എങ്ങനെയെങ്കിലും ഈ പരീക്ഷയൊന്നു തീർന്നിരുന്നെങ്കിൽ ഇഷ്ടം പോലെ കളിച്ചു നടക്കാമായിരുന്നു എന്നു ചിന്തിക്കാത്ത കുട്ടികൾ ഉങ്ങാകുമോ?ബാല്യത്തിൽ കളിയുടെ ജ്വരം മാത്രമല്ലേയുള്ളു. അവധിക്കാലവും കഴിഞ്ഞ് സ്കൂളിലേക്കു ചെല്ലുന്നത് ഒന്നുകിൽ കൈ ഒടിഞ്ഞ് അല്ലെങ്കിൽ കാലൊടിഞ്ഞ് ചാടിച്ചാടിയായിരിക്കും, വേനലവധിയും കഴിഞ്ഞ് സ്കൂളിലേക്കു പോകുന്നത്. അതു പോലുള്ള കളിയായിരിക്കും വെക്കേഷൻ കാലത്ത്.
മാങ്ങയാണെങ്കിൽ എല്ലാം പഴുത്ത് താഴെ വീണു കിടക്കുന്നുണ്ടാകും !സ്വന്തം വീട്ടിലുണ്ടെങ്കിലും മറ്റുള്ള വരുടെ പറമ്പിൽ നിന്നും പെറുക്കിഎടുക്കുക എന്നത് വലിയ സന്തോഷമുളള കാര്യമാണ്. എത്ര കിട്ടിയാലും കൊതിതീരാത്ത മധുരക്കനിയാണ് മാമ്പഴം.നമുക്കു മാത്രം തിന്നാനല്ല വരുന്നവർക്കും പോകുന്നവർക്കും തിന്നാൻ വേണ്ടിയാണ് എല്ലാം പെറുക്കി കൂട്ടിക്കൊണ്ടുവരുന്നത്.
കശുമാവും അതുപോലാണ്. പഴുത്തു തുടുത്തു കിടക്കുന്ന
“സുന്ദരി കശുമാങ്ങകൾ.കുട്ടികൾ കണ്ടാൽ
കല്ലെറിയാതിരിക്കുമോ ?”
ആരാണ് കൊതിക്കാത്തത്.
എന്റെ വീടിന്റെ മുൻവശം എം.സി റോഡാണ്. റോഡിനിരുവശവും നിറയെ മാവും. മാമ്പഴക്കാലമായാൽ എല്ലാത്തിലും നിറയെ മാങ്ങ. പഴുത്ത മാങ്ങകൾ താഴെ കിടക്കുന്നുണ്ടാകും. ഒരു കാറ്റു വീശിയാൽ മാവിൻ ചുവടു നിറയെ മാമ്പഴങ്ങൾ . കുട്ടികൾ എവിടെ നിന്നാണ് ഓടി വരുന്നതെന്നറിയില്ല. പിന്നെ ഒരു ബഹളമാണ് എനിക്ക് കൂടുതൽ കിട്ടണം എന്ന ചിന്തയാണ്. കിട്ടിയതെല്ലാം ഒരു സ്ഥലത്തു കൂട്ടി വയ്ക്കുമ്പോൾ വാരിക്കൊണ്ടോടുന്ന വിരുതന്മാരുമുണ്ട്. പിന്നെ കരച്ചിലായി
മറ്റുള്ള കുട്ടികൾ കാണാതെ പെറുക്കി എടുക്കണം എന്ന ഒറ്റ ചിന്തയേ എല്ലാവരുടേയും മനസ്സിലുണ്ടാകു. ആർക്കാണ് കൂടുതൽ കിട്ടുന്നതെന്ന നോട്ടമാണ്.
ഞാനുംഅനുജത്തിയും കൂടി അച്ഛൻ അറിയാതെ പുലർച്ചെ എഴുന്നേറ്റ് ഒറ്റ ഓട്ടമാണ് മാവിൻ ചുവട്ടിലേക്ക് ! പേടി എന്താണെന്നറിയാത്തൊരു കാലം. എല്ലാം പെറുക്കിക്കൂട്ടി വയ്ക്കും.കാറ്റുവരുമ്പോഴുള്ള ഓട്ടം ഓർക്കുമ്പോൾ തന്നെ കുളിരു കോരും.
. ഒരു ദിവസം മാങ്ങ താഴെ വീണപ്പോൾ ഞങ്ങളുടെ കീണറിലേക്കു തെറിച്ചു വീണു.വെള്ളം കോരാൻ ചെന്നപ്പോൾ മാങ്ങ കിടക്കുന്നതു കണ്ടിരുന്നു.പിന്നെ എന്റെ ചിന്ത മുഴുവനും “ആ മാങ്ങ എങ്ങനെ എടുക്കും എന്നുള്ളതായിരുന്നു
വലിയ ആഴമുള്ള കിണറാണ് 12 അടിയെങ്കിലും കാണും അരമതിലും ഇല്ല. പണ്ടൊക്കെ മിക്ക കിണറുകൾക്കും അരമതിൽ ഉണ്ടാകാറില്ല.ഞാൻ ബക്കറ്റ് കിണറിലിട്ട് എടുക്കാനുളള വിദ്യകൾ പലതും നോക്കിയെങ്കിലും മാങ്ങ കിട്ടിയില്ല. പിന്നത്തെ ബുദ്ധി ഉദിച്ചതാണ് ബക്കറ്റ് അവന്റെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ എതിർവശം നിന്ന് കല്ലെറിയാം അപ്പോൾ മാങ്ങ ബക്കറ്റിന്റെ അടുത്തേക്കു നീങ്ങുമല്ലോ എന്നു വിചാരിച്ച് അനുജന്റെ കൈയ്യിൽ ബക്കറ്റും കൊടുത്ത് ഞാൻ കല്ലെറിയാൻ പോയി. അനുജന് ആറു വയസ്സും , എനിക്ക് ഒൻപതു വയസ്സും ഉണ്ടാകും,ആരും ഇതൊന്നും അറിഞ്ഞിരുന്നില്ല. കല്ലെറിഞ്ഞു നിന്നപ്പോൾ അവന്റെ കൈയ്യിൽ നിന്നും ബക്കറ്റ് ഊർന്നു പോയി ബക്കറ്റിൽ കുറച്ചു വെള്ളമുണ്ടായിരുന്നു. ബക്കറ്റിന്റെ കൂടെ അവനും കിണറിലേക്കു പോയി.
പിന്നത്തെ കാര്യം പറയണോ?
ഞാൻ കരഞ്ഞപ്പോൾ അമ്മ ഓടിവന്നു. അമ്മയുടെ കരച്ചിൽ കേട്ട് അടുത്തുള്ളവരും വന്നു. മുകളിൽ നിന്നും നോക്കിയാൽ അവൻ കിടക്കുന്നതു കാണാമായിരുന്നു. കമഴ്ന്നും ചരിഞ്ഞും,കണ്ണുതുറന്നു നോക്കുന്നതും കണ്ടു. വേനൽക്കാലമായതിനാൽ കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളു. നീലക്കഉറുള്ള വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കിടക്കുന്നത് ഓർക്കുമ്പോൾ ഇന്നും എന്റെ ഹൃദയം നിന്നു പോകും. മുകളിൽ നിന്നും വിളിക്കുന്നത് അവൻ കേട്ടിട്ടാണോ എന്തോ എല്ലാവരേയും നോക്കുന്നതു കാണാമായിരുന്നു.
എവിടേ നിന്നോ ആളുകൾ ഏണി എടുത്തു കൊണ്ടുവന്ന് ഇഴച്ചു കെട്ടി കിണറിലിറങ്ങി കുട്ടിയെ എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കോടി . അച്ഛൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ആരോ പറഞ്ഞു കേട്ട് അച്ഛൻ ഓടി വന്നു.അവനെ കാണാതെ അച്ഛൻ ഉറക്കെകരഞ്ഞു,പിന്നെ വെള്ളം കോരുന്ന കപ്പിയിൽ പിടിച്ചിട്ട് ക കിറണറിലേക്കും നോക്കി
“എന്റെ മോനെ എന്നുള്ള കരച്ചിൽ ”
ഇന്നും എന്റെ മനസ്സിൽ നിന്നും പോകുന്നില്ല. മനസ്സ് വിങ്ങിപ്പൊട്ടുന്ന വേദനയാണ്. അച്ഛൻ എന്നെ ഒന്നും പറഞ്ഞില്ല അതിനും പകരം മറ്റുള്ളവർ ഇഷ്ടം പോലെ വഴക്കു പറഞ്ഞു. അവർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ കൈയ്യിൽ നിന്നും വന്നൊരു അബദ്ധം അവന്റെ ജീവനെടുത്തേനെ! അതും ഒരു മാമ്പഴത്തിനു വേണ്ടി.അതൊന്നും ആലോചിക്കാനുളള കഴിവും എനിക്കുണ്ടായില്ല. എന്തായാലും അനുജനെ ജീവനോടെ തിരികെ കിട്ടി.
എന്റെ മാമ്പഴക്കാലത്തെ ഓർമ്മ ഇത് ഞാനെങ്ങനെ മറക്കും!
ഓരോ മാമ്പഴക്കാലം വരുമ്പോഴും മറക്കാൻ പറ്റാത്ത പേടിസ്വപ്നമായ് എന്റെ മുന്നിലൂടെ ആ ഓർമ്മകൾ ഓടിയെത്തും.