തിളയ്ക്കുന്ന വെയിലിന് ശമനം വന്നു തുടങ്ങി.
‘ഒന്ന് മുങ്ങി കുളിച്ചിട്ട് എത്ര നാളായി!
നമുക്കൊന്ന് പുഴയിൽ പോയാലോ….? ‘
അടുത്ത മുറിയിലെ അരവിന്ദൻ മാഷാണ്..
‘ഞാൻ എപ്പോഴേ റെഡി…..
സദാനന്ദൻ മാഷ് പറഞ്ഞു.
‘ഇപ്പോഴേ പോകണോ?
സമയം അഞ്ചുമണി ആയതല്ലേ ഉള്ളൂ….?’
രാജേന്ദ്രൻ മാഷ് ചോദിച്ചു.
അപ്പോഴേക്കും ഗോപാലകൃഷ്ണൻ മാഷ് സോപ്പ് പെട്ടിയും തോർത്തും എടുത്ത് ഇറങ്ങിക്കഴിഞ്ഞു . അടുത്ത ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ് അദ്ദേഹം.
ഇരുപത് മിനിറ്റ് നടക്കണം പുഴയിലേക്ക്… നാലുപേരും കൂടി ചെമ്മൺ പാതയിലൂടെ അന്നത്തെ സ്കൂൾ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് നടന്നു. ഒരു ബജാജ് ചേതക് സ്കൂട്ടർ പൊടി പറത്തിക്കൊണ്ട് കടന്നുപോയി..
‘അത് നമ്മുടെ അബ്ദുക്കായുടെ മകൻ അബു അല്ലേ ഗൾഫുകാരൻ..?’
അരവിന്ദൻ മാഷ് ചോദിച്ചു..
‘അതെ നാലു വർഷം മുമ്പാണ് പത്താം ക്ലാസ് കഴിഞ്ഞു പോയത്..
എൻ്റെ ക്ലാസ്സിൽ ആയിരുന്നു.
ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു.
റോഡിൽ കളിച്ചുകൊണ്ടിരുന്ന ചില കുട്ടികൾ വീടിനുള്ളിൽ ഓടിയൊളിച്ചു. ചില കുട്ടികൾ വീടിന്റെ തൂണിന്റെ പിറകിൽ മറഞ്ഞുനിന്ന് ഒളിഞ്ഞുനോക്കി.
‘മാഷന്മാര് കുളി കുളിക്കാൻ പൂവ്വായിരിക്കും അല്ലേ..?’
നാട്ടുകാരിൽ ചിലർ കുശലാന്വേഷണവുമായി വന്നു.
‘ങാ… നാളെ അവധിയല്ലേ.. പുഴയിൽ പോയി ഒന്നു മുങ്ങിക്കുളിക്കാം എന്ന് വിചാരിച്ചു..’..
രാജേന്ദ്രൻ മാഷാണ് ഉത്തരം പറഞ്ഞത്.. വഴിയരികിലുള്ള പലചരക്കു കടയുടെ വരാന്തയിലും മറ്റും ഇരുന്നവരിൽ ചിലർ ബഹുമാനപൂർവ്വം എഴുന്നേറ്റ് നിന്നു…
ചില കുട്ടികൾ പഴയ സൈക്കിൾ ടയർ റോഡിലൂടെ ഉരുട്ടി കളിക്കുന്നുണ്ട്…
‘നിങ്ങൾ നടന്നോളിൻ ഞാൻ രണ്ട് വീടുകളിൽ കയറിയിട്ട് വേഗം വരാം…’
ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു.
ഗോപാലകൃഷ്ണൻ മാഷ് അങ്ങനെയാണ് ..
സ്കൂൾ സമയം കഴിഞ്ഞാൽ മാഷും കുട്ടികളും കൂട്ടുകാരായി മാറും .
ദൂരെയുള്ള കുട്ടികളെ വീടുകളിൽ കൊണ്ടുവിടാനും മാഷ് സമയം കണ്ടെത്തും…
അവധി ദിനങ്ങളിൽ കുട്ടികളുടെ വീടുകൾ മാഷ് സന്ദർശിക്കാറുണ്ട് .
കുട്ടികളുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കുന്നത് അവരുടെ പഠന മികവ് മെച്ചപ്പെടാൻ ഉപകരിക്കും, എന്നാണ് മാഷുടെ പക്ഷം.
പരന്നൊഴുകുന്ന ചാലിയാർ പുഴയുടെ മനോഹര കാഴ്ചകൾ ദൂരെ നിന്നേ കാണാം…
പുഴയോരക്കാഴ്ചകൾ കണ്ടു നിന്നപ്പോഴേക്കും ഗോപാലകൃഷ്ണൻ മാഷ് കുട്ടികളുടെ വീട് സന്ദർശിച്ച ശേഷം തിരിച്ചെത്തി…
‘വീട്ടുകാർ ശരിക്കും സൽക്കരിച്ചുവിട്ടോ മാഷേ…..’
‘പിന്നേ, പോയ രണ്ടു വീട്ടുകാരും മത്സരിച്ചാണ് സൽക്കരിച്ചത്…
നമ്മൾ അവരുടെ വീടുകളിൽ ചെല്ലുമ്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്….
