Wednesday, December 25, 2024
Homeസ്പെഷ്യൽകൂട് വിട്ട് കൂട് തേടി ആത്മാക്കൾ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

കൂട് വിട്ട് കൂട് തേടി ആത്മാക്കൾ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

ഈ പ്രപഞ്ചം ആരാല്‍,എന്ന്, എപ്പോള്‍, സൃഷ്ടിക്കപ്പെട്ടു എന്നത്,ഭൂമിയില്‍ വസിയ്ക്കുന്ന മനുഷ്യന്റെ ചിന്തയ്ക്ക് പിടി കിട്ടാത്ത ഒരു വസ്തുതയാണ്. ഞാന്‍ ഇന്ന് ഇപ്പോള്‍ ഇവിടെ ജീവിച്ചിരുപ്പുണ്ടെന്നതു മാത്രമാണ് സത്യം. ഓരോ മനുഷ്യനും ജന്മമെടുത്തിരിക്കുന്നത് ഒരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനാണ്. എത്ര ചിന്തിച്ചാലും പിടികിട്ടാത്ത ഈ മായാലോകത്ത് സമയം, ദിവസം, വര്‍ഷം ഇതെല്ലാം മനുഷ്യ നിര്‍മ്മിതം മാത്രം. ഇതിഹാസങ്ങള്‍, കേട്ടറിവുകള്‍,പഴഞ്ചൊല്ലുകള്‍ ഇതെല്ലാം വായിച്ചും ,കേട്ടും വളർന്നുവന്ന നമ്മള്‍ ഈ രാജ്യത്തിലെ നിയമങ്ങളും,ചട്ടങ്ങളും, മര്യാദകളും പരിപാലിച്ചു കൊണ്ട് ജീവിച്ചുവരുന്നു . നാളെ എന്ത് സംഭവിക്കും? ജീവിച്ചിരിയ്ക്കുമെന്നതിനു പോലും ഉറപ്പില്ലാത്ത ഒരു ജന്മം. ഈലോകത്തു നാം കാണുന്ന പക്ഷി,മൃഗാദികളില്‍ മനുഷ്യ മൃഗത്തിനു മാത്രമെ ശരിയും,തെറ്റും തിരിച്ചറിയാനുള്ള വിവേകമുള്ളു.

എന്തുചെയ്യണം , ചെയ്യണ്ട എന്നു തീരുമാനിച്ച് ജീവിയ്ക്കാനുള്ള സ്വാതന്ത്രം മനുഷ്യനു മാത്രമെയുള്ളൂ. ഈ ഭൂമിയിലേയ്ക്ക് ഞാന്‍ വന്നത് സ്വന്തമായി ഒന്നും അവകാശപ്പെടാന്‍ ഇല്ലാതെ ഏകനായിട്ടാണെന്ന ബോദ്ധ്യം എപ്പോഴും ഉള്ളിൽ വേണം. നമ്മളില്‍ കുടികൊള്ളുന്ന ജീവന്റെ തുടിപ്പായ ആത്മാവിനു വസിയ്ക്കാന്‍ തല്‍ക്കാലത്തേയ്ക്ക് തിരഞ്ഞെടുത്ത ഒരിടമാണ് നമ്മുടെ ഹൃദയം. ആത്മാവ് മറ്റൊരു ഇടം തേടി യാത്ര ആകുമ്പോള്‍ പിന്നെ അവശേഷിയ്ക്കുന്നത് നിമിഷങ്ങള്‍ക്കകം അഴുകി നശിയ്ക്കുന്ന ജഡം മാത്രം. നമ്മുടെ ജനനത്തിന് കാരണഭൂതരായ മതാ പിതാക്കന്‍മാരും,ഈ ലോകത്ത് വാരികൂട്ടിയ സ്വത്തുക്കളും, നാം കരസ്ഥമാക്കിവെച്ചിരിക്കുന്നതെല്ലാതും, പിന്നെ ശൂന്യം. നമ്മുടെ ഹൃദയം തിരഞ്ഞെടുത്ത് പ്രവേശിച്ച അത്മാവിന്റെ ലക്ഷ്യം ഈശ്വരനില്‍ ലയിയ്ക്കുക എന്നതാണ് . ആ ഉദ്ദേശം പൂര്‍ത്തികരിയ്ക്കാന്‍ മനുഷ്യരായ നമ്മുടെകൂടി സഹായം ആവശ്യമാണ്‌. അത് നിറവേറ്റികൊടുക്കുവാന്‍ നമുക്കു ജീവിത യാത്രയില്‍ കഴിഞ്ഞെങ്കില്‍ ആ ആത്മാവിനോടൊപ്പം ആനന്ദത്തില്‍ നമ്മുക്കും പങ്കുചേരാം.

നമ്മുടെ ഏറ്റവും വലിയ വഴികാട്ടി, നമ്മുടെ ഹൃദയമാണ്.
നമ്മള്‍ തെറ്റുകള്‍ ചെയ്യാന്‍ ചിന്തിയ്ക്കുന്ന നിമിഷം മുതല്‍ നമ്മളിലെ മനസാക്ഷി അത് ചെയ്യരുതെ എന്ന്,ഉറക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കും. അതുവകവെക്കാതെ നാം, തെറ്റ് ചെയ്തുകഴിയുമ്പോള്‍ മനസില്‍ ഒരു വലിയ ഭാരം കെട്ടി തൂക്കിയതായി തോന്നും. അതു പോലെ നമ്മുടെ ഒരു ചെറിയ സഹായം കൊണ്ട് ഒരാളെ രക്ഷപെടുത്താന്‍ കിട്ടുന്ന അവസരത്തില്‍ ഒന്നും ചെയ്യാതിരുന്നിട്ട്, പിന്നീട് അതേക്കുറിച്ചാലോചിച്ചു മനസ്സ് നീറിപുകയുന്ന എത്രയോ പേരുണ്ട്!
ചില ആളുകളുടെ സാന്നിധ്യം നമ്മള്‍ ഇഷ്ടപെടുകയും മറ്റു ചിലരുടേത് നമ്മുക്ക് അരോചകമാകുന്നതും കണാം. ഇഷ്ടപെട്ടവരെ വീണ്ടും,വീണ്ടും കാണാന്‍ നമ്മള്‍ താല്പര്യപെടുന്നു. അങ്ങിനെ ഇഷ്ടപെടുകയും വെറുക്കുകയും ചെയ്യുന്നതിന്റെ കാരണം ഞാന്‍ എന്ന മനുഷ്യന്റെ കുറ്റവും കുറവുകൊണ്ടുമല്ല ആത്മാക്കള്‍ക്കുണ്ടാകുന്ന ആകര്‍ഷണം മൂലമാണ്.

നമ്മൾ നല്ല പ്രവർത്തികൾ ചെയ്യാന്‍ തുടങ്ങുമ്പോൾ, മനസില്‍ ഒരു പ്രത്യേക സന്തോഷവും, ഊർജവും അനുഭവപെടും. .നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് ശരിയായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ എന്തിനേയും അതിജീവിയ്ക്കണം. വിജയം വരെ പൊരുതണം.
ആരുടെ ഉപദേശവും ശ്രവിയ്ക്കാം. പക്ഷെ തീരുമാനം നമ്മുടെ മനസാക്ഷിയ്ക്ക് സ്വീകാര്യമാകണം.

മനുഷ്യ ചിന്തയ്ക്ക് പിടി കിട്ടാത്ത മറ്റൊരു പ്രതിഭാസമാണ്, നിദ്രാവസ്ഥയിൽ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ. പിഞ്ചു കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ആ കുഞ്ഞുമുഖത്തെ ഭാവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചിരിയ്ക്കുന്നു, വിതുമ്പി കരയുന്നു, ഞെട്ടി ഉണരുന്നു. പിന്നേയും ഉറങ്ങുന്നു. മുതിര്‍ന്നിട്ടും നമ്മളും ഇതിന്റെയെല്ലാം സാക്ഷികളാണ്.

നമ്മള്‍ ഉറങ്ങുമ്പോഴും നമ്മുടെ ആത്മാവ് യാത്രയിലാണ്. നിദ്രയില്‍ കാണുന്നവയില്‍ ഈ ജീവിതകാലത്ത് ഇന്നലെ വരെ കണ്ടതും, ഇനി നടക്കാന്‍ സാദ്ധ്യതയുള്ളതും ഉണ്ടാകാം .നമ്മുടെ ഈ ജീവിതകാലത്ത് നാം കണാത്ത പല സംഭവങ്ങളും സ്വപ്നത്തിലൂടെ കാണും. അതെല്ലാം മുന്‍ ജന്മങ്ങളിലേതാണെന്നു വേണം കരുതാന്‍.
ഏതായാലും സ്വപ്നങ്ങൾ വഴി നമ്മള്‍ കാഴ്ചകള്‍ കണ്ടും സംസാരിയ്ക്കാന്‍ അറിയാത്ത ഭാഷയില്‍ സംസാരിച്ചും, സന്തോഷിയ്ക്കാനും കരയാനും ഇടവരുന്നതും, ഭയന്ന് വിറയ്ക്കുന്നതുമായ ഭീകര സംഭവങ്ങൾ കണ്ടും, ഞെട്ടി ഉണരുന്നു.
സ്വപ്നത്തില്‍ നാം കണ്ടകാഴ്ചളില്‍ സന്തോഷത്തിനു വക നല്‍കിയവ വീണ്ടും കാണണമെന്ന് ആഗ്രഹിയ്ക്കുന്നു. ഭയപടുത്തിയവ എത്ര മറക്കാന്‍ ശ്രമിച്ചാലും മായാതെ കിടക്കുന്നു. നിദ്രയില്‍ ഏതാനും നിമിഷം മാത്രം കാണുന്ന സ്വപ്നത്തിലെ ഈ കാഴ്ചകള്‍ പല രൂപത്തിലും ഭാവത്തിലും തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു.
സ്വപ്നത്തില്‍ വെച്ച് നടന്നതായി കാണുന്ന ചില സംഭവങ്ങളോടെ മനസിലെ ഒരു ഭാരം ഒഴിഞ്ഞുപോയതായിട്ടുള്ള ആശ്വാസവും അനുഭവപെടുന്നു. ചില സമയങ്ങളിൽ നമ്മൾ വളരെക്കാലമായി അന്വേഷിച്ചിരുന്ന, ചോദ്യത്തിന് ഉത്തരവും കിട്ടാറുണ്ട്.

സ്വപ്നത്തില്‍ നമ്മുടെ അടുത്ത ബന്ധുകള്‍, മരണപെട്ടതിന്റെ അന്നൊ, അടുത്ത ദിവസങ്ങളിലൊ ആയി നമ്മോട് സംസാരിയ്ക്കുന്നതായിട്ടുള്ള അനുഭവം പലര്‍ക്കും കാണും. ഇത് ആത്മാക്കള്‍ തമ്മില്‍ നടന്ന സമ്പര്‍ക്കമായിട്ടു വേണം കാണാന്‍. ചില തെറ്റിധാരണകള്‍ മൂലം അകന്നു കഴിഞ്ഞ ഉറ്റവര്‍ മരണശേഷം സത്യം മനസിലാക്കി നമ്മോട് ഇഷ്ടം കൂടാന്‍ വരുന്നതും കാണാം. ഏതോ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം മൂലമാണ് ഇതെല്ലാം നടക്കുന്നത്.

നമ്മുടെ ഹൃദയത്തില്‍ വസിയ്ക്കുന്ന ഈശ്വര ചൈതന്യമാണ് നമുക്ക്, ജീവനും, ഓജസ്സും തരുന്നത്. ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ച് ആ അനുഭൂതിയില്‍ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജന്മം സഫലമായി. എന്റെ ഹൃദയത്തില്‍ ഈശ്വരന്‍ വസിയ്ക്കുന്നു എന്ന പൂര്‍ണവിശ്വാസത്തോടെ നിശബ്ദമായ അവസ്ഥയില്‍ ഇരുന്നാല്‍ ഈശ്വരനെ അനുഭവിയ്ക്കാന്‍ നമ്മുക്ക് സാധിയ്ക്കും.
ഈശ്വരന്‍ അരൂപിയാണ് അതുകൊണ്ട് ദൈവത്തെ ദര്‍ശിയ്ക്കാന്‍ കഴിയില്ല. അനുഭവിയ്ക്കാനെ കഴിയു. മനുഷ്യരായ നമ്മുടെ ഒരു വിശ്വാസത്തിന് ജ്വലിയ്ക്കുന്ന പ്രകാശമായി ഈശ്വരനെ സങ്കല്‍ല്പിയ്ക്കാം.
ശുദ്ധബോധത്തോടെ, അചഞ്ചല വിശ്വാസത്തോടെ,പൂര്‍ണ മനസ്സോടെ ശ്രമിയ്ക്കു…. നമ്മുക്കും ഈശ്വര സാക്ഷാകാരത്തിന്റെ വഴികാണാം.

സി. ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments