കര്‍പ്പൂരപ്രിയനും, പമ്പ വിശേഷവും
ഭക്തരെ…. 🙏
അയ്യപ്പന്റെ പ്രസിദ്ധമായ മറ്റൊരു നാമമാണു കര്‍പ്പൂരപ്രിയന്‍. കര്‍പ്പൂരാരതിയും കര്‍പ്പൂരാഴിയും അയ്യപ്പനു പ്രിയങ്കരമായതു മൂലം ഭഗവാന്‍ കര്‍പ്പൂരപ്രിയന്‍ എന്നു പ്രസിദ്ധനായി. കര്‍പ്പൂര പ്രിയനേ ശരണമയ്യപ്പാ എന്നു നാം ശരണം വിളിക്കുകയും ചെയ്യുന്നു.
“ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍
കൈകൂപ്പിത്തൊഴുതുരുകുമ്പോള്‍
പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും
കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍”
വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ശബരിമലയിലെ കര്‍പ്പൂര സുഗന്ധം പോലെതന്നെ ഭക്തര്‍ക്കു പ്രിയങ്കരവുമായിക്കഴിഞ്ഞു.
അയ്യപ്പന്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത പൂജാവസ്തുവാണു കര്‍പ്പൂരം. മാലയിടുന്നതു മുതല്‍ മലയാത്ര കഴിഞ്ഞു മാല അഴിക്കുന്നതു വരെയുള്ള എല്ലാ ചടങ്ങുകളിലും കര്‍പ്പൂരദീപം ആവശ്യമാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടുതൊഴുതു ശരണം വിളിച്ചു ഭക്തര്‍ മാലയിടുന്നു.
തുടര്‍ന്ന് എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും കര്‍പ്പൂരദീപം കൊളുത്തി ശരണം വിളിച്ച് അയ്യപ്പനെ ആരാധിക്കണം. അയ്യപ്പനു മുന്നില്‍ സമര്‍പ്പിക്കാനായി ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു.
മലയാത്രയ്ക്കു കെട്ടുനിറച്ചുകഴിഞ്ഞാല്‍ കര്‍പ്പൂരാരതി നടത്തി ഗുരുസ്വാമി കെട്ടുതാങ്ങിതരുന്നു. പിന്നീട് തേങ്ങയുടച്ച് യാത്രയാരംഭിക്കുന്ന അയ്യപ്പന്മാര്‍ വഴിയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചു വന്ദിക്കുന്നു.
വിശ്രമശേഷം കെട്ടുവീണ്ടും ശിരസ്സിലേറ്റുന്നതിനു മുന്‍പും ആരതി ചെയ്യാറുണ്ട്. പമ്പയില്‍ മലകയറുമ്പോഴും കര്‍പ്പൂരം കത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ തിരക്കുമൂലവും സുരക്ഷാകാരണങ്ങളാലും പമ്പയിലും സന്നിധാനത്തും കര്‍പ്പൂരം കത്തിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്.
വൈകുന്നേരങ്ങളില്‍ വഴിപാടുകളായി ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുവിധേയരായി കര്‍പ്പൂരാഴി നടത്താറുണ്ട്.
അന്തസ്‌തേജോ ബഹിസ്‌തേജോഏകീകൃത്യാമിതപ്രഭം
ത്രിധാദേവൈ പരിഭ്രാമ്യ കളദീപം നിവേദയേത്
എന്ന് കര്‍പ്പൂരാരതി നടത്തുമ്പോഴും
അഗ്നിജിഹ്വാംമഹാജിഹ്വാം സപ്തജിഹ്വാം നമാമ്യഹം
ശാസ്തൃദേവമുഖംവന്ദേ വീതിഹോത്രം പ്രഭാകരം
എന്ന് കര്‍പ്പൂരാഴി പ്രദക്ഷിണം ചെയ്യുമ്പോഴും ജപിക്കേണ്ടതാണ്.
സന്നിധാനത്തു കൊടിമരത്തിനു സമീപം കര്‍പ്പൂരത്തറയില്‍ കര്‍പ്പൂരം സമര്‍പ്പിക്കുകയായിരുന്നു മുന്‍പ് പതിവ്. ഇന്നു കര്‍പ്പൂരത്തറയില്ല. തിരുമുറ്റത്തുണ്ടായിരുന്ന ആഴി പതിനെട്ടാം പടിക്കുതാഴേക്കു മാറ്റിയിരിക്കുന്നു. മാസപൂജകള്‍ക്കും മറ്റും നടതുറന്നാല്‍ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദീപം കൊണ്ടാണു ആഴിജ്വലിപ്പിക്കുന്നത്.
നെയ്‌ത്തേങ്ങകളുടെ മുറികളും കര്‍പ്പൂരാദി സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന്എരിയുന്ന ആഴിസന്നിധാനത്തെ സുഗന്ധപൂരിതമാക്കുന്നു.
കര്‍പ്പൂര ശബ്ദത്തിന്റെ അര്‍ത്ഥം ധാരാളമായി സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നത് (കൃവിക്ഷേപേ പുരി ആപ്യായനേ) എന്നാണ്. ഘനസാരം, ഹിമവാലുകാ, ചന്ദ്രസംജ്ഞം, സിതാഭ്രം എന്നിങ്ങനെ സംസ്‌കൃത ഭാഷയില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കര്‍പ്പൂരവൃക്ഷത്തില്‍ നിന്നാണുലഭിക്കുന്നത്.
തണുപ്പു നല്‍കുന്നതും തിക്തരസത്തോടുകൂടിയതുമായ കര്‍പ്പൂരത്തിനു വാത, കഫ ജന്യരോഗങ്ങളെ ശമിപ്പിക്കുവാനുള്ള കഴിവുണ്ട്. അതിനാല്‍ ആയുര്‍വേദ ഔഷധങ്ങളില്‍ കര്‍പ്പൂരത്തിനും സ്ഥാനമുണ്ട്. കത്തിക്കുമ്പോള്‍ സുഗന്ധം പരത്തി ഒന്നുമവശേഷിപ്പിക്കാതെ (ഭസ്മം പോലും ഇല്ലാതെ) എരിഞ്ഞു തീരുന്നതാണു കര്‍പ്പൂരം.
അയ്യപ്പസന്നിധിയില്‍ നിന്നെരിയുന്ന കര്‍പ്പൂരനാളങ്ങള്‍ക്കു സമമാകണം ഭക്തരും. ഭഗവാനു മുന്നില്‍ ജ്ഞാനാഗ്നിയില്‍ എരിഞ്ഞ് ശുദ്ധീകരിക്കപ്പെട്ട് ലോകത്തിനു സുഗന്ധം പരത്തിവേണം ഓരോ മനുഷ്യനും മടങ്ങേണ്ടത്.
അപ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ധാരാളമായി സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കര്‍പ്പൂരമായിമാറുന്നു. ആ കര്‍പ്പൂരം ഭഗവാനു ഏറ്റവും പ്രിയങ്കരവുമാകുന്നു.
പമ്പ സ്നാനം
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്. പിന്നീടത് 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. നീലക്കൊടുവേലി മുതലായ ഔഷധസസ്യങ്ങൾ
നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയിലൂടെ ഉള്ള എത്ര കടുത്ത ക്ഷിണവും നിമിഷങ്ങൾക്കകം പമ്പ സ്നാനത്തിലൂടെ മാറ്റിയെടുക്കാം.
പമ്പയിൽ അരുതാത്തത്
1. പമ്പ സ്നാനം നടത്തുമ്പോൾ ആഴം കൂടിയ ഭാഗത്ത് പോകരുത്. സുരക്ഷാ മൂന്നറിയിപ്പ് ശ്രദ്ധിക്കണം.
2. പമ്പ മണൽപ്പുറത്ത് പാചക വാതകം തുടങ്ങിയ ഇന്ധനം ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ല. അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം.
3. കുടിക്കുവാൻ ശുദ്ധ ജലം ഉപയോഗിക്കണം.
4. മല മൂത്ര വിസർജ്ജനത്തിന് ശുചിമുറിതന്നെ ഉപയോഗിക്കണം.
5. പമ്പാനദിയില്‍ ഉടുത്ത വസ്‌ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല.
6. പമ്പ നദിയും പരിസരവും മലിനപ്പെടുത്താൻ പാടില്ല.
7. പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
8. ശബരിമലയില്‍ ഉത്സവത്തിന്റെ ഭാഗമായി പമ്പയില്‍ ആറാട്ടുനടക്കുന്ന ദിവസം പമ്പയിലും യൗവനയുക്തകളായ സ്‌ത്രീകള്‍ വരാന്‍ പാടില്ല.
പമ്പ ബലി തർപ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടു വെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷം രാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത് ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്.
ജീവികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിണാമത്തിന്റെ കോണിപ്പടിയിൽ ആലേഘനം ചെയ്യപ്പെടുകയും സാവകാശം വരും തലമുറയിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ നമ്മുടെ നൂറോ ആയിരമോ അതിനുമൊക്കെ അപ്പുറമോ ആരൊക്കെയോ കണ്ട സ്വപ്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇന്നത്തെ നാം ഓരോരുത്തരും. അപ്പോൾ നമ്മളുടെ ജിവിത രീതി, സ്വഭാവ വിശേഷങ്ങൾ, ആഗ്രങ്ങൾ സ്വപ്നങ്ങൾ… എല്ലാം നൂറ്റാണ്ടുകൾക്കപ്പുറം നമ്മുടെ തലമുറയുടെ രൂപ ഭാവമായി മാറുന്നു. ഇവരെ വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കുക. ഇതാണ് നമുക്ക് അവർക്ക് നൽക്കാൻ കഴിയുന്ന എറ്റവും വലിയ ആദരവ്.
മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജനമാണ് ഈ ബലി തർപ്പണം. ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
പാപനാശിനിയും പുണ്യതീർത്ഥവുമായ പമ്പയിൽ ബലികർമ്മം നടത്തിയാൽ മാത്രമേ ശബരിമല യാത്രയുടെ ഗുണഫലം ലഭിക്കുകയുള്ളു. പംപാ (പമ്പ) എന്നത് തിരിച്ചെഴുതിയാൽ പാപം എന്നായി അഥവാ പാപത്തിന്റെ വിപരീതമാണ് പംപാ (പമ്പ) എന്നത്.
പമ്പാ സദ്യയും പമ്പ വിളക്കും
മകരവിളക്കിന്റെ തലേദിവസമാണ് പമ്പാസദ്യയും പമ്പവിളക്കും പമ്പാതീരത്ത് ഒരുക്കുന്നത്. മറവ പടയ്ക്കുമേൽ വിജയം നേടിയ സൈനികർക്കാണ് ആദ്യം പമ്പാസദ്യ ഒരുക്കിയത്. അതിൽ അയ്യപ്പനും പങ്കെടുത്തിരുന്നു. അതിന്റെ ഓർമ്മയ്ക്കാണ് ഇപ്പോഴും സദ്യ നടത്തുന്നത്. പമ്പാസദ്യയുണ്ണുന്നത് ഭഗവാനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന പുണ്യകർമ്മമാണ്. [അന്നദാന പ്രഭുവെ എന്നുള്ള ശരണ മന്ത്രം ഇവിടെ സ്മരിക്കേ ണ്ടതാണ്] ഉച്ചനീചത്വം മറന്ന് സദ്യ നടത്തുമ്പോൾ സമഭാവനയുടെ ലോകത്തെവിടെയും കാണാൻ കഴിയാത്ത ഏകതാഭാവം പമ്പാസദ്യയിൽ ദർശിക്കുവാൻ സാധിക്കും. പമ്പാസദ്യ കഴിഞ്ഞ് സന്ധ്യയോടുകൂടിയാണ് പമ്പാവിളക്ക്. മറവ പടയ്ക്കുമേൽ അയ്യപ്പൻ നേടിയ വിജയത്തിന്റെ പ്രതീ കമായാണ് പമ്പാവിളക്ക് നടത്തുന്നത്. മൺചിരാതു കൊണ്ടും മരയോട്ടിക്കായ കൊണ്ടും, കമുകിന്‍ പോള,വാഴ പിണ്ടി തുടങ്ങിയവയിലുണ്ടാ ക്കിയ ചെറിയ ഓടങ്ങളില്‍ എണ്ണ വിളക്കുകള്‍ തെളിയിച്ച് പമ്പയിലൊഴുക്കി വിടുന്നതിനെയാണ് പമ്പാവിളക്ക് എന്ന് പറയുന്നത്.