രാമസ്യ അയനം രാമായണം.രാമൻെറ ജീവിതയാത്രയാണ് വാല്മീകി ആവിഷ്കരിച്ചിട്ടുള്ളത്.
വിധിയും കർമ്മവും അവയുടെ ഫലവും മനുഷ്യനെ അവ്യാഖ്യേയമായ തലത്തിലേക്ക് ഉയർത്തുന്നതായി ഋഷിമാർ ധ്യാന നിമഗ്നതയിൽ നിന്നും മനസ്സിലാക്കി.കർമ്മഫലങ്ങളിൽ അകപ്പെടുന്ന മനുഷ്യനെ ദുഃഖം അലട്ടുകയും സുഖം മത്തു പിടിപ്പിച്ച് അഹംഭാവിയാക്കുകയും ചെയ്യുന്നു. ജീവിതം കൈവിട്ട കളിയായി മാറുമ്പോൾ ദൈവത്തെ ആശ്രയിച്ചേ പറ്റു.ദൈവമാകട്ടെ എവിടെയും എന്നും എല്ലാറ്റിനും ഉള്ളിൽ നിലകൊള്ളുന്ന അരൂപിയായ ചൈതന്യം.ആ ചൈതന്യത്തെ ആശ്രയിച്ച് ജീവിക്കുന്നതാണ് ഭാരതീയമായ കാഴ്ചപ്പാട്.
സത്വം ,രജസ്സ് ,തമസ്സ് എന്നീ ഗുണങ്ങൾ മനുഷ്യ സ്വഭാവത്തെ നിർണ്ണയിക്കുന്നതായും ആർഷചിന്ത കണ്ടെത്തി.
രാമായണത്തിൽ സത്വ രജോ തമോഗുണ മേളനം സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ടെന്നു തോന്നുന്നു.
അയോദ്ധ്യ, കിഷ്കിന്ധ്യ, ലങ്ക.
കൗസല്യ കൈകേയി സുമിത്ര.
ഹനുമാൻ ബാലി സുഗ്രീവൻ .
രാവണൻ,കുംഭകർണ്ണൻ ,വിഭീഷണൻ
യോധനം ചെയ്തു കീഴടക്കാനാവാത്ത സ്ഥലമാണ് അയോദ്ധ്യ !!!!
സാത്വികതയുടെ വിളനിലം.ഒരു ദുഷ്ട കഥാപാത്രത്തെയും മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.
“ങേ ! കൈകേയിയോ ?”
കൈകേയി ദുഷ്ട പാത്രമാകുന്നതെങ്ങനെ ?
സുന്ദരി.ക്ഷത്രഗുണം തികഞ്ഞവൾ.യുദ്ധക്കളത്തിൽ ഭർത്താവിനെ സഹായിക്കാൻ കഴിയുന്ന ശൗര്യമുള്ളവൾ!ഭർത്താവിനെ ശയനേഷു തൃപ്തയാക്കുന്നവൾ ! പതിവ്രത .ഭർത്താവിന്റെ മറ്റു ഭാര്യമാരോട് പോരടിക്കാത്തവൾ ! രാമനെ ഭരതനെക്കാൾ സ്നേഹിക്കുന്നവൾ !
ഒരേസമയം പത്തു ദിക്കിലേക്ക് jരഥം പായിച്ച് പട പൊരുതാൻ കരുത്തുള്ളവനായ ദശരഥൻ
ഒരു സന്നിഗ്ദ്ധ സന്ദർഭത്തിൽ രണ്ടു വരം നൽകാമെന്നു പറഞ്ഞപ്പോൾ ,” പിന്നെ ആവശ്യപ്പെട്ടോളാം ” എന്ന് ഉദാസീനത കാണിച്ചവൾ.
( ഇതിനൊക്കെ വരം തരേണ്ടതുണ്ടോ ഭർത്താവേ ? ഭാര്യയുടെ കടമയല്ലേ ഞാൻ ചെയ്തത് ! ) എന്ന് കൈകേയിയുടെ cool സ്വഗതം .
രാമനെ
“വനവാസത്തിനയച്ച നീചയല്ലേ?”
” അത് മന്ഥരയുടെ പ്രേരണയാൽ സംഭവിച്ചതാണ് .അവൾ
ക്രൂരനായ പിശാചിനി തന്നെയാണ് .സാത്വികത ലവലേശം ഇല്ലാത്തവളാണ് ”
” ഹേയ്, അയോദ്ധ്യയിൽ ഉള്ളവരൊക്കെ സാത്വികരാണെന്നു പറഞ്ഞിട്ട് ?”
” കൈകേയിക്ക് കുട്ടിക്കാലം മുതൽ കിട്ടിയ ദാസിമാരിൽ ഒരുവളാണ് മന്ഥര . ത്രിവക്ര, അതായത് മൂന്നു കൂനുള്ളവൾ.ബുദ്ധി വളഞ്ഞ മന്ഥരയെ കൈകേയിയുടെ കൂടെ പിതാവ് അയച്ചതാണ്. അവൾ കേകയ രാജ്യത്തുള്ളവൾ.കൂനുള്ള കൈകേയി കൂനില്ലാത്ത കൈകേയിയുടെ മനസ്സ് കുമാർഗ്ഗത്തിലൂടെ നയിച്ചപ്പോൾ രാമായണ കഥ മാറി മറിഞ്ഞു.കൈകേയിയില്ലെങ്കിൽ രാമായണമില്ല.
ആളുകളെ അവരുടെ വാക്കുകളെ നിതാന്ത ജാഗ്രതയോടെ നേരിടൂ എന്ന് ഋഷി ഉപദേശിക്കുന്നു.
മന്ഥരയുടെ കുത്സിതമായ വാക്കുകൾ കൈകേയിയെ മാറ്റി മറിച്ചു.രാമൻ രാജാവായാൽ കൗസല്യ യെന്ന രാജമാതാവിനായിരിക്കും അധികാരം.ബന്ധു
ബലമില്ലാത്ത നിന്നെ വധിച്ചെന്നും വരാം.ആപത്തു വരും വേളയിൽ കിടന്നുറങ്ങാതെ സ്വരക്ഷ നോക്കാൻ പറഞ്ഞും ഭയം ഇളക്കിവിട്ടും മന്ഥര കൈകേയിയുടെ മനസ്സ് മഥനം ചെയ്തു.
അയോധ്യയിലെ വിഷമാണ് മന്ഥര !!!!
അവൾ ഉത്തമയായ തോഴിയാണ്.തൻെറ സ്വാമിനിക്ക് നേട്ടം കൊയ്യുന്നവൾ.
( കൂനി കൊട്ടാരത്തിനു മുകളിൽ കയറിയപ്പോൾ വീടുകളും പാതകളു മൊക്കെ ആളുകൾ തിടുക്കത്തിലും ഉത്സാഹത്തിലും അലങ്കരിക്കുന്നതു കണ്ടു.തിരക്കി.
” നാളെ പുലർകാലെ രാമന് അഭിഷേകം.”
വാർത്തയറിഞ്ഞതും പാഞ്ഞ് കൈകേയീസവിധത്തിലെത്തിയതും എങ്ങനെയെന്ന്
മന്ഥരയ്ക്ക് ഇന്നുമറിയില്ല !!!
വൃത്താന്തം അറിയിച്ച തോഴിക്ക് ചാമീകര നൂപുരം സമ്മാനമായി നൽകിയ കൈകേയിയെ മാറ്റി മറിച്ച വൈഭവമേയ്….
ഇത്തരം ഭൃത്യരുള്ള പല വീടുകളും ഭരിക്കുന്നത് അവരാണ്!!
ലങ്ക പൂർണ്ണമായും തിന്മയുടെ വിളനിലമല്ല.
അവിടെയും വേദമന്ത്രങ്ങൾ ചൊല്ലാൻ രാവണനും വിഭീഷണനുമുണ്ട്.പണ്ഡിതനായ രാവണൻ കാമത്തിനും ലോഭത്തിനും അടിമപ്പെട്ട് നശിച്ചു.
നിതാന്ത ബ്രഹ്മനിഷ്ഠ ഉണ്ടാവണമെന്ന് വിഭീഷണൻ ആഗ്രഹിച്ചു.
ബലശാലിത്വം ബാലിയെ അഹങ്കാരിയും ക്രുദ്ധനുമാക്കി.അവൻെറ ദർപ്പം മഹർഷിമാരുടെ ശാന്തി ഭഞ്ജിച്ചു.
രാമായണത്തിലെ ഓരോ കഥാപാത്രത്തിനും മൂല്യബോധം നൽകുന്ന വ്യക്തിത്വമുണ്ട്.ജീവിതത്തെ മൂല്യവത്താക്കുന്ന രാമായണവും മഹാഭാരതവും അതുല്ല്യ രചനകളായി ലോകസാഹിത്യത്തിൽ എന്നും വിരാചിക്കും.
രാ…. മായണം ,രാവ് മായണം എന്ന അർത്ഥം രാമായണത്തിന് ഇല്ല തന്നെ.
രാവും പകലുമല്ല ,ജീവിതപ്പാതയാണ് , സത്യമാണ്, അതിന്റെ അനുഷ്ഠാനമായ ധർമ്മമാണ് രാമായണത്തിന് പ്രധാനം.അത് സീതായനം കൂടിയാണ്….
“ധർമ്മാർത്ഥകാമ മോക്ഷാണാം
ഉപദേശസമന്വിതം
പൂർവ്വവൃത്തം കഥായുക്തം
ഇതിഹാസം പ്രചക്ഷതേ”
എന്നാണ് ഇതിഹാസത്തിന് ബ്രഹ്മർഷി വ്യാസൻ നൽകിയിട്ടുള്ള നിർവ്വചനം. ധർമ്മം അർത്ഥം കാമം മോക്ഷം എന്നിവ ഉപദേശിക്കുന്നതിനു വേണ്ടി മുൻപു നടന്നിട്ടുള്ള കാര്യങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്നതിനാണ് ഇതിഹാസം എന്നു പറയുന്നത്. ഇത് ആദികാവ്യമായ രാമായണത്തിനും ചേരും.
മാർഗ്ഗം
മൃഗത്തിനും മാർഗ്ഗത്തിനും ബന്ധമുണ്ട്.
മൃഗം ഇര തേടുന്ന ,അങ്ങനെ ഇര തേടാൻ നടന്നു തെളിയുന്ന ഇടമാണ് മാർഗ്ഗം.
മാർഗ്ഗം = വഴി
അത്തരം മാർഗ്ഗങ്ങൾ ആദിമ മനുഷ്യൻ ഇര തേടാൻ ഉപയോഗിച്ചു. സഞ്ചാരപഥങ്ങൾ വികസിച്ച് രാജപാതകൾ വരെയുണ്ടായി.