അനീഷ രണ്ടു ദിവസമായി സ്കൂളിൽ വന്നിട്ട്..
ഒന്ന് അന്വേഷിക്കാം എന്ന് കരുതി…
അവിടെ വരെ പോയപ്പോൾ തൊട്ടടുത്ത ജയയുടെ വീട്ടിലും കയറി എന്ന് മാത്രം….’
മണലിലൂടെ നടന്നുകൊണ്ട് ഗോപാലകൃഷ്ണൻ മാഷ് പറഞ്ഞു..
‘കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ…’
സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ കൂടിയായ അരവിന്ദൻ മാഷ് പറഞ്ഞു.
‘ഓ.. ഇനി, അരവിന്ദൻ മാഷ് ചാലിയാറിന്റെ ചരിത്രവും, ഭൂമി ശാസ്ത്രവും കൂടി വിളമ്പി തുടങ്ങും.’
ഗോപാലകൃഷ്ണൻ മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
‘മാഷേ, ങ്ള് എച്. എസ്. എ. മലയാളം അല്ലേ?
സാഹിത്യമഞ്ജരിയും, ആട്ടക്കഥാ സാഹിത്യവും, രാമായണവും , മഹാഭാരതവും ഒക്കെ അരച്ച് കലക്കി കുടിച്ച ആള്!
സോഷ്യൽ സ്റ്റഡീസ് അത്ര മോശം വിഷയം ഒന്നുമല്ല…
മനുഷ്യനെ വെറുതെ കളിയാക്കരുത് കേട്ടോ..’
‘അയ്യോ … മാഷ് അത് സീരിയസായി എടുത്തോ? ഞാനൊരു തമാശ പറഞ്ഞതല്ലേ മാഷേ?
ക്ഷമിച്ചു കള ..
‘ ഓ ശരി… ശരി…’
‘കേട്ടോ സദാനന്ദൻ മാഷേ, തമിഴ്നാട്ടിലെ നീലഗിരി മലകളിൽ നിന്നും ഉൽഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന ചാലിയാർ കൂടുതൽ ഭാഗവും മലപ്പുറം ജില്ലയിലൂടെയാണ് ഒഴുകുന്നത്…..’
അരവിന്ദൻ മാഷ് ചാലിയാറിന്റെ സവിശേഷതകൾ പറഞ്ഞുകൊണ്ടേയിരുന്നു….
‘വർഷകാലത്ത് ഇരുകരകളും കവിഞ്ഞ് രൗദ്രഭാവം പൂണ്ട് ഒഴുകുമ്പോഴും പുഴ നമ്മെ മോഹിപ്പിക്കുന്നുണ്ട് . എന്നാൽ വേനൽക്കാലത്ത് ശാന്തമായി ഒഴുകുന്ന ചാലിയാർ അതിസുന്ദരിയാണ്…!
ആരും നോക്കി നിന്നു പോകും !
പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങുകളും കവുങ്ങുകളും…..
അത് പുഴയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
അധികം ഒഴുക്കില്ലാത്ത ഭാഗത്ത് നോക്കിയാൽ വെള്ളത്തിൽ തെങ്ങുകളുടെയും, കവുങ്ങുകളുടേയും നിഴലുകൾ കാണാം. ഒറ്റനോട്ടത്തിൽ കണ്ടാൽ ഇവ പാമ്പുകൾ ചുറ്റുപിണഞ്ഞു കിടക്കുന്ന പോലെ തോന്നും .
കുളിക്കടവിൽ നിന്നും കുറച്ച് മാറി മണൽപ്പുറത്ത് നാലുപേരും ഇരുന്നു. ഒരു ഫുട്ബോൾ മൈതാനത്തിനേക്കാള്‍ നീളത്തിൽ മണൽ പരന്നുകിടക്കുന്നു,
നല്ല പഞ്ചാര മണൽ …
‘മോളി ടീച്ചറിന്റെ കത്ത് വരാറുണ്ടോ മാഷേ?
ഗോപാലകൃഷ്ണൻ മാഷാണ്.. എന്തു പറയണം എന്നറിയാതെ സദാനന്ദൻ മാഷ്
പരുങ്ങി.
‘ങാ.., ഇടയ്ക്ക് വരും, പക്ഷേ,
ഇപ്പോൾ വരുന്ന കത്തുകളിലെ വാചകങ്ങൾക്ക് മധുരം കുറവാണ്.’
‘ഒന്ന് ചോദിക്കട്ടെ, ശരിക്ക് പറഞ്ഞാൽ മാഷിന് മോളിയോട് പ്രണയം ഉണ്ടായിരുന്നോ..?’
അതോ സ്നേഹം ആയിരുന്നോ?
‘പ്രണയവും സ്നേഹവും ഒന്നല്ലേ ?
‘ആരു പറഞ്ഞു ഒന്നാണെന്ന് ?ഒരിക്കലും അല്ല, പ്രണയത്തിൽ എല്ലാം സ്നേഹമുണ്ട്, പക്ഷേ സ്നേഹത്തിൽ എല്ലാം പ്രണയം ഉണ്ടായിരിക്കണമെന്നില്ല.
ഒരാളുടെ ജീവിതത്തിൽ ഒരാളോടു മാത്രമേ യഥാർത്ഥ പ്രണയം ഉണ്ടാവു..
ഒരേസമയം ഒന്നിലധികം ആളുകളോട് തോന്നുന്നതും, ഒന്ന് കഴിഞ്ഞാൽ അധികം താമസിയാതെ മറ്റൊന്നിനോട് തോന്നുന്നതും യഥാർത്ഥ പ്രണയം ആയിരിക്കില്ല..’
‘ഒരു സ്ത്രീ എങ്ങനെയാണ് പ്രണയത്തിൽ വീഴുന്നത് എന്ന് അറിയാമോ..? ഗോപാലകൃഷ്ണൻ മാഷ് ചോദിച്ചു.
‘ഇല്ല..’
‘ഒരു സ്ത്രീ പ്രണയത്തിൽ വീഴുന്നത് അവളുടെ കാതുകളിലൂടെയാണ് ,
അതായത് പുരുഷനിൽ നിന്നും ലഭിക്കുന്ന ഓരോ വാക്കും അവൾക്കു അമൃത് പോലെ ആനന്ദമാണ്… അതാണ് അവരെ ഉല്ലാസവതികൾ ആക്കുന്നത്..
പക്ഷേ , പുരുഷന്മാർക്ക് അങ്ങനെയല്ല . അവർക്ക് കാഴ്ചയാണ് പ്രധാനം….’
‘എല്ലാ പുരുഷന്മാരും അങ്ങനെയല്ല മാഷേ…
ആത്മാർത്ഥതയുള്ള പുരുഷന്മാർ ധാരാളം ഉണ്ട്. അവർ ഒരു സ്ത്രീക്കേ, വാക്ക് കൊടുക്കൂ. വാക്ക് കൊടുത്താൽ ജീവിതാ വസാനം വരെ അത് പാലിക്കുകയും ചെയ്യും. കാരണം , അവരുടെ പ്രണയം തീവ്രമായിരിക്കും..
സ്ത്രീകളെ കെയർ ചെയ്യുന്ന ധാരാളം പുരുഷന്മാർ ഉണ്ട് മാഷേ.
അത് വിട്, നമ്മൾ തർക്കിക്കാൻ നോക്കിയാൽ ഇന്നെങ്ങും ഈ വിഷയം ചർച്ച ചെയ്ത് തീരില്ല…
അല്ലാ അരവിന്ദൻ മാഷേ,
മാഷിന് പെണ്ണ് കെട്ടാൻ പ്ലാൻ ഇല്ലേ ? മുപ്പത് കടന്നില്ലേ പ്രായം?
‘പെണ്ണ് കെട്ടാനോ..? ഞാനോ ..? എൻ്റെ നിലപാടിൽ ഒരു മാറ്റവും ഇല്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്വാതന്ത്ര്യം നഷ്ടമാകുന്ന ഒരു പ്രവർത്തിയും ഞാൻ ചെയ്യില്ല.
‘സ്ത്രീ ഒരു ആളിൽ സംതൃപ്ത അല്ല, അവളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ തെറ്റാണ് കല്യാണം’,
എന്ന് ഓഷോ പറഞ്ഞിട്ടുണ്ട്.
‘ ലോകത്തിലെ സകല സ്ത്രീകളേയും വേണം എന്നാണ് പുരുഷന് …,
അങ്ങനെ ആയാലും അവന് തൃപ്തി ആവില്ല ,
എന്നും ഓഷോ പറഞ്ഞിട്ടുണ്ട് ..’
സദാനന്ദൻ മാഷും വിട്ടു കൊടുത്തില്ല.
‘എന്റെ ഇഷ്ടാ ഒന്നു നിർത്തുന്നുണ്ടോ ഈ പെണ്ണ് പുരാണം… കുറെ നേരമായി രണ്ടാളും കൂടി തുടങ്ങിയിട്ട്..
എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്..’
ഇത്രയും നേരം നിശബ്ദത പാലിച്ച രാജേന്ദ്രൻ മാഷ് പൊട്ടിത്തെറിച്ചു.
‘വെറുതെ ഒരു നേരം പോക്ക്
അല്ലേ മാഷേ ഇതൊക്കെ…’
അരവിന്ദൻ മാഷ് പറഞ്ഞു…
അപ്പോഴും മോളിയെക്കുറിച്ചുള്ള ഓർമ്മകൾ സദാനന്ദൻ മാഷിനെ അസ്വസ്ഥമാക്കി….
കുഞ്ഞോളങ്ങളിൽ ചെഞ്ചായം പൂശി സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ആഴ്ന്നിറങ്ങി. പഞ്ചാരമണലിൽ മലർന്നുകിടന്ന് അവർ മാനത്ത് നോക്കി ..
നക്ഷത്രങ്ങൾ അവരെ നോക്കി കണ്ണു ചിമ്മി.
( തുടരും..)