മഴയാണ് കോരിച്ചൊരിയുന്ന മഴ, എൻ്റെ കുട്ടിക്കാലത്ത് മഴക്കാലം വറുതിയുടെ നാളുകൾ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മഴയെപ്പറ്റി കവികൾക്ക് എത്ര എഴുതിയാലും മതിവരാത്ത ഒരു പ്രതിഭാസമായിരുന്നു, മഴ പ്രണയമാണെന്ന് ഞാനും എഴുതിയിട്ടുണ്ട്. എൻ്റെ പല കവിതകളിലും മഴ തോരാതെ പെയ്തിറങ്ങിയിരുന്നു.
മഴക്കാലത്ത് എന്നും ഓർമ്മയിൽ തെളിഞ്ഞു വരുന്ന ഒരു മുഖമുണ്ട്.എൻ്റെ വീട്ടിനടുത്തുള്ള ഒരു ചേച്ചിയെ, ഗൗതമി എന്നായിരുന്നു പേർ. അവരുടെ വീട്ടിൽ കിണറില്ല എൻ്റെ വീട്ടിൽ നിന്നു വെള്ളം കോരി ഇരു കൈകളിലും തൂക്കി അവർ പോകുന്നത് സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട്. തോരാത്ത മഴയെ ശപിച്ചു കൊണ്ട് അവർ മഴ നനഞ്ഞു വെള്ളവുമായി പോകും.
ഓലമേഞ്ഞ വീടായിരുന്നു അവർക്ക്. ചുമരുകൾ എല്ലാം ഓലമറച്ചതായിരുന്നു, കാറ്റിൽ ഓല കൊണ്ട് ഉണ്ടാക്കിയ വാതിൽ അടർന്നു മഴയത്തു തെറിച്ചു പോയത് അവർ സങ്കടത്തോടെ അമ്മയോട് പറഞ്ഞു. കൂരിരുട്ടിൽ വാതിൽ പൊക്കി എടുക്കാൻ ശ്രമിച്ചു, ഓലകൾ കൊണ്ട് പൊതിഞ്ഞു കെട്ടിയ വാതിൽ അവർക്ക് എടുത്തു ഉയർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. രണ്ടു മക്കളെയും കൊണ്ട് പാട് പെടുന്ന പാവം ചേച്ചി പട്ടിണി തന്നെയായിരുന്നു മിക്ക ദിനങ്ങളിലും. ചക്ക പുഴുക്കും വെള്ളവും കഴിച്ചു ദിവസങ്ങൾ തള്ളിനീക്കിയിരുന്നു. ഓലകീറിലൂടെ മഴ തുള്ളികൾ കിടക്കയിലും മുറികളിലും ഒഴുകി ഇറങ്ങും, ഓരോ പാത്രങ്ങൾ മഴവെള്ളം ഒഴുകി വീഴുന്ന ഭാഗങ്ങളിൽ നിരത്തി വെക്കും. വലിയ വീട്ടിൽ ജനിച്ചവളായിരുന്നു ആ ച്ചേച്ചി അവളുടെ തലവിധി അല്ലാതെ എന്ത് പറയാൻ.
ഭർത്താവിൻ്റെ അടിയും തൊഴിയും ആട്ടും സഹിച്ചു അവർ എന്തിന് കഴിയുന്നു, അവർക്ക് അവരുടെ വീട്ടിൽ പോയിക്കൂടെ എന്ന് ഞാൻ അമ്മയോട് ചോദിച്ചു? അത് എങ്ങിനെ പോകാൻ കഴിയും? നിനക്ക് ഇത് ഇപ്പോ പറഞ്ഞാൽ മനസ്സിലാകില്ല, നാളെ നീ ഒരു ഭാര്യയും അമ്മയും ആവും, അപ്പഴെ നിനക്കത് മനസ്സിലാകു എന്ന് അമ്മ പറഞ്ഞു. കൊടും വേനലിൽ വീട്ടിലെ കിണറ്റിലെ വെള്ളം കുറയും ഞങ്ങൾക്ക് കഷ്ടി എടുക്കാൻ ഉണ്ടാകും. അപ്പോൾ ആ ചേച്ചി തൊട്ട് അടുത്ത വീട്ടിൽ പോയപ്പോൾ അവർക്ക് വെള്ളം കൊടുത്തില്ല. മുന്നു നാല് വീടിനപ്പുറത്തെ വീട്ടിൽ നിന്ന് തലയിലും ഒരു കൈയിലുമായി വെള്ളം എടുത്തു വരുന്നത് കാണാം. ഭർത്താവിന് കൈ കഴുകാൻ വെള്ളം കിട്ടാൻ താമസിച്ചതിൽ ആ മനുഷ്യൻ എച്ചിൽ പുരണ്ട കൈ അവരുടെ മുഖത്ത് തേച്ച് കൊടുത്തു. ആ ചേച്ചി അനുഭവിച്ച യാതനകൾ കുറച്ചോന്നുമല്ല.
അവർക്ക് ഒരാണും ഒരു പെണ്ണുമായിരുന്നു, മക്കൾ വലുതായി അവർക്ക് ജോലിയൊക്കെ കിട്ടിയപ്പോൾ, അവർ അനുഭവിച്ച കഷ്ടപ്പാടുകൾ ഒക്കെ മാറി, ചേച്ചിയുടെ ശനി ദിശ കഴിഞ്ഞു എന്നു അമ്മ പറഞ്ഞു. എവിടെ, അവരുടെ കണ്ടകശനിയുടെ ആരംഭമായിരുന്നു അത്. പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണ് നന്നായി വെളുത്ത ഒരു പെൺകുട്ടി, അവളെ വിവാഹം കഴിച്ചു കൊണ്ടു വന്നത് എൻ്റെ അയൽ വക്കത്തുള്ള ഗൗതമി ചേച്ചിയുടെ മകനായിരുന്നു. വിദേശത്ത് ജോലിയായിരുന്നു അവന്. അവൻ്റെ ലീവ് കഴിഞ്ഞു പോകുമ്പോൾ അവൾ അവളുടെ വീട്ടിലേക്ക്പോകും.
മരുമകളെ സ്നേഹിക്കാനോ, അവളുടെ കഴിയാനോ, അവർക്ക് കഴിയില്ല.
മകൻ നാട്ടിൽ വരുമ്പോൾ മാത്രമെ അവൾ | ഭർത്താവിൻ്റെ വീട്ടിൽ വരാറുള്ളു.
മകളുടെ വിവാഹം കഴിഞ്ഞു ഭർത്താവിൻ്റെ ജോലിസ്ഥലത്തായിരുന്നു അവരുടെ താമസം. ഒറ്റ മകനെ ആശ്രയിച്ചായിരുന്നു ആ അച്ഛനും അമ്മയും കഴിഞ്ഞത്. ഞങ്ങൾക്ക് അവൻ ഉണ്ട് എന്ന് കരുതിയതെല്ലാം പാഴ്ക്കിനാവായി മാറി
മകൻ ഭാര്യയുടെ താളത്തിന് അനുസരിച്ചായിരുന്നു ജീവിച്ചത്, കല്ലും ഓടും ഉള്ള ഒരു കൊച്ച് വിട് അവർ ഉണ്ടാക്കി എടുത്തിരുന്നു. അവരുടെ വിട്ടുകാർ എടുത്തു കൊടുത്തതായിരുന്നു. മകൻ പിന്നെ ചിലവിനുള്ള കാശ് അവളുടെ പേരിലയക്കും.
ആ ചേച്ചി അതു വാങ്ങാൻ മകൻ്റെ ഭാര്യ വീട്ടിൽ പോകും. ചിലപ്പോൾ രണ്ടു ദിവസം പോകണ്ടി വരും. അവർ ചെല്ലുമ്പോൾ പറയും ചെക്ക് മാറാൻ പോയില്ല ഞാൻ നാളെയെ പോകു, നിങ്ങൾ നാളെ വാ എന്നു പറഞ്ഞു മടക്കും. പിറ്റേ ദിവസം വീണ്ടും പോകും അന്ന് കിട്ടിയാൽ ഭാഗ്യം. ചിലപ്പോൾ വീണ്ടും അവൾ പറഞ്ഞ ദിവസം പോകണ്ടി വരും, എന്നാലും ഒരു മടിയുമില്ലാതെ പോകും. ഒരു പരാതിയും പറയില്ല, ഭർത്താവിന് മരുന്നു വാങ്ങണം ഭക്ഷണം കൊടുക്കണം അതിന് വേണ്ടി ആരുടെ കാലു പിടിക്കാനും അവർ തയാറായിരുന്നു.
പിന്നെ മകന് ഒരു മകൾ ഉണ്ടായി. ആകുഞ്ഞിനെ നേരാംവണ്ണം കാണാനോ കളിപ്പിക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടു. അവർ തീർത്തും ഒറ്റക്കായിപ്പോയി.
മാനസീകമായി അവർ വല്ലാതെ തളർന്നു. പ്രായമായില്ലേ, തനിച്ച് കഴിയാൻ അവർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.
ഈ സമയത്ത് അവരെ തളർത്തിയ ഒരു സംഭവം നടന്നു. മകൻ്റെ ഭാര്യ മറ്റ് ഒരാളുടെ കൂടെ ഒളിച്ചോടി എന്ന്. മകൻ നാട്ടിൽ വന്നു. ഭാര്യയുമായി ഡിവോഴ്സ് നടന്നു. പിന്നെ അവൻ കടുത്ത മദ്യപാനിയായി മാറി. ആ അമ്മക്ക് ഇത് എല്ലാം സഹിക്കാനാവുന്നതിനപ്പുറമായിരുന്നു. അമ്മക്കു മകനും മകന് അമ്മയും മാത്രമായി
ഒരു ദിവസം മകൻ ഉറങ്ങാൻ കിടന്നതായിരുന്നു, പിന്നെ എഴുന്നേറ്റില്ല. അറ്റാക്കായിരുന്നു. അത് ആ അമ്മക്ക് ഒട്ടും സഹിക്കാനാവത്തതല്ലേ, അവർ തളർന്നു വീണു. പത്ത് ദിവസം കൊണ്ട് ആ അമ്മയും മകൻ്റെ അടുക്കലേക്ക് പോയി. ഗൗതമി ചേച്ചി അവർ എന്നും എനിക്ക് നോവ് തന്നെയാണ്. അവരുടെ ജീവിതം കഷ്ടപാടുകൾ എന്ത് ഒക്കെ ആ പാവം അനുഭവിച്ചു. ദൈവം എന്തെ അവരെ ഇങ്ങനെ സൃഷ്ടിച്ചത് എന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്.
എൻ്റെ ഉള്ളിൽ മറവിക്ക് കൊടുക്കാത്ത മറ്റ് ഒരാൾ അതാണ് എൻ്റെ പാവം ഗൗതമി ചേച്ചി
തുടരും..
പെണ്ണങ്ങൾക്ക് എന്നും കരച്ചിൽ തന്നെയാണ്.
പാവങ്ങൾ പെണ്ണുങ്ങൾ..
നല്ല എഴുത്ത്