1 പനസം
പനസ = പ്ളാവ്
അതിൻെറ ഫലം പനസം.
കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന അമ്മയെപ്പോല കായ്ചു നിൽക്കുന്ന പ്ളാവുകൾ കേരളത്തിൻെറ ചാരുത.
തോലൻ എന്ന പ്രാചീന കവിയുടെ സുപ്രസിദ്ധമായ ഒരു കവനമുണ്ട്. വേലക്കാരി ചക്കി അല്ലറ ചില്ലറ കളവുകൾ നടത്തുന്നത് തോലൻ കണ്ടു പിടിച്ചു.പത്തായത്തിൽ നിന്നും നെല്ലെടുക്കാൻ തക്കം നോക്കുന്ന ചക്കിയുടെ ഉദ്യമം ചക്കിക്കു മനസ്സിലാവരുതെന്നും വിദുഷിയായ അമ്മ ചിന്തിച്ചെടുത്തുകൊള്ളുമെന്ന ചിന്തയോടെ ഭംഗ്യന്തരേണ തോലൻ പറഞ്ഞു;
“പനസി ദശായാം പാശി”
പനസം ചക്ക, പനസി = ചക്കി
ദശം പത്ത്, ദശായാം = പത്തായത്തിൽ
പാശം കയറ്, പാശി = കയറി
2 വാരുണി
വരുണൻ സമുദ്രദേവനാണ്. വരുണ ദിക്ക്= വാരുണി .
പടിഞ്ഞാറെ ദിക്കെന്നും വരുണ പുത്രി എന്നും മദ്യമെന്നും അർത്ഥം.
പാലാഴി മഥനത്തിൽ ഉയർന്നു വന്നവയുടെ കൂട്ടത്തിൽ മദ്യവുമുണ്ട് ! ഇത് അസുരൻമാർ കൈക്കലാക്കി. അന്നുമുതൽ വാരുണീസേവയും നടപ്പിലായി. അസുരൻമാർ അത് നിർബാധം തുടരുന്നു. ചില സർക്കാരുകളുടെ നിലനിൽപ്പു തന്നെ മേൽപ്പറഞ്ഞ അസുരൻമാരുടെ വാരുണീസേവ അടിസ്ഥാനമാക്കിയാണ്
3 ചാർവാകൻ
ചാരുവായ വാക്യത്തോടു കൂടിയവൻ എന്നു പറയാം.ചാരു = മനോഹരം.
ചാർവാകൻ യുക്തിവാദിയാണ്.
ഓരോന്നിൻെറയും പിന്നിലെ നിയമം അല്ലെങ്കിൽ ചേർച്ച അതുമല്ലെങ്കിൽ കാര്യകാരണ ബന്ധം തെരയുന്നവരത്രെ ഇവർ.
ചാർവാകരുടെ മൗലിക രചനകൾ കണ്ടു കിട്ടിയിട്ടില്ല.പല പരാമർശങ്ങളും ഇവരുടേ തായി കണ്ടു കിട്ടിയിട്ടുണ്ട്; അത്ര മാത്രം.
വൈരാഗ്യത്തെ കുറിച്ചല്ല, ജീവിതം ആസ്വദിക്കാൻ കഴിയുന്നതെങ്ങനെ എന്നാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് എന്ന് ചാർവാകൻ പറയുന്നു. കടം വാങ്ങിപ്പോലും നെയ്യ് സേവിക്കണം. ശരീരത്തെയും ബുദ്ധിയെയും പോഷിപ്പിക്കണം. ജീവിത രസം തെളിമയോടെ ആസ്വദിക്കാൻ കഴിയണം. ഗംഗയിൽ കുളിച്ചാൽ മോക്ഷം കിട്ടുമെങ്കിൽ തവളയ്ക്കാണ് ആദ്യം അതു ലഭിക്കേണ്ടത്. കാരണം അവർ ഗംഗയിലെ സ്ഥിര താമസക്കാരാണ്. അങ്ങനെ പോകുന്നു യുക്തി ചാരുതകൾ …..
യുക്തി വിചാരം ആത്യന്തികമായി ആസ്തിക്യത്തിൽ ചെന്നു പതിക്കാറുണ്ട്.