Thursday, January 16, 2025
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (25) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (25) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ഹസ്തം ….ഹസ്തി

ഹസ്തത്തിന് കൈ എന്നു പര്യായം.

ഹസ്തത്തിൽ നിന്ന് ആന എന്ന അർത്ഥം വരുന്ന ഹസ്തി എന്ന പദം ഉണ്ടാക്കിയെടുത്തിരിക്കുന്നു.
ഹസ്തമുള്ളത് ഹസ്തി !

മനുഷ്യനും ഹസ്തമുണ്ട് ;
ഹസ്തമുള്ളത് ഹസ്തിയെങ്കിൽ മനുഷ്യനെയും അങ്ങനെ
വിശേഷിപ്പിക്കേണ്ടതല്ലെ ?

പക്ഷേ,ആ വിളിപ്പേര് മനുഷ്യനു ചാർത്തി കൊടുത്തില്ല .
ആന ഒറ്റക്കയ്യനെന്നും വിശിഷ്ടമായ ഹസ്തമുള്ളവനെന്നും(തുമ്പിക്കെ)ചിന്ത ഒഴുകിപ്പരക്കുമ്പോഴാണ് ഹസ്തിയാകുന്നതെന്നത് സുവ്യക്തം.

ഹസ്തി എന്ന രാജാവിനാൽ നിർമ്മിക്കപ്പെട്ടതാണ്
ഹസ്തിനപുരം എന്ന മഹാഭാരത പ്രസിദ്ധമായ പട്ടണം.

നാമത്തിനു പൂർവ്വമായി ‘സ’ ‘ സു’ ചേർത്തു വരുന്ന ധാരാളം പദങ്ങൾ സംസ്കൃത സ്വാധീനം നിമിത്തം മലയാളത്തിനു കിട്ടിയിട്ടുണ്ട്.

സ ചേരുമ്പോൾ അതോടു കൂടിയത് എന്നും സു ചേരുമ്പോൾ നല്ല എന്ന അർത്ഥവും നാമത്തിൻെറ അർത്ഥത്തോടൊപ്പം കിട്ടുന്നു.

ഉദാഹരിച്ചാൽ…..
സകുടുംബം കുടുംബത്തോടെ.
സസ്നേഹം സ്നേഹത്തോടെ .

സുകുമാരൻ നല്ല കുമാരൻ .
സുജാത നല്ല പോലെ ജനിച്ചവൾ ( പേരുദോഷം കേൾപ്പിക്കാതെ ജനിച്ചവൾ ) എന്നു കിട്ടുന്നു !

ചരിത്രം…. ചാരിത്ര്യം.

എഴുതിവയ്ക്കപ്പെട്ട കഴിഞ്ഞകാല സംഭവങ്ങൾ ചരിത്രം.( History is recorded past events)

ചാരിത്ര്യം പരിശുദ്ധിയത്രെ.
സ്ത്രീകൾക്ക് മാത്രം പതിച്ചു കൊടുത്തു നോക്കിയിരിക്കേണ്ടതാണൊ ചാരിത്ര്യം?

പുരുഷനും മേല്പറഞ്ഞതു വേണ്ടേ ?
സദാചാരസംഹിതയിലെ ജീർണ്ണിച്ച ഓലക്കെട്ടിൽ പെണ്ണിനു സംവരണം ചെയ്തിരിക്കുന്ന ചാരിത്ര്യം പുരുഷനും അവശ്യം ആവശ്യമാണ്!!

നോക്കണേ…
വാക്കുകൾ സമൂഹത്തിന്റെ മനോഭാവം സ്ഫടികതുല്ല്യം പ്രകാശിപ്പിക്കുകയാണ്….

സാറാ ജോസഫിന്റെ ‘കന്യകയുടെ പുല്ലിംഗം’എന്ന
കഥാശീർഷകം ഈ സന്ദർഭത്തിൽ ചിന്തനീയം!!

നാണു,
അഥവാ നാരായണ ഗുരു.

ന അണു എന്ന് ആ പദത്തെ നമുക്ക് അഴിച്ചെടുക്കാം.

അല്ല അല്ലെങ്കിൽ ഇല്ല
എന്ന അർത്ഥത്തിലുള്ള ‘ന’ എന്ന സംസ്കൃതപ്രത്യയം ഹിന്ദിയിൽ നഹി എന്നും ഇംഗ്ലീഷിൽ NO എന്നുമായി.

അണുവല്ലാത്തവനാണ് നാണു!

സനാതനധർമത്തിനു ഗ്ളാനി സംഭവിച്ചപ്പോൾ കൊച്ചു കാലടി വെച്ച് ആസേതുഹിമാചലം നടന്ന്
അദ്വൈത സംസ്ഥാപനം നടത്താൻ ഒരു ശങ്കരാചാര്യരുടെ മനീഷയ്ക്കു കഴിഞ്ഞു. അത്…… ആയിരത്തി ഇരുന്നൂറ്റൻപതു വർഷം മുൻപ്…

ഇരുപതാം നൂറ്റാണ്ടിന്റെ സന്താനമായി(1856-1928) ചെമ്പഴന്തി വയൽവാരം വീട്ടിൽ വന്ന
നാണുഗുരു ബാഹ്യാചാരദുരാചാരദുഷ്പ്രഭുത്വ തമസ്സകറ്റാൻ യത്നിച്ചു.കേരളത്തിൻെറ ആത്മീയ മൂല്യങ്ങൾ തേച്ചു മിനുക്കിയെടുത്തു.സനാതനധർമ്മം സടകുടഞ്ഞുണരുന്നത് കേരളം കണ്ടു!

വൈതരണി.
നരകത്തിലെ നദിയാണ് വൈതരണി എന്നു വേദവ്യാസ ഭാവന .

തരണം ചെയ്യാൻ പ്രയാസമായത് എന്ന അർത്ഥമെടുക്കാം.
ആഴമളക്കാനാവാത്ത, അത്യന്തദുർഗ്ഗന്ധദുസ്സഹയായ നദിയാണിത്.പാപികൾക്ക് ഈ നദി തരണം ചെയ്യാൻ മുടിനാർപ്പാലം !!

വൈതരണി ആരെങ്കിലും കടന്നു കാണുമൊ ?
കടക്കാൻ ശ്രമിച്ച് താഴെ വീഴുന്നവരെ വെട്ടി വിഴുങ്ങാൻ ഹിംസ്രജന്തുക്കൾ നിറയെ !
വൈതരണി തരണം ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടൊ ?

ഉണ്ട്.

ഒരേയൊരു മാർഗ്ഗം.വൈതരണി എന്ന പദം അഴിച്ചെടുത്തു നോക്കാം…

വിതരണം എന്ന പദത്തിന്റെ അർത്ഥം ദാനം എന്നാണ്.
വിതരണത്തിലൂടെ മാത്രം കടക്കാവുന്നത് വൈതരണി.മൃഗത്വത്തിൽ
നിന്ന് നരത്വത്തിലേക്ക്,മാനുഷിക തയിലേക്ക് ,ദാനത്തിലൂടെ വളരാനുള്ള ആഹ്വാനമാണ് വേദവ്യാസൻ നല്കിയിട്ടുള്ളത്.
ടി .എൻ ഗോപിനാഥൻ നായരുടെ ‘വൈതരണി ‘എന്ന നാടും
ഓർമ്മ വരുന്നു.

ഓരോ ദിനവും എങ്ങനെ കഴിച്ചു കൂട്ടേണ്ടു എന്നു ചിന്തിക്കുന്നവർ വൈതരണിയുടെ ലക്ഷണ വ്യഞ്ജനകൾ ഉൾക്കൊള്ളാതിരിക്കില്ല !

ഇനി ഒരു സ്ഥലനാമം ആവാം, എന്താ ?

ഇരണി ( ഇരണം) , വെള്ളം കയറുന്ന സ്ഥലം.

ഇരണം വാമൊഴിയിൽ എരണമാകും.
‘എരണം കെട്ടവൻ ‘ എന്ന
വിശേഷണം നിലവിലുണ്ട്.
ഇരണിയിൽ എരണിയലും
എരണിയൽ രൂപാന്തരത്തിൽ എറണയുമായി.
കുളം കുത്തിയ പോലെ കിടക്കുന്ന സ്ഥലമായതു കൊണ്ട് എറണാകുളവുമായി!!( ഋഷിനാക കുളമെന്ന നിഷ്പത്തിയും ഉണ്ട്.)

ഭാഷാപരിണാമങ്ങളിൽ പലതും ചരിത്രം,ആചാരം, കാലാവസ്ഥ,ഉച്ചാരണഭേദം ഭാവന തുടങ്ങി
പല ഘടകങ്ങളുടെ സമ്മർദ്ദ ഫലമായി ഉണ്ടായിട്ടുള്ളതാണ്

സരസൻ എടവനക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments