മലയാളിമനസ്സിലെ പ്രിയ വായനക്കാരെ, ആസ്വാദകരെ ,
ഈ ഗാനാം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു. 1969 -ൽപുറത്തിറങ്ങിയ ‘കണ്ണൂർ ഡീലക്സ്’ എന്ന പടത്തിലെ ‘വരുമല്ലോ രാവിൽ പ്രിയതമൻ’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. മലയാളസാഹിത്യത്തിൻറെ പുണ്യമായ ശ്രീകുമാരൻതമ്പിയുടെ തൂലികയിൽ നിന്ന് ഉതിർന്നുവീണ മഴവില്ലഴകുള്ള ഏതാനും വരികൾ ഗാനമായ് പിറന്നു. ദക്ഷിണാമൂർത്തി പ്രാണൻ നൽകി വരികളിൽ ഈണം പകർന്നപ്പോൾ എസ് ജാനകി വാക്കുകൾക്ക് ഭാവം നൽകി ഈണങ്ങളിൽ പ്രണയം നിറച്ചു. അതുകൊണ്ട് തന്നെ മലയാളത്തിന് അതിമനോഹരമായ ഒരു പ്രണയഗാനം കൂടി കിട്ടി.
ഇത് മലയാളസാഹിത്യത്തിൽ സിനിമാഗാനങ്ങളുടെ പുഷ്കലമായ കാലഘട്ടമായിരുന്നു. ഈ കാലഘട്ടങ്ങളിൽ തന്നെയാണ് നമുക്ക് അതിമനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടായത്. അതുകൊണ്ട്തന്നെ ഇന്ന് നെഞ്ചുവിരിച്ച് നിന്ന് “ഈ ഗാനം മറക്കുമോ” എന്ന് ചോദിച്ച്കൊണ്ട് ഒരു പംക്തി മലയാളിമനസ്സിലൂടെ അവതരിപ്പിക്കനുള്ള അവസരം ലഭിച്ചു. അത് അറുപത് മുതൽക്കിങ്ങോട്ട് ആ മഹാരഥന്മാർ ഒന്നിച്ച്നിന്ന് കൈ കോർത്തത്കൊണ്ടാണ്.
വരുമരികിൽ ദാഹമായ് തൻ്റെ പ്രിയപ്പെട്ടവൻ എന്ന് മോഹനസ്വപ്നങ്ങളോടെ വ്രീളാവിവശയായി പാടുന്ന പെൺകിടാവ്. ഇരവിൽ എൻ്റെ മന്ദിരവാതിലിൻ യവനിക ഇളകുമ്പോൾ ഇളകും ഈറൻകണ്ണുമായ് നിൽക്കുന്ന ആ നിൽപ്പ്!
എന്തിനേറെ പറയുന്നു , നമുക്ക് വരികളിലേക്ക് വരാമല്ലോ
വരുമല്ലോ രാവിൽ പ്രിയതമൻ – സഖി
വരുമല്ലോ രാവിൽ പ്രിയതമൻ
വരുമരികിൽ ദാഹമായ് മനസ്സിൻ്റെമധുരിതമണിയറ
മലരമ്പനെ മാടിവിളിക്കും മാടിവിളിക്കും
വരുമല്ലോ രാവിൽ പ്രിയതമൻ …..
ഇരവിൽ എൻ്റെ മന്ദിരവാതിലിൻ
യവനിക ഇളകിടുമ്പോൾ
ഇളകും ഈറൻ കണ്ണുമായ് നിൽക്കും
മെഴുതിരിനാളം
തമസ്സിൻ്റെ തരളിതസിരകളെ മൃദുമൃദുവായ്
മാടിവിളിക്കും മാടിവിളിക്കും
വരുമല്ലോ രാവിൽ പ്രിയതമൻ ….
ഇതളായ് ആ …..
ഇതളായ് ഇതളായ് വിടരുന്ന സ്വപ്നജാലം
ഹൃദയം നിറയെ മധുസൗരഭം നിറയ്ക്കു
മദനപുഷ്പമെൻ മധുപരാജനെ മടിമാടിവിളിക്കും
മടിമാടിവിളിക്കും
വരുമല്ലോ രാവിൽ പ്രിയതമൻ -സഖി
വരുമല്ലോ രാവിൽ പ്രിയതമൻ .
പാട്ടിൻ്റെ വരികൾ വായിച്ചില്ലേ ..ഇളനീർ മധുരംപോലെ മഞ്ഞുതുള്ളിയുടെ സ്ഫടികശോഭയോടെ മലയാളസാഹിത്യം കൈകാര്യം ചെയ്യാൻ ഇന്നത്തെ തലമുറയിൽ അധികാമാരും കാണില്ല. നമുക്ക് ആ ഗാനം കൂടി ഒന്ന് കേൾക്കാം
ഗാനം ഇഷ്ടമായില്ലേ…
“മദനപുഷ്പമെൻ മധുപരാജനെ മാടിമാടി വിളിക്കും… മാടിമാടി വിളിക്കും “…..
ആവശ്യത്തിലേറെ എരിവും പുളിയിമൊക്കെ ചേർത്തത് കവി മുൻവിധിയോടെ തന്നെയാണ്. കാലങ്ങളെ വെല്ലുന്ന വരികൾ എഴുതാൻ നല്ലകവികൾക്കേ ആവൂ. ആറാം ഇന്ദ്രിയം, അത് നന്മയുള്ള മനസ്സിന് മാത്രമുള്ളതാണ്.
പ്രിയമുള്ളവരേ നമുക്കും നന്മയുള്ള മനസ്സുകളുടെ ഉടമകളാവാം. നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം
സ്നേഹപൂർവ്വം,