കാലിലെ മുറിവിൽ നിന്നും വീണ്ടും രക്തം വന്നുകൊണ്ടിരുന്നു.
തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്നുപോകുമ്പോഴും സദാനന്ദൻ മാഷ് വിയർത്തു കുളിച്ചു. കുപ്പി തുറന്നു കുറച്ചു കൂടി വെള്ളം കുടിച്ചു. അല്പം വെള്ളംകൊണ്ട് മുഖം കഴുകി. അപ്പോഴേക്കും മുകളിൽ നിന്ന് ഒരു കൂവൽ കേട്ടു….
പിറകെ ഒരു വിളിയും ….
മാഷേ…പൂയ്….
സോമൻ മാഷിന്റെ ശബ്ദമാണ്…
പൂയ്……..
സദാനന്ദൻ മാഷ് തിരിച്ച് കൂവി..
‘ ഇങ്ങോട്ട് വരൂ….
മാഷേ……
വേഗം വരൂ…..’
കുറച്ചു കഴിഞ്ഞപ്പോൾ ജോസ് മാഷും സോമൻ മാഷും ഇറങ്ങി വന്നു..
‘ എന്തുപറ്റി മാഷേ ..?
മുകളിലെ പാറയിൽ എത്തിയപ്പോഴേ അവർ വിളിച്ച് ചോദിച്ചു.
‘എൻ്റെ കാലിൽ ഒരു മുറിവ്…..
രക്തം വരുന്നു…
വല്ല പാമ്പ് മറ്റോ കടിച്ചതാണോ..?
രണ്ടുപേരും വേഗം തന്നെ സദാനന്ദൻ മാഷിന്റെ അരികിലെത്തി.
‘നോക്കട്ടെ …’
സോമൻ മാഷ് കുറച്ച് വെള്ളം ഒഴിച്ച് രക്തം വരുന്ന ഭാഗം കഴുകി.
‘ഹേയ് , ഇത് പാമ്പൊന്നുമല്ല.. കണ്ടോ ഒരുപാട് മാത്രമേ കാണുന്നുള്ളൂ..
പാമ്പ് ആണെങ്കിൽ രണ്ട് പാട് ഉണ്ടായിരിക്കും .
ഇത് ഏതോ മുള്ള് കൊണ്ടതാണ്.’
സോമൻ മാഷ് പറഞ്ഞു.
‘ആണോ …?
ഞാൻ ശരിക്കും പേടിച്ചു പോയി!
നിങ്ങളെ എത്ര തവണ വിളിച്ചു …?’
‘ഞങ്ങൾ കുറെ ദൂരം മുകളിലേക്ക് പോയി. അതാ കേൾക്കാത്തത് .
മാഷിനെ കാണാത്തത് കൊണ്ടാണ് വിളിച്ചത്. ..’
‘മാഷ് അൽപ്പം വിശ്രമിക്കൂ,
ഇനി കുറച്ചുനേരം കഴിഞ്ഞിട്ട് പോയാൽ മതി…’
ജോസ് മാഷ് പറഞ്ഞു.
അവർ മൂന്നുപേരും മരത്തിന്റെ ചുവട്ടിലുള്ള പാറയിൽ ഇരുന്നു.
പരിപൂർണ്ണ നിശബ്ദത അന്തരീക്ഷത്തെ വലയം ചെയ്തിരിക്കുന്നു. പലതരം കിളികളുടെ മധുര ശബ്ദം മാത്രം കേൾക്കാം..
പ്രകൃതിയുടെ സംഗീതം എത്ര മനോഹരം..!
തൊട്ടടുത്തുള്ള മരത്തിന് മുകളിൽ നിന്ന് ഒരു മലയണ്ണാൻ താഴത്തെ ചില്ലയിലേക്ക് ചാടി.
പല നിറത്തിലും തരത്തിലുമുള്ള ചിത്രശലഭങ്ങൾ അവരെ വട്ടമിട്ട് പറന്നു.
പ്രകൃതിയുടെ ശബ്ദതയിൽ അവർ അലിഞ്ഞുചേർന്നു .
ദൂരെ മല്ലേശ്വരൻ മുടി തല ഉയർത്തി നിൽക്കുന്നത് കാണാം..
‘ക്ഷീണം മാറിയില്ലേ ?
ഇനി പോയാലോ ?
മാഷേ ഓക്കേ അല്ലേ?
‘ഓക്കെ ….’
അവർ വീണ്ടും മല കയറുവാൻ തുടങ്ങി.
ഇത്തവണ സോമൻ മാഷ് രണ്ട് പേരുടെയും പിന്നിൽ നടന്നു.
കുറച്ചു ദൂരം നടന്നപ്പോൾ അങ്ങകലെ കാടിനു മധ്യത്തിൽ ഒരു കെട്ടിടം കണ്ടു.
അത് സ്കൂൾ ആയിരിക്കും..! കുട്ടികളുടെ ശബ്ദം കേൾക്കാം. ..
‘ഇന്ന് സ്കൂൾ ഇല്ലല്ലോ..?
പിന്നെ എന്താണ് കുട്ടികളുടെ ശബ്ദം ..?
സദാനന്ദൻ മാഷ് ചോദിച്ചു .
അത് മാഷേ ഇത് ഹോസ്റ്റൽ ഉള്ള സ്കൂളാണ് . ഇവിടെ മുപ്പതോളം കുട്ടികൾ താമസിച്ചാണ് പഠിക്കുന്നത്.
‘ഓ, അത് ശരി. ..
സ്കൂൾ അടുക്കുംതോറും കുട്ടികളുടെ കലപില ശബ്ദവും കൂടുതൽ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങി. ആൺകുട്ടികളും പെൺകുട്ടികളും മറ്റത്തുകൂടി ഓടിക്കളിക്കുന്നുണ്ട് .
സ്കൂൾ മുറ്റത്ത് നിന്നും ഒരാൾ ഇറങ്ങി വന്നു . അധ്യാപകൻ ആയിരിക്കണം…
ജോസ് മാഷ് അദ്ദേഹത്തിനോട് എന്തോ ചോദിക്കുന്നുണ്ട്.
‘ഇതാരാ ജോസ് മാഷേ കൂടെ പുതിയൊരാൾ ..?’
അദ്ദേഹം ചോദിച്ചു. അത് നമ്മുടെ സ്കൂളിൽ വന്ന പുതിയ മാഷാണ്. ‘
‘എന്താ പേര് ..?’
‘സദാനന്ദൻ.’
‘നാടെവിടെ..?’
സദാനന്ദൻ മാഷ് നാടിന്റെ പേര് പറഞ്ഞു കൊടുത്തു.
‘ശരി മാഷേ, നിങ്ങൾ പോയിട്ട് വരു…’
അദ്ദേഹം പറഞ്ഞു.
സ്കൂളിന്റെ ഓരത്ത് കൂടിയുള്ള ഇടവഴിയിലൂടെ അവർ നടന്നു. ഏതാണ്ട് ഇരുപതു മിനിറ്റ് നടന്ന് കാണും. ദൂരെയായി മുള കൊണ്ട് ചുമർകെട്ടിയ പുല്ലുമേഞ്ഞ കുറെ വീടുകൾ….
ഓരോ വീടും മറ്റു വീടുകളോട് ചേർന്ന് നിൽക്കുന്നു..
ഒരു വീടിൻെറ മുന്നിലേക്ക് എത്തിയതും കുറെ സ്ത്രീകൾ വരാന്തയിൽ ഇരിക്കുന്നു. അപരിചിതരെ കണ്ടതും അഴിഞ്ഞു കിടന്നിരുന്ന സാരി വാരിചുറ്റി പെട്ടെന്ന് മാറുമറച്ചു.
അടുത്ത വീടിന്റെ ഉമ്മറത്ത് സാരി മാറിന് മുകളിൽ വരിഞ്ഞു കെട്ടിയ കുറെ സ്ത്രീകൾ! നാലഞ്ച് പേർ ഒന്നിന് പിറകെ ഒന്നായി ഇരുന്നു പരസ്പരം തലയിലെ പേൻ നോക്കുന്ന കാഴ്ച രസകരമായി തോന്നി. സദാനന്ദൻ മാഷിന്റെ ക്യാമറ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്തപ്പോൾ അവർ എഴുന്നേറ്റു വീടിനുള്ളിലേക്ക് പോയി.
മുറ്റത്തായി കുറെ പ്രായമായ സ്ത്രീകൾ നിൽക്കുന്നുണ്ട്.
അവർ മാറ് മറച്ചിട്ടില്ല.
വീടുകളോട് ചേർന്ന് ഭാഗം മുളകൊണ്ട് നിർമ്മിച്ച ആട്ടിൻ കൂട്.
കൂട്ടിൽ നിറയെ ആടുകളുണ്ട്. പെട്ടെന്ന് അവറ്റകൾ ഉച്ചത്തിൽ കരയാൻ തുടങ്ങി.
മൂന്ന് പേരും ഊര് കാഴ്ചകൾ കണ്ടു ഇടവഴിയിലേക്ക് ഇറങ്ങി. കുറച്ചു നടന്നപ്പോൾ പാറക്കെട്ടുകൾ ഉള്ള ഒരു സ്ഥലത്തെത്തി.
പാറക്കെട്ടുകൾക്കിട
യിലുള്ള ഇടവഴിയിലൂടെ നടക്കുക വളരെ പ്രയാസമായിരുന്നു.
പെട്ടെന്ന് പാറയിടുക്കിൽ വളർന്നുനിൽക്കുന്ന ചെടികളുടെ അരികിലേക്ക് ജോസ് മാഷ് നടന്നുപോയി. ചെടികൾ നിൽക്കുന്ന ഭാഗത്ത് മറ്റ് സസ്യങ്ങളോ പുല്ലുകളോ ഒന്നും ഉണ്ടായിരുന്നില്ല.
ശരിക്കും പറഞ്ഞാൽ പാറ യിടുക്കുകൾക്കിടയിൽ തടമെടുത്ത് കൃഷി ചെയ്തിരിക്കുന്നു.
ചെണ്ടുമല്ലി ചെടിയുടെത് പോലെയുള്ള ഇലകൾ..
ആ ചെടിയുടെ മുകളിലും തണ്ടുകളിലും നിറയെ പൂക്കൾ പോലെ കാണാം.
പക്ഷേ, സാധാരണ പൂക്കൾ അല്ല.. ഉണങ്ങിയ പൂക്കൾ പോലെ….
താൻ ഈ ചെടി ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ…?
ജോസ് മാഷിനോട് തന്നെ ചോദിക്കാം.
‘എന്താ മാഷേ ഈ സസ്യത്തിന്റെ പേര്..?
‘അതോ…?
മനുഷ്യനെ സ്വർഗ്ഗം കാണിക്കുന്ന ചെടിയാണിത്. മനുഷ്യർക്ക് ഏറ്റവും അധികം സുഖം തരുന്ന ചെടി.. ‘
‘അതെന്ത് ചെടി..? ‘
മനുഷ്യനെ സ്വർഗ്ഗം കാണിക്കുന്ന ചെടിയോ ..?
ഒന്ന് തെളിച്ചു പറയൂ മാഷേ …’
‘റൂമിൽ ചെല്ലട്ടെ …
തനിക്ക് ഞാൻ കാണിച്ചു തരാം …’
‘പേരില്ലേ ….?’
‘ഉണ്ടല്ലോ, പിന്നെ പറയാം …’
ആ ചെടിയിൽ നിന്നും പറിച്ചെടുത്ത ഉണങ്ങിയ പൂക്കൾ രണ്ടുപേരും മുണ്ടിന്റെ മടിക്കുത്തിൽ ഇട്ടു .
ആകാശം മേഘങ്ങൾ കൊണ്ട് നിറഞ്ഞു . സന്ധ്യാമേഘങ്ങൾക്ക് സ്വർണത്തിളക്കം ഉണ്ടായിരുന്നു.
‘സമയം കുറെയായി, നമുക്ക് പോകാം. .’
‘ഓക്കെ… പോകാം…’
കയറ്റം കയറുന്നതിനേക്കാൾ പ്രയാസം ഇറങ്ങുന്നതിനായിരുന്നു. കാലിന്റെ മുട്ടിൽ മസില് പിടിക്കാൻ തുടങ്ങി. സദാനന്ദൻ മാഷ് ചെരിപ്പ് ഊരി കയ്യിൽ പിടിച്ചു.
കുന്നിറങ്ങി ചെരിവിറങ്ങി താഴെ എത്തിയപ്പോൾ സൂര്യൻ അസ്തമിക്കുകയായിരുന്നു. ദൂരെ മഞ്ഞുമൂടിയ മലനിരകളിൽ ചുവപ്പ് പടർന്നു. മലഞ്ചെരുവിൽ നിന്നും മഞ്ഞ് ഉയർന്നുപൊങ്ങി.
മാനത്ത് നക്ഷത്രങ്ങൾ നൃത്തം ചെയ്യാൻ തുടങ്ങി.
ഓറഞ്ചും ചുവപ്പും കലർന്ന പ്രകാശം കൊണ്ട് ദീപ്തമായ
ആകാശം.
ഒരു പകൽ എരിഞ്ഞടങ്ങിയിരിക്കുന്നു .
തൻ്റെ ജീവിതത്തിലേക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച പകൽ.
സദാനന്ദൻ മാഷ് മനസ്സിൽ പറഞ്ഞു.
(തുടരും….)