ഞാൻ ജനിച്ചതും കുട്ടിക്കാലത്ത് വളർന്നതും പുത്തൻപള്ളിയുടെ മുന്നിലുള്ള വീട്ടിൽ വച്ചാണ്. വീട്ടിൽ നിന്ന് കാല് എടുത്തു വക്കുന്നത് നേരെ റോഡിലേക്കാണ്. വീടിന്റെ പിന്നിലാണ് സോപ്പ് കമ്പനി.അവിടേക്ക് എനിക്ക് പ്രവേശനമില്ല. അങ്ങനെയുള്ള കാലത്താണ് മിഷൃൻ ക്വാർട്ടേഴ്സിൽ ഒരു വീട് വാങ്ങിക്കുന്നത്. പഴയ വീട് ആണെങ്കിലും ധാരാളം മുറികൾ ഉണ്ട്. വീടിന്റെ മുന്നിൽ രണ്ട് കളങ്ങളും,പിന്നിൽ പറമ്പും ഉണ്ട്. ചെറിയ വീട്ടിൽ നിന്ന് വലിയ വീട്ടിലേക്ക് വന്നപ്പോൾ എന്തൊന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്.അയൽപക്കത്തുള്ള വീടുകളിലെ മേഴ്സി, ഡെയ്സി, ഗ്രേസി, മോളി എന്നീ ചേച്ചിമാരും, ഞങ്ങളും വീടിൻറെ മുന്നിലെ കളത്തിൽ ഉച്ചതിരിഞ്ഞ് ദിവസവും ഞൊണ്ടി ഭ്രാന്തി മുതലായ… കളികൾ കളിക്കും. വീടിന്റെ മുന്നിൽ ഉണ്ടായിരുന്ന മാവിൻ നിന്ന് കിട്ടിയിരുന്ന നല്ല വലിപ്പമുള്ള അമ്മിണി മാങ്ങ മുറിച്ച് കഷണങ്ങളാക്കി ഉപ്പും,മുളകും, വെളിച്ചെണ്ണയും ചേർത്ത് അമ്മ ഞങ്ങൾക്ക് കഴിക്കാൻ തരും. കളികളുടെ ഇടയിൽ അത് കഴിച്ചിട്ടാണ് പിന്നെ കളി.
ഞങ്ങൾ പുത്തൻപള്ളിയുടെ മുമ്പിൽ താമസിക്കുമ്പോൾ വെള്ളത്തിന് വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അവിടെയുള്ള കിണറിൽ നിന്ന് വേനൽക്കാലത്ത് വളരെ കുറച്ചു വെള്ളം മാത്രമേ ലഭിക്കു. പിന്നെ ആശ്രയിച്ചിരുന്നത് തൃശൂർ നഗരസഭ പെരിങ്ങാവിൽ നിന്ന് വടക്കുംനാഥൻ അമ്പലത്തിന്റെ കിഴക്കേ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ടാങ്കിലേക്ക് വെള്ളം എത്തിച്ച്, അവിടെനിന്ന് പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ടാപ്പ് വഴി ലഭിച്ചിരുന്ന ശുദ്ധജലമാണ്. വീടിൻറെ പിന്നിൽ പള്ളിയുടെ മതിലിനോട് ചേർന്ന് നിന്നിരുന്ന ടാപ്പിൽ കൂടി വന്നിരുന്ന ശുദ്ധജലമാണ് ഞങ്ങൾ അവിടെ ഉപയോഗിച്ചിരുന്നത്. അതിൽ നിന്ന് വെള്ളം കിട്ടണമെങ്കിൽ പാതിരാത്രിവരെ കാത്തിരിക്കണം. ഞങ്ങളുടെ അമ്മാമ്മ യാണ് വെള്ളം ശേഖരിക്കുന്നതിന് നേതൃത്വം നൽകിയിരുന്നത്. വരി വരിയായി നിന്ന് കൈമാറിയാണ് വെള്ളം ശേഖരിച്ചിരുന്നത്. മിഷൃൻ ക്വാർട്ടേഴ്സിലെ പുതിയ വീട്ടിലെ കിണർ വറ്റാത്ത നല്ല ഉറവുള്ള കിണറാണ്. ഈയൊരു കാരണമാണ് ഞങ്ങളെ ഈ വീട്ടിലേക്ക്. ആകർഷിച്ചത് . പീച്ചിയിൽ നിന്ന് വീടുകളിലേക്ക് ശുദ്ധജലം ലഭിച്ചത് എത്രയോ കാലങ്ങൾക്ക് ശേഷമാണ്.
അപ്പന് ഒരു സോപ്പ് കമ്പനിയും, കുറച്ച് കൃഷി ഭൂമിയും, തെങ്ങ്, മാവ്, പ്ലാവ് എന്നിവയുള്ള ഒരു പറമ്പും ഉണ്ടായിരുന്നു. കൃഷി കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അപ്പൻ തന്നെയാണ്. ആഴ്ചയിൽ ഒരു ദിവസം പാടത്ത് പോയി വേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കും. അപ്പൻ ഒരു സാധാരണക്കാരൻ മാത്രമായിരുന്നു. എന്നാൽ വീടിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന പണക്കാരേക്കാൾ , ഭക്ഷണത്തിന് പ്രത്യേക പരിഗണന ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. സുഭിക്ഷമായ തീറ്റ! അതുകഴിഞ്ഞേ മറ്റെന്തും വേണ്ടൂ….എന്ന പക്ഷക്കാരനായിരുന്നു ഞങ്ങളുടെ അപ്പൻ.
ചെറുപ്പകാലത്ത് കിടക്കയിൽ മൂത്രം ഒഴിക്കുക എന്നത് എന്റെ സ്ഥിരം പരിപാടിയായിരുന്നു. നിലത്ത് കിടയ്ക്കകൾ ഇട്ടിട്ടാണ് കിടപ്പ്. ദേഹത്ത് തണുപ്പ് വരുമ്പോൾ അടുത്ത കിടയ്ക്കയിലേക്ക് മാറിക്കിടക്കും. നേരം വെളുത്താൽ നേരെ പോയി കിണറിൽ നിന്ന് വെള്ളം കോരി ദേഹത്തു ഒഴിക്കും. അതോടെ മൂത്രമണം പോകും. അതോടൊപ്പം പല്ലുതേപ്പും കഴിയും. ആ കാലത്ത് വീട്ടിൽ ഉമി കരിച്ചെടുത്തതു കൊണ്ടാണ് പല്ല് തേപ്പ്. ഈർക്കിലി രണ്ടാക്കി അതുകൊണ്ടാണ് നാവു വടിക്കക്കുക.ആഴ്ചയിൽ ഒരു ദിവസം എണ്ണ തേച്ചു കുളി നിർബന്ധമാണ്. എന്നാൽ എണ്ണ തേച്ച് കുളി എന്തുകൊണ്ടും എനിക്കിഷ്ടമല്ല. കാരണം എണ്ണ തേച്ചാൽ അത് കണ്ണിൽ കൂടിയും മറ്റും ഒലിച്ചിറങ്ങി കണ്ണു നീറും. ഇത് അറിയാവുന്ന അമ്മ വേറെ എന്തെങ്കിലും പറഞ്ഞ് എന്റെ ശ്രദ്ധ തിരിച്ച് നല്ല വാക്ക് പറഞ്ഞ് അടുത്തേക്ക് വിളിക്കും. സൂത്രത്തിൽ ഭരണിയിൽ നിന്ന് തവി കൊണ്ട് എണ്ണ് എടുത്ത് തലയിൽ തേക്കും. ഒരാഴ്ച കഴിയുമ്പോഴേക്കും അമ്മയുടെ ഈ സൂത്രപ്പണി ഞാൻ മറന്നിട്ടുണ്ടാവും. വൈദ്യന്മാരുടെ നിർദേശപ്രകാരമുള്ള പച്ച മരുന്നുകൾ അങ്ങാടിയിൽ നിന്ന് വാങ്ങി വീട്ടിൽ തന്നെ എണ്ണ കാച്ചും. ഒരു കടും പച്ച നിറമാണ് അതിന്. ഒരു പ്രത്യേക മരുന്നിന്റെ മണവും. ഉരുളിയിൽ നിന്ന് എണ്ണ കോരിയിടുത്താൽ, ഉരുളിയിൽ കാണുന്ന കൊറ്റൻ ഒരു തുണിയിലാക്കി അതിൽ ബാക്കിയുള്ള എണ്ണ കിട്ടാൻ വീട്ടിൽ തന്നെയുള്ള ഒരു മിഷ്യനിൽ ഇട്ട് തിരിക്കുമ്പോൾ മിഷ്യന്റെ പൈപ്പിൽ കൂടി അവസാനത്തെ തുള്ളി എണ്ണ പോലും ഉപയോഗിക്കാൻ കിട്ടും. കുളികഴിഞ്ഞാൽ രാസനാദി പൊടി തലയിൽ തിരുമ്പണം എന്നുള്ളതും നിർബന്ധമാണ്.
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം അപ്പൻ ഞങ്ങൾക്ക് ആടിന്റെ ലിവർ കഴിക്കാൻ തരും. അപ്പന് വിശ്വാസമുള്ള ഇറച്ചിക്കാരുടെ കയ്യിൽനിന്നു മാത്രമേ വാങ്ങു.ലിവർ കഴുകി മുറിച്ച് കഷ്ണങ്ങളാക്കി അതിൽ പഞ്ചസാര ചേർത്ത് പച്ചക്കാണ് കഴിപ്പിക്കുക. അതുകൂടാതെ ലിവറിൽ കുരുമുളകും, ജീരകവും, ഉപ്പും ചേർത്ത് വറുത്തെടുക്കുന്ന ഒരു പരിപാടിയുണ്ട് അത് മിക്ക ഞായറാഴ്ചകളിലും ഉണ്ടാകും.
വീട്ടിൽ ചായ, കാപ്പി എന്ന പരിപാടിയില്ല. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാല് തന്നെ ഞങ്ങൾ കുടിക്കണം എന്ന് അപ്പന് നിർബന്ധമാണ്. പശുവിനെ തേച്ചു കുളിപ്പിക്കുന്ന ജോലി അപ്പൻ തന്നെ ചെയ്യും. പശുവിനു കറവ വറ്റുമ്പോൾ പുതിയ പശുവിനെ വാങ്ങും. പാലുകുടി കഴിഞ്ഞു വരുമ്പോഴേക്കും ട്യൂഷൻ പഠിപ്പിക്കുന്ന മാഷു മാരോ, ടീച്ചർ മാരൊ വരും. അമ്മയുടെ മടിയിലൊ, ഒക്കത്തോ എപ്പോഴും ഓരോ വാവകൾ ഉണ്ടാകും. അതുകൊണ്ട് ഞങ്ങളെ പഠിപ്പിക്കാൻ അമ്മയ്ക്ക് സമയം കിട്ടാറില്ല. അങ്ങനെ വാവകളായ ഞങ്ങളുടെ എണ്ണം ഒമ്പതായി. പിന്നെ ചേച്ചിയുടെ മടിയിൽകൂടി വാവ. ഒപ്പം അമ്മയുടെ ഒക്കത്തും വാവ. പിന്നെ ആരൊക്കെയോ കളിയാക്കിയിട്ടാണ് അമ്മ വാവ കളി നിർത്തിയത്.
അപ്പന് മൂന്നു കൂട്ടുകാർ ഉണ്ടായിരുന്നു.വർഗീസ് ,സെബാസ്റ്റ്യൻ, പൊറിഞ്ചു. അപ്പൻ ദിവസവും പള്ളിയിലേക്ക് പോകും. പള്ളിയിൽനിന്ന് തിരിച്ചുവന്നാൽ ചില ദിവസങ്ങൾ അമ്മയെ നീട്ടി വിളിച്ച് അപ്പൻ പറയുന്ന കേട്ടിട്ടുണ്ട് “ദേ…..കേട്ടോ….. വർഗീസിന്റെ ആൾക്ക് വിശേഷം ഉണ്ടത്രേ….. ” അപ്പോൾ ഉറപ്പിക്കാം ഇവിടെ ഒരു വാവ വരുന്നുണ്ടെന്ന്. നമുക്കും വിശേഷം വേണം എന്നതിന്റെ അപ്പൻറെ സൂചനയാണ് അത് . എൻറെ അപ്പനും വർഗീസ് , പൊറിഞ്ചു, സെബാസ്റ്റ്യൻ എന്നിവരും ഈ കാര്യത്തിൽ മത്സരം നടത്തിയിരുന്നൊ എന്നാണ് സംശയം . വർഗീസ് പന്ത്രണ്ടിലാണ് മത്സരം അവസാനിപ്പിച്ചത്.
എൻറെ ചെറുപ്പകാലത്ത് ഒന്നിലൊ, രണ്ടിലോ പഠിക്കുന്ന കുട്ടികൾ അടക്കം മിക്ക കുട്ടികൾക്കും ഒരു പകർച്ചവ്യാധി പോലെ ഉണ്ടായിരുന്നത് മൂന്ന് അസുഖങ്ങളാണ് കൈപ്പത്തികളിൽ അകത്തും പുറത്തും, കാൽപാദത്തിന്റെ താഴെയും ചൊറികൾ , കണ്ണ് തുറക്കാൻ പറ്റാത്ത വിധം പീളക്കെട്ടി കണ്ണ് ചുവന്നിരിക്കുന്നത്. മൂക്കിൽ നിന്ന് കട്ടിയുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നത്. ഇത് മൂന്നും അറപ്പ് ഉണ്ടാക്കുന്ന വിധം ഉള്ള അസുഖങ്ങൾ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഏതോ ബോംബാക്രമണത്തിന്റെ ബാക്കിയാണ് ഇതെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. അന്നൊന്നും കുട്ടികൾ സ്ഥിരമായി ചെരിപ്പുകൾ ധരിക്കാറില്ല. അന്ന് വഴിയെല്ലാം മണ്ണിട്ടതാണ് അതിൽ കൂടി നടക്കുമ്പോൾ കാലിൽ മുള്ളുകൾ, കുപ്പി ചില്ലുകൾ എന്നിവ കയറുക സാധാരണയാണ്. മുള്ളുകൾ പുറത്തേക്ക് വരുവാൻ കാലിൽ ചോറ് വെച്ച് കെട്ടി, അതിൽ ചൂടുള്ള പന്തം കൊണ്ട് അടിക്കും കുറച്ചു കഴിയുമ്പോൾ മുള്ള് പുറത്തേക്ക് വരും. ആ കാലത്ത് എല്ലാ കുട്ടികളുടെയും കാൽമുട്ട് കളിക്കുമ്പോൾ വീണിട്ട് വ്രണമായിട്ടേ കാണാൻ കഴിയും.
ഞായറാഴ്ചകളിൽ വൈകുന്നേരം അപ്പനും, അമ്മയും ഞങ്ങളെല്ലാം കൂടി വീടിൻറെ മുന്നിലെ തിണ്ണകളിൽ ഇരുന്ന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂരെ നിന്ന് പലഹാര വണ്ടിക്കാരന്റെ മണിയുടെ ശബ്ദം കേൾക്കാം. പലഹാരവണ്ടിക്കാരന്റെ വണ്ടിയിൽ നിരത്തി വെച്ചിട്ടുള്ള പലഹാരങ്ങളിൽ നിന്ന് ഓരോ പിടി എടുത്ത് കടലാസ് കുമ്പിളിയിലാക്ക്കി തരും . അതു വാങ്ങി കഴിച്ചിട്ടാവും പിന്നെയുള്ള സംസാരങ്ങൾ.
പുതിയ മലയാളം സിനിമകൾ വരുമ്പോൾ അപ്പൻ ഞങ്ങളെ അത് കാണിക്കാൻ കൊണ്ടുപോകും. ജോസ് തീയറ്റർ, രാമവർമ്മ തീയറ്റർ എന്നിവിടങ്ങളിൽ കളിക്കുന്ന മലയാളം സിനിമ കാണാനാണ് പോവുക. വൈകുന്നേരം 6 മണിക്ക് ഉള്ള സിനിമയ്ക്ക് അപ്പനും ഞങ്ങളും വളരെ നേരത്തെ തന്നെ പോകും. ബാൽക്കണിക്കുള്ള ആദ്യത്തെ ടിക്കറ്റുകൾ ഞങ്ങൾ ആവും ആദ്യം വാങ്ങിക്കുക. ഫാൻ ഉണ്ടെങ്കിലും നല്ല ചൂടാണ് അവിടെ. ഇൻറർ വെല്ലിന് ഞങ്ങൾക്ക് അപ്പൻ സോഡ വാങ്ങി തരും.ആ കാലത്ത് വലിയ പണക്കാരുടെ വീടുകളിൽ ഫ്രിഡ്ജ് ഉണ്ട്. ഞങ്ങളുടെ വീട്ടിൽ ഇല്ല. അതുകൊണ്ട് ഞായറാഴ്ചകളിൽ ഐസ് കമ്പനിയിൽ നിന്ന് ഐസിന്റെ ചെറിയ ബാറുകൾ രണ്ടെണ്ണം വാങ്ങി വീട്ടിലുള്ള വലിയ ഫ്ളാക്സിൽ പൊട്ടിച്ചിടും. ഉച്ചതിരിഞ്ഞ് നാലുമണിയോടെ നാരങ്ങയും, പഞ്ചസാരയും ചേർത്ത വെള്ളത്തിൽ ഐസിട്ട് കുടിക്കും. നല്ല ചൂടുകാലത്ത് അത് ഒരു നല്ല സുഖമാണ്.
ഞങ്ങളുടെ അമ്മാമ്മ ഉണ്ടായിരുന്ന എന്റെ ചെറുപ്പകാലത്ത് മലയാറ്റൂർക്ക് പോയിരുന്നത് പെരുന്നാളിന്റെ തലേ ശനിയാഴ്ച്ചയണ്. അപ്പോഴും മലകയറാൻ കുറച്ച്ആളുകൾ ഉണ്ടവും . രാത്രി എട്ടുമണിയോടെ ഞങ്ങൾ മലയുടെ അടിവാരത്തിൽ എത്തും. ആ കാലത്ത് വളരെ ദൂരെ കാറ് നിർത്തിയിട്ട് കുറേ ദൂരം നടന്നിട്ട് വേണം തോമാശ്ലീഹായുടെ രൂപത്തിന്റെ താഴെ എത്താൻ . അവിടെ നിന്ന് മലകയറി രൂപത്തിന്റെ അടുത്തെത്തി കുരിശിന്റെ വഴി പ്രാർത്ഥന ആരംഭിക്കും . അന്നൊക്കെ പെട്രോമാക്സിന്റെ വെളിച്ചം മാത്രമേ ഉണ്ടാകൂ. 14 സ്ഥലങ്ങളിലും ഓരോ പെട്രോമാക്സ് തൂക്കിയിട്ടുണ്ടാവും. ഉരുണ്ടതും, മൂർച്ച ഉള്ളതുമായ പാറകളുടെ ഇടുക്കിൽ കൂടിയുള്ള മലകയറ്റം വളരെ വിഷമം ഉള്ളതാണ്. അമ്മാമ്മ പറഞ്ഞുതരും “പൊന്നുംകുരിശ് മുത്തപ്പൊ പൊന്മല കയറ്റം.” ഇത് കൂടെ ചൊല്ലിയിട്ടാണ് മലകയറ്റം. ചിലപ്പോഴൊക്കെ ഉരുണ്ട കല്ലിൽ ചവിട്ടി വിഴാൻ പോകാറുണ്ട്. അങ്ങനെ 14 സ്ഥലത്തും മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് മലമുകളിൽ എത്തും. അവിടെ തോമസ്ലീഹയുടെ കാൽപാദം, ആന നശിപ്പിച്ച പള്ളി എന്നിവ കണ്ട് കുറച്ചുനേരം അവിടെ വിശ്രമിക്കും. ഞങ്ങൾ മലകയറുമ്പോൾ രണ്ട് ഭാഗങ്ങളിലായി ഭിക്ഷക്കാർ മേക്കപ്പ് ചെയ്യുന്ന ജോലിചെയ്തു കൊണ്ടിരിക്കുകയാവും ഒരു അസുഖങ്ങളും ഇല്ലാത്തവരുടെ കാലുകളിൽ പപ്പടം വെച്ച് കെട്ടി അതിൽ ചുവപ്പും മഞ്ഞയും കളറുകൾ തേച്ചുപിടിപ്പിച്ച് കണ്ടാൽ മനസ്സലിയുന്ന വിധത്തിൽ അവിടെ കിടത്തിയിട്ടുണ്ടാകും. കൂടെ കുരുടന്മാരും മറ്റും ഉണ്ടാകും. മലയിറങ്ങുമ്പോൾ അമ്മാമ്മ കരുതിവെച്ച ചില്ലറകാശുകൾ കുറച്ചെടുത്ത് ഞങ്ങൾക്കു തരും . ഭിക്ഷക്കാർക്ക് അത് കൊടുത്തു കൊണ്ടാണ് മലയിറക്കം. നേരം വെളുക്കുമ്പോൾ അടിവാരത്തെത്തും. പുഴയിൽ പോയി ഒരു കുളി കഴിച്ചിട്ടാണ് മടക്കയാത്ര.
നോയമ്പുകാലം എന്നാൽ ദുഃഖത്തിന്റെ കാലമാണ്. എന്നാൽ ഞങ്ങൾക്കത്, അതുപോലെയല്ല. ഞങ്ങളുടെ വീട്ടിൽ ഇറച്ചിക്കാണ് നോയമ്പ്. മീനിന് നോയമ്പ് ഇല്ല. അതുകൊണ്ട് നോയമ്പ് കാലത്ത് ഞായറാഴ്ചകളിൽ അപ്പൻ മീൻ ചന്തിയിൽ പോയി നല്ലപിടക്കുന്ന വലിയ ബ്രാല് മീൻ വാങ്ങിക്കൊണ്ടുവരും. അത് മുഴുവൻ വറുത്തെടുക്കും. മാങ്ങ ഇട്ട് പാല് പിഴിഞ്ഞ മീൻ കറിയിൽ വറുത്തുവെച്ച മീൻമുഴുവനായി ഇട്ട് അമ്മ പാചകം ചെയ്യുന്ന മീൻ കറിയുടെ സ്വാദാണ് നോമ്പുകാലത്ത് ഞങ്ങളുടെ നാവിൽ കൂടി ഞങ്ങൾ ഓർക്കുക.
ക്രിസ്തുവിൻറെ പീഡനഭവങ്ങൾ ചേർത്തുവച്ചാണ് ഞങ്ങടെ വീടുകളിൽ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത് ഇന്റേറി, കലത്തപ്പം, കൊഴക്കട്ട, പിന്നെയും പലതും…..
പെസഹ വ്യാഴാഴ്ച വൈകുന്നേരം 14 പള്ളികൾ സന്ദർശിക്കുക എന്ന ഒരു പരിപാടിയുണ്ടായിരുന്നു ഞാനും കൂട്ടുകാരും സൈക്കിളിൽ ആണ് പോവുക ഓരോ പള്ളിയിലും ആരാധനയ്ക്ക് വെച്ചിട്ടുള്ള സ്ഥലത്തു പോയി പ്രാർത്ഥിക്കും അവിടുന്ന് ഇറങ്ങി അടുത്ത പള്ളിസന്ദർശനം. ദുഃഖ വെള്ളിയാഴ്ച കാലത്ത് പള്ളിയിൽ പോയി വന്നാൽ കയ്പ് നീര് കുടിക്കണം എന്നുള്ളത് നിർബന്ധമാണ്. ഉച്ചയ്ക്ക് യേശുവിൻറെ മരണ അടിയന്തരം വിപുലമായ സദ്യയോടെയാണ് ഞങ്ങളുടെ വീടുകളിൽ ആചരിക്കുക. അടപ്രഥമൻ പായസവും ഉണ്ടാവും. എല്ലാ ദിവസവും വീട്ടിൽ ചെല്ലുന്ന നീണ്ട കുടുംബ പ്രാർത്ഥന ദുഃഖ വെള്ളിയാഴ്ച ഒഴിവാക്കി കിട്ടും എന്നുള്ളത് ചെറുപ്രായത്തിൽ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രാർത്ഥന കേൾക്കാൻ ദൈവം ജീവിച്ചിരിപ്പില്ല , എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എൻറെ ചെറുപ്പകാലത്ത് വഴി പ്രാർത്ഥന എന്ന ഒരു പരിപാടിയുണ്ടായിരുന്നു. ആ കാലത്ത് വസൂരി എന്ന പകർച്ചവ്യാധി വ്യാപകമായി പടർന്ന് പിടിച്ചു കൊണ്ടിരുന്ന കാലമായിരുന്നു. അതിൽ നിന്ന് രക്ഷനേടാൻ സെന്റ് സെബാസ്റ്റ്യനോട് പ്രാർത്ഥിച്ച് കൊണ്ടാണ് വഴി പ്രാർത്ഥന നടത്തിയിരുന്നത്. വടിയിൽ 4 മണ്ണെണ്ണ വിളക്കു വീതം ഉറപ്പിച്ച് മുന്നിലും പിന്നിലും രണ്ടാൾ വീതം നടക്കുന്നുണ്ടാവും .അതിന് പിന്നിൽ കുട്ടികൾ മെഴുകുതിരി കത്തിച്ചതുമായിട്ടാണ് വഴി പ്രാർത്ഥന. വഴി പ്രാർത്ഥന കഴിയുമ്പോൾ ഓരോ മുട്ടായി കിട്ടും അത് കിട്ടാനാണ് ഞാനടക്കം കുട്ടികൾ പങ്കെടുത്തിരുന്നത് . പ്രാർത്ഥനക്കുമുമ്പ് ഒരാൾ പോകുന്ന വഴിയിൽ കൂടി മണിയടിച്ച് അറിയിക്കും.
ഞങ്ങളുടെ വീടിൻറെ പിന്നിൽ പാടത്ത് ഒരു കുളം ഉണ്ടായിരുന്നു അതിൽ എന്റെ അനിയൻ തോമസുകുട്ടിയും, മറ്റു കൂട്ടുകാരും നീന്തൽ പഠിച്ചു. എന്തോ കാരണത്താൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. പിന്നീട് പലരും കുളങ്ങളിൽ നീന്തി കളിച്ച് തിമർക്കുമ്പോൾ അത് കണ്ടുനിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അതുകൊണ്ട് എല്ലാ കുട്ടികളും ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
നാലാം ക്ലാസിലും, അഞ്ചാം ക്ലാസിലും, പഠിച്ചിരുന്ന കൂട്ടുകാരായ ഞങ്ങൾ മിഷൃൻ ക്വാർട്ടേഴ്സിൽ ഉള്ള സി .എസ്. ഐ പള്ളിപ്പറമ്പിൽ ദിവസവും തുണിപ്പന്ത് കളിച്ചിരുന്നു. ഈ കൂട്ടായ്മ ഹാപ്പി ആർട്സ് ആൻഡ് സ്പോർട്സ് എന്ന പേരിൽ ഒരു ക്ലബ്ബ് രൂപീകരിച്ചു . ക്ലബ്ബിൻറെ ആവശ്യം ഒരു ഫുട്ബോൾ മേടിക്കുക എന്നതായിരുന്നു. ഫുട്ബോൾ മേടിക്കുന്നതിനുള്ള പണം ഉണ്ടാക്കാൻ. ഞങ്ങൾ ക്രിസ്തുമസിന് ഒരു ക്രിസ്തുമസ് കരോൾ നടത്താൻ പരിപാടിയിട്ടു. ഞങ്ങളുടെ കൂട്ടത്തിൽ ഹാർമോണിയം വായിച്ചിത് ഡേവിസ് ആയിരുന്നു. ഞാൻ കുടവും, മറ്റൊരാൾ തപ്പും, ഒരാൾ പെട്രോമാക്സും, ബാക്കിയെല്ലാവരും പാട്ടുകാരുമായി ഞങ്ങൾ പരിചയമുള്ള വീടുകളിൽ ക്രിസ്തുമസിന്റെ തലേദിവസം കരോളുമായ് പോയി , ലോനപ്പേട്ടാ ,ചാക്കേട്ടാ, റോസേടത്തിയെ…… എന്ന് വിളിച്ചുകൊണ്ടാണ് വീട്ടിലേക്ക് ഞങ്ങൾ കയറിചെന്നത്. “ഞങ്ങൾക്ക് ഒരു ഫുട്ബോൾ വാങ്ങിക്കണം,അതിന്റെ പണത്തിനാണ് ഞങ്ങൾ ഇറങ്ങിയത്,സഹായിക്കണം” എന്ന് പറഞ്ഞു.കാശ് തരിക മാത്രമല്ല കേക്കും വട്ടേയപ്പവും വയറു നിറച്ചു തന്നു. കുറച്ചു വീടുകളിൽ കരോൾ നടത്തി യപ്പോഴേക്കും ഫുട്ബോൾ വാങ്ങിക്കാനുള്ള കാശ് ഏതാണ്ട് കിട്ടി.
പീച്ചി ഡാമിൻറെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലത്ത് ചില ഞായറാഴ്ചകളിൽ ഞങ്ങളെ അപ്പൻ ഡാം കാണിക്കാൻ കൊണ്ടുപോകും. ആ കാലത്ത് ടണലിൻറെ ഉള്ളിൽകൂടി പോകാൻ അനുവാദം ഉണ്ടായിരുന്നു. ഒരു വശത്ത് വെള്ളം കെട്ടി നിൽക്കുന്നതു കൊണ്ട് ചില ദ്വാരങ്ങൾ കൂടി വെള്ളം ഒലിച്ചിറങ്ങിയിരുന്നു. വെള്ളം കെട്ടി കിടക്കുന്നതുകൊണ്ട് സഹിക്കാൻ പറ്റാത്ത ദുർഗന്ധം ആയിരുന്നു അവിടെ ആകെ.
പരിശുദ്ധ വ്യാകുലമാതാവിൻ പുത്തൻപള്ളിയാണ് ഞങ്ങളുടെ ഇടവക പള്ളി. ആ പള്ളിയിലെ പെരുന്നാളിന്റെ ഒരു മാസം മുമ്പ് ഞങ്ങളുടെ വീട്ടിൽ പലഹാരം പണി തുടങ്ങും. ഞങ്ങളുടെ കൃഷിയിടത്തിൽ നിന്നുള്ള നെല്ല് കുത്തി അരിയാക്കിയത് ഉരലിൽ ഇട്ട് കുത്തിയിട്ടാണ് ആ കാലത്ത് അരിപ്പൊടി ഉണ്ടാക്കുക. ഉരലിൽ ഇട്ട് പൊടിക്കുന്നതും, അതു വറുക്കുന്നതും നാരായണി ആണ്. ആ കാലത്തെ അരികളിൽ വിശേഷപ്പെട്ടതാണ് തവളക്കണ്ണൻ നെല്ലിന്റെ അരി. അതുകൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾക്കും സ്വാദ് കൂടും. അതുപയോഗിച്ച് ആഴ്ചകൾക്കു മുമ്പ് ഞങ്ങളുടെ വീട്ടിൽ പെരുന്നാൾ പലഹാരങ്ങൾ ഉണ്ടാക്കി തുടങ്ങും. വീടിൻറെ തളത്തിൽ കല്ലുവെച്ച് താൽക്കാലികമായി അടുപ്പ് ഉണ്ടാക്കി അതിൽ വലിയ ഉരുളി വെച്ചാണ് പലഹാരപ്പണി തുടങ്ങുക. കുണ്ടായിയുടെ റോദമ്മ അമ്മാമ്മ എന്ന പലഹാര നിർമ്മാണ വിദഗ്ധയും, സഹായിക്കാൻ നാരായണിയും ഉണ്ടാകും. അച്ചപ്പം , കുഴലപ്പം, ഉണ്ണിയപ്പം എന്നിവയാണ് ഉണ്ടാക്കുക. അതുണ്ടാക്കി വലിയ ചെമ്പുകളാക്കി മൂടിവയ്ക്കും. സ്കൂൾ വിട്ടു വന്നാൽ അത് കഴിയുന്നത്വരെ പലഹാരം അവയൊക്കെയാവും.അതോടൊപ്പം കഴിക്കാൻ ചെറുകായക്കുലകൾ മൂത്തത് കൂട് വെച്ചത് കെട്ടി തൂക്കിയിട്ടുണ്ടാവും പഴുക്കുന്നത്,പഴുക്കുന്നത് എടുത്തുകഴിക്കും.ചക്കക്കാലമായാൽ അതും വറക്കും. ആ കാലത്ത് സോപ്പ് ഉണ്ടാക്കിയിരുന്നത് നല്ല വെളിച്ചെണ്ണയിൽ ആയിരുന്നു. സോപ്പ് കമ്പനിയിൽ നിന്ന് പാട്ട കണക്കിന് വെളിച്ചെണ്ണ കൊണ്ടുവന്നിരുന്നത് കൊണ്ട് അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല.
ഓണക്കാലം അടുത്താൽ കായവറുക്കും, ചർക്കര ഉപ്പേരി ഉണ്ടാക്കും. നല്ല എണ്ണംപറഞ്ഞ നേന്ത്ര കായ വാങ്ങി കെട്ടി തൂക്കിയിടും. ഓണം ആവുമ്പോഴേക്കും അത് നന്നായി പഴുക്കും.അത്തം കഴിഞ്ഞാൽ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ പുലി വേഷം കെട്ടി, തകര പാട്ടയിൽ കൊട്ടി, പുലിക്കളിയുമായി വീട് വിടാന്തരം കയറി കളിച്ച്, പിരിവെടുക്കും. ഓണത്തിന് മൂന്നോ നാലോ ദിവസം മുമ്പ് യുവാക്കൾ പുലി വേഷം കെട്ടി പുലിക്കളിയുമായി ഇറങ്ങും. മിക്കവാറും വണ്ണം കുറഞ്ഞവരാണ് ആ കാലത്ത് പുലി വേഷം കെട്ടുക. ദേഹമാകെ പല വർണ്ണങ്ങളിൽ ഉള്ള ചായങ്ങൾ ഉപയോഗിച്ച് വരയൻ പുലി കറുത്ത പുലി അങ്ങനെ പലതരം പുലികൾ. ചെണ്ടയുടെ താളത്തിനൊത്ത് കാലുകളും, കൈകളും പിന്നിലേക്കും, മുന്നിലേക്കും നീട്ടുന്നത് അര ഭാഗം കുലുക്കി കൊണ്ടാണ്. അതോടെ അരയിൽ കെട്ടിയ മണികളുടെ കിലു, കില ശബ്ദം കേൾക്കാം. അതോടൊപ്പം അഭ്യാസപ്രകടനങ്ങളും കാണും. രണ്ടാളുകൾ ചുമലിൽ വെച്ച ഉലക്കകൾക്കു മുകളിൽ നിന്നുകൊണ്ട് പുലികൾ കാണിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാണേണ്ടതു തന്നെയാണ്.ഓണത്തിന് ചില പ്രദേശങ്ങളിൽ നിന്ന് കുമ്മാട്ടി കളിക്കാരും വരാറുണ്ട്.
അപ്പൻ ഒരു പടക്ക പീടിക കാരന് ഞങ്ങളുടെ ഒരു വീട് വാടകയ്ക്ക് കൊടുത്തിരുന്നു. വർഷങ്ങളായി വാടക തരാത്തത് കൊണ്ട് അപ്പൻ കണ്ടുപിടിച്ച ഒരു സൂത്രമാണ് , ക്രിസ്തുമസ്, ഈസ്റ്റർ, പെരുന്നാൾ എന്നിവയ്ക്ക് കത്തിക്കാൻ , പടക്ക പീടികയിൽ പോയി കമ്പിത്തിരി, ലാത്തിരി, പൂത്തിരി, പടക്കം അങ്ങനെ അവിടെ കാണുന്ന കരിമരുന്നുകൾ കുറേ എടുക്കുക എന്നത്. അതുകൊണ്ട് ഈ മൂന്ന് അവസരങ്ങളിലും ഞങ്ങളുടെ വീട്ടിൽ കരി മരുന്ന് പൊടിപൊടിക്കും.തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണാൻ അന്ന് വൈകുന്നേരത്തോടെ ഞങ്ങളെ സൗത്ത് ഇന്ത്യൻ ബാങ്കിൽ കൊണ്ടുപോകും. പുലർച്ച നടക്കുന്ന വെടിക്കെട്ടിന്റെ സമയമാകുമ്പോഴേക്കും അവിടെ കിടന്ന് ഒരു ഉറക്കം കഴിഞ്ഞിട്ടുണ്ടാവും. വെടിക്കെട്ടിന്റെ ശബ്ദം കേൾക്കുമ്പോൾ ചാടി എഴുന്നേൽക്കും. വെടിക്കെട്ട് കഴിഞ്ഞ് വീട്ടിലേക്ക് പോരുന്ന വഴി വർക്കീസിൽ പോയി അപ്പൻ ഞങ്ങൾക്ക് അവിടെ ആ കാലത്ത് കുടിക്കാൻ ഉണ്ടായിരുന്ന ലൗ ഒ വാങ്ങിത്തരും. നല്ല തണുവും ഈന്തപ്പഴത്തിന്റെ രുചിയും ഉള്ള അത് നല്ല സ്വാദും ഉള്ളതായിരുന്നു. അത് കഴിക്കാൻ വേണ്ടിയാണ് പൂരം വെടിക്കെട്ട് കാണാൻ പോകുന്നതിനുള്ള ഉത്സാഹത്തിനു കാരണം. പിറ്റേദിവസം കാലത്ത് അപ്പൻ പൂരപ്പറമ്പിൽ പോയി പൂരപ്പലഹാരങ്ങളായ പൊരി, ഉഴുന്ന് മോതിരം, ഈന്തപ്പഴം എന്നിവ വാങ്ങിച്ചു കൊണ്ടുവരും.
ഓരോന്നും ഓർത്ത്, ഓർത്ത് എഴുതാൻ ഞാൻ 70 വർഷങ്ങൾ പിന്നിലേക്കുള്ള യാത്രയിൽ ആയിരുന്നു. ഇത് എഴുതി കഴിഞ്ഞപ്പോൾ മൂന്നു വയസ്സുകാരൻ ആയപോലെ ഒരു അനുഭവം .