കരമന ശ്രീ മഹാഗണപതി ക്ഷേത്രം
ഭക്തരെ…
തിരുവനന്തപുരം നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കരമന.
ഇവിടെ കരമന ആറിൻറെ തീരത്താണ് പുരാതനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള കരമന ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ജനസാന്ദ്രതയുള്ളതും എന്നാൽ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണിത്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് അഗസ്ത്യ മലയിൽ നിന്ന് ഉത്ഭവിക്കുന്ന കരമന നദിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പണ്ട് കാലത്ത് വളരെ പവിത്രമായിരുന്ന കരമന നദിയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
പുരാണങ്ങൾ അനുസരിച്ച്, കരമന നദിയുടെ തീരത്ത് താമസിച്ചിരുന്ന നമ്പൂതിരി കുടുംബങ്ങളിൽ (മനകൾ) അതായത് “കര – മന” എന്നീ പദങ്ങളിൽ നിന്നാണ് കരമന എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന് നേരെ മുമ്പിലൂടെയാണ് കരമനയാർ ഒഴുകുന്നത്. ക്ഷേത്രത്തിൽ നിന്നും കരമന ആറിലേക്കുള്ള കൽപ്പടവുകൾ ഇപ്പോഴും യാതൊരു കേടുപാടുകളും സംഭവിക്കാതെ നിലനിൽക്കുന്നു.
കരമന ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കരമനയാറിനോട് ചേർന്നാണ് ശ്രീ മഹാഗണപതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിനടുത്ത് വലിയൊരു ആൽമരവും അതിനടുത്തായി ഒരു കൽമണ്ഡപവും കാണാം. ക്ഷേത്രത്തിൽ എത്തുന്നവർക്കും, യാത്രചെയ്യുന്നവർക്ക് വിശ്രമിക്കാനും വേണ്ടി നിർമ്മിച്ചതായിരിക്കാം ഈ കൽമണ്ഡപം. ഉപദേവന്മാരായി അയ്യപ്പനേയും നാഗത്താന്മാരേയും ക്ഷേത്രത്തിൽ ആരാധിക്കുന്നു.