‘ഗോപാലകൃഷ്ണൻ മാഷേ,
മാഷിന്റെ പ്രണയിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ?..’
മാനത്ത് തെളിഞ്ഞുവരുന്ന നക്ഷത്രങ്ങളിൽ നിന്നും കണ്ണെടുക്കാതെ അരവിന്ദൻ മാഷ് ചോദിച്ചു.
‘ങേ.. മാഷിനും പ്രണയം ഉണ്ടോ?..’
സദാനന്ദൻ മാഷ് അത്ഭുതത്തോടെ ചോദിച്ചു.
‘അതൊക്കെ ഒരു കഥയാണെടോ…’
ആരൊക്കെയോ പുഴയിലേക്ക് എടുത്തുചാടുന്ന ശബ്ദം …
ചെറുപ്പക്കാരും കുട്ടികളും
ആർത്തുല്ലസിച്ച് വെള്ളത്തിൽ കുത്തിമറയുന്നു…
തണുത്ത കാറ്റ് മുഖത്തെ തഴുകി കടന്നു പോയി. കഷണ്ടി കയറിത്തുടങ്ങിയ തലയിൽ മെല്ലെ തലോടി ഗോപാലകൃഷ്ണൻ മാഷ് കണ്ണുകൾ ഇറുക്കി അടച്ചു.
മനസ്സ് നാലുവർഷം പിന്നോട്ടോടി. അന്നൊരു ഞായറാഴ്ചയായിരുന്നു . നഗരത്തിലെ ചൂടിൽ നിന്നും രക്ഷ നേടാൻ താനും വാസന്തിയും കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ എത്തി..
ഏതോ ഇംഗ്ലീഷ് ചിത്രം..
നൂൺ ഷോ ആയതുകൊണ്ടാവാം തീയേറ്ററിനുള്ളിൽ വളരെ കുറച്ചുപേർ മാത്രം! ബാൽക്കണിയുടെ മൂലയിലുള്ള സീറ്റിൽ രണ്ടു പേരും ഇരുന്നു.
സിനിമ ആസ്വദിച്ച് കാണുന്നതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലോ, താൻ…!
ഒന്നരമണിക്കൂർ എങ്ങനെയോ കടന്നു പോയി.
തിയേറ്ററിന് പുറത്തിറങ്ങി ആദ്യം കണ്ട റിക്ഷക്കു കൈ കാണിച്ചു.
‘ചേട്ടാ ബീച്ച്……’
റിക്ഷ ആകാശവാണിയുടെ മുന്നിലുള്ള ബീച്ചിൽ പെട്ടെന്ന് എത്തിയത് പോലെ തോന്നി.
ബീച്ചിലെ കാറ്റാടി മരങ്ങൾ കാറ്റിൽ ആടിയുലഞ്ഞു..
കാറ്റാടി മരത്തിന്റെ പോളകളിൽ നഖം കൊണ്ട് ചുരണ്ടിക്കൊണ്ട് അവൾ കടലിലേക്ക് നോക്കി നിന്നു
‘ഇവിടെ ഇരുന്നാലോ… ‘
‘ഉം..’
രണ്ടുപേരും കാറ്റാടി മരത്തിന്റെ ചുവട്ടിൽ കടലിന് അഭിമുഖമായി ഇരുന്നു .
ഇരമ്പിക്കയറുന്ന കടലുപോലെ തൻ്റെ ഉള്ളിലേക്ക് ചിന്തകൾ പാഞ്ഞു കയറി.
മെല്ലെ അവളുടെ കൈ പിടിച്ചിട്ട് പറഞ്ഞു..
‘വാസന്തി, ജീവിതം എന്നുപറയുന്നത് ഒരു യാത്രയാണ്. ഏതോ ഒരു വഴിത്തിരിവിൽ മനുഷ്യന് അവൻ്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടും..
ഞാനിപ്പോൾ ഏതാണ്ട് ഒരു ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.
എനിക്ക് വേണമെങ്കിൽ എൻ്റെ ഹൃദയത്തിലേക്ക് തിരിഞ്ഞു നോക്കാം ..
പക്ഷേ, ഇപ്പൊൾ എനിക്കതിനു കഴിയില്ല. തിരിഞ്ഞ് നോക്കിയാൽ അതിനകത്ത് മുഴുവൻ നീ മാത്രമാണ് എന്ന സത്യം എന്നെ വിഷമത്തിലാക്കും . മറ്റുള്ളവരെ ദുഃഖത്തിലാഴ്ത്തുകയും ചെയ്യും….
ഒരിക്കൽ ഞാൻ തന്ന ആ പഴയ വാക്കുകൾ ഞാൻ തന്നെ മറന്നിരിക്കുന്നു. അമ്മയും അച്ഛനും പെങ്ങമ്മാരും എന്റെ ചുമലിൽ തൂങ്ങുന്നു. ഇപ്പോൾ എനിക്ക് തരാൻ കഴിയുക പുതിയ വാക്കുകളാണ്..
വാസന്തീ…..
നീ ചെറുപ്പമാണ്…….
നല്ലൊരു ഭാവി നിന്റെ മുന്നിലുണ്ട്. അതുകൊണ്ട്…?
‘വേണ്ട ഒന്നും പറയണ്ട… ,
പക്ഷേ ഒന്നുണ്ട് …
എനിക്കിനി ഒരു ജീവിതം വേണ്ട.’
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …
ആ കണ്ണുകളിൽ തന്റെ പ്രതിബിംബം ചിതറിപ്പോകുന്നത് മാഷ് കണ്ടു. പെട്ടെന്ന്
അവളുടെ കണ്ണുകളിൽ നിന്നും മാഷിന്റെ കണ്ണുകൾ തെന്നിമാറി കാറ്റാടി മരങ്ങളെ തഴുകി കടന്നു പോയി.
അവൾ കുറെ നേരം കടലിലെ തിരമാലകളെ നോക്കിനിന്നു.
പിന്നെ എന്തോ മനസ്സിൽ നിശ്ചയിച്ചുറപ്പിച്ച പോലെ കടൽ തീരത്ത് കൂടി അവൾ നടന്നു പോയി.
അവൾ അകന്നു പോകുന്നതും നോക്കി ഗോപാലകൃഷ്ണൻ മാഷ് നിന്നു …..
‘മാഷേ, മാഷ് എന്താ ഒന്നും മിണ്ടാത്തത് ?
എത്ര നേരമായി മാനത്ത് നോക്കി കിടക്കുന്നു …! ‘
ഗോപാലകൃഷ്ണൻ മാഷ് ചിന്തയിൽ നിന്നും പിടഞ്ഞുണർന്നു. സന്ധ്യയുടെ കറുപ്പ് ഏറി വന്നു. ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കൂടി വന്നു .
‘നമുക്ക് കുളിച്ചാലോ..?
സമയം ഒത്തിരിയായി…’
മാഷ് മുണ്ട് മാറ്റി തോർത്തുടുത്ത് പതിയെ പുഴയിലേക്ക് ഇറങ്ങി.. വെള്ളത്തിൽ മുങ്ങി…
മാഷിൻ്റെ കണ്ണുനീർ പുഴയിൽ അലിഞ്ഞു ചേർന്നു.