Wednesday, December 25, 2024
HomeUS Newsകേരള സ്കൂൾ കലോത്സവം കൊടിയിറങ്ങുമ്പോൾ.... ✍അഫ്സൽ ബഷീർ തൃക്കോമല

കേരള സ്കൂൾ കലോത്സവം കൊടിയിറങ്ങുമ്പോൾ…. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല✍

ഏഷ്യയിലെ ഏറ്റവും മികച്ചതും ജനകീയ പങ്കാളിത്തോതോടെ നടത്തുന്നതുമായ കലയുടെ മാമാങ്കം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി,വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാ മേളയാണ് കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം .നീണ്ട അറുപത്തിരണ്ടു വർഷത്തെ ബ്രിഹത് ചരിത്രമാണ് ഇതിനുള്ളത്.എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്.

2024 ജനുവരി നാലു മുതല്‍ എട്ടുവരെയാണ് 2023 -24 വർഷത്തെ കലോത്സവം അരങ്ങേറുന്നത് .മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ നിലവിളക്ക് കൊളുത്തിയാണ് അറുപത്തി രണ്ടാമത് കലോത്സവം ഉദ്ഘാടനം ചെയ്തത് . കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു. നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത ശില്‍പ്പവും ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും അരങ്ങേറിയിരുന്നു. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനമായത് . അഞ്ചു ദിവസങ്ങളിലായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍24 വേദികളിൽ 14,000 പ്രതിഭകള്‍ മാറ്റുരയ്ക്കും.നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാന്‍ അവസരം ലഭിക്കുന്നത്. എന്നാൽ പതിനഞ്ചു വർഷത്തിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടന്നത് .

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള താമസസൗകര്യം 31 സ്‌കൂളുകളുകളിലായി ഒരുക്കിയിട്ടുണ്ട്. പതിനാല് സ്‌കൂളുകളിലായി 2475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെണ്‍കുട്ടികള്‍ക്കുമാണ് താമസ സൗകര്യം. കൂടാതെ എല്ലാ ടൗണ്‍ ബസ് സര്‍വ്വീസുകളും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തും. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടി സൗജന്യ യാത്രയും . ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനവും നടത്തുന്നുണ്ട്. കേരളം മുഴുവൻ അക്ഷരാർത്ഥത്തിൽ കൊല്ലത്തു കേന്ദ്രീകരിക്കും.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദ് സർവ്വകലാശാലാ വിദ്യാർത്ഥികൾക്കു വേണ്ടി ഡൽഹിയിൽ ഏർപ്പെടുത്തിയ യുവജനോത്സവത്തിൽ പങ്കെടുക്കാൻ അന്നത്തെ വിദ്യഭ്യാസ ഡയറക്ടറായിരുന്ന ഡോ.ഡി എസ് വെങ്കിടേശ്വരന് ക്ഷണം ലഭിച്ചതും അതിൽ അദ്ദേഹം പങ്കെടുത്തതിൽ നിന്നുമാണ് ഇന്നത്തെ കേരള സ്കൂൾ കലോത്സവത്തിന്റെ തുടക്കം

1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ആദ്യ കലോത്സവത്തിന് തിരി തെളിഞ്ഞു. .അന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ. രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല.കൂടാതെ ചേര്‍ത്തല ഗവ. മോഡല്‍ ഹൈസ്‌കൂളിലെ പ്രധാനദ്ധ്യാപകനായിരുന്ന പിന്നീട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറായ കലോത്സവത്തിലെ മത്സര ഇനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും സമയപരിധി നിശ്ചയിക്കുന്നതിലും മൂല്യ നിര്‍ണ്ണയോപാധികള്‍ ഉൾപ്പടെ ആദ്യ കലോത്സവത്തിന്റെ ജീവാത്മാവായ ഗണേഷ അയ്യരും ചേർന്ന് സ്വാഗത സംഘമായി മാറി.

കേവലം 200-ഓളം കുട്ടികൾ മാത്രം സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് പങ്കെടുത്തു .എറണാകുളത്തുള്ള എസ്.ആര്‍.വി. സ്‌കൂളിലായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും കലോത്സവത്തിനായി തമ്പടിച്ചത്. എന്നാൽ ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള ഉണ്ടായിരുന്നില്ല. മത്സരത്തിനു വന്ന കുട്ടികൾക്കും അധ്യാപകർക്കും തൊട്ടടുത്തുള്ള ഹോട്ടലിലാണ് ഭക്ഷണം സൗകര്യമേർപ്പെടുത്തിയത്. മാത്രമല്ല യുവജനോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ചിലവും നൽകിയിരുന്നു .ബസ്സ് ചാര്‍ജ്ജോ, മൂന്നാംക്ലാസ് ട്രെയിന്‍ ചാര്‍ജ്ജോ ആയിരുന്നു അനുവദിച്ചത്. 12 മണിക്കൂറിലധികമുള്ള യാത്ര ചെയ്യേണ്ടി വന്നവര്‍ക്ക് ഒരു രൂപ വീതം ഭക്ഷണത്തിനായി അധികം നല്‍കുകയും ചെയ്തു .

1966, 67, 72, 73 വര്‍ഷങ്ങളില്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കാരണം സംസ്ഥാന സ്കൂൾ കലോത്സവങ്ങള്‍ നടന്നില്ല. 2020,2021 വർഷങ്ങളിൽ കോവിഡ് മഹാ വ്യാധി രോഗവ്യാപനത്തെ ത്തുടർന്നാണ് കേരള സ്കൂൾ കലോത്സവം നടത്താൻ കഴിഞ്ഞില്ല.

1975-ൽ കോഴിക്കോട് നടന്ന കലോത്സവത്തിലാണ് കലോത്സവത്തിനു മുൻപു നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചതും കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തതും കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986-മുതൽ ആരംഭിച്ചു.

മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ തൃശ്ശൂരിലെ ബെന്നി ടൂറിസ്റ്റ്‌ഹോമിലിരുന്ന് കേവലം ഒറ്റ ദിവസം കൊണ്ടാണ് പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘വിദ്യാരംഗ’ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായർ കപ്പ് രൂപകല്‍പ്പന ചെയ്തത്.പത്തനംത്തിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയാണ് രണ്ടേകാല്‍ ലക്ഷം രൂപക്കു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.വീട്ടിയില്‍ തീര്‍ത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈയ്യില്‍ വലംപിരി ശംഖ് പിടിച്ചതുപോലെ സ്വര്‍ണ്ണക്കപ്പ്. തിരുവിതാംകൂര്‍ രാജ്യചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിനു മുകളില്‍ ഗ്രന്ഥവും ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്ന സാരാംശവും അതിലടങ്ങിയിരിക്കുന്നു.

കലോത്സവ വേദികളിലെ വാര്‍ത്തകളും വിശേഷങ്ങളും മറ്റു കലാസൃഷ്ടികളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിന് 1968-ല്‍ തൃശൂരില്‍ തുടക്കമായിരുന്നു. വിജയികളുടെയും സംഘാടകരുടെയും വിധികര്‍ത്താക്കളുടെയുമെല്ലാം പേരുവിവരങ്ങളുമായി സുവനീറുകൾ ഓരോ കലോത്സവങ്ങളുടെയും ഇന്നും തുടരുന്നു .

കലോത്സവത്തിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് .കലോത്സവത്തിന്റെ ചരിത്രം ആയിരം പേജുള്ള ഒരു പുസ്തകത്തിൽ ഒതുങ്ങില്ല .കലോത്സവങ്ങൾ സംഭാവന ചെയ്തിട്ടുള്ള സാമൂഹിക സാംസ്കാരിക കലാ സാഹിത്യ രംഗങ്ങളിൽ കേരളത്തിന് ലഭിച്ച പ്രതിഭകൾ എണ്ണിയാൽ തീരത്താണ് .

കലോത്സവങ്ങൾ പരമാവധി കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിൽ
നാളിതുവരെയുള്ള ഭരണകർത്താക്കളും പ്രതിപക്ഷവും വിദ്യഭ്യാസ വകുപ്പും ജന പ്രതിനിധികളും അധ്യാപക സംഘടനകളും നാട്ടുകാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു നാളിതുവരെ വിജയിച്ച ചരിത്രം കൂടിയുള്ള കലോത്സവത്തിന്റെ കലവറയെ ചൊല്ലിയുള്ള വിവാദങ്ങൾ കഴിഞ്ഞ കലോത്സവം വിവാദത്തിൽ
മുക്കിയത് കേരളം മറന്നിട്ടില്ല.

എന്തുകൊണ്ട് വെജിറ്റേറിയൻ ?മാറി മാറി വന്ന സർക്കാരുകൾ കഴിഞ്ഞ പതിനാറു വർഷമായി ഒരാൾക്ക് മാത്രമായി എന്തിന്നു ഭക്ഷണപ്പുര വിട്ടു കൊടുത്തു ?മാംസാഹാരികളെ പരിഗണിക്കുന്നില്ലേ ?തുടങ്ങിയ ചോദ്യങ്ങളുമായി മാധ്യമങ്ങൾ അരങ്ങു കൊഴുപ്പിച്ചുവെങ്കിലും ഈ വർഷവും ഒന്നും മാറ്റമില്ലാതെ തുടരുന്നു എന്നതും സ്കൂൾ യൂണിഫോം പോലെ തന്നെ അച്ചടക്കത്തോടെ എല്ലാവര്ക്കും കഴിക്കാവുന്ന ഒരേ ഭക്ഷണം വിളമ്പുക എന്ന വലിയ ദൗത്യം വെജിറ്റേറിയൻ ഭക്ഷണത്തിലൂടെ മൽസാരഥിതികളിൽ ഭക്ഷ്യ വിഷബാധ ഒഴിവാക്കൽ എല്ലാവരിലേക്കും കൃത്യമായി എത്തിക്കൽ എല്ലാം കൃത്യമായി ഇതുവരെ നടന്നു എന്നത് ശ്ലാഘനീയമാണ് .

കാലാകാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ടെൻഡർ നടപടിയിലൂടെ തീർത്തും സുതാര്യമായ രീതിയിലാണ് കലവറ കൈമാറുന്നത് .ഇന്നോളം ഭക്ഷണ സംബന്ധിയായ പരാതികൾ കാര്യമായി കലോത്സവ വേദികളിൽ ഉയർന്നു കേട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. ദിനം പ്രതി പതിനായിരം പേർക്കുള്ള സദ്യയുടെ ടെൻഡർ മാത്രമുള്ള തനിക്ക് മുപ്പതിനായിരത്തിലധികം ആളുകളെ ഊട്ടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് കരാറുകാരൻ സാക്ഷ്യപെടുത്തുമ്പോൾ അധികൃതർ അത് കണ്ടില്ലെന്നു നടിക്കരുത്.

കലാ പ്രതിഭ കലാ തിലകം പട്ടങ്ങൾ എടുത്തു കളഞ്ഞിട്ടും മാന്വൽ പരിഷ്കരണവും ഗ്രേഡിങ്ങ് സമ്പ്രദായവും മറ്റ് അനുബന്ധ മാറ്റങ്ങളും നിലവിൽ വന്നെങ്കിലും പലപ്പോഴും സ്കൂളുകൾ തമ്മിലും രക്ഷിതാക്കൾ തമ്മിലും ജില്ലാടിസ്ഥാനത്തിൽ പോലും അനാരോഗ്യമായ മത്സരങ്ങളിലേക്ക് കലോത്സവം നീങ്ങുന്നതിനെ പറ്റി മുഖ്യമന്ത്രി തുടങ്ങി വെച്ച ചർച്ച ഫലം കണ്ടു തുടങ്ങുന്നു എന്നത് പ്രതീക്ഷ നൽകുന്നു
അപ്പോഴും വിദ്യാർത്ഥികളുടെ സർഗാത്മകത കൾക്കു ഊന്നൽ നൽകിയിരുന്ന ആ പഴയ കാലങ്ങളെ ഓർത്തു ദുഃഖിക്കാനേ ഇനി കഴിയൂ .ഈവൻ മാനേജ്മെന്റുകളുടെയും പ്രൊഫഷണലുകളുടെയും സാന്നിധ്യം കലോത്സവത്തിന്റെ മാറ്റിന് മങ്ങലേൽപ്പിക്കുന്നു എന്നത് മാത്രമല്ല വേദിയിൽ വ്യക്തി താല്പര്യങ്ങളും ജാതി മത ചിന്തകളും അനാവശ്യ വിവാദങ്ങളും ഇന്നും തുടരുന്നു. ആയിരകണക്കിന് പ്രതിഭാ ധനരുള്ള കേരളത്തിലെ സ്കൂൾ
വിദ്യാർത്ഥികൾക്ക് പൂർണ്ണമായും യുവജോത്സവത്തെ വിട്ടു നൽകാൻ സർക്കാർ തയ്യാറായാൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനാകും .

.യുവജനോത്സവം കൊടിയിറങ്ങുമ്പോൾ വലിയ വിവാദങ്ങൾ ഈ വര്ഷം ഉണ്ടായില്ല എന്നതിൽ ഖേദിക്കുന്ന മുഖ്യ ധാരാ ദൃശ്യ മാധ്യമങ്ങൾ ഉൾപ്പടെ കാണിക്കുന്ന നിസ്സംഗതയും റേറ്റിംഗ് താല്പര്യങ്ങളും ഏഷ്യയിലെ ഏറ്റവും മികച്ച സംഘാടക മികവുള്ള യുവജനോത്സവത്തിന്റെ പാരമ്പര്യത്തെയും സാംസ്കാരിക തനിമയെയും സര്ഗാത്മകതയെയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും .സമൂഹ മാധ്യമങ്ങൾ പൂർണ്ണമായും കലോത്സവത്തെ ഏറ്റെടുത്തത് ഈ കൂട്ടർക്കുള്ള മറുപടി കൂടിയാണ് .

“പ്രതിഭകളെ തളച്ചിടാൻ കഴിയില്ല…
നടതള്ളാനും”

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments