മലയാളി മനസ്സിൻ്റെ’സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.
ഒ.കെ. ശൈലജ ടീച്ചർ, വിഷ്ണുമംഗലം, കോഴിക്കോട്.
അക്ഷരങ്ങളെ പ്രണയിച്ച് എഴുത്ത് സപര്യയാക്കിയ
ഷൈലജ ടീച്ചർ ആണ് ഇന്നത്തെ നമ്മുടെ അതിഥി.
മലയാളി മനസ്സ്USA എന്ന ഓൺലൈൻ പത്രത്തെക്കുറിച്ച് ആദ്യം അറിയുന്നത് ടീച്ചറിൻ്റെ സുഹൃത്തും എഴുത്തുകാരനുമായ ശ്രീ മുഹമ്മദ് കൊച്ചാലംമൂട് വഴിയാണ്.പത്രത്തിന്‍റെ കെട്ടും മട്ടും ഉള്ളടക്കത്തിൻ്റെ കാമ്പും കണ്ടപ്പോൾ തന്നെ അതിലൊരിടം കിട്ടിയെങ്കിൽ എന്ന ആഗ്രഹം സഫലമായി സുഹൃത്തും ബഹുമുഖ പ്രതിഭയുമായ ശ്രീമതി മിനിസജിയിലൂടെ.
പത്രത്തിന്‍റെ ചീഫ് എഡിറ്ററും സർവ്വാദരണീയനുമായ ശ്രീ രാജു ശങ്കരത്തിൽ സാറിലൂടെ രചനകൾ പത്രത്തിൽ വന്നു തുടങ്ങിയപ്പോൾ അഭിമാനവും സന്തോഷവുമായിരുന്നുവെന്ന് ടീച്ചർ ആവേശത്തോടെ പറയുന്നു.
അങ്ങനെ കഥ, കവിത, ലേഖനം എന്നീ രചനകളിലൂടെ മലയാളി മനസ്സ് പത്രത്തിൽ സജീവമായികൊണ്ടിരിക്കെ അപ്രതീക്ഷിതമായി ടീച്ചറുടെ ലേഖനത്തിന്’ മികച്ച ലേഖനത്തിനുള്ള സ്നേഹോപഹാരം ലഭിക്കുന്നു. അമൂല്യമായ ഈ ആദരവ് ഹൃദയത്തോട് ചേർത്തുപിടിക്കുന്ന സന്തോഷം മലയാളി മനസ്സിനോട് പങ്ക് വച്ചു .
ടീച്ചർക്ക് തൻ്റെ ശാരീരിക വേദനയ്ക്കുള്ള ദിവ്യൗഷധമാണ് എഴുത്ത്. 2023 കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ്ണതൂലികാപുരസ്ക്കാരം ജൂറി അവാർഡ്, സമശ്രീമിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാർഷികാഘോഷച്ചടങ്ങിൽ വെച്ച്(2024ഫിബ്രവരി 18 ന് ആലപ്പുഴ) മഹാകവി ചങ്ങമ്പുഴയുടെ മകൾ ശ്രീമതി ലളിത ചങ്ങമ്പുഴയിൽ നിന്ന് പ്രതിഭാപുരസ്ക്കാരം(സാഹിത്യം) ലഭിച്ചത് മാഡത്തിന്‍റെ മൂന്നാമത്തെ കഥാസമാഹാരമായ” കയ്യൊപ്പ്” നാണ്. 2023 ൽ ഏപ്രിൽ 23ന് ലോകപുസ്തകദിനത്തിൽ പ്രസാധകരായ മഞ്ജരി ഗ്രൂപ്പാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം തന്നെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് 2023-24 വർഷത്തെ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. 2024 മാർച്ച് 27 ന് തിരുവനന്തപുരത്തുള്ള അസ്സൻ മരക്കാർ ഹാളിൽ വെച്ചാണ് പുരസ്ക്കാരച്ചടങ്ങ് നിർവ്വഹിക്കപ്പെടുന്നത്. തന്റെ സ്വന്തം ഗ്രാമമായ നാദാപുരം പഞ്ചായത്തിലെ കുടുംബശ്രീതലത്തിൽ ചേർന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്(2022) മികച്ച കവയിത്രിക്കുള്ള പുരസ്ക്കാരം തൻ്റെ ശിഷ്യയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിൽ നിന്നും ലഭിച്ച സന്തോഷവും ടീച്ചർ പറഞ്ഞു.
സ്വന്തം പ്രദേശമായ വിഷ്ണുമംഗലത്തുള്ള പി.കെ രാജൻ വായനശാല& ഗ്രന്ഥശാലയുടെ വാർഷികാഘോഷച്ചടങ്ങിൽ വെച്ച് കവിയും പ്രഭാഷകനുമായ ശ്രീവീരാൻകുട്ടിയിൽ നിന്നും വിഷ്ണുമംഗലത്തിൻ്റെ എഴുത്തുകാരി എന്ന വിശിഷ്ടാദരവ് ലഭിച്ചതിൽ മാഡം ഏറെ അഭിമാനിക്കുന്നു.
എഴുത്തച്ഛൻ ഫെലോഷിപ്പ്, കവിത കലാസാംസ്ക്കാരിക വേദിയുടെ(2023) വിശിഷ്ടാദരവ്, കാവ്യദളങ്ങൾ സാഹിത്യവേദിയിൽ നടന്ന കഥാരചനാ മത്സരത്തിൽ(2023) ഒന്നാം സമ്മാനത്തിനർഹമായതിനാൽ’കാവ്യമു
എൻ്റെ കേരളം ഗ്രൂപ്പ്(2023) വനിതാദിനത്തിൽ നടത്തിയ ലേഖനമത്സരത്തിൽ വിജയിയായതിൽ മഹിളാരത്നം അവാർഡ് നൽകി ആദരിച്ചു.
റേഡിയോരംഗ് കാവ്യസല്ലാപം പരിപാടിയിലും, കവന കൈരളിയിൽ ടീച്ചറുടെ കവിതയും, ഏറ്റവും മികച്ച അനുഭവക്കുറിപ്പും അവതരിപ്പിക്കുകയുണ്ടായി.
ഭാഷാമലയാളം സാഹിത്യസൗഹൃദകൂട്ടായ്മയിൽ നിന്നും സാഹിത്യപ്രതിഭ പുരസ്ക്കാരം, മഞ്ജരി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച മാജിക് വേർഡ്സ്’ എന്ന കവിതാസമാഹാരത്തിന് കേരള ബുക്ക്സ് ഓഫ് റെക്കോർഡ് നേടിയതിൽ ടീച്ചറുടെ കവിതയും ഉൾപ്പെടുന്നു.
ന്യൂസ് കേരളയിലും, ഓൺലൈൻ മാഗസിനായ ഇവായനയിലും ടീച്ചറുടെ രചനകൾ വന്നിട്ടുണ്ട്.
( BSS New Delhi) നൽകി വരുന്ന നാഷണൽ ഹോണററി അവാർഡ്(2023 March 12 ന്) തിരുവനന്തപുരത്തുള്ള BSS ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ വെച്ച് ഭാരത് സേവക് സമാജ് ൻ്റെ ചെയർമാൻ ശ്രീ ബാലചന്ദ്രൻ സാറിൽ നിന്നും സ്വീകരിച്ചു.
കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന’ തളിര്” മാസികയിൽ മാഡത്തിന്‍റെ കുഞ്ഞുകഥയും പ്രസിദ്ധീകൃതമായിട്ടുണ്ട്.
മലയാളമനോരമ ദിനപത്രത്തിലെ’പെൺമനത്തിൽ ടീച്ചറുടെ കുഞ്ഞു കവിതയും അച്ചടിമഷി പുരണ്ടിട്ടുണ്ട്.
കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്രം ഗ്രൂപ്പിൻ്റേയും, ശ്രേഷ്ഠഭാഷാ മലയാളം സാഹിത്യ ഗ്രൂപ്പിൻ്റേയും കോഴിക്കോട് ജില്ലാ പ്രതിനിധിയാണ്.
ഓണപ്പാട്ടിൻ്റെ താളവും അരുവിയുടെ ഓളവും എന്ന പേരിൽ ഒരു സംഗീത ആൽബം 2022 ഓണത്തിന് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഒ.കെ കൃഷ്ണൻ്റേയും ദേവൂട്ടിയുടേയും മൂത്തമകളായ ടീച്ചർ കോഴിക്കോട് വിഷ്ണുമംഗലം എൽ.പി.സ്ക്കൂളിൽ നിന്നും ഇരുപത്തിയേഴ് വർഷത്തെ സേവനത്തിനു ശേഷം അനാരോഗ്യം കാരണം സ്വമേധയാ വിരമിക്കുകയായിരുന്നു.
വർഷങ്ങളോളം മാഡം അനുഭവിച്ച തീരാദു:ഖങ്ങളിൽ നിന്നുമുള്ളൊരു ആശ്വാസമായിരുന്നു അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ട് എഴുത്തു വീഥിയിലൂടെയുള്ള യാത്ര.
സ്വന്തമായി ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഏഴാമത്തെ പുസ്തകം പണിപ്പുരയിലാണ്.
നിറച്ചാർത്തുകൾ, വാടാമലരുകൾ എന്നീ കവിതാസമാഹാരങ്ങൾ. നവനീതം,സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ, കയ്യൊപ്പ് എന്നിവ കഥാസമാഹാരങ്ങളും കനൽവഴികളിൽ കാലിടറാതെ’ എന്ന ഓർമ്മക്കുറിപ്പുകളുമാണ് ഒ.കെ ശൈലജയുടെ പുസ്തകങ്ങൾ. കൂടാതെ ഇരുപത്തിയഞ്ചിലധികം കൂട്ടായ്മ പുസ്തകങ്ങളിൽ ടീച്ചറുടെ രചനയും വന്നിട്ടുണ്ട്.
വിഷ്ണുമംഗലത്ത് സ്ഥിരതാമസമായ ടീച്ചറുടെ ഭർത്താവ് കുഞ്ഞിരാമൻ പ്രവാസി ആയിരുന്നു മുമ്പ്.
ഹണീഷ്കുമാർ,റോഷിൻലാൽ, അനഘരാമൻ എന്നിവർ മക്കളും, അഖിൽ , രൂപിന എന്നിവർ മരുമക്കളും റയാൻറോഷ് പേരക്കുട്ടിയുമാണ്.ഇതാണ് ടീച്ചറുടെ കുടുംബവിശേഷം.
മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രം തൻ്റെ എഴുത്തുജീവിതത്തിൽ പ്രോത്സാഹനവും പ്രചോദനവുമേകുന്നുവെന്ന് കൃതജ്ഞതയോടെ പറയുമ്പോൾ ടീച്ചറുടെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷവും അഭിമാനവും വാക്കുകൾക്കതീതമാണ്. സാമൂഹിക മാധ്യമങ്ങളിലെ സാഹിത്യ കൂട്ടായ്മകളിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന മാഡത്തിനു എഴുതാനുള്ള ഊർജ്ജം ലഭിക്കുന്നത് അഭ്യുദയകാംക്ഷികളായ വായനക്കാർ നല്കുന്ന പ്രോത്സാഹനവും പ്രചോദനവുമാണ്.
പെറ്റമ്മയെപ്പോലെ സ്നേഹിക്കുന്ന മക്കൾ, കൂടപിറപ്പിനെ പോലെ ചേർത്തു പിടിക്കുന്ന സഹോദരങ്ങൾ ഇവരാണ് തനിക്ക് ലഭിക്കുന്ന ആദരവുകൾക്ക് അവകാശപ്പെട്ടവർ എന്ന് നന്ദിയോടെ ടീച്ചർ പറയുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള അനേകം രചനകളുമായി ഇനിയും മലയാളിമനസ്സിനെ സംപുഷ്ടമാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. നന്ദി! നമസ്കാരം!