Logo Below Image
Monday, July 7, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം. 51) 'അരണ്യം' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം. 51) ‘അരണ്യം’ ✍ സജി ടി. പാലക്കാട്

ഉച്ച ഭക്ഷണം കഴിഞ്ഞ് രണ്ടുപേരും ബസ്റ്റോപ്പിലേക്ക് നടന്നു. കയറ്റം കയറുന്നതുപോലെയല്ല ഇറക്കം. പാറപ്പുറത്ത് കൂടി താഴേക്ക് ഇറങ്ങാൻ നന്നേ പ്രയാസപ്പെട്ടു. നല്ല വെയിൽ. രണ്ടുപേരും ഒരു കടയുടെ വരാന്തയിൽ കയറി നിന്നു.
ഇടയ്ക്ക് കൊഴിഞ്ഞാമ്പാറ, ഗോപാലപുരം എന്നിങ്ങനെ ബോർഡ് വെച്ച് പല ബസ്സുകളും വന്നെങ്കിലും കയറിയില്ല.

“ദാ നമ്മുടെ ബസ് വരുന്നുണ്ട്.”

ചന്ദനക്കളറുള്ള ഒരു ബസ് ദൂരെ നിന്നും വരുന്നത് കണ്ടപ്പോഴേ ശിവദാസൻ മാഷ് പറഞ്ഞു. പൊള്ളാച്ചി എന്ന് സ്ഥലനാമം രേഖപ്പെടുത്തിയ എൻ. ടി.പി ബസ് സ്റ്റോപ്പിൽ വന്നുനിന്നു. ബസ്സിൽ നിന്നും ആരും ഇറങ്ങുവാൻ ഉണ്ടായിരുന്നില്ല. മുൻവശത്തെ വാതിലിലൂടെ രണ്ടുപേരും അകത്തു കയറി. രണ്ടു സ്ഥലത്തായി സീറ്റിൽ അവർ ഇരുന്നു.

ബസ് കുറച്ചു ദൂരം പിന്നിട്ടതും റോഡിന് ഇരുവശങ്ങളിലും വീടുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ള വീടുകൾ ആവട്ടെ വളരെ ചെറുതും. കൊഴിഞ്ഞാമ്പാറ സ്റ്റാൻഡിൽ നിന്നും കുറെ പേർ ബസ്സിനുള്ളിൽ കയറി. കൂടുതലും സ്ത്രീകളാണ്. അവർ തമിഴിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഓരോരുത്തരുടേയും കൈയിൽ വലിയ കുട്ടകളുണ്ട്.

ഗോപാലപുരം ചെക്ക് പോസ്റ്റ് കഴിഞ്ഞതും വണ്ടി തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചു. പുളിമരങ്ങൾ മേൽപ്പന്തലിട്ട റോഡുകൾ. റോഡിന് ഇരുവശവും തെങ്ങിൻതോപ്പുകൾ വരിവരിയായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. തമിഴ്നാട് ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ബസ് അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ഇടയിൽ ഒന്നോ രണ്ടോ കേരള ട്രാൻസ്പോർട്ട് ബസ്സും കടന്നുപോയി.

പൊള്ളാച്ചിയോട് അടുക്കുംതോറും കെട്ടിടങ്ങളുടെഎണ്ണം കൂടി വന്നു. വമ്പൻ കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല,പക്ഷേ കേരളത്തിൽ നിന്ന് വ്യത്യസ്തമായ കെട്ടിടങ്ങൾ ആയിരുന്നു എല്ലാം. ചെറിയ ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. സ്ഥാപനങ്ങളുടെയും കടകളുടെയും പേരുകൾ തമിഴ് ആയിരുന്നതിനാൽ വായിക്കുവാൻ നന്നേ പ്രയാസപ്പെട്ടു.

അഞ്ചുമണിയോടെ ബസ് പൊള്ളാച്ചി സ്റ്റാൻഡിൽ എത്തി.

“ഇനിയെങ്ങോട്ടാ മാഷേ?”

