന്.

രാവിലെ ആറ്മണിയ്ക്ക് ആര്യ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ശ്രീക്കുട്ടനും മാലിനിയും ദേവാനന്ദന്റെ മക്കളായ ഹരിഗോവിന്ദനും ഹരിശ്രീയും കൂടെ പോയി. ചെറിയ കസവു കരയുള്ള വേഷ്ടിയും മുണ്ടും ചുവന്ന ബ്ലൗസ്സുമാണ് ആര്യ ധരിച്ചിരുന്നത്.ആ വേഷത്തിൽ അവൾ അതിസുന്ദരിയായിരുന്നു. ഞവരത്തോടും നടവരമ്പും പിന്നിട്ട് ക്ഷേത്രത്തിലെത്തും വരേയും ദർശനം കഴിഞ്ഞു മടങ്ങും വഴിയും ആര്യ ഒന്നും മിണ്ടിയില്ല. സാധാരണ നിർത്താതെ സംസാരിക്കുമായിരുന്ന അവൾ മാലിനി ചോദിക്കുന്നതിനു മാത്രം മറുപടി നൽകി.
ക്ഷേത്രനടയ്ക്കു മുന്നിൽ കണ്ണുകളടച്ച് കൈക്കൂപ്പി. ആ സമയം ആ കണ്ണുകൾ നിറഞ്ഞൊഴുകി. പാടാക്കര അമ്മയോട് യാത്ര പറയുകയാണ്.ജീവിതം മറ്റൊരു തട്ടകത്തിലേക്ക് പറിച്ചു നടപ്പെടുകയാണ്. പിച്ചവെച്ച മുറ്റവും എന്നും കണ്ടു വളർന്ന കാഴ്ചകളും മുഖങ്ങളും ജീവിതത്തിൽ നിന്ന് താൽക്കാലികമായെങ്കിലും അന്യമാവുകയാണ്.

”അമ്മേ കൂടെയുണ്ടാവണേ…”

തൊഴുതു കഴിഞ്ഞ് അധിക സമയം ക്ഷേത്രത്തിൽ ചെലവഴിക്കാതെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു. പത്തരയ്ക്കാണ് മുഹൂർത്തം ഏഴരമണിക്ക് മെയ്ക്കപ്പു പാർട്ടി വരും. അക്കാര്യത്തിൽ ഏറെ കമ്പക്കാരിയാണ് ശൈലയോപ്പോൾ എന്ന് മാലിനിക്കറിയാം.
എപ്പോഴും മുഖം പെയിന്റ് വെച്ച് തേച്ച് ഒരു വകയാക്കി വെച്ചിട്ടുണ്ടാവും.

“അയ്യോ മാലിനി മുഖമൊന്നും ഫേഷ്യൽ ചെയ്യാത്തതെന്ത്?”

ഈ ചോദ്യം എത്ര തവണ ചോദിച്ചിട്ടുണ്ടെന്നോ. “വേണ്ട ഓപ്പോളേ” എന്ന് പറഞ്ഞ് മാലിനി ഒഴിയും. ആര്യയുടെ മുഖം എന്തൊരു ഐശ്വര്യമാണ്.പ്രകാശം നിറഞ്ഞ് തിളങ്ങുന്നു. ഓരോന്ന് വെച്ച് തേച്ച് ഇന്നതിനെ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു. വലിയ വായിൽ വർത്തമാനം ‘ വീരവാദം ഒക്കെ തന്നോടേ ഉളളൂ. പച്ച പാവമാണ്. ശൈലോപ്പോൾ പറഞ്ഞാൽ സമ്മതമല്ലെങ്കിൽ കൂടി എതിർപ്പു പറയില്ല. പറയാനാവില്ല അവൾക്ക്. വലിയകണ്ണുകൾ നിറച്ച് ഒന്നും മിണ്ടാതെ അനുസരിക്കും. അത്ര തന്നെ. മാലിനി മനസ്സിൽ ചിന്തിച്ചു കൂട്ടി.ആര്യയെ കുറിച്ച് ഏറെ ആകാംക്ഷയാണ് മാലിനിക്ക്. അവൾക്ക് ഒരു വിഷമവും വരരുതേ എന്ന ചിന്ത.

ദക്ഷിണ കൊടുക്കൽ ഏഴ് മണിക്ക്. പിന്നെ ഭക്ഷണം ,മെയ്ക്കപ്പ് ഒമ്പത് മണിയോടെ റെഡിയാവണം .എല്ലാം ദേവാനന്ദന്റെ പ്ലാനിങ്ങുകളാണ്.കൃത്യമായി തന്നെ നടത്തും ദേവാനന്ദൻ. ഇല്ലെങ്കിൽ ബഹളം തന്നെ. അത് ആരോടായാലും അങ്ങനെ തന്നെ. അതറിയുന്നതിനാൽ വീട്ടിൽ എല്ലാവരും ആ സമയക്രമം പാലിക്കുന്നതിൽ ശ്രദ്ധിക്കും.

ഒമ്പതര മണിയായപ്പോഴേക്കും ഞവരക്കാട് തറവാടിന്റെ വിശാലമായ മുറ്റത്തെ പന്തലിലേക്ക് പാടാക്കര ഗ്രാമവും പരിസരവും എത്തിത്തുടങ്ങി. ഓരോരുത്തരേയും സ്നേഹത്തോടെ സ്വീകരിക്കാൻ പന്തലിനു മുന്നിൽ പത്മനാഭപണിക്കരും രാമാനന്ദനും അകത്ത് ലക്ഷ്മിക്കുട്ടി ടീച്ചറും,മാലിനിയും. ശൈലയാവട്ടെ വലിയ തിരക്കിൽ ഓടി നടക്കുന്നു.

.നോക്കൂ ദേവാനന്ദേട്ടാ…. ഹരിക്ക് ഈ ഡ്രസ്സ് മതിയോ, ഹരിശ്രീയെ ഒന്ന് ടച്ച് അപ് ചെയ്യിക്കണം, അവളെവിടെ, എന്റെ സാരി നന്നായിട്ടില്ലേ മാലിനീ, ആര്യയുടെ അടുത്തേക്ക് ചെല്ലട്ടെ മെയ്ക്കപ്പ്കാർക്ക് പറഞ്ഞു കൊടുക്കട്ടെ അല്ലെങ്കിൽ ശരിയാവില്ല അവർക്ക് വേണ്ടത്ര ഐഡിയ ഉണ്ടോ എന്നറിയില്ലല്ലോ ” എന്നിങ്ങനെ സ്വയം ചില ബഹളങ്ങൾ. ദേവാനന്ദനാകട്ടെ എല്ലായിടത്തും ചെന്ന് നിർദ്ദേശം നൽകുന്നു. പറ്റാത്തതു കണ്ടാൽ അവിടെ അപ്പോൾ തന്നെ വഴക്കുണ്ടാക്കുന്നു.

പത്ത്മണിയോടെ വരന്റെ പാർട്ടി വന്നു. പന്തലിലേക്ക് പ്രവേശിച്ചതും അപ്പു ഏവരുടേയും ശ്രദ്ധ നേടി. കസവുമുണ്ടും വെളുത്ത ജുബ്ബയും ധരിച്ച സുന്ദരനും യോഗ്യനുമായ അപ്പു ആര്യയ്ക്ക് ചേർന്നയാൾ തന്നെ. പലരും അഭിപ്രായം രേഖപ്പെടുത്തി.

“ഇതേതായാലും നന്നായി കാണാൻ നല്ല പൊരുത്തം.. ” വേലശ്ശേരിക്കളത്തിലെ കാർത്ത്യാനിയമ്മയുടെ അഭിപ്രായം ആദ്യം വന്നു.

”ശരിയാ നല്ല ചേർച്ച . സാധാരണ നല്ല നല്ല പെൺകുട്ട്യോളെ ഓരോരോ മരക്കാന്തൻമാർ വന്ന് കെട്ടിക്കൊണ്ടോവലാ പതിവ്.”

”പിന്നെല്ലാണ്ട് നമ്മടെ ചൂലാരിപ്പുറത്തെ സുമതി കാണാൻ നല്ല കുട്ടിയല്ലേ കല്യാണം കഴിച്ചയാളെ കണ്ടിട്ടുണ്ടോ ന്റമ്മോ പേടിയാവും. ഞാനാ കല്യാണത്തിനു പോയേർന്നു. എവിടന്നാ നല്ല നല്ല കുട്ട്യോൾക്ക് ഇങ്ങനെത്തേറ്റിനൊക്കെ കിട്ടണത് .ഞാനത് ആലിക്കലെ വേശൂനോട് അപ്പൊ തന്നെ ചോദിക്കും ചെയ്തു. നല്ല പ്രായവും തോന്നും കണ്ടാൽ. അച്ഛനും മകളും നിൽക്കണപോലെയുണ്ട്.ധാരാളം കന്നും കൃഷിയും ഒക്കെണ്ടത്രേ. അതല്ലല്ലോ പ്രധാനം. ചേർച്ച വേണ്ടേ…”

“അപ്പൊ എല്ലാവരും ഒരേ പോലെയാവണതെങ്ങനെ കാർത്ത്യാന്യമ്മേ . അവർക്കൊന്നുല്യാത്ത സങ്കടം ങ്ങൾക്കെന്തിനാ…..”

“അതാണോ ഞാൻ പറഞ്ഞതിൻ്റെയർത്ഥം. ”

“പിന്നെന്താ ങ്ങള് പറഞ്ഞതിൻ്റെയർത്ഥം .കറുത്തിട്ടും വെളുത്തിട്ടും ഒക്കെ തന്നെ മനുഷ്യൻമാര് ”

“കറുത്തിട്ടും വെളുത്തിട്ടും തന്നെ മനുഷ്യര്.കറുത്താലും വെളുത്താലും കണ്ടാ മനുഷ്യാനാന്ന് തോന്നണം.അതാ പറഞ്ഞത് അത് പറഞ്ഞതിന് എന്നെ ചാടി കടിക്കാൻ വരണ്ട. ഞാൻ കണ്ടത് പറയും”

“ഞാനാരേം ചാടി കടിക്കാനൊന്നും വന്നില്ല. കേട്ടപ്പൊ പറഞ്ഞു അത്രേള്ളൂ”

ചർച്ചകൾ ചെറു വാഗ്വാദങ്ങൾ പല ഭാഗത്തായി പല മട്ടിൽ പുരോഗമിച്ചു. കൃത്യം പത്ത് ഇരുപതിന് ആര്യ പന്തലിലെത്തി.
ശൈലയായിരുന്നു കൂടെ പിന്നിലായി മാലിനി. “എന്റെ തൊട്ട് ഏട്ത്തിയമ്മ വേണം ട്ടൊ ” എന്ന് പല തവണ ആര്യ പറഞ്ഞിരുന്നു. ശൈല മുന്നിലേക്ക് കയറി നിന്നപ്പോൾ മാലിനി ഒന്നു പിന്നിലേക്ക് നിന്നു. എന്തു തന്നെയായാലും മൂത്ത നാത്തൂൻ സ്ഥാനം ശൈലയ്ക്കല്ലേ. ആര്യ നോക്കുമ്പോഴൊക്കെ ഞാനുണ്ട് മോളേ ഇവിടെ എന്ന് മാലിനിയുടെ കണ്ണുകൾ ആര്യയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. താലികെട്ട് മാലയിടൽ, പുടവ കൊടുക്കൽ ഞവരക്കാട് തറവാടിന്റെ പുണ്യത്തെ ആളുകൾ നിറഞ്ഞ പന്തലിൽ വെച്ച് പത്മനാഭ പണിക്കർ കൈപിടിച്ച് അപ്പുവിനെ ഏൽപ്പിച്ചു.

ഒരു ഗ്രാമം മുഴുവൻ ചടങ്ങിനു സാക്ഷിയായി എന്ന് തന്നെ പറയാം. കല്യാണം വീക്ഷിക്കുന്നവരുടെ കൂട്ടത്തിലിരുന്ന് പ്രകാശ് സുധിയുടെ ചെകിട്ടിൽ പറഞ്ഞു.

“എടാ നോക്ക് ചെക്കനെ നോക്ക്.”

“കണ്ടു.കണ്ടു”

“ഇത് പോലെയുള്ള പത്തെണ്ണം നമ്മടെ നാട്ടില് വന്ന് പെണ്ണുകെട്ടിയാല് പിന്നെ ഏതു പെണ്ണാടാ നമ്മളെയൊക്കെ നോക്കുന്നത്… ”

“അല്ലെങ്കിൽ ഇപ്പോൾ ഏത് പെണ്ണാ നമ്മളെയൊക്കെ നോക്കണത്.”
സുധി തിരിച്ച് ചെകിട്ടിൽ ചോദിച്ചതിന് അതും നേരാ എന്ന് പറഞ്ഞ് പ്രകാശ് അല്പമുറക്കെ ചിരിച്ചു.പൊതുവേ ഗൗരവത്തിൽ നന്നായി തമാശ പറയും പ്രകാശ്.
“പെണ്ണുങ്ങള് നോക്കണമെങ്കിൽ ആൾക്കാര് ശ്രദ്ധിക്കണമെങ്കില് ഇനി പൗഡറൊന്നുമിട്ടിട്ട് ഒരു കാര്യവുമില്ല എന്നാ തോന്നണത്.മുഖത്ത് കരി ഓയിൽ ഒഴിച്ചു വരണ്ടി വരും. എന്നാ ചെലപ്പൊ നോക്കീന്നിരിക്കും ”
എന്ന് പ്രകാശ്.

”എന്തായാലും ഇയാള് ആര്യ ചേച്ചിക്ക് നന്നായി ചേരും. മികച്ച ജോഡികൾ ”
സുധി ആപറഞ്ഞതിനെ പ്രകാശ്പൂർണമായും
പിന്താങ്ങി.

”പിന്നല്ലാതെ കാണാൻ മാത്രല്ല ആര്യ ചേച്ചിയുടെ പെരുമാറ്റവും ഡീസന്റാ. എല്ലാർക്കും ഇഷ്ടാവും. കാണുമ്പോൾ ചിരിച്ചു കൊണ്ടൊരു വിളിയുണ്ട് പ്രകാശാന്ന് . ഒരു മൂത്ത സഹോദരിയായേ തോന്നൂ.”

സംസാരം ഇങ്ങനെ മുറുകവേ ശ്രീധരൻ വന്ന് സുധിയോട് പതിയേ ചോദിച്ചു.

”എടാ നീ അപ്പുഞ്ഞൻ നായരുടെ ചെരിപ്പ് എടുത്ത് വലിച്ചെറിഞ്ഞോ?”

“ഇല്ല എന്താ വലിച്ചെറിയണോ?”

നിഷ്കളങ്ക ഭാവം വരുത്തി തിരിച്ചുള്ളചോദ്യം.

“വേണ്ട ആ സുവർണ്ണാവസരം പോയി.ആരോ അത് ചെയ്തു കഴിഞ്ഞു.അതിന്റെ ബഹളം നടക്കുകയാണവിടെ.മൂപ്പരുടെ ആ ചെരിപ്പ് വലിച്ചെറിഞ്ഞു എന്ന് കേട്ടപ്പോൾ എനിക്കാദ്യം മനസ്സിൽ തെളിഞ്ഞത് നിന്റെ മുഖമാണ്.അതോണ്ട് ചോദിച്ചതാ.”

“അതാരേം പറഞ്ഞിട്ട് കാര്യമില്ല.കണ്ടാൽ ആരും അതെടുത്ത് വലിച്ചെറിഞ്ഞു പോവും” സുധി അത് ചെയ്ത വ്യക്തിയെ ന്യായീകരിച്ചു .
“മാത്രല്ല ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നിടത്ത് പന്തലിന്റെ മുന്നില് ഊരി വെച്ചിട്ടുമുണ്ടാവും. തിരുമുൽക്കാഴ്ച”
.പിന്നെ ഒരു ചിരി ചിരിച്ച് സുധി കൂട്ടിചേർത്തു. “മിക്കവാറും ദേവാനന്ദേട്ടനാവാനാ സാദ്ധ്യത.”

