Monday, November 25, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 21) ''അമ്മയെ കാണാൻ '' എന്ന സിനിമയിലെ 'ഉണരൂണരൂ...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 21) ”അമ്മയെ കാണാൻ ” എന്ന സിനിമയിലെ ‘ഉണരൂണരൂ ഉണ്ണിപ്പൂവേ..’ എന്ന ഗാനം.

നിർമല അമ്പാട്ട്

പ്രിയമുള്ളവരേ,
ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

1963-ൽ പുറത്തിറങ്ങിയ ‘അമ്മയെ കാണാൻ ‘ എന്ന പടത്തിലെ ‘ഉണരൂണരൂ ഉണ്ണിപ്പൂവേ..’ എന്ന ഗാനമാണ് നമ്മൾ ഇന്ന് കേൾക്കുന്നത്.

പി. ഭാസ്കരൻമാഷിന്റെ വരികൾക്ക് കെ. രാഘവൻമാഷ് സംഗീതം നൽകി. മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് എസ്. ജാനകിയാണ്. ജാനകിയുടെ ആദ്യകാല ഹിറ്റ് ഗാനങ്ങളുടെ തുടക്കം. ആദ്യകാല ചലച്ചിത്രഗാനങ്ങളുടെ ഇടയിൽ ഈ ഗാനം അന്നേവരെ ഇറങ്ങിയതിൽ വെച്ചേറ്റവും മനോഹരം എന്ന് പറയാം. സലിൽ ചൗധരിയുടെ ഗാനങ്ങളോട് തൊട്ട് നിൽക്കുന്ന പ്രതീതി ഈ ഗാനത്തിനുണ്ട്. മിശ്രശിവരഞ്ജിനി രാഗത്തിൽ ഉഷഖന്ന ചിട്ടപ്പെടുത്തിയ ഉണരൂ വേഗം നീ എന്ന സൂപ്പർ ഹിറ്റ് ഗനത്തിനൊപ്പം ഈ ഗാനവും നിൽക്കുന്നുണ്ട്. 1963 കാലഘട്ടങ്ങളിലാണ് ഇതെന്ന് കൂടി നമ്മള്ളോർക്കണം. പാശ്ചാത്തല സംഗീതവും തട്ട്തകർപ്പൻ തന്നെ.

വരികളുടെ സാഹിത്യത്തിലേക്ക് വന്നാൽ….
കാടും മേടും തോടും കായലും കടലും കതിരണി വയലും കാട്ടിലെ കിളിപെണ്ണിന്റെ പാട്ടും കേട്ടുണരുന്ന മലയാളനാട്…

കുഞ്ഞിക്കാറ്റിനെയും കരിമുകിലിനെയും പാടിയുണർത്തുന്ന കന്നിപ്പെണ്ണ്…
നമുക്ക് ഭാസ്കരൻ മാഷിന്റെ ഈ വരികളുടെ ചന്തമൊന്ന് നോക്കാം.

ഉണരുണരൂ ഉണ്ണിപ്പൂവേ…
ആ… ആ… ആ….
കരിക്കൊടിത്തണലത്ത്
കാട്ടിലെ കിളിപ്പെണ്ണിൻ
കവിത കെട്ടുണരണ പൂവേ..
കവിത കേട്ടുണരണ പൂവേ.
കന്നിക്കൊയ്ത്തടുത്തൊരു
കതിരണിവയലിന്റെ
കണി കാണാനുണരെടി പൂവേ.

ഉണരൂണരൂ കുഞ്ഞിക്കാറ്റേ…
കരിനീലക്കരിമ്പുകൾ
വിളയുമ്പോൾ തോളിലേറ്റി
കവടിയാടുന്ന കാറ്റേ..
കാവടിയാടുന്ന കാറ്റേ..
കാലിന്മേൽ തളയിട്ടു
തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ..

ഉണരുണരൂ കരിമുകിലേ..
പതിവുപോൽ പടിഞ്ഞാറെ
കടലീന്ന് കുടവുമായ്
പടവുകൾ കയറുന്ന മുകിലേ..
പടവുകൾ കയറുന്ന മുകിലേ
മാനത്തെ മുറ്റത്തിൻ
മരത്തിന്മേൽ പടർന്നുള്ള
മഴവില്ല് നനക്കെടി മുകിലേ
ഉണരുണരൂ…. ഉണ്ണിപ്പൂവേ…

എത്ര ലളിതമനോഹരമായ വരികളാണ് ഭാസ്കരൻ മാഷിന്റേത്..! തെളിനീരരുവി പോലെ കുളിര് കോരുന്ന സാഹിത്യം അദ്ദേഹം ജന്മത്തോടൊപ്പം കൊണ്ടുവന്നതാണ്.
നമുക്കാ ഗാനം കൂടി കേൾക്കാം..

ഗാനം കേട്ടുവല്ലോ… എല്ലാവരും ഇഷ്ടപ്പെട്ടുകാണുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments