Wednesday, December 25, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 27) ' കാത്തിരിപ്പ് '

പള്ളിക്കൂടം കഥകൾ: (ഭാഗം – 27) ‘ കാത്തിരിപ്പ് ‘

സജി ടി. പാലക്കാട്

അസ്തമയ സൂര്യൻ ദൂരെ മലനിരകളിലും വൃക്ഷത്തലപ്പുകളിലും ചെഞ്ചായം കലക്കി ഒഴിച്ചു.
പ്രകൃതിയുടെ നിറം മാറിമറിയുന്നത് എത്ര പെട്ടെന്നാണ്..!

ക്വാർട്ടേഴ്സിന്റെ പിന്നിലുള്ള പാറപ്പുറത്ത് മലർന്നു കിടന്നപ്പോൾ മാനത്ത് നക്ഷത്രങ്ങൾ നൃത്തം ചെയ്യുന്നതുപോലെ സദാനന്ദൻ മാഷിന് തോന്നി.

“വലിക്ക് ശക്തിയായി ആഞ്ഞു വലിക്ക്…”

ജോസ് മാഷിന്റെ വാക്കുകൾ കാറ്റിലൂടെ ഒഴുകിവരുന്നത് പോലെ…
പെട്ടെന്ന് ഇരുട്ടിന് കനം വെച്ചു വന്നു.
പതിവിലേറെ തണുപ്പ് വീഴുന്നപോലെ …
കഴിഞ്ഞ മൂന്ന് ദിനങ്ങൾ ഒറ്റപ്പെടലിന്റേതായിരുന്നു. മാനസികമായി ആകെ തകർന്നുപോയ തൻ്റെ മനസ്സിനെ സ്നേഹം പകർന്ന് ജീവൻ ജീവിപ്പിച്ചത് ലതയായിരുന്നു.
ആ ഓർമ്മകൾ സദാനന്ദൻ മാഷിന്റെ ഹൃദയത്തിൽ നന്മയുടെ മഞ്ഞുതുള്ളി പോലെ പതിഞ്ഞു. ലതയോട് തനിക്ക് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയിട്ടില്ല .
പക്ഷേ, ഇരു ഹൃദയങ്ങളും അന്യോന്യം അറിഞ്ഞ പോലെ. തനിക്ക് ഉപ്പുമാവ് വിളമ്പിത്തരുമ്പോൾ, അരി കഴുകി ചോറ് വച്ചുതന്നപ്പോൾ അവളുടെ കണ്ണിൽ കണ്ട ഒരു തെളിച്ചം ഉണ്ടായിരുന്നു…..
ബോധപൂർവ്വം അല്ലാത്ത ഒരു താല്പര്യം രണ്ടുപേരിലും ഉണ്ടായില്ല എന്ന് പറഞ്ഞാൽ അത് നുണയാവും. അവളുടെ ചില വാക്കുകൾ ചൂടാറാതെ മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ട്.

നാളെ രാവിലെ എല്ലാവരും എത്തും . ജോസ് മാഷിന് എങ്ങനെ മുഖം കൊടുക്കും ..,?
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലെ ക്രൂരതകൾ പുള്ളി മറന്നിട്ടുണ്ടാവുമോ ?
ആശങ്കകൾ മനസ്സിനെ കീഴ്പ്പെടുത്തി.

പാതിയടഞ്ഞ ജനൽ പാളികൾക്കിടയിലൂടെ സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് എത്തി നോക്കി. സദാനന്ദൻ മാഷ് മുറി തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇളവെയിൽ മലഞ്ചെരുവികളിലൂടെ പരന്നൊഴുകുന്നുണ്ടായിരുന്നു.

പ്രഭാതകൃത്യങ്ങൾ ചെയ്തു തിരിച്ചു വന്നപ്പോഴേക്കും കഞ്ഞി വയ്ക്കുവാൻ സിങ്കൻ എത്തിയിട്ടുണ്ടായിരുന്നു.

‘ശീങ്കാ…എത്ര ശ്രമിച്ചിട്ടും ഈ അടുപ്പ് കത്തുന്നില്ലല്ലോ? .
ഒന്ന് കത്തിച്ചു തരുമോ?’

‘ ശരി സാറേ ..’

മഞ്ഞ പല്ലുകൾ കാട്ടി വെളുക്കനെ ചിരിച്ചുകൊണ്ട് ശീങ്കൻ പറഞ്ഞു.

‘ഈ അടുക്കള പണിയൊന്നും എനിക്ക് ശരിയാവില്ല, ശീങ്കാ… ‘

‘അപ്പോൾ കഴിഞ്ഞ രണ്ടു ദിവസം സാർ പട്ടിണി ആയിരുന്നോ,?’

‘ശനിയാഴ്ച രാവിലെ നാട്ടിൽ പോകുന്ന വഴി ലത ഇതിലെ വന്നിരുന്നു . കഞ്ഞി വെച്ച് തന്നു. അതുകൊണ്ട് ശനിയും ഞായറും കഴിച്ചുകൂട്ടി.. ‘

അപ്പോൾ സാർ ഇന്നലെ ഒന്നും കഴിച്ചില്ല അല്ലേ..? ‘

‘രാവിലെ മുകളിലെ ചായ പീടികയിൽ പോയി ചായയും ബണ്ണും കഴിച്ചു. രാത്രി ആയപ്പോൾ നന്നായി വിശന്നു. …’

കുട്ടികളുടെ ആരവം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ കുറെ കുട്ടികളുടെ നടുവിൽ അതാ ലത..!