“കറക്ട് ”
ശ്രീധരൻ ചിരിച്ച് കൈ കൊണ്ട് ഒരു ആക്ഷൻ പിന്നെയൊരു തലയാട്ടൽ . രസമാണ് അത് കാണാൻ .പതിവു ശൈലിയാണ്.
ശ്രീധരൻ പോയപ്പോൾ ഈ സംഭാഷണമെല്ലാം കേട്ട് ഒരു നേരിയ പുഞ്ചിരിയുമായി ഇരിക്കുന്ന പ്രകാശിനെ സുധി സംശയത്തോടെ ഒന്നു നോക്കി.പ്രകാശ് ബോധപൂർവ്വം ശ്രദ്ധ തിരിക്കാൻ “പന്തൽ നന്നായിട്ടുണ്ടല്ലേ ?” എന്ന അഭിപ്രായം പാസാക്കി.

ഉടൻ സുധി ചെരിപ്പ് വിഷയം വിട്ട് അതിലേക്ക് തിരിഞ്ഞു
“അതെന്താന്നോ….” പറഞ്ഞു തുടങ്ങിയപ്പോഴേക്കും “ഇലയിടാറായി വിളമ്പാൻ വാ ” എന്ന വിളി വന്നു സുധിയും പ്രകാശും എണീറ്റ് അങ്ങോട്ട് നീങ്ങി.

ആളുകൾ ഞവരക്കോട്ടേക്ക് പിന്നെയുമെത്തി കൊണ്ടിരുന്നു .സദ്യ തുടങ്ങുകയാണ്

നാരായണൻ കൂട്ടുകറിയുടെ പാത്രമെടുത്ത് അരവിന്ദനോട് ചോദിച്ചു.

“ഇതിന്റെ പേരെന്താ .”

“കെ.കെ.ഗോപാലൻ എന്ന കുഞ്ഞൂട്ടൻ ” ‘അരവിന്ദന്റെ മറുപടി ഉടൻ വന്നു.പിന്നെ വിശദീകരണവും
“പൊന്നാര നാരായണാ യ്യ് അത് ഇലയില് വിളമ്പ് .രണ്ടാമത് കൊണ്ടുപോവുമ്പോൾ പാത്രത്തിൽ കാണിച്ചു കൊടുത്താൽ വേണ്ടവര് വാങ്ങും. തിന്നണോന് അറിയാം പേരും വിലാസവും പിൻ കോഡുമൊക്കെ.”

സദ്യയാരംഭിച്ചു.പാർട്ടിയിൽ വന്നവരുടെ ഊണ് ആദ്യം .പിന്നെ നാട്ടുകാർ. സദ്യപൊടിപൊടിക്കുന്നു . ഒരു മണിക്ക് ആര്യ ഭർതൃവീട്ടിലേക്ക് ഇറങ്ങുന്ന നേരം കുറച്ചു നേരം സദ്യ നിർത്തിവെപ്പിച്ചു കാരണവൻമാർ.
പണിക്കരും ലക്ഷ്മിക്കുട്ടി ടീച്ചറും രാമാനന്ദനും ഒക്കെ സമീപം.ശ്രീക്കുട്ടൻ കണ്ണു നിറച്ച് ഒപ്പം.ആര്യ അവന്റെ കവിളിൽ തലോടി. ശൈലയാണ് കൂടെ പോകുന്നത്.ഇറങ്ങാൻ നേരം കരച്ചിലിന്റെ വക്കിൽ നിന്ന് ആര്യ ഒന്നു കൂടി ചുറ്റും നോക്കി ആ നോട്ടം ഏറ്റുവാങ്ങേണ്ട ആൾ അവിടെ ഉണ്ടായിരുന്നില്ല. “യാത്രയാക്കാൻ ഞാൻ വരില്ല ആര്യേ” എന്ന് മാലിനി മുമ്പേ പറഞ്ഞിരുന്നു. മുകളിലെ ജനലിലൂടെ നിറഞ്ഞൊഴുകന്ന കണ്ണുകളുമായി മാലിനി ആ വിടപറയൽ നോക്കി നിന്നിരുന്നു. ഹൃദയം മുറിഞ്ഞു പോവുന്ന വേദനയോടെ.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments