രാത്രി എട്ട് മണി കഴിഞ്ഞപ്പോൾ സദാനന്ദൻ മാഷ് അരീക്കോട് ബസ് ഇറങ്ങി.
ഭൂരിഭാഗം കടകളും അടച്ചു. അതുകൊണ്ടുതന്നെ സ്റ്റാൻഡിൽ വെളിച്ചക്കുറവുണ്ട്.
സ്റ്റാൻഡിൽ നിന്നും കുത്തനെയുള്ള ഇറക്കം മെല്ലെ ഇറങ്ങി മാഷ് റോഡ് ക്രോസ് ചെയ്തു.
അങ്ങാടി വിജനമായിത്തുടങ്ങി . അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് കയറി. ഹോട്ടലിൽ ഒന്നോ രണ്ടോ ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില്ല് അലമാര ഏതാണ്ട് ശൂന്യം. മൂന്നോ നാലോ പെറോട്ടയും, ഒന്നോ രണ്ടോ പരിപ്പുവടയും മാത്രം അതിനുള്ളിൽ കിടപ്പുണ്ട്.
സദാനന്ദൻ മാഷ് പെറോട്ടയും അയലക്കറിയും ഓർഡർ നൽകി.
മനസ്സിൽ മുഴുവൻ ഇന്നത്തെ പകൽ ആയിരുന്നു . ഇന്നത്തെ പകലിന് ദൈർഘ്യം കുറവായിരുന്നോ?
മോഹങ്ങൾ മനസ്സിൽ തളിരിട്ടു എന്ന് കവികൾ പറയുന്നത് ഇത്തരം അവസ്ഥയെ ആണോ?
തണുത്ത പൊറോട്ട എങ്ങനെയോ അകത്താക്കി മാഷ് വേഗം ഹോട്ടലിന് വെളിയിൽ ഇറങ്ങി .
അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ നിന്നും ഒരു മെഴുകുതിരിയും, തീപ്പെട്ടിയും വാങ്ങി.
ചെമ്മൺ പാതയിലേക്ക് എത്തിയപ്പോൾ ആളനക്കം തീരെ ഇല്ലാതെയായി . ഇനി ഒന്നര കിലോമീറ്റർ നടക്കണം . കുറ്റാകൂരിരുട്ട്.
മാഷ് മെഴുകുതിരി കത്തിച്ചു മെല്ലെ നടന്നു.
ചെറുതായിട്ട് കാറ്റ് വീശുന്നുണ്ട്. മെഴുകുതിരി കെട്ടു പോകുമോ എന്ന് ചിന്തിച്ചതും, ശക്തമായ കാറ്റ് വീശി.
മെഴുകുതിരി നാളം അണഞ്ഞു.
രാത്രിയുടെ നിശബ്ദതയെ തകർക്കുന്ന മട്ടിൽ മൂങ്ങകളുടെ ശബ്ദം …
ചുറ്റും ഇരുട്ട് കട്ടപിടിച്ച പോലെ.
റോഡ് എവിടെയാണ് എന്നു പോലും നിശ്ചയം ഇല്ല.
മുകളിൽ നക്ഷത്രം പോലും ഇല്ലാത്ത ആകാശം .
അടുത്ത പരിസരത്ത് ഒരു വീടു പോലും ഇല്ല.
ശക്തമായ കാറ്റിൽ മെഴുകുതിരി നാളം കത്തി നിൽക്കുന്നതേയില്ല. ഇടയ്ക്ക് മെഴുകുതിരി കത്തിക്കും , പെട്ടെന്ന് തന്നെ കാറ്റ് ഊതിക്കെടുത്തും.
മാഷ് നടത്തത്തിന്റെ വേഗത കൂട്ടി.
പെട്ടെന്ന് മാഷിന്റെ ഉള്ളിൽ നിന്ന് ഒരു ആന്തൽ..!
കാലടികളിൽ എന്തോ തടഞ്ഞുവോ?
അതോ തോന്നിയതോ?
മനസ്സിൽ എന്തൊക്കെയോ ഭയം ഓടിയെത്തി.
മെഴുകുതിരി ഒന്നുകൂടി കത്തിച്ചു നോക്കി ,
ഹാവൂ… ആശ്വാസം!
ഒരു കയറിൽ ആണ് ചവിട്ടി നിൽക്കുന്നത്.
നടന്ന് നടന്ന് ഒരു തരത്തിൽ താമസസ്ഥലം എത്താറായി.
ലോഡ്ജിലെ കെട്ടിടത്തിന്റെ മധ്യ ഭാഗത്തായി ഒരു ബൾബ് മഞ്ഞ നിറത്തിൽ പ്രകാശിക്കുന്നുണ്ട് .
മിന്നാമിനുങ്ങിന് ഇതിനേക്കാൾ വെളിച്ചമുണ്ട്.
മുറ്റത്തുള്ള കഴിനി മരത്തിന്റെ തലപ്പ് ഇളകിയാടുന്നത് കാണാം.
വരാന്തയിൽ നിന്നും പുകച്ചുരുളുകൾ ഉയരുന്നുണ്ട്. രാജേന്ദ്രൻ മാഷ് ഉറങ്ങിയിട്ടില്ല എന്ന് ഉറപ്പിച്ചു .
ലോഡ്ജിലെ മറ്റാരും പുക വിലിക്കാറില്ല. ഏതുസമയത്തും മാഷിന്റെ ചുണ്ടിൽ ദിനേഷ് ബീഡി എരിയുന്നുണ്ടാവും.
‘എന്താ മാഷേ വൈകിയത് …? ‘ രാജേന്ദ്രൻ മാഷ് ചോദിച്ചു.
‘രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ ഇച്ചിരി വൈകി മാഷേ…’
എത്ര പെട്ടെന്നാണ് നുണയിൽ പൊതിഞ്ഞ വാക്കുകൾ പുറത്തേക്ക് വന്നത്!
റൂമിലേക്ക് ചെന്നപാടെ സദാനന്ദൻ മാഷ് പലക കട്ടിലിലേക്ക് കിടന്നു,
വീണു എന്ന് പറയുന്നതാവും ശരി.
ഉറക്കത്തിലേക്ക് വഴുതി വീഴുന്നതു വരെ ഇന്നത്തെ യാത്രയിലെ നിമിഷങ്ങൾ ഓരോന്നും മനസ്സിലൂടെ മിന്നി മറഞ്ഞുകൊണ്ടേയിരുന്നു….
ആദ്യമായിട്ടാണ് ഒരു സ്ത്രീയെ മുട്ടിയുരുമ്മി ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത്!
അവളെ തഴുകിവരുന്ന കാറ്റിന് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം ആയിരുന്നു.
അവളുടെ ചുരുണ്ട മുടിയിഴകൾ കാറ്റിൽ ഇളകിയാടി തന്റെ മുഖത്ത് തലോടിയപ്പോൾ ഒരു പ്രത്യേക തരം ഫീൽ അനുഭവപ്പെട്ടു.
ഇടയ്ക്ക് എപ്പോഴോ അവൾ ഉറക്കം തൂങ്ങി തന്റെ തോളിലേക്ക് തല ചായ്ച്ചു . അപ്പോൾ തന്റെ കൈ അവളുടെ കഴുത്തിന്റെ പിന്നിലൂടെ ചേർത്തു പിടിച്ചത് അവൾക്ക് ഇഷ്ടമായത് പോലെ തോന്നി.
കതകിൽ തുടരെ തുടരെ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് സദാനന്ദൻ മാഷ് കണ്ണ് തുറന്നത് .
‘എന്താ സ്കൂളിൽ പോണ്ടേ ? സമയം 8 മണിയായി .’
രാജേന്ദ്രൻ മാഷ് ആണ് .
‘എട്ടു മണി അല്ലേ ആയുള്ളൂ പത്തരയ്ക്കല്ലേ ക്ലാസ് തുടങ്ങുന്നത് ?’
‘കുളിയും തേവാരോം ഒക്കെ വേണ്ടേ ?
ആഹാരം ഉണ്ടാക്കണ്ടേ?
‘രാജേന്ദ്രൻ മാഷ് വിടുന്ന ഭാവം ഇല്ല.
‘എന്തായാലും ഇന്ന് ഭക്ഷണം പുറത്തുനിന്നു കഴിക്കാം.
മനസ്സിന് എന്തൊക്കെയോ ഒരു അസ്വസ്ഥത’ സദാനന്ദൻ മാഷ് പറഞ്ഞു.
‘പത്തുമണി കഴിഞ്ഞതും രണ്ടുപേരും സ്കൂളിലേക്ക് പുറപ്പെട്ടു . പത്തു മിനിറ്റ് നടക്കണം . ലോഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇടവഴിയിലൂടെ അവർ നടന്നു .
ഒരു വലിയ തൊടിയിൽ എത്തി. അതിന്റെ ഓരം ചേർന്ന് അധികം തെളിയാത്ത ഒറ്റയടിപ്പാത. ഇരുവശത്തും ഇലകൾ കൊഴിഞ്ഞു വിളറിയ മരങ്ങൾ.
അവിടെയായി ചൊട്ട ഇടാതെ നിൽക്കുന്ന തെങ്ങുകൾ.
ഭൂരിഭാഗം ഇലകളും കൊഴിഞ്ഞുനിൽക്കുന്ന പറങ്കിമൂച്ചികൾ..
മഞ്ഞ നിറത്തിലുള്ള പറങ്കിമാങ്ങകൾ
അവിടവിടെയായി വീണു കിടപ്പുണ്ട്.
‘എന്താടാ ഉവ്വേ ഒരു മ്ലാനത?
ഒരു ഉഷാറും ഇല്ലല്ലോ? ‘
‘ഏയ് ഒന്നുമില്ല.’
‘വെറുതെ കളവ് പറയണ്ട.
ഇന്നലെ രാത്രി വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതാണ്…’
എന്തോ ഒന്ന് മനസ്സിനെ അലട്ടുന്നുണ്ട്, തീർച്ച..’
രാജേന്ദ്രൻ മാഷ് വീണ്ടും പറഞ്ഞപ്പോൾ തലേദിവസത്തെ യാത്രയിൽ മനസ്സിൽ ചേക്കേറിയ യുവതിയെ കുറിച്ച് പറഞ്ഞു.
‘അങ്ങനെ വരട്ടെ …
കൊച്ചു കള്ളൻ!
അപ്പോൾ അതാണ് കാര്യം ഇല്ലേ..നടക്കട്ടെ… നടക്കട്ടെ.
‘ഏയ് അങ്ങനെ ഒന്നുമില്ല. ‘
ഒരു കാട്ടുകോഴി പൊന്തക്കാട്ടിൽ നിന്നും അവരുടെ മുന്നിലൂടെ ഓടിപ്പോയി.
സ്കൂളിൽ കുട്ടികൾ എത്തിത്തുടങ്ങുന്നതേയുള്ളൂ.
മദ്രസ കെട്ടിടത്തിലാണ് സ്കൂളിന്റെ ഒരു കെട്ടിടം പ്രവർത്തിക്കുന്നത്.
രാവിലെ ഏഴു മുതൽ പത്ത് മണി വരെ മദ്രസയുടെ സമയം ആണ്.
പത്തര മുതൽ നാലര വരെ സ്കൂൾ സമയവും . ഈ കെട്ടിടത്തിലാണ് ഓഫീസ് മുറിയും ആറ്, ഏഴ് എന്നീ ക്ലാസുകളും പ്രവർത്തിക്കുന്നത് .
ഓടുമേഞ്ഞ കെട്ടിടത്തിൽ പനമ്പ് തട്ടിക കൊണ്ടാണ് ക്ലാസ് മുറി തിരിച്ചിരിക്കുന്നത്.
‘മാഷന്മാര് ഇന്ന് നേരത്തെ ആണല്ലോ..’? ‘
‘ങ്ള് ചായ കുടിച്ചിക്കോ?
‘മദ്രസയിലെ ഉസ്താദ് ആണ് .
സദാനന്ദൻ മാഷ് കഴിച്ചിട്ടില്ല ,
ഞാൻ കഴിച്ചു .’
രാജേന്ദ്രൻ മാഷ് പറഞ്ഞു.
‘ന്നാ ങ്ള് ബരീൻ
മാഷേ, പുട്ടും പഴോം ണ്ട്.
ഉസ്താദിന്റെ നിർബന്ധത്തിന് വഴങ്ങി ഒരു കഷണം പുട്ട് കഴിച്ച് സദാനന്ദൻ മാഷ് ഓഫീസിലേക്ക് എത്തി.
മാഷേ നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ് ?
വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ ?
ഹെഡ്മാസ്റ്ററാണ് .
അദ്ദേഹത്തിന് മറുപടിയും കൊടുത്ത് മറ്റ് അധ്യാപകരോട് കുശലാന്വേഷണം പങ്കുവയ്ക്കുന്നതിനിടെ ബെൽ മുഴങ്ങി.