ആരുമില്ലെനിക്കെന്ന് തോന്നിയാൽ
മുന്നോട്ടങ്ങു നടന്നേക്കണം.
പതഞ്ഞുവരുന്ന സങ്കടത്തെ
വഴിയിലേക്ക്
വലിച്ചെറിഞ്ഞേക്കണം.
തൊണ്ടയിൽ നിന്ന് ഞെരങ്ങുന്ന
വേദനയെ ഛർദിച്ചങ്ങു
കളഞ്ഞേക്കണം.
ഇഷ്ടമുള്ളതൊക്കെ വാങ്ങി
മധുരനാരങ്ങ പോലെ
നുണഞ്ഞിറങ്ങിയേക്കണം.
പിന്നെയും തളരുന്നെന്ന് തോന്നിയാൽ
കുഞ്ഞുങ്ങളെ കൂട്ടിനു വിളിക്കണം
ആരുമില്ലെന്ന് തോന്നിയാൽ
തെളിഞ്ഞ ആകാശത്തേക്ക്
നോക്കണം.
കൂട്ടുവിളിക്കാത്ത പിണങ്ങാത്ത
കിളികളെനോക്കി ചിരിക്കണം.
പിന്നെയും സങ്കടം മാടിവിളിച്ചാൽ
കടൽതീരത്ത് ചെല്ലണം
എനിക്ക് ആരുമില്ലെന്ന്
ഉറക്കെ പറയണം.
ഒഴുകിവന്ന കണ്ണീരിനെ
കാറ്റു കൊണ്ടുപോകും.
തൊണ്ടയിൽ കുടുങ്ങിയ വേദനയെ
കടലും കൊണ്ട് പോകും.
എന്നിട്ട് ചൂട്കടല വാങ്ങി
ഒറ്റപ്പെടുത്തിയവരോട്
എനിക്ക് ഒരു പണ്ടാരവുമില്ലെന്ന്
പല്ലിറുക്കാം.
ഇനിയും ആരുമില്ലെനിക്കെന്ന്
തോന്നിയാൽ
കടലിലേക്കിറങ്ങുക
നീന്താനറിഞ്ഞാലും വാശിയിൽ
മുങ്ങിയങ്ങനെ കിടക്കുക.
ആകെ മുങ്ങിയാൽ കുളിരില്ലെന്നല്ല
ആരൊക്കെയോ ഉണ്ടെന്നാണെന്ന്