എന്താ ടീച്ചറെ ഇന്ന് നേരത്തെ…?സാധാരണ നാട്ടിൽ നിന്ന് 10 മണി കഴിഞ്ഞിട്ടാണല്ലോ എത്തുക?’

‘ഇന്ന് നേരത്തെ ഇറങ്ങി ശീങ്കാ.. ഫസ്റ്റ് ബസിനു പോന്നു..’

‘സാർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.?
കഴിഞ്ഞ രണ്ടു ദിവസം എന്തു ചെയ്തു?
എവിടെയെങ്കിലും പോയോ? ഭക്ഷണം ഉണ്ടാക്കി കഴിച്ചോ?

ഒറ്റ ശ്വാസത്തിൽ ലതയുടെ വായിൽ നിന്നും ചോദ്യശരങ്ങൾ സദാനന്ദൻ മാഷിന്റെ നേർക്ക് പാഞ്ഞു വന്നു.

‘എന്റെ ലതേ, ഒന്ന് നിർത്തി നിർത്തി ചോദിക്ക്…
എല്ലാത്തിനും ഉത്തരം തരാം….
ആദ്യം ലതയുടെ വിശേഷം പറയൂ. എന്നിട്ട് ആവട്ടെ എൻ്റെ വിശേഷം ..

വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..?
അച്ഛൻ, അമ്മ , ചേച്ചി എന്ത് പറയുന്നു..?

‘എല്ലാവരും നന്നായിരിക്കുന്നു സർ…’

:അന്ന് ഒരു കാര്യം പറയുവാൻ മറന്നു’

‘ എന്താ സാർ …?’

‘എന്റെ അന്വേഷണം അമ്മയോടും അച്ഛനോടും ചേച്ചിയോടും പറയുവാൻ മറന്നു.’

‘അത്രയേ ഉള്ളൂ….
ഞാൻ എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു ..’

‘എന്ത് കാര്യം..?’

‘അതോ…പുതിയ ഒരു സാർ വന്നിട്ടുണ്ട്…
ആള് സുന്ദരനാണ്.. ചെറുപ്പക്കാരനാണ് എന്നൊക്കെ…’

‘ആഹാ തമാശ പറയുവാൻ അറിയാമല്ലോ..?’

‘തമാശ അല്ലല്ലോ…?
സാർ ചെറുപ്പമല്ലേ..?
സുന്ദരനല്ലേ…?
സത്യമല്ലേ ഞാൻ പറഞ്ഞത്?

‘ഉവ്വ് ഉവ്വ്.. ഇത് പറഞ്ഞതും ലതയെ നോക്കി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

‘ അമ്മയോട് വേറെ എന്തെല്ലാം പറഞ്ഞു…?’

‘വേറെയോ ….?
കഴിഞ്ഞദിവസം ജോസ് സാർ കഞ്ചാവ് വലിപ്പിച്ചതടക്കം എല്ലാം…

‘എന്നാലും ജോസ് മാഷ് എന്നോട് കാണിച്ചത് അമ്മയോട് പറയേണ്ടിയിരുന്നില്ല.

‘പിന്നെ പറയാതെ ..?
അത്രയ്ക്ക് ദുഷ്ടത്തരമല്ലേ ജോസ് സാർ ചെയ്തത്……?
സത്യം പറഞ്ഞാൽ വീട്ടിൽ എത്തിയിട്ടും സാറിന്റെ കലങ്ങിയ കണ്ണുകളും സങ്കടം തിങ്ങി നിറഞ്ഞ മുഖവുമായിരുന്നു എൻ്റെ മനസ്സിൽ…

‘ആണോ …?
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പെരുമാറുന്നത്.’

‘എങ്ങനെ …?’

‘എന്നോട് ഇത്രയ്ക്കും സ്നേഹത്തോടെ പെരുമാറിയത്…’

സ്നേഹത്തോടെയോ…?
സാർ എന്താ ഉദ്ദേശിച്ചത്?

‘എന്ന് പറഞ്ഞാൽ……
അത് പിന്നെ…..
ഉപ്പുമാവ് ഉണ്ടാക്കിത്തന്നത് ,
കഞ്ഞി വെച്ച് തന്നത്… ‘

ഇത് പറയുമ്പോൾ മാഷിന്റെ മുഖത്ത്അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു…

‘ അതോ….?
അത് സാറ് പട്ടിണി കിടക്കണ്ട എന്ന് കരുതി അല്ലേ …?

‘ഉം…..’

‘സമയം 10 കഴിഞ്ഞല്ലോ…?
ജോസ് മാഷും സോമൻ മാഷിനെയും ഇനിയും കണ്ടില്ലല്ലോ ..?’

‘അവർ എത്തുമ്പോൾ പന്ത്രണ്ട് കഴിയും സാർ….
ഒരുപാട് ദൂരെ നിന്നും വരണ്ടേ..?’

‘സാർ ബെല്ലടിക്കട്ടെ..’

‘ഉം……’

ലത ബെല്ലടിച്ചതും ഗ്രൗണ്ടിൽ ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടികൾ തേനീച്ച കൂട്ടങ്ങളെപ്പോലെ പറന്നു ക്ലാസിൽ കയറി.

‘ലതേ ഒന്നാം ക്ലാസിലേക്ക് പോകാമോ..?
കുട്ടികൾക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കു…’

‘ശരി സാർ…..’

സദാനന്ദൻ മാഷ് രണ്ടാം ക്ലാസിൽ പോയി ഹാജർ വിളിച്ചു. ബോർഡിൽ രണ്ടു വാക്ക് എഴുതി കൊടുത്തിട്ട് നാലാം ക്ലാസിലേക്ക് കയറി……

(തുടരും……)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments