മലയാളി മനസ്സിന് വേണ്ടി കണ്ണൂർ മാടായി സി.എ.എസ് കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കണ്ണൂർ സർവ്വകലാശാലയിലെ ഗവേഷണ മാർഗ്ഗദർശിയുമായ ഡോ. ജൈനിമോൾ കെ.വി.യുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം
വ്യക്തി പരിചയം:-
സമൂഹരൂപീകരണത്തിൽ മാധ്യമങ്ങൾ, പ്രത്യേകിച്ച് റേഡിയോ, വഹിക്കുന്ന ധർമ്മത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ പ്രശസ്തയായ എഴുത്തുകാരിയാണ് ഡോ. ജൈനിമോൾ കെ.വി. വിവരസാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാളിയെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് അവരുടെ അന്വേഷണ വിഷയം. അക്കാദമിക് വിമർശനത്തിന് പുതിയ തെളിച്ചം നൽകാൻ അവരുടെ വിമർശനം വഴിയൊരുക്കി. സംസ്കാര പഠനത്തിന്റെ സമീപന രീതി കൈക്കൊണ്ട് മൗലികമായ പല കൃതികൾ അവർ രചിക്കുകയുണ്ടായി. ജനപ്രിയ വിഷയങ്ങളെ ഗൗരവമായ വിചിന്തനത്തിന് അവർ വിധേയമാക്കി..
മലയാളത്തിലെ അക്കാദമിക് മണ്ഡലത്തിൽ റേഡിയോ പഠനത്തിന്റെ സാധ്യതകളെ കണ്ടെത്തുകയും അതിന്റെ പുതിയ ഗതികളെ അടയാളപ്പെടുത്തുകയും ചെയത സാഹചര്യത്തെ കുറിച്ച് ഡോക്ടർ ജെനിമോൾ കെ. വി വിശദീകരിക്കുന്നു :-
2023 ൽഇന്ത്യൻ റേഡിയോ പ്രക്ഷേപണം ഒരു നൂറ്റാണ്ട് പൂർത്തിയാക്കി കഴിഞ്ഞു.രണ്ടായിരത്തോടെ മാധ്യമ പഠനങ്ങളിൽ റേഡിയോ പഠനത്തിന് പ്രാധാന്യം കൈവന്നു. വ്യത്യസ്ത ഉപയോഗങ്ങൾക്കായി പലതരം റേഡിയോകൾ വികസിച്ചു വന്നിട്ടുണ്ട് അതോടൊപ്പം അവയെ ഓരോന്നിനെയും പഠിക്കുന്നതിന് ഗവേഷകരും പണ്ഡിതരും മുന്നോട്ടു വന്നു .ഇവയെക്കുറിച്ച് എല്ലാം വെവ്വേറെ പഠനങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും നേരത്തെ തന്നെ ഉണ്ടായി വന്നിട്ടുണ്ട്. റേഡിയോ പരിപാടികളെക്കുറിച്ചും അവയ്ക്ക് സംസ്കാര നിർമ്മിതിയിലുള്ള പങ്ക് ,ശ്രോതാക്കൾ ,വ്യവസായം എന്ന നിലയിൽ റേഡിയോയുടെ പ്രവർത്തനം എന്നിങ്ങനെ നിരവധി തലങ്ങളിൽ നിന്നുകൊണ്ടുള്ള പഠനങ്ങൾ സാധ്യമായി. റേഡിയോയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും താൽപര്യവും അവ കൈവരിച്ച വളർച്ചയുമാണ് ഇത്തരം പഠനങ്ങൾക്ക് കാരണമായത്.മ്യൂസിക് റേഡിയോ, ഇൻറർനെറ്റ് റേഡിയോ, ഹാം റേഡിയോ ,കമ്മ്യൂണിറ്റി റേഡിയോ തുടങ്ങിയവയെ കുറിച്ചുള്ള പഠനങ്ങളും കേസ്സ്റ്റഡികളും ഒക്കെ ഇന്ന് സജീവമാണ് .കൂടാതെ റേഡിയോയുടെ അർത്ഥമെന്താണ് ?അത് വ്യക്തിയിലും സമൂഹത്തിലും ഏതെല്ലാം രീതിയിലാണ് പ്രവർത്തിക്കുന്നത് ?എന്നിങ്ങനെയുള്ള അന്വേഷണങ്ങൾ നമുക്ക് നടത്താവുന്നതാണ് .അതുപോലെ റേഡിയോ പഠനങ്ങളിലെ പ്രധാന വിഷയങ്ങളിൽ ഒന്നാണ് റേഡിയോയിൽ ശബ്ദത്തിനുള്ള പ്രാധാന്യം . ശബ്ദ ശാസ്ത്രത്തെ റേഡിയോ പരിപാടികളിൽ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്നും പണ്ഡിതർ അന്വേഷിച്ചിട്ടുണ്ട്.ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള എഫ് .എം സംസ്കാരത്തെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചുമൊക്കെ അതത് ഭാഷകളിൽ ഗവേഷണങ്ങൾ ഉണ്ടായി വരുന്നുണ്ട്. എന്നാൽ കേരളീയ പശ്ചാത്തലത്തിൽ ഉള്ള ഗൗരവമേറിയ റേഡിയോ പഠനങ്ങൾ ഉണ്ടാവുന്നില്ല എന്നത് വലിയ പോരായ്മയായി അനുഭവപ്പെട്ടു. 1943 ആരംഭിച്ച തിരുവിതാംകൂർ റേഡിയോയിൽ തുടങ്ങി ആകാശവാണിയിലൂടെ വളർന്ന പ്രക്ഷേപണമാണ് കേരളത്തിലെ റേഡിയോ ചരിത്രത്തിന്റെ ഒന്നാം ഘട്ടം .2007 മുതൽ കോഴിക്കോട്ട് നിന്ന് റേഡിയോ മാംഗോയുടെ വരവോടുകൂടി സ്വകാര്യ എഫ് എം നിലയങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഘട്ടം തുടങ്ങി .അതോടൊപ്പം ധാരാളം ഓൺലൈൻ റേഡിയോകളും കമ്മ്യൂണിറ്റി റേഡിയോകളും കേരളത്തിൽ ഉണ്ട് , പുതിയ എഫ് .എം നിലയങ്ങൾ ഉണ്ടായി വരുന്നു. അവയുടെ സ്വഭാവത്തിൽ ഓരോ കാലത്തിലും പരിവർത്തനങ്ങളും ഉണ്ടായി വരുന്നുണ്ട്. ഇത്തരത്തിൽ റേഡിയോ പഠനത്തിന് വലിയ സാധ്യതയാണ് കേരളത്തിലും ഉള്ളത്. താരതമ്യേന മാധ്യമപഠനം കേരളത്തിൽ കുറവാണ്. അതിൽ തന്നെ റേഡിയോ പഠനം ഇനിയും ഏറെ പോകേണ്ടിയിരിക്കുന്നു.
*റേഡിയോ പഠനത്തിനെ കുറിച്ച് പത്തുചോദ്യങ്ങൾ *
1) വിനിമയത്തിന്റെ രാഷ്ട്രീയം ആഗോളാതലത്തിൽ ഊർജ്ജസ്വലമായിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ റേഡിയോ പഠനത്തിന്റെ പ്രാധാന്യവും പ്രസക്തിയും എന്താണ്?
ഉത്തരം:-
ഏതൊരു മാധ്യമത്തെ കുറിച്ചുമുള്ള പഠനവും സമൂഹത്തിൻറെ സാംസ്കാരിക രാഷ്ട്രീയ വിശകലനം കൂടിയാണ്.റേഡിയോയുടെ വിനിമയ സാധ്യത മനസ്സിലാക്കിയപ്പോൾ തന്നെ ലോകത്തെങ്ങുമുള്ള രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ അജണ്ട നിർമിക്കാൻ റേഡിയോ എന്ന് മാധ്യമത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .ആവർത്തിച്ചുള്ള പ്രക്ഷേപണത്തിലൂടെ ജനഹിതത്തെ തങ്ങൾക്ക് അനുഗുണമാക്കാൻ ഇവർക്ക് കഴിഞ്ഞു. ഹിറ്റ്ലർ ,മുസോളിനി തുടങ്ങിയ സ്വേച്ഛാധിപതികളായ നേതാക്കൾ റേഡിയോയുടെ ശക്തി മനസ്സിലാക്കിയവരാണ്.വിദേശരാജ്യങ്ങളിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കാൻ റേഡിയോ പ്രഭാഷണങ്ങൾക്ക് കഴിഞ്ഞു .വൻ ജനക്കൂട്ടങ്ങളെ വരുതിയിൽ നിർത്താനുള്ള ശക്തി നേതാക്കന്മാർ റേഡിയോ പ്രഭാഷണങ്ങളിലൂടെ നേടി.പ്രത്യക്ഷത്തിൽ കേവലം വിനോദോപകരണമായി നില കൊള്ളുന്ന റേഡിയോകളും പ്രബലമായ രാഷ്ട്രീയം ഉൾക്കൊള്ളുന്നതായി സൂക്ഷ്മപരിശോധനയിൽ ബോധ്യപ്പെടും.ഇന്ത്യയിൽ ആകാശവാണി പരിശോധിച്ചാൽ നമുക്ക് മനസ്സിലാവും അവ പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് .അടിയന്തരാവസ്ഥക്കാലത്ത് റേഡിയോയിൽ വാർത്തകൾ നിരോധിച്ച് സാധാരണക്കാരുടെ ശ്രദ്ധ കൃഷിയിലേക്കും മറ്റും തിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണ് .എല്ലാ മാധ്യമങ്ങൾക്കും വ്യക്തമായ രാഷ്ട്രീയമുണ്ട് .പത്രങ്ങളും ടെലിവിഷൻ ചാനലുകളും എഫ് .എം റേഡിയോകളുമെല്ലാം അവയുടെ സാങ്കേതികതയും ഉള്ളടക്കവും വമ്പൻ മാധ്യമ കമ്പനികൾ കുത്തകയാക്കി വെച്ചിരിക്കുകയാണ് .സ്വകാര്യ എഫ് എം റേഡിയോകൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നു . ചാനൽ നടത്തിപ്പുകാരുടെ വ്യവസായ താൽപര്യങ്ങളും അതിൽ പ്രകടമാകുന്നുണ്ട്.
2) അടുത്ത കാലത്തിറങ്ങിയ ഗൾഫ് മലയാളം റേഡിയോ ചരിത്രം എഴുതുന്നത് എങ്ങനെയാണ്?
ഉത്തരം:-
ഇന്ത്യയിൽ റേഡിയോ 100 വർഷം പിന്നിട്ടു കഴിഞ്ഞു. റേഡിയോ മലയാളം മിണ്ടിത്തുടങ്ങിയിട്ടും വർഷങ്ങൾ 80 കഴിഞ്ഞു. ആ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് നാടുകളിലെ മലയാളം റേഡിയോയ്ക്ക് യൗവനമാണ്. എങ്കിലും അറബ് നാട്ടിലെ മലയാള പ്രക്ഷേപണം വേറിട്ടതും ശക്തവുമാണ്. കഴിഞ്ഞ 31 വർഷങ്ങളായി മലയാളി പ്രവാസിയുടെ ജീവിതത്തെ ശ്രുതി മധുരമാക്കാൻ റേഡിയോയോളം മറ്റൊരു മാധ്യമത്തിനും സാധിച്ചിട്ടില്ല. നാട്ടിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് പ്രവാസികളുടെ ഏകാന്തതയ്ക്ക് കൂട്ടായി മാറാൻ റേഡിയോയ്ക്ക് സാധിച്ചു .വലിയൊരു സാംസ്കാരിക വിപ്ലവത്തിനാണ് റേഡിയോ അറേബ്യൻ മണ്ണിൽ തുടക്കമിട്ടത്. അത് രേഖപ്പെടുത്താൻ സാധിക്കുക എന്നത് ഒരു നിയോഗം പോലെയാണ് തോന്നുന്നത്.
3) ശൂന്യതയിൽ നിന്ന് ഗൾഫ് റേഡിയോ ചരിത്രം രേഖപ്പെടുത്താൻ ആരംഭിച്ചപ്പോൾ നേരിട്ട പ്രതിസന്ധികൾ എന്തൊക്കെയാണ്?
ഉത്തരം:-
മരുഭൂമി പോലെ വ്യാപ്തിയുണ്ട് ഗൾഫിൽ മലയാളം റേഡിയോ ഉണ്ടാക്കിയെടുത്ത സംസ്കാരത്തിന് .1992 ൽഒരു റേഡിയോ നിലയത്തിൽ തുടങ്ങി ഇപ്പോൾ ഒരുപാട് റേഡിയോകൾ അവിടങ്ങളിൽ ഉണ്ട് . ഗൾഫ് മലയാളം റേഡിയോ ചരിത്രം എന്ന പുസ്തകം പ്രക്ഷേപണത്തിന്റെ തുടക്കവും വളർച്ചയും ആണ് .ഗൾഫ് റേഡിയോയെ സംബന്ധിക്കുന്ന അനുഭവക്കുറിപ്പുകളും ലേഖനങ്ങളും അല്ലാതെ അതിന്റെ ചരിത്രം എഴുതപ്പെട്ടിട്ടില്ല. അതിനെ പ്രവാസത്തിന്റെ ചരിത്രവുമായി ചേർത്തു വായിക്കുകയാണ് ഞാൻ ചെയ്തത് .റേഡിയോ പ്രവർത്തകർ എഴുതിയ അനുഭവക്കുറിപ്പുകളുo അത് ചേർത്തുവെച്ച പുസ്തകവും ഒറ്റപ്പെട്ട ലേഖനങ്ങളും മാത്രമാണ് ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്. അനുഭവക്കുറിപ്പുകളിൽ വൈകാരികാംശവും ആത്മാംശവും ഉണ്ടാകും .ഞാൻ അതിനെ മാറി നിന്നുകൊണ്ട് വിശകലനം ചെയ്തു പരിശോധിക്കുകയാണ് ചെയ്തിട്ടുള്ളത്.
രണ്ടായിരത്തോടെ പ്രവാസി സമൂഹത്തിലും സംസ്കാരത്തിലും ഉണ്ടായിട്ടുള്ള വളർച്ചയും റേഡിയോയുടെ വളർച്ചയും എല്ലാം കെട്ടുപിണഞ്ഞു നിൽക്കുന്നുണ്ട്. ആശയവിനിമയ രീതിയിൽ വിപ്ലവകരമായ മാറ്റം വന്നു. പരിപാടികളുടെ ഉള്ളടക്കത്തിൽ പുതിയ കാലത്തിനനുസരിച്ച് മാറ്റം വന്നു. ഇതെല്ലാം ഈ പുസ്തകത്തിൽ പരിശോധിക്കുന്നുണ്ട്. ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിൽ പ്രധാനം ഇതിൻറെ ചരിത്രത്തെ കുറിച്ച് ഇതുവരെ ആരും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഗൾഫ് റേഡിയോ ചരിത്രം എഴുതാനുള്ള ദൗത്യം ഏറ്റെടുത്തപ്പോൾ നേരിട്ട പ്രധാന പരിമിതി ഈ ചരിത്രത്തിൻറെ ഭാഗമായ പലരും ഇന്ന് നമുക്കൊപ്പം ഇല്ല എന്നതാണ് .അതുപോലെ എല്ലാ റേഡിയോ പ്രവർത്തകരെയും കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുക പ്രായോഗികമല്ലാത്തതുകൊണ്ട് കിട്ടാവുന്ന പരമാവധി പേരിലേക്ക് എത്തിച്ചേരുവാൻ ആണ് ശ്രദ്ധിച്ചത്. അവർ കൈമാറിയ ഓർമ്മകൾ വരുംകാല വായനയിലേക്കായി ചേർത്തുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം . ആ പഠനത്തിന് തുടർച്ചകളുണ്ടാവേണ്ടതുണ്ട്. 31 വർഷത്തിനിടയ്ക്ക് എണ്ണമറ്റ അവതാരകരും ശ്രോതാക്കളും ഗൾഫ് റേഡിയോ പ്രസ്ഥാനത്തിന്റെ ഭാഗമായി. ലഭ്യമായ അവതാരകരുടെയും ശ്രോതാക്കളുടെയും അനുഭവങ്ങളെയൊക്കെ വൈകാരികാംശം ചോർന്നുപോകാതെ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
4) മാധ്യമപഠനത്തിന് അടുത്തിടെയായി ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊരു വിപ്ലവകരമായ ആശയാടിത്തറയിലാണോ സംഭവിക്കുന്നത്? താങ്കളുടെ നിരീക്ഷണം എന്താണ്?
ഉത്തരം:-
ചലനാത്മകമാണ് മാധ്യമ ലോകം .നമ്മുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീന വൈപുല്യം നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് . പത്രങ്ങൾ, മാഗസിനുകൾ, പുസ്തകം, ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു പഴയ മാധ്യമ ലോകം .വെബ്സൈറ്റുകൾ, ഓൺലൈൻ വീഡിയോ / ഓഡിയോ സ്ട്രീമുകൾ, ഇൻറർനെറ്റ് കമ്മ്യൂണിക്കേഷൻസ്, ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ കമ്മ്യൂണിറ്റികൾ ,ഓൺലൈൻ ഫോറങ്ങൾ, ബ്ലോഗുകൾ, പരസ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ ലോകമാണ് നവമാധ്യമങ്ങളുടേത്. കേവലം മാധ്യമ ഉപഭോഗം എന്നതിൽ നിന്ന് ഉപഭോക്തൃ ഇടപെടൽ കൂടി അവതരിപ്പിച്ചു കൊണ്ടാണ് നവമാധ്യമങ്ങൾ നിലയുറപ്പിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയിലൂടെ ദൃശ്യമാധ്യമങ്ങളെല്ലാം തന്നെ ഇൻറർനെറ്റ് സൃഷ്ടിച്ച അപാരമായ ഇടപെടൽ സാധ്യതകൾ തുറന്നിട്ട് സ്വയം നവീകരിക്കുകയും ചെയ്തു.
ഇന്ന് കേരളത്തിലടക്കം എല്ലാ സർവ്വകലാശാലകളിലും മാധ്യമ പഠനം സിലബസിന്റെ ഭാഗമാണ് .പരമ്പരാഗത മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും വിമർശനാത്മകമായി വിലയിരുത്താൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്ന വിധത്തിൽ പരിഷ്കരിച്ച ജേർണലിസം കോഴ്സുകൾ ആണ് ഇന്നുള്ളത് . മാധ്യമങ്ങളും സാങ്കേതികവിദ്യകളും അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് മാധ്യമ പഠനങ്ങൾ നിരന്തരം പുതുക്കി കൊണ്ടിരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യവുമാണ്. മാത്രവുമല്ല, സമ്മത നിർമ്മാണ ഉപകരണങ്ങളായാണ് ഇന്ന് മാധ്യമങ്ങൾ സമൂഹത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. തങ്ങൾക്ക് പ്രതികൂലമാകാവുന്ന വസ്തുതകളെ തമസ്കരിക്കാനും ആവശ്യമായവയെ പർവതീകരിക്കാനും മാധ്യമങ്ങൾക്കറിയാം. പോസ്റ്റ് മൊബൈൽ ഫോൺ കാലത്തെ സാമൂഹിക സാംസ്കാരിക മാധ്യമ പരിസരങ്ങളെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട് .നിരപരാധികളെ കുറ്റവാളികൾ ആക്കാനും കുറ്റവാളികളെ നിരപരാധികൾ ആക്കാനും അവയ്ക്ക് കഴിയും. കേവലം വിനോദോപകരണങ്ങൾ എന്ന മട്ടിൽ നിലയുറപ്പിച്ചിട്ടുള്ള മാധ്യമങ്ങൾക്ക് പോലും വ്യക്തമായ രാഷ്ട്രീയമുണ്ട് .സമൂഹത്തിലും സംസ്കാരത്തിലും ഉള്ള മാധ്യമ ഇടപെടലുകളെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്.
5) കോളേജ് അധ്യാപികയും മാധ്യമ നിരൂപകയുമായി ശ്രദ്ധിക്കപ്പെട്ട ശേഷം പൊതുവേദികളിൽ അവസരങ്ങൾ കൂടിയിട്ടുണ്ടോ?
ഉത്തരം:-
ഓൺലൈനായും ഓഫ് ലൈൻ ആയും ഏതൊരു വ്യക്തിക്കും ധാരാളം വേദികളും അവസരങ്ങളും ഇന്ന് തുറന്നു കിട്ടുന്നുണ്ട് .പക്ഷേ, പൊതുവേദികളേക്കാൾ കൂടുതൽ എഴുത്തും വായനയുമായി കഴിയാനാണ് ഇപ്പോൾ കൂടുതൽ താല്പര്യപ്പെടുന്നത്.
6) വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയാമോ?
ഉത്തരം:-
കക്കറ ഗാന്ധി സ്മാരക യു.പി സ്കൂൾ, വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂൾ, തുടങ്ങിയ സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നല്ല അധ്യാപകരെ എല്ലാക്കാലത്തും ലഭിച്ചു എന്നതാണ് വലിയ ഭാഗ്യമായി കരുതുന്നത്. പയ്യന്നൂർ കോളേജിലും ബ്രണ്ണൻ കോളേജിലും പ്രഗല്ഭരായ അധ്യാപകരുടെ ക്ലാസുകൾ ലഭിച്ചു. ബി.മുഹമ്മദ് അഹമ്മദ്, ടി.പവിത്രൻ , എൻ. പ്രഭാകരൻ, ജിസ ജോസ്, എ.ടി മോഹൻ രാജ്, ബി.പാർവ്വതി, കെ.പി നരേന്ദ്രൻ,എൽ. അലക്സ്, കെ.എസ് ജയശ്രീ, എസ്.ജോസഫ്, തുടങ്ങി എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നില്ക്കുന്ന വരുമായ ഗുരുക്കന്മാരും സുഹൃത്തുക്കളും ജീവിതത്തിന് എന്നും പുതുവെളിച്ചം പകർന്നു.. പ്രൊഫസർ ശിവദാസ്. കെ.കെ യോടൊപ്പമുള്ള ഗവേഷണം അക്കാദമിക ജീവിതത്തിന്റെ ഗതി തന്നെ മാറ്റിത്തീർത്തു..
7) റേഡിയോ മാംഗോയിലെ ആർ.ജെ. രമേഷാണല്ലോ ജീവിത പങ്കാളി.. നിങ്ങളുടെ അഭിരുചികളിലുള്ള പൊരുത്തം കരിയറിനെ എങ്ങനെ സഹായിക്കുന്നു?
ഉത്തരം:-
ഒരു റേഡിയോ പ്രവർത്തകനെ കൂട്ടായി ലഭിച്ചത് ഈ മേഖലയെ അടുത്തറിയാൻ വളരെയധികം സഹായിച്ചു. 20 വർഷക്കാലമായി നാട്ടിലും വിദേശത്തുമുള്ള വിവിധ റേഡിയോകളിൽ ജോലി ചെയ്ത അദ്ദേഹത്തിന്റെ അനുഭവ പരിചയം എന്റെ ഗവേഷണ പ്രവർത്തനങ്ങളിലും തുണയായി. ധാരാളം റേഡിയോ പ്രവർത്തകരെ കൂട്ടുകാരായി ലഭിച്ചു. പ്രക്ഷേപണ മേഖലയിലെ മാറ്റങ്ങളും പ്രശ്നങ്ങളും അടുത്തറിയാൻ സാധിച്ചു… എന്തും ചർച്ച ചെയ്യാൻ പറ്റുന്ന ഒരാളെ കൂട്ടായി ലഭിച്ചത് ജീവിതത്തിലായാലും കരിയറിലായാലും വലിയ ഊർജ്ജമാണ് നൽകുന്നത്.
8) ഗൾഫ് ജീവിത സ്മരണകൾ പങ്കുവയ്ക്കാമോ?
ഉത്തരം:-
വിവാഹശേഷം 2006 ലാണ് പ്രവാസിയാവുന്നത്. വളരെ കുറച്ചു കാലം മാത്രം. അന്ന് സോഷ്യൽ മീഡിയകൾ ഇല്ല. റേഡിയോ ആണ് അക്കാലത്ത് പ്രധാന കൂട്ട്… റേഡിയോ എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീന ശക്തിയാവുന്നതും അക്കാലത്താണ്. പ്രവാസികളുടെ ജീവിതത്തിൽ റേഡിയോയ്ക്കുള്ള സ്ഥാനം എന്തെന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു റേഡിയോ പരിപാടികൾ.
9) മാധ്യമ സംസ്കാര പഠന രംഗത്ത് ഇനി വ്യാപരിക്കാനാഗ്രഹിക്കുന്ന മേഖലകൾ ഏതൊക്കെയാണ്?
ഉത്തരം:-
മാധ്യമ രംഗത്തെ ഓരോ ചെറുചലനവും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. സംസ്കാര പഠനത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൊണ്ട് ട്രോളുകളെക്കുറിച്ചും നവമാധ്യമങ്ങളിലെ പരസ്യങ്ങളെക്കുറിച്ചും കമന്റുകളെക്കുറിച്ചും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് മാധ്യമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നത്. പ്രക്ഷേപണരംഗത്ത് Al യുടെ സാധ്യതകളെക്കുറിച്ചാണ് ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത്.
10) വായനയ്ക്ക് പുസ്തകങ്ങൾ തിരഞ്ഞെടുതുന്നതിന്റെ മാനദണ്ഡം എന്താണ്?
ഉത്തരം :-
ധാരാളം പുസ്തകങ്ങൾ ദിനംപ്രതി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടല്ലോ .ഇവയെല്ലാം വായിക്കുക പ്രായോഗികമല്ല .അധ്യാപനത്തിന്റെ ഭാഗമായി ധാരാളം പുസ്തകങ്ങൾ വായിക്കേണ്ടി വരാറുണ്ട് .അതോടൊപ്പം പുതിയതായി ഇറങ്ങുന്ന കഥകളും നോവലുകളും സൈദ്ധാന്തിക പഠനങ്ങളും മാധ്യമ പഠനഗ്രന്ഥങ്ങളും തിരഞ്ഞെടുത്തു വായിക്കും. ഒരു കണക്കെടുത്താൽ ലേഖനങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ. ഏറ്റവും പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളിലൂടെ സാധിക്കും.
തയ്യാറാക്കിയത്: ഡോ.തോമസ് സ്കറിയ പാലമറ്റം