കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി “ദ വോയ്‌സ് ബോക്‌സ്” എന്ന പേരിൽ ഒരു നൈപുണ്യ വികസന പരിപാടി ആരംഭിക്കുന്നു.
ചടങ്ങിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്) Ms വൃന്ദ ദേശായി, നെറ്റ്ഫ്ലിക്സ് ലീഗൽ ഡയറക്ടർ ആദിത്യ കുട്ടി, നെറ്റ്ഫ്ലിക്സ് കോമ്പറ്റീഷൻ പോളിസി മേധാവി ഫ്രെഡി സോംസ്, പേൾ അക്കാദമി ചെയർമാൻ ശ്രീ ശരദ് മെഹ്‌റ തുടങ്ങിയവർ സംബന്ധിച്ചു.
ശാസ്ത്രി ഭവനിൽ, NFDC മാനേജിംഗ് ഡയറക്ടറും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയുമായ (ബ്രോഡ്കാസ്റ്റിംഗ് II) പൃഥുൽ കുമാറും, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്സ് ജനറൽ കൗൺസലും സീനിയർ ഡയറക്ടറുമായ ശ്രീ കിരൺ ദേശായിയും ചേർന്ന് ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനും മാധ്യമ, വിനോദ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള എൻഎഫ്ഡിസിയുടെയും നെറ്റ്ഫ്ലിക്സിൻ്റെയും സംയോജിത വീക്ഷണമാണ് ഈ ഔപചാരിക പങ്കാളിത്തത്തിലേക്ക് നയിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്ക് വോയ്‌സ്‌ബോക്‌സ് പരിപാടിയിലൂടെ റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) പരിശീലനം വാഗ്ദാനം ചെയ്യുന്നു.
പരിപാടിയുടെ ഭാഗമായി, പ്രഗൽഭരുടെ പ്രഭാഷണങ്ങളും മെൻ്ററിംഗ് സെഷനുകളും ഉൾക്കൊള്ളുന്ന പരിശീലനം, ശിൽപശാലകൾ എന്നിവയും തുടർന്ന് മൂല്യനിർണ്ണയവും നടത്തും. രാജ്യത്തെ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ ഏഴ് പ്രധാന നഗരങ്ങളിൽ പരിപാടി നടത്തും. ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികൾ എന്ന നിരക്കിൽ പ്രാഥമിക സ്ക്രീനിംഗിലൂടെ ആകെ 210 പേരെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവരിൽ 50% എങ്കിലും സ്ത്രീകളായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ഡിസൈൻ സ്ഥാപനമായ പേൾ അക്കാദമി ഈ പരിപാടിയുടെ പരിശീലന പങ്കാളിയായി പ്രവർത്തിക്കും. നെറ്റ്ഫ്ലിക്സിൻ്റെ പ്രത്യേക പരിപാടിയായ “ആസാദി കി അമൃത് കഹാനിയ”യുടെ ഭാഗമായി പ്രവർത്തിക്കാൻ ഓരോ ബാച്ചിൽ നിന്നും ഏഴ് മികച്ച ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കഥകളുടെ ആഖ്യാനത്തിന് ഇവർ ശബ്ദം നൽകും.
വോയ്‌സ് ഓവറിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ ഉത്സുകരായ മാധ്യമ-വിനോദ മേഖലകളിൽ രണ്ട് വർഷത്തിലധികം പരിചയമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്കായി അപേക്ഷിക്കാം.
വോയ്‌സ്‌ബോക്‌സ് എന്ന ഈ പരിപാടി സ്പോൺസർ ചെയ്യുന്നത് സർഗാത്മക തുല്യത ലക്ഷ്യമിട്ടുള്ള നെറ്റ്ഫ്ലിക്‌സ് (Netflix Fund for Creative Equity) ഫണ്ടാണ്. ഇത് ലോകമെമ്പാടുമുള്ള ടെലിവിഷൻ, ചലച്ചിത്ര വ്യവസായ മേഖലകളിൽ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ കണ്ടെത്തി, അവരെ വിജയകരമായി സജ്ജമാക്കുന്നതിന് അഞ്ച് വർഷത്തിനിടെ 100 ദശലക്ഷം ഡോളർ നീക്കിവച്ചിട്ടുണ്ട്.