“താൻ വരൂ…”

പാതയോരത്തു കൂടെ അവർ നടന്നു. പലതരം കടകൾ. പക്ഷേ,കൂടുതലും ചെറിയ ചെറിയ തുണി കടകൾ ആയിരുന്നു. നടന്നുനടന്ന് അവസാനം ഒരു ലോഡ്ജിന്റെ മുൻപിൽ എത്തി.

“ഇതെന്താ ഇവിടെ…?”

“ഇന്ന് നമ്മൾ ഇവിടെയാണ്….”

“ഒരു ഡബിൾ റൂം…”

റിസപ്ഷൻ മാനേജരോട് മാഷ് പറഞ്ഞു. മാഷ് രജിസ്റ്ററിൽ ഒപ്പുവച്ചു. കുറച്ചു രൂപയും കൊടുത്തു.
ഒരാൾ അവരെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീതിയുള്ള വലിയ രണ്ട് കട്ടിലുകൾ വെള്ള ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്. ഒരു മേശയും രണ്ട് കസേരയും റൂമിൽ ഉണ്ട്. സദാനന്ദൻ മാഷ് ബെഡ്ഡിൽ ഇരുന്നു.. ശരിക്കും താണുപോയി! എത്ര സോഫ്റ്റ്! നല്ല സ്പോഞ്ച് ബെഡ്….!
മുറിയിൽ നിന്നും പുറത്തേക്ക് തുറക്കുവാനുള്ള ജനൽ ഉണ്ടായിരുന്നില്ല. മുകളിലായി വെന്റിലേറ്റർ ഉണ്ട്. വാതിൽ തുറന്നാൽ വരാന്ത. സദാനന്ദൻ മാഷ് വരാന്തയിലൂടെ പുറത്തേക്ക് ഇറങ്ങി. കുറച്ചുനേരം റോഡിലെ കാഴ്ചകൾ കണ്ടുനിന്നു. മഞ്ഞനിറമുള്ള ഓട്ടോറിക്ഷയും കുതിരവണ്ടികളും റോഡിലൂടെ പോകുന്നുണ്ട്. കുതിര വണ്ടികൾ ആദ്യമായിട്ട് കാണുകയാണ്. ആളുകൾ എല്ലാവരും തന്നെ പാന്റ്സ് ആണ് ധരിച്ചിരിക്കുന്നത്. മുണ്ടുടുത്ത ആരെയും കണ്ടില്ല. ഇതെന്താണ് ഈ നാട്ടിൽ മുണ്ടിന് വിലക്കുണ്ടോ…. . ലോഡ്ജിനോട് ചേർന്ന പെട്ടിക്കടയിൽ നിലക്കടല പുഴുങ്ങുന്നുണ്ട്. കുറച്ച് നിലക്കടല വാങ്ങണമെന്നുണ്ട് പക്ഷേ എങ്ങനെ പറയും. അടുത്തുചെന്ന് വിരൽ ചൂണ്ടി ഒന്ന് എന്ന് പറഞ്ഞു. അയാൾ തിരിച്ച് എന്തോ ചോദിച്ചു. സദാനന്ദൻ മാഷ് 5രൂപ കൊടുത്തു. കടക്കാരൻ മൂന്നു രൂപ തിരിച്ചു തന്നു. കടലയും വാങ്ങി റൂമിനുള്ളിലേക്ക് എത്തിയപ്പോൾ ഹെഡ്മാസ്റ്റർ കിടക്കുകയായിരുന്നു.

“നാളെ പുലർച്ചെ നാലുമണിക്ക് എണീക്കണം. അഞ്ചു മണിയുടെ ബസ്സിൽ നമുക്ക് പോകണം..”

അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ പ്രധാനാധ്യാപകൻ പറഞ്ഞു.

“എന്തിനാ മാഷേ അഞ്ചുമണിയുടെ ബസ്സിന് പോകുന്നത്?
പത്തു മണിക്ക് അല്ലേ സ്കൂൾ?

ശിവദാസൻ മാഷ് ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

” സ്കൂളിൽ എത്ര അധ്യാപകരുണ്ട്..? ”

” നമ്മൾ രണ്ടുപേർ മാത്രം..!”

ഉത്തരം കേട്ടപ്പോൾ തന്നെ സദാനന്ദൻ മാഷ് ഞെട്ടി. പ്രധാനാധ്യാപകൻ എന്തൊക്കെയോ തന്നിൽ നിന്നും മറച്ചുവെക്കുന്നുണ്ട്.
രാത്രി കിടക്കുമ്പോഴും അത് തന്നെ യായിരുന്നു മനസ്സിൽ.
രാത്രിയിൽ ഇടയ്ക്കിടെ കണ്ണ് തുറന്നു. നീല സീറോ ബൾബിന്റെ പ്രകാശം മുറിയിൽ ഇരുട്ടിന്റെ കാഠിന്യം കുറച്ചു.

പുലർച്ചെ നാലുമണിക്ക് ഹെഡ്മാസ്റ്റർ വിളിച്ചുണർത്തി. നല്ല തണുപ്പ്. അതുകൊണ്ട് കുളിക്കാൻ തോന്നിയില്ല. കയ്യും കാലും മുഖവും കഴുകി പല്ലുതേച്ചു. 4.45 ന് പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ എത്തി.

അഞ്ചുമണിയോടെ ഒരു ബസ്സിൽ കയറി. രണ്ടുപേരും ഒരു സീറ്റിൽ ഇരുന്നു.

” രണ്ട് ‘സേത്തുമട ‘”

പ്രധാനാധ്യാപകൻ പറഞ്ഞു.

ബസ്സിൽ ഷട്ടറിന് പകരം ചില്ലു ഗ്ലാസ്സ് ആയിരുന്നു. കെട്ടിട സമുച്ചയങ്ങളിലെ വെളിച്ചം മാഞ്ഞു തുടങ്ങിയപ്പോൾ നഗരാതിർത്തി കഴിഞ്ഞെന്നു മനസ്സിലായി. ഇരുട്ടിനെ മുറിച്ച് മുന്നോട്ടു പാഞ്ഞ ബസ് എവിടെയൊക്കെയോ നിർത്തി. ആരൊക്കെയോ കയറി. യാത്രക്കാരിൽ കൂടുതലും സ്ത്രീകളാണ്. രൂപത്തിലും ഭാവത്തിലും കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തം.

കിഴക്ക് വെള്ള കീറിയപ്പോൾ ബസ് സേത്തുമട എന്ന ഗ്രാമത്തിലെത്തി. പ്രദേശമാകെ മൂടൽ മഞ്ഞിൽ മുങ്ങി യിരിക്കുന്നു. കോടമഞ്ഞ് വേഗത്തിൽ പറന്നുയരുന്നത് കാണാൻ നല്ല ഭംഗി. നല്ല തണുപ്പ്. സദാനന്ദൻ മാഷിന്റെ പല്ലുകൾ കൂട്ടിയിടിച്ചു.

ഒരു കൊച്ചു ഗ്രാമമാണ് സേത്തുമട. നാലോ അഞ്ചോ കടകൾ . ഒന്നോ രണ്ടോ കടകൾ മാത്രമാണ് ഓടിട്ടത്. ബാക്കിയെല്ലാം ഷീറ്റ് മേഞ്ഞ ചെറിയ പെട്ടിക്കടകൾ പോലെ തോന്നും.

“വരൂ,കുറച്ചു ദൂരം നടക്കാനുണ്ട്..”

പാതയോരത്തുകൂടെ പ്രധാനധ്യാപകൻ മുൻപേ നടന്നു.സദാനന്ദൻ മാഷ് പിന്നാലെയും. റോഡിന്റെ ഓരം ചേർന്ന് കഴുതകൾ കിടക്കുന്നുണ്ട്.
ചിലവ റോഡിലൂടെ നടക്കുന്നുമുണ്ട്.

ഏതാണ്ട് അഞ്ച് മിനിറ്റ് ദൂരം ടാറിട്ട റോഡിലൂടെ നടന്നു. ഒരു ചെറിയ കവലയിൽ എത്തി. തീർത്തും വിജനമായ സ്ഥലം.

“ഇത് തമിഴ്നാട് അല്ലേ മാഷേ..?”

“അതെ…”

“അപ്പോൾ നമ്മുടെ സ്കൂൾ തമിഴ്നാട്ടിലാണോ…?”

“അല്ല, ഇവിടെ നിന്നും കുറച്ച് ദൂരമുണ്ട് സ്കൂളിലേക്ക്.”

“ഏത് ബസ്സിലാണ് നമ്മൾ പോകുന്നത്..?”

“ഇനി ബസ് ഇല്ല. നടന്നാണ് നമ്മൾ പോകുന്നത്.”

സമാധാനം..!
സ്കൂളിലേക്ക് നടന്നാൽ മതിയല്ലോ..?

സദാനന്ദൻ മാഷ് മനസ്സിൽ കരുതി.

” എന്നാൽ നമുക്ക് പോകാം മാഷേ? ”

” കുറച്ചുപേരുകൂടി വരുവാൻ ഉണ്ട്. ”

” അതാരാ? ”

” തോട്ടം തൊഴിലാളികൾ. അവരോടൊപ്പമാണ് നമുക്ക് പോകേണ്ടത്.”

“എന്താ മാഷിന് വഴി തെറ്റുമോ?”

” വഴിയൊക്കെ അറിയാം. ദാ ആ വഴിയിലൂടെ പോയാൽ മതി. എന്നാലും അവരും കൂടി വരട്ടെ ഒരു കമ്പനി ആയല്ലോ… ”

നേരം നന്നായി വെളുത്തു. ഏകദേശം പതിനഞ്ച് മിനിറ്റ് നിന്ന് കാണും. പത്തു പതിനാറു പേർ നടന്നുവരുന്നു . രണ്ടുമൂന്ന് സ്ത്രീകൾ, ബാക്കിയെല്ലാം പുരുഷന്മാരാണ്.

” ശരി, നമുക്ക് ഇവരോടൊപ്പം പോകാം.”

അവരോട് മാഷ് എന്തോ പറയുന്നത് കേട്ടു. പക്ഷേ വ്യക്തമായില്ല.
തോട്ടം തൊഴിലാളികൾ വലത്തോട്ട് തിരിഞ്ഞ് മണ്ണ് റോഡിലൂടെ നടന്നു. പിന്നാലെ പ്രധാനാധ്യാപകനും, സദാനന്ദൻ മാഷും. അത്യാവശ്യം വേഗത്തിലാണ് നടത്തം.റോഡിന്റെ വശങ്ങളിൽ മുഴുവൻ ഇടതൂർന്ന കുറ്റിക്കാടുകൾ.

ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് കാണും. റോഡിന്റെ ഇരുവശത്തും വൻ വൃക്ഷങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏതാണ്ട് ഒരു വനത്തിന്റെ പ്രതീതി.

“എന്താ മാഷേ, കാട്ടിനുള്ളിൽ ആണോ സ്കൂൾ?
ഇനി എത്ര ദൂരം പോകണം..?”

” താൻ വരൂ…. ”

കുറച്ചു ദൂരം കഴിഞ്ഞതും റോഡിന്റെ തൊട്ടരികിലൂടെ പുള്ളിമാൻ കൂട്ടം തുള്ളിച്ചാടി പോയി. ഹായ് എന്ത് രസം..!
പലതരം പക്ഷികളുടെ ശബ്ദം കാതിന് ഇമ്പമേകി. ശരീര മുഴുവൻ എണ്ണ തേച്ചതു പോലെയുള്ള കറുത്ത പക്ഷി മുന്നിലൂടെ പറന്നു പോയി. തലയിൽ പാത്തി വെച്ചത് പോലെയുള്ള വേഴാമ്പലിനെ ആദ്യമായി കണ്ടു.

പെട്ടെന്ന് മരത്തിന്റെ കൊമ്പുകൾ കുലുങ്ങുന്ന ശബ്ദം കേട്ടു തുടങ്ങി..
കുരങ്ങും കൂട്ടങ്ങൾ മരത്തിലൂടെ ചാടി കളിക്കുന്നു. പക്ഷേ സാധാരണ കുരങ്ങല്ല. നീണ്ട വാല്. കറുത്ത നിറം മുഖം കണ്ടാൽ സിംഹത്തിന്റെ പോലെ തോന്നും.

“ഇത്തരം കുരങ്ങനെ താൻ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ..?”

“ഇല്ല മാഷേ,ആദ്യമായിട്ട് കാണുകയാണ്.”

“ഇതാണ് സിംഹവാലൻ കുരങ്ങ്.”

“കേട്ടിട്ടുണ്ട് സൈലന്റ് വാലിയിൽ ധാരാളം സിംഹവാലൻ കുരങ്ങുണ്ട് എന്ന് വായിച്ചറിഞ്ഞിട്ടുമുണ്ട്.”

ചെറിയ ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡിലൂടെ സൂക്ഷിച്ചു വേണം നടക്കാൻ . സദാനന്ദൻ മാഷിന്റെ റബ്ബർ ചെരുപ്പ് പലപ്പോഴും തെന്നി പോകുന്നുണ്ടായിരുന്നു. ഒരു വലിയ പാറയുടെ അടുത്ത് എത്തിയപ്പോൾ എല്ലാവരും പെട്ടെന്ന് നിന്നു.

“എന്താ മാഷേ , എന്താ എല്ലാവരും നിന്നത്?”

“ശ്.. ശ്…. മിണ്ടരുത്..”

ദൂരെ പാറ ഇടുക്കിന്റെ പിന്നിലൂടെ ഒരു കറുത്ത രൂപം…!

” അയ്യോ…!”

സദാനന്ദൻ മാഷ് അറിയാതെ പറഞ്ഞു പോയി. കണ്ട കാഴ്ച സത്യമാണോ എന്നറിയാൻ ഒന്നുകൂടി കണ്ണടച്ചു തുറന്നു. മുൻപിൽ ഒരു കുട്ടിയാന…!
അതിന്റെ പിന്നാലെ ആനകൾ പല വലുപ്പത്തിലുള്ള കൊമ്പനും പിടിയും സദാനന്ദൻ മാഷ് തളർന്ന് റോഡിലിരുന്നു പോയി.

“മാഷേ, പേടിക്കണ്ട ‘തണ്ണിക്കുള’ത്തെ ആന ആരെയും ഉപദ്രവിക്കില്ല. കാരണം ഇവിടുത്തെ മനുഷ്യർ അതിനെ ഉപദ്രവിക്കാറില്ല..”

ശിവദാസൻ മാഷ് പറഞ്ഞു.

എന്ത് ധൈര്യം…!
എന്തായാലും കാട്ടാനയല്ലേ ഏതുനിമിഷവും എങ്ങോട്ടും അത് പാഞ്ഞുവരാം. തിരിച്ചു പോയാലോ..? ഏയ്..! എന്തായാലും പുറപ്പെട്ടു. ഇനി വരുന്നെടുത്തുവെച്ച് കാണാം. സദാനന്ദൻ മാഷിന്റെ മനസ്സിലൂടെ ചിന്തകൾ പാറി നടന്നു. കുറച്ചു കഴിഞ്ഞ് വീണ്ടും നടത്തം തുടങ്ങി..

കാട്ടുകോഴികൾ, മുയലുകൾ, പുള്ളിമാനുകൾ എന്നിവ റോഡ് മുറിച്ച് ഒരു കൂസലും ഇല്ലാതെ കടന്നുപോയി. പക്ഷികളുടെ മനോഹര ശബ്ദം..! പലതരം പക്ഷികളുടെ പലതരം ശബ്ദങ്ങൾ കണ്ണിനും, കാതിനും ആനന്ദം പകരുന്നുണ്ട്. പക്ഷേ, ഇനി ഏത് വന്യജീവിയാണ് മുൻപിലേക്ക് എത്തിപ്പെടുന്നത് എന്നോർത്ത് മനസ്സ് വേവലാതിപ്പെട്ടു.

പലതരം പൂമ്പാറ്റകൾ, തുമ്പികൾ എന്നിവ വട്ടമിട്ട് പറന്നു. മരംകൊത്തി, മലയണ്ണാൻ, വേഴാമ്പൽ എന്നിവ മരപ്പൊത്തിലും ചില്ലയിലും ചാടിനടന്നു .

ഒരു വളവ് തിരിഞ്ഞതും റോഡിന് തൊട്ടു താഴെ ഒരു കാട്ടാനക്കൂട്ടം തലയാട്ടി നിന്ന് പുല്ല് തിന്ന് രസിക്കുന്നു.

“വരു മാഷേ,അത് നമ്മളെ ഉപദ്രവിക്കില്ല.”
ഹെഡ്മാസ്റ്റർ പറയുന്നുണ്ടായിരുന്നു. പക്ഷേ,
മനസ്സ് പടപടാന്ന് പിടച്ചുകൊണ്ട് വേഗം നടന്നു.

ഇടതൂർന്ന വനം.ഭൂമിയുടെ മുകളിൽ ഒരു കുട പോലെ നിലകൊള്ളുന്നു. അതിനാലാവാം നാലുമണിക്കൂർ നടന്നിട്ടും അല്പം പോലും വിയർത്തില്ല. ദാഹവും തോന്നിയില്ല. വൃക്ഷങ്ങൾ എന്ന് പറഞ്ഞാൽ പോരാ ഇത്രയും വലിയ മരങ്ങൾ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.ഏതാണ്ട് അഞ്ച് മീറ്ററിൽ അധികം വിസ്തീർണ്ണം ഉള്ള ധാരാളം മരങ്ങൾ…!

ഹാവൂ…ദൂരെ രണ്ടുമൂന്ന് കെട്ടിടങ്ങൾ..!

” അത് സ്കൂൾ ആണോ മാഷേ? ”

” അല്ല അത് ഫോറസ്റ്റ് ഓഫീസ് ആണ്. പിന്നെ അതിനുമുകളിൽ കാണുന്നത് ഒരു പലചരക്ക് കടയും ചായക്കടയും ആണ്.”

“ആണോ…?”

വേഗം നടന്നു കടയുടെ മുന്നിലെത്തി.

” ഇത്തവണ മാഷിന് കൂട്ടുകിട്ടി അല്ലേ? ”

കടക്കാരൻ ചോദിച്ചു.

” ഇത് പൗലോസ്. ഈ പ്രദേശത്തെ ഉള്ള ഏക കട. കുറച്ചു മാറി ഒരു റേഷൻ കടയും ഉണ്ട് കേട്ടോ. ഇവിടെയുള്ള ഗോത്ര വർഗ്ഗ കുടുംബക്കാർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ഏക മാർഗ്ഗമാണ് പൗലോസ് ചേട്ടന്റെ കട. ”

“പുതിയ മാഷ് ആകെ പരിഭ്രമിച്ച് ഇരിക്കുകയാണല്ലോ..?
എന്താ ഒന്നും മിണ്ടാത്തത്?”

പൗലോസ് ചേട്ടൻ ചോദിച്ചു.

“പിന്നെ പരിഭ്രമിക്കാതെ…? വന്യജീവികളെ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പോൾ നേരിട്ട് കണ്ടു.!”

” അപ്പോൾ ഹെഡ്മാസ്റ്റർ സീതത്തോട് വിശേഷങ്ങൾ ഇന്നലെ മാഷിനോട് പറഞ്ഞില്ലേ..? ”

“ഇല്ല,ഞാൻ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ മാഷ് പാലക്കാട് നിന്ന് അപ്പോഴേ ചങ്ങനാശ്ശേരിക്ക് ബസ് കയറിയേനെ…”

ചിരിച്ചുകൊണ്ട് ശിവദാസമാഷ് പറഞ്ഞു.

“ഉം,അതിനെന്താ സംശയം..?”

സദാനന്ദൻ മാഷ് പറഞ്ഞു.

“മാഷ് ‘തണ്ണിക്കുളം’ എന്ന് കേട്ടിട്ടുണ്ടോ..?”

” കുറച്ചൊക്കെ…
പിന്നെ ഇപ്പോൾ കണ്ടല്ലോ..”

ഏയ് മുഴുവൻ കണ്ടില്ല. ഇനിയും എത്രയോ കാണുവാൻ ഇരിക്കുന്നു..!”..

“അതെന്താ പൗലോസ് ചേട്ടൻ അങ്ങനെ പറഞ്ഞത്…?”

” തണ്ണിക്കുളം എന്ന് പറയുന്നത് ഏതാണ്ട് 255 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. തന്നെയുമല്ല,വന്യജീവി സംരക്ഷണകേന്ദ്രം കൂടിയാണ്. ആനകളുടെ താവളം എന്നും അറിയപ്പെടുന്നു. ഇവിടെ രണ്ട് അണക്കെട്ടുകൾ ഉണ്ട്, തണ്ണിക്കുളവും, പാറക്കടവും. തമിഴ്നാടാണ് ഇവിടുത്തെ വെള്ളം മുഴുവൻ കൊണ്ടു പോകുന്നത്. ആനയെ കൂടാതെ പുള്ളിമാൻ, മ്ലാവ്, വരയാട്, കരടി, കാട്ടുപോത്ത് തുടങ്ങി ധാരാളം മൃഗങ്ങൾ ഇവിടെ ഉണ്ട്. ഉൾ വനത്തിൽ പുലിയും,കടുവയും ഉണ്ട് എന്ന് ഫോറസ്റ്റ് ഓഫീസർമാർ പറയുന്നു. പക്ഷേ, ഞങ്ങൾ കണ്ടിട്ടില്ല കേട്ടോ.”

” ഇതൊക്കെ ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ജോലി വേണ്ടാന്ന് വെച്ചേനെ തീർച്ചയായും ഇങ്ങോട്ട് വരികയില്ലായിരുന്നു. ”

“പക്ഷേ ഇവിടുത്തെ മൃഗങ്ങൾ ആരെയും ഉപദ്രവിക്കില്ല മാഷേ.”

” സ്കൂൾ എവിടെ? ”

സദാനന്ദൻ മാഷിന് അറിയാൻ തിടുക്കമായി.

” ഇനി ഒരു അരമണിക്കൂർ കൂടി നടന്നാൽ സീതത്തോട് ഊരായി. ഊരിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ”

” ഇനിയും അര മണിക്കൂർ നടക്കണോ?
ഇപ്പോൾ തന്നെ നമ്മൾ അഞ്ചര മണിക്കൂർ കാട്ടിലൂടെ നടന്നു.
ഇനിയും അരമണിക്കൂർ കൂടിയൊ? ”

സദാനന്ദൻ മാഷ് തലയ്ക്ക് കൈ കൊടുത്ത് കടയിലെ ബെഞ്ചിൽ ചാരിയിരുന്നു.

(തുടരും… )

സജി ടി. പാലക്കാട്

RELATED ARTICLES

4 COMMENTS

  1. സദാനന്ദൻ മാഷിനേക്കാൾ ആകുലതയോടെയാണ് വായിച്ചു തീർത്തത്. ഇത്രയേറെ കഷ്ടതകൾ അനുഭവിച്ച് ജോലി ക്കു പോകേണ്ടി വന്ന അധ്യാപക ജീവിതം ആദ്യമായി വായിക്കുന്നു. നല്ലെഴുത്ത്’

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