സമയം സന്ധ്യയോടടുത്തു .ആകാശം നിറയെ ചുവപ്പും, മഞ്ഞയും നിറമുള്ള മേഘങ്ങൾ കൊണ്ട് നിറഞ്ഞു. വിവിധ നിറത്തിലുള്ള ചായക്കൂട്ടുകൾ കൊണ്ട് പ്രകൃതി തീർത്ത മനോഹരമായ രൂപങ്ങളുടെ ദൃശ്യ ചാരുത ആരും നോക്കി നിന്നു പോകും.
കോർട്ടേഴ്സിന്റെ പിൻവശത്തുള്ള വലിയ പാറയിൽ സദാനന്ദൻ മാഷ് ഇരുന്നു . പാറയുടെ താഴെ ചെരിഞ്ഞ പ്രദേശത്ത് കണ്ണെത്താ ദൂരം നിലക്കടല കൃഷി ചെയ്തിട്ടുണ്ട്. ഇടയിലെ വരമ്പിൽ വിളവെടുക്കാറായ തക്കാളിച്ചെടികൾ നിര നിരയായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്.
ദൂരെ നീലഗിരി മലനിരകൾ കോടമഞ്ഞിൽ പുതച്ചു നിൽക്കുന്നു .
തണുത്ത കാറ്റ് ശരീരത്തിൽ തുളച്ചു കയറുന്നു. കാറ്റിന്റെ ഇരമ്പൽ കേട്ടാൽ മഴ വരുന്നതാണ് എന്നു തോന്നും. അത്രയ്ക്ക് ശക്തിയായ കാറ്റ് വീശുന്നുണ്ട്. മാഷിന്റെ ശരീരം വിറച്ചു തുടങ്ങി. മെല്ലെ മെല്ലെ ചുറ്റിലും ഇരുട്ട് വ്യാപിച്ചു തുടങ്ങി .
ദൂരെ ഏതോ ഊരിലെ സോളാർ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ പ്രകാശം കാണാം .
സ്കൂളിന്റെ പിന്നിലുള്ള കൂറ്റൻ ഇലവുമരം കണ്ടാൽ ഒരു രാക്ഷസൻ കുടപിടിച്ച് നിൽക്കും പോലെയുണ്ട്.
‘എന്താ മാഷേ ഒറ്റയ്ക്ക് ഇവിടെ വന്നിരിക്കുന്നത് ?
ചോദിച്ചത് സോമൻ മാഷാണ്, കൂടെ ജോസ് മാഷും ഉണ്ട്.
സദാനന്ദൻ മാഷ് തല ഉയർത്തി നോക്കി .
‘ഏയ്..ഒന്നുമില്ല….
ഞാൻ ക്ലാസിലെ കുട്ടികളെ കുറിച്ച് ആലോചിക്കുകയായിരുന്നു . എന്താണ് ഇവിടുത്തെ കുട്ടികൾ ഇങ്ങനെ?
ഇന്ന് ഞാൻ കഥ പറഞ്ഞു.. പാട്ടുപാടി … പക്ഷേ , കുട്ടികളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ പറയുന്നത് ഒന്നും അവർക്ക് മനസ്സിലാവുന്നില്ല എന്ന് തോന്നുന്നു. ബോർഡിൽ എഴുതിയത് വായിക്കാൻ പോലും അവർക്ക് പറ്റുന്നില്ല .
ഇത് കേട്ടപ്പോൾ ജോസ് മാഷ് ഒന്ന് ചിരിച്ചു.
‘മാഷേ’ നമ്മൾ പറയുന്നത് മലയാളമാണ് പക്ഷേ , അവർക്ക് അത് പൂർണ്ണമായും മനസ്സിലാവില്ല. അവർക്ക് അവരുടേതായ ഒരു ഭാഷയുണ്ട്…’
‘നമ്മൾ പറയുന്നത് കുറച്ചെങ്കിലും മനസ്സിലാവാതിരിക്കുമോ….?’
‘കുറച്ചൊക്കെ മനസ്സിലാവും. അവർ പഠനത്തിൽ പിന്നാക്കം നിൽക്കുന്നതിന്റെ ഒരു കാരണം മാത്രമാണ് അവരുടെ ഭാഷയുടെ പ്രശ്നം.
പ്രധാന പ്രശ്നം ഇവിടെ ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതാണ്.
പ്രധാന അധ്യാപകർ ആണെങ്കിൽ പ്രമോഷൻ കിട്ടുമ്പോൾ ആണ് ഇവിടേക്ക് വരുന്നത്. എത്രയും പെട്ടെന്ന് സ്ഥലംമാറ്റം വാങ്ങി പോവുകയും ചെയ്യും.
കഴിഞ്ഞവർഷം ഈ സ്കൂളിൽ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ എങ്ങനെ കുട്ടികൾ പഠിക്കും….?
‘ഓ, അതാണ് രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരക്ഷരം പോലും വായിക്കുവാൻ അറിയാത്തത് അല്ലേ..?’
സദാനന്ദൻ മാഷ് ഒന്ന് ദീർഘശ്വാസം വിട്ടുകൊണ്ട് ചോദിച്ചു.
‘അതെ, കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ പഠിപ്പിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
പി. ടി. സി. എം എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്… അത്രമാത്രം..’
‘ഇവിടുത്തെ അധ്യാപകക്ഷാമം പരിഹരിക്കാൻ എന്താണ് ഒരു മാർഗ്ഗം ?
‘എന്റെ അഭിപ്രായത്തിൽ ഇവിടുത്തുകാരായ ആളുകൾ പഠിച്ച് അധ്യാപകരായി വന്നെങ്കിൽ മാത്രമേ ഇവിടെ സ്ഥിരം അധ്യാപകർ ഉണ്ടാവുകയുള്ളൂ.’
ജോസ് മാഷ് പറഞ്ഞു.
‘ സദാനന്ദൻ മാഷിന്റെ മുഖം തെളിയുന്നില്ലല്ലോ ..?
എന്താണ് ഒരു മ്ലാനത?
സ്കൂളിലെ കുട്ടികളുടെ കാര്യം ഓർത്തിട്ട് മാത്രമല്ല എന്നറിയാം.
വീട്ടിലെ കാര്യം ഓർത്തിട്ടാണോ?..
ഇത്രനേരം മിണ്ടാതിരുന്ന സോമൻ മാഷ് ചോദിച്ചു.
‘ഈ കൊടുങ്കാട്ടിൽ എങ്ങനെ ജീവിക്കും എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു ആന്തൽ !’
‘അപ്പോൾ ഞങ്ങളൊക്കെ ഇവിടെ കഴിയുന്നില്ലേ ?
അങ്ങനെ അങ്ങ് പോവുക തന്നെ ..
കേട്ടിട്ടില്ലേ ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം..
ജോസ് മാഷ് പറഞ്ഞു.
‘എന്നാലും ഒരു പനി വന്നാൽ പോലും ഇവിടെ ഒരു ആശുപത്രി ഇല്ലല്ലോ ..?
25 കിലോമീറ്റർ പോകണ്ടേ ആശുപത്രിയിലെത്താൻ? അപ്പോഴേക്കും മനുഷ്യന്റെ കാറ്റ് പോകും ..
ഇനി ആശുപത്രിയിൽ പോകണമെങ്കിൽ എങ്ങനെ പോകും ?
ഒരു റോഡ് ഉണ്ടോ ?
യാത്ര ചെയ്യാൻ വാഹനം ഉണ്ടോ ?ഓർക്കുമ്പോൾ തല കറങ്ങുന്നത് പോലെ…
സദാനന്ദൻ മാഷ് സങ്കടത്തോടെ പറഞ്ഞു.
‘അങ്ങനെയൊക്കെ നോക്കിയാൽ എങ്ങനെ കഴിയാനാ മാഷേ ?
വരുമ്പോൾ വരുന്നിടത്ത് വച്ച് കാണാം… അല്ല പിന്നെ……
കൊച്ചു കുട്ടികളുടെ മനസ്സ് ആണല്ലോ മാഷിന്റേത്?
ഒരല്പം മനക്കട്ടിയൊക്കെ വേണ്ടേ ?
‘അതാണ് ഇല്ലാത്തത്….’
‘മാഷ് വരൂ നമുക്ക് റൂമിലേക്ക് പോകാം..’
‘നിങ്ങൾ നടക്കൂ , ഞാൻ വന്നേക്കാം…
മാനത്ത് തെളിഞ്ഞുവരുന്ന നക്ഷത്രങ്ങളെ നോക്കി സദാനന്ദൻ മാഷ് പറഞ്ഞു..
ദൂരെ മലഞ്ചെരുവിൽ നിന്നുയരുന്ന പക്ഷികളുടെ കൂജനവും, മൂങ്ങകളുടെ മൂളലും പേടിപ്പെടുത്തുന്നത് പോലെ തോന്നി. കണ്ണടച്ച് സദാനന്ദൻ മാഷ് പാറപ്പുറത്ത് കിടന്നു.