Logo Below Image
Monday, March 17, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 40) എ.വി.ഐ.പി. ✍ സജി ടി പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 40) എ.വി.ഐ.പി. ✍ സജി ടി പാലക്കാട്

സജി ടി പാലക്കാട്

ശിരുവാണിപ്പുഴയുടെ ജലപ്പരപ്പിലെ ഓളങ്ങളെ തഴുകി വന്ന ഇളം കാറ്റ് ജനൽ പാളികളിലൂടെ മുറിക്കുള്ളിലേക്ക് തുളച്ചു കയറി . സന്ധ്യ കഴിഞ്ഞതും ചാറ്റൽ മഴ തുടങ്ങി.
മഴ ശബ്ദമില്ലാതെ പെയ്തുകൊണ്ടിരുന്നു.
കുറെ കഴിഞ്ഞപ്പോൾ മഴയുടെ ശക്തി വർദ്ധിച്ചു.
ഓടുകൾക്കിടയിലൂടെ ഉള്ള പാത്തിയിലൂടെ വെള്ളം താഴേക്ക് പതിച്ചു..
മുറ്റത്തുകൂടെ ഒഴുകി റോഡിലേക്ക് ..
റോഡിൽ നിന്നും പുഴയിലേക്ക് വെള്ളം ഒഴുകുന്നത് സോളാർ ട്യൂബിന്റെ മങ്ങിയ വെളിച്ചത്തിൽ കാണാം.

രാത്രി വൈകിയും മഴ തുടർന്നു.
നല്ല തണുപ്പ്..
ചൂടു കഞ്ഞിയും , തേങ്ങാ ചമ്മന്തിയും കഴിച്ചയുടൻ പായ വിരിച്ചു.
എല്ലാവരും കുടുംബ വിശേഷങ്ങൾ പങ്കുവെച്ചു.
ആറടി ഉയരവും 70 കിലോഗ്രാം ഭാരവുമുള്ള മലപ്പുറത്തുകാരൻ വിപിൻ മാഷ് അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല . ഇടുക്കിക്കാരനും നാലര അടി ഉയരവും വെറും 39 കിലോഗ്രാം ഭാരവും ഉള്ള സജിമോൻ മാഷ് നേരെ തിരിച്ചും.
വർത്തമാനം പറഞ്ഞാൽ പിന്നെ നിർത്തുകയില്ല.
ചിരിച്ചുകൊണ്ടേ വർത്തമാനം പറയു….
കൊച്ചു മാഷ് എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്നത്. പൊടിമീശ പോലും മുളക്കാത്ത ആളിനെ കൊച്ചു മാഷ് എന്ന് വിളിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. വർത്തമാനത്തിനൊടുവിൽ എപ്പോഴോ എല്ലാവരും ഉറക്കത്തിലേക്ക് വഴുതിവീണു.

“മാഷേ, നേരം ഏഴു മണിയായി എഴുന്നേൽക്കൂ…”

കൊച്ചു മാഷിന്റെ ശബ്ദം കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത്.

“ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി ..”

“ഞാൻ ആറുമണിക്ക് മുൻപ് എന്നും എഴുന്നേൽക്കും , അതൊരു ശീലമായി.”

കൊച്ചു മാഷ പറഞ്ഞു .

“ആണോ ..?
വിപിൻ മാഷ് എവിടെ..?”

“മുറ്റത്ത് ഉണ്ട്, പല്ല് തേക്കുന്നു.”

” രാത്രി മുഴുവൻ മഴയായിരുന്നു.അല്ലേ..?”

“അതേ..”

“മാഷേ എവിടെയാ ബാത്റൂം?”

“ഇപ്പോൾ തന്നെ പോകണോ?
പത്തു മിനിറ്റ് കഴിഞ്ഞിട്ട് എല്ലാവർക്കും കൂടി പോയാൽ പോരെ? ”

“എനിക്ക് എഴുന്നേറ്റാൽ ഉടനെ ബാത്റൂമിൽ പോകണം. അങ്ങനെ ശീലമായി പോയി.”

“ആണോ..?
ഞാൻ അരി അടുപ്പത്തിട്ടിട്ട് വേഗം വരാം. അത് അവിടെ കിടന്നു വെന്തു കൊള്ളുമല്ലോ?”

“ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എവിടെയാണ് എന്ന് പറഞ്ഞാൽ മതി. ”

“അത് കുറേ ദൂരം ഉണ്ട്. ഓപ്പൺ ഏയർ ആണ്. അതാ ഒറ്റയ്ക്ക് പോകണ്ട, ഞങ്ങളും കൂടി വരാം എന്ന് പറഞ്ഞത് …”

സജിമോൻ മാഷ് അരി കഴുകുന്നതിനിടയിൽ പറഞ്ഞു.

“ദാ, രണ്ട് മിനിട്ട്…”

വാതിൽ ചാരിയിട്ട്
മൂന്നുപേരും കൂടി മുറ്റത്തേക്ക് ഇറങ്ങി. വിപിൻ മാഷ് മുന്നിൽ നടന്നു . റോഡിലേക്ക് ഇറങ്ങി അൽപ്പദൂരം മുന്നോട്ട് നടന്നു. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് കുന്ന് കയറുവാൻ തുടങ്ങി. കുറ്റിച്ചെടികൾ പടർന്ന് പന്തലിച്ചു നിൽക്കുന്നു. ചില സ്ഥലങ്ങളിൽ നല്ല കാട്.

“ഇതെന്താ ഈ കെട്ടിടങ്ങൾ ഇങ്ങനെ കാടുകയറി കിടക്കുന്നത്?
ഇത് ആരുടെ കെട്ടിടങ്ങളാണ്..?”

” ഇതോ?
ഈ പ്രദേശം എ.വി.ഐ.പി ക്കു വേണ്ടി സർക്കാർ ഏറ്റെടുത്തതാണ്.
നേരത്തെ ഇവിടെ താമസിച്ചിരുന്നവരുടെ വീടാണ് കാട് കേറി കിടക്കുന്നത്.”

” എന്താ എ.വി.ഐ.പി….?”

“അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട്. വിശദാംശങ്ങൾ പിന്നെ പറയാം, ആദ്യം നമുക്ക് വെളിക്കിറങ്ങണ്ടേ?”

“ഉം…”

“ദാ…..ആ കാണുന്ന ഭാഗത്ത് പോയി ഇരുന്നോളൂ .”

മൂന്ന് പേരും മൂന്നു സ്ഥലത്തേക്ക് പോയി.

“മാഷേ, ഇവിടെ വെള്ളം ഇല്ലല്ലോ ?വെള്ളമില്ലാതെ എങ്ങനെ ശരിയാകും?”

“കാര്യം സാധിച്ചു കഴിഞ്ഞാൽ നമുക്ക് പുഴയിലേക്ക് പോകാം.”

സജിമോൻ മാഷ് പറഞ്ഞു.

മൂന്നുപേരും പുഴയിലേക്ക് നടന്നു .
അങ്ങോട്ട് പോയ പോലെ അല്ല ഇങ്ങോട്ട് നല്ല ഇറക്കമാണ് വേഗം താഴെ എത്തി.
പുഴയിലേക്ക് നടന്നു .

“അയ്യോ ! സോപ്പ് എടുത്തില്ല . അല്ലെങ്കിൽ കുളിക്കാമായിരുന്നു..”

സദാനന്ദൻ മാഷ് പറഞ്ഞു.

“അതിനെന്താ കൊച്ചു മാഷ് പോയി സോപ്പ് എടുത്തു വരും ..”

മൂന്ന് മിനിറ്റിനുള്ളിൽ സജിമോൻ മാഷ് സോപ്പുമായി വന്നു.

നല്ല തണുത്ത വെള്ളം. രാത്രി മഴ പെയ്തുകൊണ്ടാവാം എന്ന് തോന്നുന്നു ചെറിയ കലക്കൽ ഉണ്ടായിരുന്നു. ഒരു പരന്ന പാറയുടെ താഴെ അരയ്ക്കൊപ്പം വെള്ളം.സദാനന്ദൻ മാഷ് ഒറ്റമൂങ്ങൽ …
കരയ്ക്ക് കയറി സോപ്പ് തേച്ചു. അപ്പോൾ ദൂരെ കണ്ട കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്ത്രീകൾ കുടവുമായി പുഴയിലേക്ക് വരുന്നു. പുഴയിലെ വെള്ളം മുക്കിക്കൊണ്ട് അവർ തിരിച്ചു പോകുന്നു. കുടിക്കാനും, കുളിക്കാനും, ആഹാരം പാകം ചെയ്യാനും എല്ലാം പുഴയിലെ വെള്ളം !
ഇപ്പോഴാണ് വിജയൻ ചേട്ടൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്…
‘ഇവിടെ ആരും പച്ചവെള്ളം കുടിക്കാറില്ല മാഷേ…’

“ഈ വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയ ഉണ്ടാവില്ലേ മാഷേ?”

“അതിന് നമ്മൾ പച്ചവെള്ളം കുടിക്കുന്നില്ലല്ലോ…”

“എന്നാലും അപകടം തന്നെ..”

കുളികഴിഞ്ഞ് മൂന്നുപേരും റൂമിൽ എത്തിയപ്പോൾ സമയം എട്ട് മണി.

“എന്താ കൊച്ചു മാഷേ ഇന്നത്തെ കറി?

വിപിൻ മാഷ് ചോദിച്ചു.

” നമുക്ക് ഒരു സാമ്പാർ ഉണ്ടാക്കിയാലോ ?
കാബേജ് തോരനും ഉണ്ടാക്കാം.”

“ഓ, ആയിക്കോട്ടെ”

സാമ്പാറിന് വേണ്ട കഷണങ്ങൾ സജിമോൻ മാഷ് ഡസ്ക്കിന്റെ പുറത്ത് വെച്ചു.

“ഉരുളക്കിഴങ്ങ് ഞാൻ തൊലി കളയാം. ”

സദാനന്ദൻ മാഷ് പറഞ്ഞു.

അഞ്ചു മിനിട്ടിനുള്ളിൽ
സാമ്പാറു കഷണങ്ങൾ അരിഞ്ഞു കഴിഞ്ഞു. സദാനന്ദൻ മാഷ് കാബേജും അരിഞ്ഞു . അരമണിക്കൂറിനുള്ളിൽ സാമ്പാറും തോരനും റെഡി.

ആഹാരം കഴിച്ച് മൂന്നുപേരും കൂടി സ്കൂളിലേക്ക് പുറപ്പെട്ടു.

“ആ വീട്ടിൽ ആരാണ് താമസിക്കുന്നത്..?”

ആലിൻ ചുവട്ടിലെ വീട് ചൂണ്ടിക്കാട്ടി സദാനന്ദൻ മാഷ് ചോദിച്ചു.

“എ .വി .ഐ. പി ജോലിയുള്ള പ്രഭാകരൻ സാറും കുടുംബവും ആണ് അവിടെ താമസിക്കുന്നത്.”

വിപിൻ മാഷ് പറഞ്ഞു..

“നമ്മൾ താമസിക്കുന്ന കെട്ടിടം ആരുടേതാണ്?”

“അത് എ. വി. ഐ. പി യുടെ കോട്ടേഴ്സ് ആണ് .”

വർത്തമാനം പറഞ്ഞ് സ്കൂൾ എത്തിയത് അറിഞ്ഞില്ല .

അധ്യാപകർ ആരും വന്നിട്ടില്ല കുറെ കുട്ടികൾ ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നുണ്ട്.

വിപിൻ മാഷ് ഓഫീസും ക്ലാസുകളും തുറന്നു.

(തുടരും…)

സജി ടി പാലക്കാട്

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments