ശശിവേകലു ഗണേശ ക്ഷേത്രം
ഭക്തരെ…!
ഹംപിയിലെ നൂറുകണക്കിന് ക്ഷേത്രനിര്‍മ്മിതികള്‍ക്കും അവശിഷ്‌ടങ്ങള്‍ക്കുമിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് ശശിവേകലു ഗണേശ ക്ഷേത്രം. ഹേമകുണ്ഡ കുന്നുകളിലെ പാറക്കെട്ടുകളില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ലളിതമായ നിര്‍മ്മിതിയുടെ ഉള്ളിലേക്ക് കയറിയാല്‍ അത്ഭുതപ്പെട്ടു പോകും. അത്ര രസകരവും അമ്പരപ്പിക്കുന്നതുമായ രൂപത്തിലാണ് ഇതിനുള്ളിലെ ഗണപതിയുടെ കല്ലില്‍കൊത്തിയ ഭീമാകാരമായ രൂപമുള്ളത്.
ഒറ്റക്കല്ലിലെ ഗണപതി
യുനസ്കോ പൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹംപിയിലെ എല്ലാ നിര്‍മ്മിതികള്‍ക്കും ആരാധകരുണ്ട്. അതില്‍ പലകാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ് ശശിവേകലു ഗണേശ ക്ഷേത്രം. ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കൂറ്റന്‍ ഗണപതി വിഗ്രഹത്തിന് ഏകദേശം 8 അടി (2.5 മീറ്റർ) ഉയരമുണ്ട്. രണ്ടര മീറ്റര്‍ ഉയരമുള്ള ഒരു പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് ഈ ഗണേശനുള്ളത്. തുറന്ന ഇടത്താണ് ക്ഷേത്രവും ഗണപതിയുമുള്ളത്.
ശശിവേകലു എന്നാല്‍
ഇവിടുത്തെ ഗണപതിയുടെ രൂപത്തിന് , കൃത്യമായി പറഞ്ഞാല്‍ ഗണപതിയുടെ വയറിന് കടുകുമണിയുടെ രൂപത്തോട് ഒരു സാദൃശ്യമുണ്ടത്രെ. അതുകൊണ്ടാണ് വിഗ്രഹം ശശിവേകലു ഗണപതി എന്നറിയപ്പെടുന്നത്. ശശിവേകലു എന്ന വാക്കിനര്‍ത്ഥം കടുകുമണി എന്നാണ്. ഹംപിയിലെ രണ്ടാമത്തെ വലിയ ഏകശിലാ വിഗ്രഹമാണിത്.
ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകള്‍ പലപ്പോഴും വിചിത്രവും അത്ഭുതപ്പെടുത്തുന്നതുമാണ്. നിര്‍മ്മിതിയിലെ പ്രത്യേകതകളും പ്രതിഷ്ഠകളും രൂപങ്ങളും അങ്ങനെ നിരവധി കാര്യങ്ങളുണ്ട് അതിശയിപ്പിക്കുന്നതായി. ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഹംപിയിലെ ശശിവേകലു ഗണേശ ക്ഷേത്രം. വിശ്വാസങ്ങളില്‍ മാത്രമല്ല, കാഴ്ചയിലും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ ഗണപതി.
ചരിത്രം ഇങ്ങനെ
ഇവിടുത്തെ പ്രാദേശിക കഥകള്‍ അനുസരിച്ച് ഹംപിയില്‍ കടുക് വ്യാപാരം നടത്തി സമ്പന്നനായ വ്യാപാരി ഉണ്ടായിരുന്നുവത്രെ. തന്റെ വിജയത്തിനു പ്രതിഫലമെന്നോണം ഹംപിയിലെ ജനങ്ങള്‍ക്കായി അദ്ദേഹം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ഈ ഗണപതിയുടെ വയറിന് കടുകിന്‍റെ രൂപം വരുവാനുള്ള കാരണം വ്യാപാരിയാണെന്നാണ് കരുതപ്പെടുന്നത്.
എഡി 1500-ൽ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ശിൽപത്തിൽ ഒരു ലിഖിതമുണ്ട്,
വിജയനഗര സാമ്രാജ്യത്തിലെ നരസിംഹ രണ്ടാമൻ രാജാവിന്റെ സ്മരണയ്ക്കായാണ് ഇത് സ്ഥാപിച്ചതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ഇന്ന് പ്രതിമയുടെ ചില ഭാഗങ്ങളൊക്കെ തകര്‍ന്ന നിലയിലാണുള്ളത്.
നാല് കൈകളോടുകൂടിയ അർദ്ധ താമരയിൽ ആണ് ഗണപതി കാണപ്പെടുന്നത്. മുകളിലെ വശത്ത് വലതും ഇടതും കൈകൾ ഒരു കോലും ഒടിഞ്ഞ കൊമ്പും പിടിച്ചിരിക്കുന്നു. പ്രതിമയുടെ മുകളിൽ വലത് കൈയിൽ മധുരം (മോദകം) പിടിച്ചിരിക്കുന്നു, ഇടത് കൈ ഒരു കുരുക്ക് കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു. ശിൽപത്തിന്റെ പിൻഭാഗത്ത് ഗണപതിയുടെ അമ്മയായ പാർവതിയുടെ രൂപമുണ്ട്. ഗണേശൻ അമ്മയുടെ മടിയിൽ ഇരിക്കുന്നതുപോലെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കുംഭ നിറഞ്ഞ ഗണേശനും, വയറിനെ ചുറ്റിയ നാഗവും
വളരെ രസകരമായ നിര്‍മ്മിതിയാണ് ശശിവേകലു ഗണപതിയുടേത്. ഗണപതിയുടെ ഭക്ഷണപ്രിയം നമുക്കൊക്കെ അറിയുന്നതാണ്. ഒരിക്കല്‍ ഗണപതി അമിതമായി ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ വയറു പൊട്ടിപ്പോകുന്നതുപോലെ നിറഞ്ഞുവത്രെ. അങ്ങനെ സംഭവിക്കാതിരിക്കുലാന്‍ എന്തുചെയ്യണെമന്ന് മനസ്സിലാകാതിരുന്ന അദ്ദേഹം ഒടുവില്‍ അടുത്ത കണ്ട ഒരു പാമ്പിനെ പിടിച്ച് വയറിനു ചുറ്റും കെട്ടിയത്രെ. അങ്ങനെ വയറു പൊട്ടിപ്പേകുന്നതില്‍ നിന്നും ഗണപതി രക്ഷപെട്ടു എന്നാണ് വിശ്വാസം. നാഗത്തെ കൂട്ടിക്കെട്ടിയിരിക്കുന്ന ഇടവും വിഗ്രഹത്തില്‍ കാണാം.🙏